Tuesday, March 06, 2007

പൂച്ചപുരാണം



അടുക്കളയില്‍ നിന്നെന്തോ പാത്രം തട്ടിമറിഞ്ഞ ശബ്ദം.
ആ കിങ്ങിണിപൂച്ചയാവും.
ഓടിച്ചെന്നു.
ശരിയാണ്‌. അവന്‍ തന്നെ.
മീന്‍ പൊരിച്ചിട്ടു വെച്ച പാത്രം തട്ടി മറിച്ചവന്‍ അതില്‍ നിന്നൊന്നെടുത്ത്‌ കടിച്ചോടുന്നു.
കയ്യില്‍ കിട്ടിയത്‌ ഒരു ഉരുളങ്കിഴങ്ങാണ്‌.കൊടുത്തു ഒരേര്‌.
പക്ഷെ കൊണ്ടില്ല.ഈയിടെ എറിയുന്നതോക്കെ ഗൂഗ്ലി.

അവന്‍ അതു കട്ടു വായില്‍ പേസ്റ്റു ചെയ്തു 'സൂക്ഷ്മമൃദുല' ജനല്‍ വഴി പുറത്തേക്കു നൂര്‍ന്നിറങ്ങി.
ഇനി വരട്ടെ.കാണിച്ചു കൊടുക്കാം.

മീന്‍ നന്നാക്കിയപ്പോള്‍ ഒരണ്ണം അവനു കൊടുത്തതായിരുന്നു.
നല്ല ആവോലി.
വളരെ സമയമെടുത്തു നന്നായി പാചകം ചെയ്തതായിരുന്നു.
സ്നേഹിച്ചതിത്തിരി കൂടുന്നുണ്ട്‌. അതിന്റെ മുതലെടുപ്പാ! ശരിയക്കുന്നുണ്ട്‌.

കിങ്ങിണിയുടെ ദയനീയ കരച്ചില്‍ കേട്ടാണ്‌ ഞാന്‍ അടുക്കളയില്‍ നിന്നു പുറത്തേക്കു നോക്കിയത്‌.
അവിടെ കിങ്ങിണിയും, മീന്‍ മാര്‍ക്കറ്റിലെ വില്ലന്‍ കണ്ടന്‍ പൂച്ചയും തമ്മില്‍ കടിപിടി.
കിങ്ങിണി കട്ടെടുത്ത മീന്‍ ഇപ്പോള്‍ കണ്ടന്‍പൂച്ചയുടെ വായില്‍. കിങ്ങിണി തിരിച്ചെടുക്കാന്‍ നോക്കുന്നു. പക്ഷെ കണ്ടന്റെ കായബലത്തിനു മുന്നില്‍ അവനൊന്നും ചെയ്യാന്‍ പറ്റുന്നില്ല.

ഞാന്‍ മനസ്സില്‍ പറഞ്ഞു " അങ്ങനെ വേണം. കട്ടെടുത്താല്‍ മുട്ടിടിക്കും.അവനു കിട്ടാനുള്ളതു അവന്‍ തന്നെ വാങ്ങി.

പണിയെല്ലാം ഒതുങ്ങിയല്ലോ എന്നാശ്വസിച്ചു കൊണ്ടു ഞാന്‍ നെറ്റു തുറക്കാന്‍ ഓടുകയായിരുന്നു.
അപ്പോള്‍ കിങ്ങിണിയുടെ ദയനീയ കരച്ചില്‍ കേട്ടു. സഹിക്കാന്‍ വയ്യെന്നു തോന്നിയപ്പോള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.
കിങ്ങിണിയുടെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്നു.

കണ്ടനപ്പോഴേക്കും മീനുള്ളിലാക്കി തെളിവൊക്കെ നശിപ്പിച്ചു ഒന്നുമറിയാത്ത പോലെ പുറം കൈ കൊണ്ടു വായും മീശയും തടവി ഒരുത്തരവാദിത്വവുമെനിക്കില്ലന്ന മട്ടില്‍ ങ്യാഹൂ എന്നു പറഞ്ഞു മാര്‍ക്കറ്റിലേക്കു തിരിഞ്ഞു നടന്നു.
കിങ്ങിണി എന്റെ ദാക്ഷിണ്യത്തിനു കേണു വാതിലിനടുത്തേക്കും.

ഓ, ഇനി എന്റെ വക ഇനി ശിക്ഷയൊന്നും വേണ്ടാന്നു കരുതി ഞാനും മടങ്ങി

എയര്‍റ്റെല്‍ ഡാറ്റാകേബിളില്‍ കുത്തി ഇന്റര്‍നെറ്റില്‍ കയറി പിന്മൊഴി തുറന്നേയുള്ളൂ PLAGIARISM,YAHOO,WEBDUNIA എന്നീ വാക്കുകളുടെ അതിപ്രസരം കണ്ടു കണ്‍ഫൂഷനായി.
പിന്നെ “കറിവേപ്പില” ക്ലിക്കു ചെയ്തപ്പോള്‍ സംഗതികള്‍ മനസ്സിലായി.

പടച്ചോനെ,
ഞാന്‍ വേഗം ഇന്റര്‍നെറ്റു കെടുത്തി, ‍ ഡാറ്റാ കേബിള്‍ വലിച്ചൂരി വെള്ളം നനച്ചു തീ കെടുത്തി വെച്ചു.

എന്റെ കോഴിനെ പൊരുത്തിനു വെച്ച തിയതിയും,നീലാണ്ടന്‍ പാലു കൊണ്ടു വരുന്ന കണക്കും ഗാസു വാങ്ങിച്ച ദിവസവും എല്ലാം ഇപ്പോ ഇതിനകത്താ. ഇനി ഇതാരെങ്കിലും വയറു വഴി വലിച്ചെടുത്താല്‍ ഒരു കണക്കുമില്ലാതെ, കണക്കില്ലതെ ഞാന്‍ കുടുങ്ങും.