Saturday, October 04, 2008

ക്ലാവു പിടിച്ച ചെമ്പട്ടി

മിനുത്താത്ത ഫെയിമസായത്‌ ഒരൊറ്റ ട്രയിന്‍ യാത്ര കൊണ്ടാണ്‌.
തിരൂരില്‍ നിന്നു പട്ടാമ്പി വരെ.
ആദ്യമായിട്ടും അവസാനമായിട്ടും അന്നാണു ആമിനുത്താത്ത ആ 'ചെന്തുക്കുട്യേ'നില്‍ കയറിയത്‌. പട്ടാമ്പി തീവണ്ടിയാപ്പീസിലു പണിയുള്ള മുസ്തഫമൂപ്പന്റെ കെട്ട്യോളുടെ നാലാമത്തെ പ്രസവത്തിനു 'ആക്കിയൊയിച്ചാന്‍' ഒരാളെ വേണം എന്നു പറഞ്ഞു നാനാവഴിക്കൊരാളെ പിടിക്കാന്‍ ഓടിയ ആശ്രിതര്‍, കേട്ടീമ്മലെ കേള്‍വി കേട്ടാണു ആമിനത്താത്താന്റെ ഒരു മുറി വല്യരക്കു മുന്നിലൊരു തായേരയും പിന്നിലൊരു വടക്കിണിയുമുള്ള ആ ചെറിയ പൊരയിലെത്തിയത്‌.
മുട്ടയിടുന്ന പെടക്കോഴികളേം പേറിനു ഏറുംമൂറും കാത്തു നിക്‌ക്‍ണ പുള്ളിപയ്യിനേം വിട്ടു ഒരുമാസം ഇനി ഒരു പുറം പണിക്കും പാര്‍ക്കാന്‍പണിക്കും പോകിണില്യാന്നു വന്നു ചോദിച്ചവരോടൊക്കെ ആമിനതാത്ത പലകുറി പറഞ്ഞതാണ്‌.

പോലീസുകാരന്‍ മമ്മത്‌ ഇടക്കുകയറി
"കോഴിനേം പശൂനേം ന്റെ കെട്ട്യോള്‍ ആയിശാബി നോക്കിക്കോളും, മുസ്തഫമൂപ്പന്റെ ബീടര്‍ക്കു പേറടുക്കുമ്പോള്‍ ആമിനുതാത്ത അവിടെ വേണം"
എന്നു ഇത്തിരി കടുപ്പിച്ചു പോലീസുമുറയില്‍ തന്നെ പറഞ്ഞതിനാലാണു ആമിനുതാത്ത തിരൂരില്‍ നിന്നു പട്ടാമ്പിയിലേക്കു മമ്മതിന്റെ കൂടെ തീവണ്ടി കയറിയത്‌.

എന്‍.എസ്‌.പെരുംകായത്തിന്റെ തുണിസഞ്ചിയില്‍ അത്യാവശ്യം മാറ്റാനുള്ള തുണിയും,
മാറ്റാത്തൊരു നരച്ച തുണിയുള്ള, വില്ലൊടിഞ്ഞ കാലു വളഞ്ഞ കുടയും,
'ഒന്നിന്നാന്‍ വെറ്റിലന്നാനു'മായി പട്ടമ്പി തീവണ്ടിയാപ്പീസില്‌ ചെരിപ്പു കാണാത്ത തന്റെ കാലുകുത്തിയിറങ്ങിയപ്പോള്‍ ആമിനുതാത്ത പോലും അറിഞ്ഞില്ല.അവരുടെ നക്ഷത്രം തെളിഞ്ഞു കിടക്കുകയായിരുന്നെന്ന്‌.

കരുമ്പച്ച ഓറഞ്ചു കൊട്ടയിലിട്ടേറ്റി ഓറഞ്ചോറഞ്ചേന്നു കരുമ്പച്ച പൊള്ള് ഈണത്തില്‍ വിളിച്ചു നടക്കുന്ന ഒരു ചെക്കന്റെ മുഖത്തേക്കേറെ നോക്കി നിന്ന ആമിനതാത്ത പരിസരം മറന്നു ഇങ്ങനെ വിളിച്ചു കൂവി
"ഇതവന്‍ തന്നെ എന്റെ പുള്ളിപ്പയ്യിന്റെ കാടിപ്പാത്രം കട്ടോടു പോയ കള്ളന്‍. ചെമ്പിന്റെ നല്ല കുണ്ടം ചരുവായിരുന്നു".
ചെക്കനതു കേട്ടില്ല. പക്ഷെ മമ്മത്‌ പോലീസതു കേട്ടു.
ആമിനുതാത്താ നിങ്ങള്‌ അടങ്ങീന്‍, നമുക്ക്‌ പരിഹാരണ്ടാക്കാം.
നമ്മക്കാദ്യം മുസ്തഫ മൂപ്പനോടൊന്നു തെരക്കാം, എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍.

ആമിനുതാത്താനെ കണ്ടപ്പോള്‍ മുസ്തഫമൂപ്പനു നിധി കിട്ടിയ സന്തോഷം. അയാളുടെ പ്രസവവേദന അതോടെ പോയി.
"ഇതാ മുസ്തഫമൂപ്പനേ ഞാനേറ്റ ആള്‍!, “ആമിനുത്താത്ത“.
പക്ഷെ മൂപ്പന്‍ ആദ്യമായി ഇതിനൊരു പ്രത്യുപകാരമുടനെ ചെയ്യണം".
"ഇത്താന്റെ ചെമ്പിന്റെ ചരു കട്ടോണ്ടു പോയ കള്ളന്‍ ഈ റെയില്‍വേ സ്റ്റേഷനില്‍ ഓറഞ്ചുവിറ്റു നടക്കുന്നുണ്ട്‌. അവനെ പറ്റി രഹസ്യമായി ഒന്നനേഷിച്ചു വിവരം തന്നാല്‍ ഞാനോനെ പൊക്കാം".

മൂപ്പന്റെ വീടര്‍ക്കു പേറ്റുനൊമ്പരം തൊടങ്ങിണീന്റെ മുന്നെ മൂപ്പനും മമ്മതുപോലീസും ചേര്‍ന്നാ കള്ളനെ പൊക്കി.
ചെക്കനു പഴയ ചെമ്പുസാധങ്ങള്‍ ശേഖരിച്ചു കോയംബത്തൂരീല്‍ കൊണ്ടോയി വില്‍ക്കുന്നതാണു മുഖ്യ ബിസിനസ്‌.
നല്ലൊരു ബിസിനസു തരപ്പെട്ടാല്‍ പിന്നെ കുറച്ചു നാള്‍ വിശ്രമത്തിനും ഒളിച്ചു നടക്കാനുമായി പേരിനൊരു ഓറഞ്ചു കച്ചവടം.
കള്ളനെ പിടിച്ചു മമ്മതുപോലീസു ആമിനുതാത്താന്റെ മുന്നില്‍ വടിപോലെ നിര്‍ത്തി.

"ന്റെ ഹിമാറെ, തെണ്ടി വന്ന നെനക്കു, കഞ്ഞി തന്ന പാത്രം അകത്തേക്കു കൊണ്ടു പോയി വെക്കണ തക്കത്തില്‍ ന്റെ പുള്ളിപ്പയ്യിനു കാടികാട്ട്‌ണ ചെമ്പട്ടി നീ അടിച്ചോണ്ടു പോയില്ലടാ കുരുത്തം കെട്ടോനേ!
അനക്കെന്നെ മനസ്സിലായില്ലങ്കിലും എന്റെ രൂഹുള്ളിടത്തോളം കാലം നി' ക്കന്നെ മറക്കാന്‍ പറ്റ്വോ? നായിന്റെ മോനെ!"
ആമിനുതാത്ത നീട്ടിത്തുപ്പി.

“അടങ്ങിന്‍ ആമിനുതാത്താ, ഓനുള്ളതു ഞങ്ങള്‍ പോലീസുകാരു മാറിമാറി കൊടുത്തിട്ടുണ്ട്‌.നിങ്ങളുടെതു മാത്രമല്ല പത്തിരുപതു കേസുകള്‍ വേറേയുമുണ്ട്‌.തൊണ്ടിമുതലുകള്‍ മിക്കതും കണ്ടെടുത്തിട്ടുമുണ്ട്‌“.
"കേസ്‌ ചാര്‍ജ്‌ ചെയ്തതിനാല്‍ ഇനി കോടതിയില്‍ നിന്നു വിട്ടു കിട്ടിയിട്ടേ തൊണ്ടി സാധനങ്ങള്‍ തിരിച്ചു കിട്ടൂ.അതു വരെ ക്ഷമിക്കൂ".
മമ്മതു പോലീസു ആവേശം കെടാതെ പറഞ്ഞു.

ചെമ്പെട്ടി കിട്ടിയില്ലങ്കിലു, ആമിനുതാത്താക്ക്‌ തല്‍ക്കാലത്തേക്കു സമാധാനമായി, കള്ളന്റെ മോത്ത്‌ നോക്കി നല്ല നാലു പറയാന്‍ പറ്റിയല്ലോ!

ആമിനുതാത്ത ഇതോടെ ഫെയിമസായി. നാട്ടിലൊക്കെ കള്ളനെ പിടിച്ച ആമിനു താത്ത എന്നു പറഞ്ഞാല്‍ കൂടുതല്‍ എളുപ്പത്തിലറിയും.
പെറുന്നോടത്തു നില്‍ക്കുന്ന ആമിനുതാത്തക്കു ചോദിക്കാതെ തന്നെ നൂറു രൂപ മാര്‍ക്കറ്റ്‌ വാല്യു കൂടി.

കള്ളനെ ശിക്ഷിച്ചു, ഉടമസ്ഥര്‍ക്കൊക്കെ തൊണ്ടിമുതല്‍ തിരിച്ചു നല്‍കാന്‍ വേണ്ടി വിളിപ്പിച്ചപ്പോഴാണു ആമിനുത്താത്ത ആ വലിയ ആപ്പിസില്‍ വീണ്ടും എത്തിയത്‌.
"ഇതാ നിങ്ങടെ ചരു അതെടുത്ത്‌ ഇവടെ ഒരൊപ്പിട്ടോളൂ?"
ആ പറഞ്ഞ ആപ്പീസറോടു ആമിനുത്താത്ത നെഞ്ചത്തു കൈവെച്ചു പറഞ്ഞതാ!
" മോനെ ഇത്‌ നമ്മടതല്ല. ന്റെ പാത്രം പഴയതു ഞെളുങ്ങി ചുളുങ്ങിയതായിരുന്നു. ഇതു പുത്തന്‍ പുത്യേതല്ലെ! പടച്ചോനെ കാണ്ടൊലേ മൊതലു നിക്കു വേണ്ടാ..!"

"അങ്ങനെ പറഞ്ഞാലെങ്ങനെയാ..?"
"കട്ട കള്ളന്‍ തന്ന സ്റ്റേറ്റ്‌മന്റ്‌ പ്രകാരം ഈ ചരു ആലുകൂട്ടത്തില്‍ ആമിനുതാത്ത എന്നു വിളിക്കുന്ന പരേതനായ കമ്പക്കോടന്‍ ആലിയുടെ ഭാര്യ ആമിനയുടേതാണ്‌".
"നിങ്ങള്‍ ഞങ്ങള്‍ക്കിനീം പണിയുണ്ടാക്കരുത്‌. കോടതി വിധി ധിക്കരിക്കരുത്‌".
"അഞ്ചു വഖ്ത്തും നമസ്കരിക്കുന്ന എന്റെ വാക്കിനെക്കാള്‍ ആ കള്ളന്റെ വാക്കാണു കോടതിക്കു വിശ്വാസമെങ്കില്‍ ഞാന്‍ ഈ ചരു തന്നെ സ്വീകരിച്ചോളാം"
ആമിനുതാത്ത മനസ്സില്ലാ മനസ്സോടെ അതു വാങ്ങി അവര്‍ പറഞ്ഞിടത്തൊക്കെ വിരലടയാളം വെച്ചു കൊടുത്തു.
ചരുവുമായി വീട്ടിലെത്തിയ ആമിനുതാത്ത ഉമ്മറക്കല്ലില്‍ ചെരിപ്പിടാത്ത തന്റെ വലതുകാലു വെച്ചപ്പോള്‍ വലിയൊരു ഷോക്ക്‌!.
പിറകെ,ഖല്‍ബിന്റെ ഖല്‍ബായ മൂപ്പരുടെ ഒരു വിളിനാദം !.
ഒരശരീരി..!

" ആമിനൂ, ജ്ജ്‌ എവടെ പോയിട്ടു വേണങ്കിലൂം ഹലാലായ ഏതു പണിയെടുത്തും ജീവിച്ചോ. പക്ഷെ അന്റെ ഹക്കല്ലാത്ത മൊതല്‌ നീ ഈ ഉമ്മറപ്പടി കയറ്റിയാല്‍ ഈ വീട്ടില്‍ റഹ്‌മത്തിന്റെ മലക്കടുക്കൂല്ലാന്നും അങ്ങനെ മലക്കിനെ അകറ്റുന്ന പണി നീയെടുത്താല്‍ റൂഹു പോയാലും നിക്കു പൊരുത്തല്യാന്നും മാത്രേ പറയാനുള്ളൂ"

ആമിനുതാത്ത വെച്ചകാല്‍ തിരിച്ചെടുത്തു പിറകിലേക്കു നടന്നു, ആ ചരു വളപ്പിനു പുറത്തു കലായിക്കുറ്റിയില്‍ ചാരിവെച്ചു.

കാലങ്ങളായി ആ ചെമ്പുപാത്രം ആ കലായിക്കുറ്റിയില്‍ ചാരി പാതിപൊളിഞ്ഞ വേലിക്കു പുറത്തിരിക്കയാണ്‌.
ഈ കഥയൊന്നുമറിയാത്തൊരടുത്ത കള്ളനെ കാത്തിരിക്കയാവുമത്‌.
നീതിന്യായ വ്യവസ്ഥക്കുമുന്നില്‍ ഭിക്ഷ യാചിച്ചു കിടക്കുന്ന ക്ലാവുപിടിച്ചൊരു സത്യത്തെ ഓര്‍മ്മിപ്പിക്കാനെന്ന വിധം.

14380

5 comments:

സാബി said...

ഇതു ഒരു കഥയാണ്.
തിരിച്ചു കിട്ടിയ വിലപിടിച്ച സാധനം എന്‍റെതല്ല എന്നു പറഞ്ഞു വലിച്ചെറിഞ്ഞ ഒരു പട്ടാമ്പിക്കാരിയുടെ സത്യസന്ധതയുടെ ഉണ്മയും.

smitha adharsh said...

ആമിനു താത്തയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം..
പോസ്റ്റ് ഇഷ്ടപ്പെട്ടു.നന്നായിരിക്കുന്നു.

kichu said...

:)

വരവൂരാൻ said...

916 മാറ്റുള്ള കുറെ വീട്ടു കാര്യങ്ങളും! നാട്ടു കാര്യങ്ങളും!മനോഹരമായിരിക്കുന്നു

പാര്‍ത്ഥന്‍ said...

ആരാന്റെ മൊതലുമ്മെ കണ്ണുവെയ്ക്കരുതെന്ന പഴം പുരാണം പുതിയ കുപ്പിയിലാക്ക്യാ ഫിലോസഫി ആയി.
(ഞമ്മടെ നാട്ടില്‌ ഇമ്മാതിരി ആൾക്കാര് ഇനീം ബാക്കീണ്ടാ.)