Saturday, July 04, 2009

കാണാതെ പോയ കൊലുസ്‌

മാര്‍ച്ചിലെ കടുത്ത വേനല്‍ച്ചൂടും സ്കൂളിലെ കൊടിയ പരീക്ഷാച്ചൂടും കഴിഞ്ഞു കുഞ്ഞുങ്ങള്‍ക്കു കളിച്ചുല്ലസിക്കാനുള്ള അവധിക്കാലം വന്നു.
ഇപ്രാവശ്യത്തെ അവരുടെ അവധിക്കാലം എങ്ങെനെ ചെലവിടണമെന്നതിനെക്കുറിച്ചു ഞങ്ങള്‍ മുന്നെ തീരുമാനിച്ചുറച്ചിരുന്നു.
പാഠപുസ്തകങ്ങള്‍ തൊടീക്കരുതെന്നും ബ്രഡും ജാമും തീറ്റിക്കരുതെന്നുമാണ്‌ ശബിയുടെ ശാഠ്യമെങ്കില്‍, ആറരക്കു വിളിച്ചുണര്‍ത്തരുതെന്നും അട്ടത്തു നിന്നും വിറകെടുക്കാന്‍ പറയരുതുന്നുമാണു ശാബുവിന്റെ എക‌‌-ദ്വയ അഭ്യര്‍ത്ഥന.
അതിനു പകരമായി കമ്പ്യൂട്ടരും ടി.വി.യും ഒരോ മണിക്കൂറേ തുറക്കാവൂ എന്നവരോടു ഞാന്‍ സത്യം ചെയ്തു വാങ്ങി.
ഈ അവധിക്കാലത്തെ ഓരോ ദിവസവും അവര്‍ക്കെന്നെന്നും ഓര്‍ക്കാന്‍ പറ്റിയ നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കണമെന്നു എനിക്കാഗ്രഹമുണ്ട്‌.

അവര്‍ക്കു പറ്റിയ എന്തു പുതുമയാണ്‌ ഇന്നു എനിക്കു സമ്മാനിക്കാനാവുകയെന്നു കരുതി ചിന്തയിലാണ്ടിരുന്നപ്പോഴാണു അവരുടെ ഉപ്പപ്പ രണ്ടു അണ്ണാച്ചികളുമായി കിണറു നന്നാക്കാനെത്തിയത്‌.
കിണറ്റില്‍ വെള്ളം വളരെക്കുറവ്‌.
വേനലിന്റെ വെറിയില്‍ കിണറിന്റെ നെല്ലിപ്പടി കാട്ടിയ കടുത്ത വരള്‍ച്ച. ദൈവദത്തമായ നീരുറവ അതിതാപത്താല്‍ ആവിയായപ്പോള്‍ കിണറ്റിലെ അവശേഷിച്ചിരുന്ന കുറച്ചു വെള്ളത്തില്‍ അടിത്തറയില്ലാത്ത വക്കിടിഞ്ഞു കൂടുതല്‍ ചെളിവന്നടിഞ്ഞു വെള്ളത്തിനാകെ കലങ്ങിയ നിറവുമായപ്പൊള്‍ ഒരു മാസമായി കിണറ്റില്‍ നിന്നും വെള്ളമെടുക്കുന്നില്ല. ചപ്പുചവറുകള്‍ കിണറ്റില്‍ വീഴാത്തതു മുകളില്‍ ഒരു വല കെട്ടിയതു കൊണ്ടുമാത്രം.
കുറച്ചു അധ്വാനിച്ചിട്ടണെങ്കിലും കിണറു നന്നാക്കേണ്ടതു വളരെ അത്യാവശ്യമെന്നു ഉപ്പപ്പാനോട്‌ പറഞ്ഞതു മുത്തുമ്മ. എത്രനാള്‍ അയല്‍പക്കത്തെ കിണറ്റില്‍ നിന്നു കോരും.
അണ്ണന്മാരിലൊന്നു കിണറ്റിലും മറ്റയാള്‍ കിണറ്റുകരയിലും നിന്നു ചളി കോരിത്തുടങ്ങി.
ശബിക്കും ശാബുവിനും കോരിയിടുന്ന ചളിയില്‍ നിന്നു മത്സ്യങ്ങളും ഒരോ സാധനങ്ങളും ശേഖരിക്കുന്ന പണി ഇഷ്ടമായി. മത്സ്യങ്ങളെ അവര്‍ ഒരു ബക്കറ്റിലെ നല്ല വെള്ളത്തിലിട്ടു. നല്ലവെള്ളം കിട്ടിയപ്പോള്‍ അവ നീന്തിത്തുടിച്ചു.കുഞ്ഞുങ്ങള്‍ക്കു വളരെ സന്തോഷമായി.
പലപ്പോഴായി പലരില്‍ നിന്നും കിണറ്റില്‍ വീണ സാധനങ്ങള്‍ ഒരോ കോരിലും തിരിച്ചു കിട്ടിയപ്പോള്‍ അവ കഴുകി വൃത്തിയാക്കി ഓര്‍മ്മകള്‍ പിറകിലേക്കു നടത്തി അവരാസ്വദിക്കുന്നതു കണ്ടപ്പോള്‍ എനിക്കു വല്ലാത്ത സന്തോഷം തോന്നി.
പെട്ടന്നാണ്‌ ശബി വല്ലാത്ത സന്തോഷത്തോടെ ഒരു പിടി ചളിയും വാരി എന്റെ അടുത്തേക്കു വന്നത്‌.
ഇതെന്താണെന്നു പറയൂ ഉമ്മീ?
അവളുടെ സന്തോഷവും കണ്ണിലെ തിളക്കവും കണ്ടപ്പോള്‍ അത്‌ അവള്‍ക്കു പ്രിയപ്പെട്ട എന്തോ ഒന്നും അവള്‍ക്കു മറക്കാനാവാത്ത ഒന്നും ആണെന്നു ഞാന്‍ ഊഹിച്ചു.
എനിക്കുത്തരം കിട്ടാതായപ്പോള്‍ അവള്‍ തുറന്നിട്ട പൈപ്പിനടിയില്‍ കൈ നിവര്‍ത്തി ചളിയെല്ലാം ഒഴുക്കിക്കളഞ്ഞപ്പോള്‍ ബാക്കിവന്ന തിളക്കം കണ്ടു ഞാന്‍ ഞെട്ടി. അതവളുടെ കൊലുസായിരുന്നു. കഴിഞ്ഞവര്‍ഷം കാണാതായ അവളുടെ സ്വര്‍ണ്ണകൊലുസുകളിലൊന്ന്.
പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ അതു കളഞ്ഞുവെന്നു പറഞ്ഞു ഞാന്‍ അവളെ ഒരുപാടു വഴക്കു പറഞ്ഞതൊര്‍ത്തു.
ഞാന്‍ വല്ലാതെ വിഷമിച്ചു.ഞാനവളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു.
"ഉമ്മി റിയലി സോറി ട്ടൊ! മോളേ, ഞാന്‍ അന്നു ഒരുപാടു വഴക്കുപറഞ്ഞു.ഉമ്മിക്കു തെറ്റിപ്പോയി മോളെന്നോടു പൊറുക്കണം, ".
ഞാന്‍ അവള്‍ക്കു ജയിക്കാന്‍ വേണ്ടി തോറ്റു കൊടുത്തു.
എന്റെ കണ്ണുകള്‍ സജ്ജലങ്ങളായപ്പോള്‍ അവള്‍ അതിലേക്കു നോക്കി ശരിക്കും എന്റെ മോളായി മാറി.
അനുവദിച്ചു കിട്ടിയ വിജയത്തെ തിരിച്ചു എനിക്കു മുന്നില്‍ നീട്ടികൊണ്ട്‌ അവള്‍ പറഞ്ഞു.

"ഉമ്മീ ഞാന്‍ എന്തിനാ ഇതു കിണറ്റിലിട്ടെന്നു എനിക്കൊരു ഓര്‍മ്മയുമില്ല".
അവള്‍ പെട്ടന്നു മാഷിന്റെ മോളായി മാറി,എന്നെ തോല്‍പ്പിച്ചു കളഞ്ഞു

അതെങ്ങനെ കിണറ്റില്‍ വീണുപോയെന്നു ഞാന്‍ ഏറെ നേരം തലപുണ്ണാക്കിയിട്ടും മനസ്സിലായില്ല.

പിന്നെ കിണറ്റില്‍ നിന്നു വാരിയ ചളി മുഴുവന്‍ ഞങ്ങളെല്ലാം ചേര്‍ന്നു വെള്ളത്തില്‍ കുതിര്‍ത്തു നന്നായി അരിച്ചു പെറുക്കി തെരഞ്ഞപ്പോള്‍ ജോടിയിലെ മറ്റേ കൊലുസും പുളിവെള്ളം കലക്കി അവയിലെ അഴുക്കു കഴുകാനിട്ടിരുന്ന സ്റ്റീല്‍ മൊന്തയും കിട്ടി.
പണിത്തിരക്കിനിടയിലെപ്പൊഴോ ആ മൊന്തയും അതിലെ പുളിവെള്ളത്തിലിട്ട രണ്ടു കൊലുസുകളും ഞാന്‍ കിണറ്റുപടവില്‍ വെച്ചിരുന്നതെന്ന വിവരം എന്റെ തലച്ചോറെനിക്കു തിരിച്ചു തന്നു.
നിലത്തുറക്കാത്ത ആ മൊന്ത കിണറ്റില്‍ വീണതറിയാതെ മകളെ സംശയിച്ചു വഴക്കു പറഞ്ഞ ഞാന്‍ തീരെ ചെറുതായി.
പക്ഷെ,കുഞ്ഞുങ്ങളുടെ ഈ അവധിക്കാലം എനിക്കോര്‍ക്കുവാന്‍ ദൈവം നല്ലൊരു പാഠം തന്നു.

"Things maynot be true as what we guess, Early reaction will make you regret"
4/09/2007

17 comments:

സാബി said...

ബൂലോഗ കൂടപ്പിറപ്പുകള്‍ക്കെല്ലാം ഉയിത്തെഴുന്നേല്‍പ്പിന്റെയും വിഷുവിന്റെയും നന്മ നിറഞ്ഞ ആശംസകളുമായി ഒരു സ്നേഹശകലം "സ്വര്‍ണ്ണക്കൊലുസ്‌"

ഏറനാടന്‍ said...

നന്നായിരിക്കുന്നുവിത്‌.
നാട്ടിലെ കുട്ടികളുടെ അവധിക്കാലാസ്വാദനം മണലാരണ്യത്തിലെ കുരുന്നുകള്‍ക്ക്‌ അന്യമാണ്‌. ഒരു അറബിക്കഥ കേള്‍ക്കുന്ന കൗതുകത്തോടെ കണ്ണും മിഴിച്ച്‌ കേട്ടോണ്ടിരിക്കും. പാവങ്ങള്‍, കോണ്‍ക്രീറ്റ്‌ വനങ്ങളില്‍ നല്ലകാലം കഴിയാന്‍ വിധിക്കപ്പെട്ട പൂമ്പാറ്റകള്‍..

സു | Su said...

വേനല്‍ക്കാലത്ത് ചൂടില്‍ കുളിര്‍മ്മനല്‍കാനെന്ന പോലെ കൊലുസ് തിരിച്ചുകിട്ടിയതില്‍ സന്തോഷം.

സാബി മനസ്സിലാക്കിയ പാഠവും നന്നായി.

വെള്ളം വറ്റുന്ന കിണറില്‍ നിന്ന്, മോട്ടോര്‍ വെച്ച് പമ്പ് ചെയ്തെടുക്കാതെ കോരിക്കൊണ്ടിരുന്നാല്‍ വെള്ളം വര്‍ദ്ധിക്കും. ഇപ്പോളേതായാലും വൃത്തിയാക്കിയല്ലോ. അടുത്ത പ്രാവശ്യം നോക്കൂ.

അപ്പു ആദ്യാക്ഷരി said...

സാബീ.... പണ്ട വീട്ടീല്‍ കിണറ് കോരി വറ്റിച്ച് വൃത്തിയാക്കിയിരുന്ന ദിവസങ്ങളിലേക്ക് എന്നെ കൊണ്ടുപോയി ഈ പോസ്റ്റ്. പുതിയ വെള്ളം “വിളയാന്‍” വേണ്ടി കരിയും ഉപ്പും അതിലേക്ക് ഇട്ട് ഒരു ദിവസം കാത്തിരുന്നതിനുശേഷമായിരുന്നു പുതുവെള്ളം കുടിച്ചിരുന്നത്.

Kaithamullu said...

നന്നായി, ഇനി അടുത്ത കൊല്ലം വരെ,
എന്തൊക്കെ സാധനങ്ങള്‍
കിണറ്റിലിട്ട് സൂക്ഷിക്കാം എന്നാലോചിച്ചു തുടങ്ങുമല്ലോ?

Anonymous said...

അവധിക്കാലത്ത് കുട്ടികള്‍ അമ്മമാരെ പഠിപ്പിക്കുന്നു... പാഠം ഒന്ന്, കാണാതെ പോയ കൊലുസ്.

സാജന്‍| SAJAN said...

:)

സാബി said...

കാണാതെ പോയ കൊലുസു കിട്ടിയ സന്തോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാ വായനക്കാര്‍ക്കും
പ്രത്യേകിച്ചു അഭിപ്രായം പറഞ്ഞ
ഏറനാടന്‍,
സു,
അപ്പു,
കൈതമുള്ള്,
സിജു,
കാളിയന്‍,
സാജന്‍
എന്നിവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി.

സുല്‍ |Sul said...

സാബി
പതിവുപോലെ ഇതും മനോഹരം.

“കിണറ്റില്‍ വെള്ളം വളരെക്കുറവ്‌.
വേനലിന്റെ വെറിയില്‍ കിണറിന്റെ നെല്ലിപ്പടി കാട്ടിയ കടുത്ത വരള്‍ച്ച.“ നല്ല എഴുത്ത്.

-സുല്‍

Rasheed Chalil said...

സാബീ നല്ല പോസ്റ്റ്.

പ്രിയംവദ-priyamvada said...

സാബി അറിവും അലിവും ഉള്ള അമ്മയാണല്ലൊ ..കുട്ടികളുടെ ഭാഗ്യം!

മനോജ് കുമാർ വട്ടക്കാട്ട് said...

വീട്ടിലെ കിണറൊന്ന് കോരിക്കണം. വല്ലതും തടഞ്ഞാലോ :)

Anonymous said...

nannayirikkunnu
ezhuthine malappuram style eshtappettu
gafoor dubai

ആഷ | Asha said...

:)

നിര്‍മ്മല said...

സ്റ്റീല്‍മൊന്ത കളഞ്ഞാല്‍ ആരു ചോദിക്കാനേ അല്ലെ, ശബീ?
;)

സാബി said...

കാണാതെ പോയ കൊലുസു കിട്ടിയ സന്തോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാ വായനക്കാര്‍ക്കും
പ്രത്യേകിച്ചു പിന്നീടു അഭിപ്രായം പറഞ്ഞ

സുല്‍,
ഇത്തിരിവെട്ടം,
പ്രിയംവദ,
പടിപ്പുര,
ഗഫൂര്‍-ദുബൈ,
ആഷ,
നിര്‍മ്മലേച്ചി.

എന്നിവര്‍ക്കും നന്ദി.

Inji Pennu said...

“പണിത്തിരക്കിനിടയിലെപ്പൊഴോ ആ മൊന്തയും അതിലെ പുളിവെള്ളത്തിലിട്ട രണ്ടു കൊലുസുകളും ഞാന്‍ കിണറ്റുപടവില്‍ വെച്ചിരുന്നതെന്ന വിവരം എന്റെ മെമ്മറിയില്‍ സേവു ചെയ്യുന്നതിനിടെ സെറിബല്ലത്തിലെ ബാഡ്‌സെക്ടര്‍ കാരണം അപ്പോഴൊരു ഡിസ്ക്‌ റൈറ്റ് എറര്‍ കാണിച്ചിരിക്കണം.“

ശ്ശൊ! പണിത്തിരക്കിനിടയിലെപ്പൊഴോ എന്നു തുടങ്ങൈയ ഒരു സെന്റെന്‍സിനെ അലങ്കാരം കൊണ്ട് മനോഹരമാക്കി വായനക്കാരെ ഓര്‍മ്മയുടെ കയങ്ങളിലേക്ക് തള്ളിവിടാന്‍ പറ്റിയ ഒരു മോമന്റിനെ ആ ടെക്ക്നിക്കല്‍ ഡീറ്റയിത്സും ആ ഇംഗ്ലീഷും എഴുതി കൊളമക്കി :( :( കൂട്ട് വെട്ടി! അതവസാനിപ്പിച്ചത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല..:(

ഇനിയിങ്ങിനെ ഇടക്ക് ഇംഗ്ലീഷും ഇതുപോലെയുള്ള സാധനങ്ങളും കുത്തി തിരുകിയാല്‍....ഒന്നൂല്ല്യ..
ചുമ്മാ...തിരുകിയാല്‍ എന്നും പറഞ്ഞു ഒരു മൂന്നാലു കുത്തിടും..അത്രേയുള്ളൂ...:):)