Thursday, February 21, 2008

അനാഥരും പരാദങ്ങളും

"ന്തിനാണുമ്മീ നമ്മള്‍ പുഴ കടന്നു പോകുന്നത്‌?"
അക്കരെക്കു തോണി കാത്തു നില്‍ക്കുമ്പോള്‍ ശാബു ചോദിച്ചു.
"ഉമ്മിക്കൊരു നേര്‍ച്ചയുണ്ടായിരുന്നു നിന്റെ കാലു ശരിയായാല്‍ യത്തീംഖാനയിലെ യത്തീം കുട്ടികള്‍ക്കു ഒരു നേരത്തെ അന്നം കൊടുത്തോളാമെന്ന്‌".
"ആരാണുമ്മാ.. യത്തീം കുട്ടികള്‍?"
അവന്റെ ചോദ്യത്തിനുത്തരം കൊടുക്കാന്‍ എനിക്കിഷ്ടം പോലെ സമയമുണ്ടായിരുന്നു.തോണി ഇപ്പോള്‍ നിറച്ചാളുകളെ കയറ്റി അക്കരെക്കു പോയതേയുള്ളൂ.
"മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളെയാണു യത്തീം കുട്ടികള്‍ എന്നു വിളിക്കുന്നത്‌. അവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലമാണ്‌ യത്തീം ഖാന".

"എന്നാല്‍ അവര്‍ക്കു അവരുടെ ഉപ്പപ്പാന്റെ വീട്ടിലേക്കോ ഉമ്മമ്മാന്റെ വീട്ടിലേക്കോ പോയാപോരെ?"

അവന്നു മുന്നില്‍ അങ്ങനെ രണ്ടു ചോയ്സുണ്ട്‌.

"അവിടെയാരും കുട്ടികളെ നോക്കാന്‍ തയ്യാറാവാത്തപ്പോഴാണു അവരെ നാട്ടുകാര്‍ ചേര്‍ന്നു അനാഥാലയത്തിലാക്കുന്നത്‌. അവിടെ അവര്‍ക്കു ഭക്ഷണവും പുസ്തകവും ഉടുപ്പും കിടക്കാനിടവും വെറുതെ കിട്ടും. അവിടെ അവരുടെ കാര്യങ്ങള്‍ നന്നായി നോക്കാന്‍ ഒരുപാടാളുകളുണ്ടാവും".
"നമ്മള്‍ ഇന്നവര്‍ക്കു ഭക്ഷണം കൊടുക്കുകയാണ്‌. അവരുടെ കൂടെയിരുന്നു നമ്മളും ഭക്ഷണം കഴിക്കും".
ഞാന്‍ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു വെച്ചു ശാബുവിനെ കാണിച്ചു പറഞ്ഞു "നബി തിരുമേനി പറഞ്ഞിട്ടുണ്ട്‌ അനാഥകളെ സംരക്ഷിക്കുന്നവനും നബിയും ഇതുപോലെ ഒരുമിച്ചായിരിക്കും സ്വര്‍ഗ്ഗത്തില്‍ എന്ന്"
കടവില്‍ കാത്തു നിന്ന സമയം മുതല്‍ കടത്തു തോണി കരയിലണയുന്ന സമയം വരെ, ജിജ്ഞാസയോടെ എന്റെ കണ്ണുകളിലേക്കു മാത്രം നോക്കി നിന്ന അവന്റെ മനസ്സില്‍, അവന്‍ കൂടി ഭാഗവാക്കാവുന്ന ഒരു സല്‍കര്‍മ്മത്തിന്റെ ഏകദേശചിത്രം ഞാന്‍ വരച്ചിട്ടു.

പുഴ കടന്നു തോണിയിറങ്ങി, കുത്തനെയുള്ള കയറ്റം.
ഞാനും മാഷും കയറ്റം കയറാന്‍ നന്നെ പണിപ്പെട്ടു.
പക്ഷെ ശാബുവും ശബിയും കയറ്റം കൂടിയ റോഡ്‌ അനായാസം ഓടിക്കേറുന്നതു കണ്ടപ്പോള്‍ സന്തോഷം കൊണ്ടു എന്റെ കണ്ണു നിറഞ്ഞു.
പണ്ടു പത്തടി നടന്നാല്‍ നാലുപ്രാവശ്യം വീണിരുന്ന ശാബു ഇപ്പോള്‍ അവന്റെ ഇത്ത ശബിയേയും തോല്‍പ്പിച്ചു മുന്നിലോടുകയാണ്‌.
ഞാന്‍ സര്‍വ്വശക്തനോടു നന്ദി പറഞ്ഞു.


ശാബുവിന്റെ കാലിന്റെ വളവു പ്രവാസജീവിതത്തിന്റെ ബാക്കിപത്രമായിരുന്നു.
പ്രാര്‍ത്ഥനയും നേര്‍ച്ചയും ഉഴിച്ചിലും പിഴിച്ചിലുമായി അതു ശരിയായി.
മാഷു ലീവില്‍ നാട്ടില്‍ വന്നപ്പോള്‍ ആ നേര്‍ച്ചക്കടം വീട്ടാന്‍ തിരിച്ചതാണു ഞങ്ങള്‍.
പുഴ കടന്നു പോയാല്‍ കുറഞ്ഞ ദൂരമേയുള്ളൂ. കുറച്ചു കയറ്റമാണെന്നു മാത്രം. റോഡിനു പോയാല്‍ കുറെ ചുറ്റിക്കറങ്ങി വരണം. അതിനാല്‍ വണ്ടിയെടുക്കേണ്ടന്നു തന്നെ ഉറച്ചു. ശാബുവിനെകൊണ്ടു നടന്നു കയറണമെന്ന ആശയുണ്ടായിരുന്നു.അതു കൊണ്ടു തന്നെ അവന്റെ ഓട്ടം കണ്ടപ്പോള്‍ ഏറ്റം സന്തോഷം തോന്നിയതെനിക്കാണ്‌.
യത്തീം ഖാനയിലെത്തിയപ്പോള്‍ ഭക്ഷണസമയമായിരുന്നു. കുട്ടികള്‍ ഭക്ഷണത്തിനായി മുന്നില്‍ ഞെളുങ്ങിയ അലൂമിനിയ പാത്രവുമായി കാത്തിരിക്കുന്നു.

ഓഫീസിനു മുന്നില്‍ ഒരു പുതിയ ടാറ്റാസുമോ!
ഞങ്ങള്‍ നേരെ ഓഫീസിലേക്കു കയറി.
അകത്തു അനാഥാലയത്തിന്റെ കാര്യദര്‍ശിയിരിക്കുന്നു.
ചായം തേച്ചു കറുപ്പിച്ച മുടിക്കു താഴെ ദയയുടെ ഒരു ലാഞ്ചനപോലുമില്ലാത്ത ചുവന്ന കണ്ണുകള്‍.
വരാന്തയില്‍ നിന്നു ഞങ്ങളെ കണ്ടു കൗതുകത്തോടെ പാളി നോക്കുന്ന അന്തേവാസികളോടു ഒരു ദാക്ഷിണ്യവും ഇല്ലാത്ത പെരുമാറ്റം,
പെട്ടെന്നു ജയിലറെ കണ്ട തടവുപുള്ളികളെപ്പോലെ വിറച്ചു നില്‍ക്കുന്ന കുട്ടികള്‍.
തീരെ സമയമില്ലന്ന ഭാവത്തില്‍ തികഞ്ഞ അസ്വസ്ഥതയോടെ ഞങ്ങളെ ഒഴിവാക്കാന്‍
കയ്യിലെ വിലകൂടിയ റാഡോ വാച്ചിലേക്കിടക്കിടെ നോക്കി വാച്ചിന്റെയും സമയത്തിന്റെയും വില കാണിക്കുകയായിരുന്നു അയാള്‍.
ഞങ്ങള്‍ പെട്ടന്നു ഉദ്ദേശ്യം വ്യക്തമാക്കി,
"അനാഥര്‍ക്കു ഇന്നു ഒരു നേരത്തെ ഭക്ഷണം കൊടുക്കുകയും അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുകയും വേണം".
ഞങ്ങള്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിന്നു മുന്നെ അയാള്‍ പറഞ്ഞു.
"ഈ മാസം ഒഴിവില്ല അടുത്തമാസം ഒഴിവുണ്ടോ എന്നു ബുക്കു നോക്കി പറയാം".
ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
കലാപരിപാടിക്കു ബുക്കു ചെയ്യാന്‍ വന്നതാണെന്നയാള്‍ തെറ്റിദ്ധരിച്ചോ? എനിക്കു സംശയം തോന്നി.
ഞങ്ങളുടെ കണ്‍ഫൂഷന്‍ കണ്ടു അയാള്‍ പുസ്തകം തുറന്നു നോക്കി കുറച്ചു കൂടി വ്യക്തമാക്കി.
"നിങ്ങള്‍ക്കു നേര്‍ച്ചക്കടം വീട്ടണമെങ്കില്‍ അടുത്തമാസം 13 ലേക്കു പൈസ അടച്ചു പോകാം. അവരുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കണമെങ്കില്‍ അന്നു വന്നാല്‍ മതി"
(കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നതില്‍ അയാല്‍ക്കെന്തോ വിരോധമുള്ളതു പോലെ തോന്നി)
ഞങ്ങള്‍ക്കു വളരെ നിരാശ തോന്നി. എങ്കിലും മനസ്സില്‍ ഒരു സന്തോഷം ബാക്കി നിന്നു.
അനാഥകളെ ഊട്ടാന്‍ ആളുകള്‍ ഊഴത്തിനു കാത്തിരിക്കുന്നുണ്ടല്ലോ?
മാഷിനു ലീവു തീര്‍ന്നു തിരിച്ചു പോകാനായതിനാല്‍ ഒരു നേരത്തെ ബിരിയാണിക്കുള്ള പണമടച്ചു രസീതി വാങ്ങി.

തൊട്ടടുത്ത പള്ളിയില്‍ നിന്നു "'ഇഖാമത്തു" കേട്ടപ്പോള്‍ എന്നെയും ശബിയേയും അനാഥാലയത്തിന്റെ സ്കൂളില്‍ നിര്‍ത്തി മാഷും ശാബുവും പള്ളിയിലേക്കു നമസ്ക്കരിക്കാന്‍ കയറി.

ഞങ്ങള്‍ക്കു തൊട്ടടുത്തു വന്നിരുന്ന ചില യത്തീം കുട്ടികളോടു ഞാന്‍ സംസാരിച്ചു.
അവരില്‍ പലരും മാതാവു മരണപ്പെട്ടവരായിരുന്നു.
പിതാവിനു പുതിയ കല്യാണം കഴിക്കാന്‍ ആദ്യകുട്ടികളെ അനാഥാലയത്തില്‍ വിടണമെന്ന വിലപേശലിനു ഇരയായി എത്തിപ്പെട്ടവര്‍.
പുനര്‍വിവാഹത്തിനായി തന്റെ കുട്ടികളെ അനാഥാലയത്തില്‍ വിട്ട അമ്മമാര്‍ വളരെ കുറവ്‌.
മാതാവും പിതാവും ഒരുമിച്ചു അപകടത്തില്‍ മരണപ്പെട്ടതിന്റെ ഫലമായി അനാഥാലയത്തിലെത്തിയ ഒരുപാടു കുട്ടികളുണ്ടായിരുന്നു.

പണ്ടൊക്കെ പ്രസവസമയത്തെ അമ്മമാരുടെ മരണമായിരുന്നു അധികവും അനാഥകളെ പടച്ചിരുന്നത്‌. ആധുനീക വൈദ്യശാസ്ത്രത്തിന്റെ വലിയ നേട്ടമായി ഈ സംഖ്യ ഇന്നു വളരെ കുറവാണ്‌. (അതു കൊണ്ടു എന്തു നേട്ടം! ഇന്നു അപകടമരണങ്ങള്‍ അതിലധികമുണ്ടല്ലോ!)

മ്ലാനമായ മുഖത്തോടെയാണു ഞങ്ങള്‍ തിരിച്ചു പോന്നത്‌.
ഓളത്തില്‍ ആടിയുലയുന്ന തോണിയില്‍ എന്നോടൊട്ടി നിന്നു ശാബു പറഞ്ഞു
"ഈ തോണി മറിഞ്ഞു നമ്മള്‍ എല്ലാരും ഒപ്പം മരിച്ചാ മതിയായിരുന്നു"
ചങ്കില്‍ തറച്ച അവന്റെ ആ പ്രാര്‍ത്ഥന കേട്ടപ്പോള്‍ ഞാന്‍ അവനെ മാറോടു ചേര്‍ത്തു ചോദിച്ചു
" എന്താ നിനക്കിപ്പോള്‍ അങ്ങനെ തോന്ന്യേത്‌?"
എല്ലാരും ഒപ്പം മരിച്ചാല്‍ ഞങ്ങള്‍ക്കു യത്തീം ഖാനയില്‍ പോകണ്ടല്ലോ?"
അവന്‍ ഇത്രക്കും ഇമോഷണലാവുന്നതു ആദ്യമായിട്ടാണ്‌.
"എന്തേ നിനക്കിത്ര വിഷമം തോന്നിയതു ശാബൂ"
ഞാന്‍ അവനെ രണ്ടു കയ്യു കൊണ്ടും കൂട്ടിപ്പിടിച്ചു കവിളില്‍ നിന്നു കവിളെടുക്കാതെ ചോദിച്ചു.
"നമ്മുടെ കയ്യിന്നു ആ പൈസ വാങ്ങ്യ ആള്‍, സുജൂദു ചെയ്യുന്ന ഒരു യത്തീം കുട്ടിയുടെ പിന്നിലെ മുടി പിടിച്ച്‌ പൊക്കി നെറ്റി സിമണ്ടു തറയില്‍ രണ്ടു മൂന്നു വട്ടം ഇടിക്കുന്നതു ഞാന്‍ കണ്ടു ഉമ്മീ...
നിസ്കരിച്ചിറങ്ങുമ്പോള്‍ ഞാന്‍ കണ്ടതാ ആ കുട്ടിന്റെ നെറ്റി മുഴച്ചിരിക്കുന്നു.
ഉമ്മിയാണു, സത്യം!"

ഞാന്‍ മാഷിന്റെ മുഖത്തേക്കു നോക്കി.
മാഷു തിരിച്ചു എന്റെ കണ്ണിലേക്കും.

"ശരിയാണു അവന്‍ പറഞ്ഞത്‌",
"ആ പിഞ്ചുകുട്ടിയുടെ നെറ്റി സുജീദില്‍ ശരിക്കും തറയില്‍ തട്ടിയില്ലെന്നു പറഞ്ഞു ആ മൗലവി അവന്റെ മുടിപിടിച്ചു രണ്ടു വട്ടം പൊക്കി തറയിലിടിക്കുന്നതു ഞാനും കണ്ടതാണ്‌. നമസ്കരിച്ചു കൊണ്ടിരിക്കെ ശാബു അതു കണ്ടു എന്നോടു കൂടുതല്‍ ചേര്‍ന്നു നിന്നപ്പോള്‍ ആ രംഗം അവനിലുണ്ടാക്കിയ പേടി ഞാന്‍ അപ്പോഴേ ഊഹിച്ചതാണ്‌".
മാഷു സാക്ഷ്യപ്പെടുത്തി.

അവര്‍ക്കു കഴിക്കാന്‍ കൊണ്ടു വന്ന ബിരിയാണി ചെമ്പുതുറന്നു ഞാന്‍ ഒന്നു നോക്കിയപ്പോള്‍ എനിക്കും ഊഹിക്കാന്‍ പറ്റി അവിടത്തെ അഴിമതി.
വെറും മഞ്ഞള്‍പ്പൊടി മാത്രമിട്ടു പുഴുങ്ങിയ ചില വറ്റുകള്‍. മൃഗങ്ങള്‍ പോലും കഴിക്കാന്‍ മടിക്കുന്നത്‌.
അനാഥകളുടെ പങ്കില്‍ നിന്നു മൂട്ടയെപ്പോലെ ചോരയൂറ്റിയെടുക്കുന്ന ചില കള്ള കമ്മീഷന്‍ പിരിവുകാര്‍ നോമ്പുകാലത്തു ഗള്‍ഫിലേക്കു കൂട്ടത്തോടെ ചേക്കേറാറുണ്ട്‌.
അനാഥകളുടെ സ്വത്തപഹരിക്കുന്ന ഇവരെയൊക്കെ ശപിക്കുവാന്‍ നബി തിരുമേനി ഇന്നുണ്ടായിരുന്നെങ്കില്‍ എന്നു മനസ്സു നൊന്തു പ്രാര്‍ത്ഥിച്ചു കൊണ്ടാണു ഞാന്‍ തോണിയിറങ്ങിയത്‌.

(സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്ന പല അനാഥാലയങ്ങളെയും വിസ്മരിക്കുന്നില്ല. അവര്‍ക്കു എല്ലാവിധ ആശംസകളും.പ്രാര്‍ത്ഥനകളും).
---------------------
സുജൂദ്‌ (കാല്‍ വിരലുകളും,മുട്ടിന്‍കാലും, കൈപ്പത്തിയും, നെറ്റിയും നിലത്തു പതിപ്പിച്ചു സൃഷ്ടാവിന്നു മുന്നില്‍ അര്‍പ്പിക്കുന്ന പ്രണാമം)
ഇക്കാമത്ത്‌ (ബാങ്കിനു ശേഷം നമസ്കാരത്തിനു വിളിച്ചു കൊണ്ടുള്ള തയ്യാറെടുപ്പ്‌)
-----------------

11 comments:

സാബി said...

ദാനദര്‍മ്മങ്ങള്‍ വലതു കൈ കൊണ്ടു കൊടുക്കുന്നതു ഇടതുകൈ അറിയരുതെന്നാണു നബിവചനം. പക്ഷെ നേര്‍ച്ചക്കടങ്ങള്‍ വീട്ടുന്നതു നാലാളറിയണമെത്രേ!,
ഒരണുമണിതൂക്കം നന്മചെയ്താല്‍ അതിനെ പ്രശംസിക്കണം അതേ സമയം ഒരണുമണിതൂക്കം തിന്മചെയ്താല്‍ അതിനെ നമ്മുടെ ശക്തികൊണ്ടോ> നാവുകൊണ്ടോ> മനസ്സുകൊണ്ടെങ്കിലുമോ പ്രതിരോധിക്കണമെന്നും നബിവചനം.
അതിനാല്‍ അനാഥകള്‍ക്കു അര്‍ഹതപ്പെട്ടതില്‍ നിന്നു കട്ടുതിന്നുന്ന പരാദജീവികള്‍ക്കെതിരെ,
എന്റെ അനുഭവ സാക്ഷ്യപ്പെടുത്തലുമായി,
എന്നെക്കൊണ്ടാവുന്നവിധം പ്രതിഷേധിക്കാന്‍ ഇതു എന്റെ ഈ ബ്ലോഗു മതിലില്‍ പതിച്ചിട്ടു പോകുന്നു.നിങ്ങള്‍ക്കും എന്തെങ്കിലും പറയാനുണ്ടാവില്ലെ? അതിന്നായി എന്റെ കമണ്ടു ബോക്സു തുറന്നിടുന്നു.

വല്യമ്മായി said...

എല്ലാ സുഖ സൗകര്യങ്ങളിലും ജീവിക്കുമ്പോഴും മറ്റുള്ളവന്റെ ദുഃഖങ്ങള്‍ കാണാനുള്ള മനസ്സ് അതാണ് കുട്ടികള്‍ക്ക് നാം നേടി കൊടുക്കേണ്ട ഏറ്റവും വലിയ സമ്പത്ത്.നല്ല പോസ്റ്റ്.

G.manu said...

nice

Sharu.... said...

വളരെ നല്ല പോസ്റ്റ്...

ശാലിനി said...

സാബി, കുഞ്ഞുങ്ങളേയും കൊണ്ട് ഇതുവരെ ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പറ്റിയിട്ടില്ല. ഈ വര്ഷം നാട്ടില്‍ പോകുമ്പോള്‍ പോകണം എന്നു കരുതുന്നു.

എല്ലാവരും ഇങ്ങനെയല്ല , നേരിട്ട് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ആ കുട്ടികളുടെ കൂടെയിരുന്ന് കഴിച്ചിട്ടുണ്ട്. അവിടെ നമുക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങികൊണ്ടുവേണമെന്‍കിലും കൊടുക്കാം.

പക്ഷേ വളരെ ക്രൂരമായി കുഞ്ഞുങ്ങളോടു പെരുമാറുകയും അവരുടെ അന്നത്തില്‍ കൈയ്യിട്ടുവാരി കീശ വീര്‍പ്പിക്കുന്നവരും ഉണ്ട്. സാബി ഈ സ്ഥാപനത്തെകുറിച്ച് ആരോടെന്‍കിലും പരാതിപെടാന്‍ പറ്റുമോ? അവരുടെ നടത്തിപ്പിനെപറ്റിയും കുട്ടികളോടുള്ള പെരുമാറ്റത്തെ പറ്റിയും??

എന്തായാലും ഈ പോസ്റ്റിട്ടത് നന്നായി. പിന്നെ മോന് പ്രവാസ ജീവിതമാണ് കാലിന് വൈകല്യം നല്കിയത് എന്ന് പറഞ്ഞത് മനസിലായില്ല, ഒന്നു വിശദീകരിച്ച് എഴുതാമോ?

:) പുഴയും തോണിയുമൊക്കെയുള്ള നാടാണല്ലോ? കുഞ്ഞുങ്ങളെ നാട്ടില്‍ പഠിപ്പിക്കാനുള്ള തീരുമാനം നന്നായല്ലേ, അവരുടെ ചുറ്റും നടക്കുന്നതൊക്കെ അവര്‍ അറിയുന്നുണ്ടല്ലോ.

സു | Su said...

:) നല്ല പോസ്റ്റ്. കൊടുക്കുകയുമില്ല, കൊടുപ്പിക്കുകയുമില്ല എന്ന മട്ടില്‍ കുറേപ്പേര്‍! മക്കള്‍ക്ക് ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടല്ലോ എന്ന് ആശ്വസിക്കുക.

അപ്പു said...

സാബിത്തയുടെ ഒരു പോസ്റ്റു കണ്ടിട്ട് ഒരുപാടു നാളായല്ലോ... മനസ്സില്‍ത്തട്ടി ഇതില്‍ പറഞ്ഞ കാര്യങ്ങള്‍. “പിതാവിനു പുതിയ കല്യാണം കഴിക്കാന്‍ ആദ്യകുട്ടികളെ അനാഥാലയത്തില്‍ വിടണമെന്ന വിലപേശലിനു ഇരയായി എത്തിപ്പെട്ടവര്‍. പുനര്‍വിവാഹത്തിനായി തന്റെ കുട്ടികളെ അനാഥാലയത്തില്‍ വിട്ട അമ്മമാര്‍ വളരെ കുറവ്‌....” ഭയങ്കരം. അനാഥരുടെ വിഹിതത്തില്‍നിന്നെടുത്ത് ഉണ്ണുന്നവനൊന്നും ഗതിപിടിക്കില്ല, അതുറപ്പാണ്.

ശാ‍ലിനിയുടെ കമന്റും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ.

നിലാവ്.... said...

എഴുത്തിന്റെ അവസാന ഭാഗം ഈ പോസ്റ്റിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.....Really Nice

ജിസോ said...

സര്‍വ്വശക്തന്‍ എല്ലാം കാണുന്നുണ്ടു ! മറ്റുള്ളവര്‍ക്കു വേണ്ടി സഹായം കിട്ടുന്നതില്‍ നിന്നു പോലും മോഷ്ടിക്കുന്ന ഇത്തരം ആളുകളോട് ദൈവം ചോദിക്കട്ടെ !

സാബി said...

വല്യമ്മായി
G.manu
Sharu..
സു | Su
അപ്പു .
നിലാവ്...
ജിസോ ..
ശാലിനി

എല്ലാര്ക്കും വള്രെ നന്ദി.
ആ കാര്യദര്ശിക്കും അയാളൂടേ ലക്ഷങ്ങളുടെ ബിനാമിസ്വത്തിനും എതിരെ നിയമാന്വേഷണം നടക്കുന്നു.
ശാലിനിക്കു ഈ ലിങ്കു പ്രയോചനപ്പെടും
ജ്വാല: ഒസ്സാച്ചിയില്‍ നിന്നൊരു ഇതിഹാസം

സിജി said...

ജീവിതത്തിലെ ചെറിയ ചെറിയ കല്ലുകള്‍ പെറുക്കിയെടുത്ത്‌ എഴുതാന്‍ സാബിക്കു മാത്രേ ആകൂ..