Wednesday, December 17, 2008

ചന്ദ്രയാന്റെ വഴിമുടക്കി

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുക്കഷ്ണം തിന്നണമെന്നാണു പ്രമാണം.
അതായതു ചൈനയില്‍ ചെന്നാല്‍ പാമ്പിന്‍ സൂപ്പു തന്നെ ചോദിച്ചു വാങ്ങി കുടിക്കണമെന്നു സാരം.
പക്ഷെ പട്ടിയെ തിന്നുന്നതു വിലക്കിയ നാട്ടിലെത്തിയാല്‍ അതിനെ തിന്നുന്നതു പോയിട്ടു ആര്‍ത്തിയോടെ ഒന്നു നോക്കുക പോലും ചെയ്യരുതെന്നും ഇപ്പറഞ്ഞതിനു പറയാത്തൊരര്‍ത്ഥമുണ്ട്‌ എന്നതു അറബു നാട്ടിലെത്തുന്ന ഫിലിപ്പിയാനോകളോട്‌ ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
പക്ഷെ പണ്ടു തിന്നിരുന്നതു തിന്നാനും കണ്ടിരുന്നവരെ കാണാനും കൊതി തോന്നുക സ്വാഭാവികം. അതിനാല്‍ തിന്നാതിരിക്കാന്‍ ഒട്ടും കഴിയില്ലങ്കില്‍ അവ വളരെ സ്വകാര്യമായിട്ടേ തിന്നാവൂ.
നമ്മള്‍ കഴിക്കുന്നതു കണ്ടു വേറൊരാള്‍ക്കു പ്രേരണയോ,ചോദനയോ ഉണ്ടാവരുത്‌. ഉണ്ടായാല്‍ അതിന്റെ ഫലം അനുഭവിക്കുന്നതു നമ്മളും കൂടിയായിരിക്കും.

കിറുക്കു പറയുന്നതല്ല.
അനുഭവത്തില്‍ നിന്നാണു പറയുന്നത്‌.
പ്രവാസകാല ജീവിതത്തില്‍ നിന്നു ഞാന്‍ ഇരുമ്പുഴിയിലേക്കു ഇറക്കുമതി ചെയ്ത എന്റെ മടിപിടിച്ച ഭക്ഷണപാചകരീതിയില്‍ ചിലതാണ്‌ ബര്‍ഗറും,സാന്‍ഡ്‌വിച്ചും, ഹാംബര്‍ഗറുമെല്ലാം.
പേരു പലതെങ്കിലും എല്ലാം കണക്കിനൊന്നു തുല്യം!
രണ്ടു ബണ്ണിനിടയില്‍ വേവിച്ച ഇറച്ചിയോ മീനോ മുട്ടയോ ഒതുക്കി വെച്ചു മീതെ ഇത്തിരി പച്ചക്കറിയോ പച്ചിലയോ നുറുക്കിവെച്ചമര്‍ത്തി സ്വല്‍പ്പം മയോണിസോ കച്ചെപ്പോ സോസൊ ഉറ്റിച്ചു ചൂടാക്കിയെടുക്കുന്നതാണെന്റെ ഹാംബര്‍ഗര്‍.
ചപ്പാത്തിക്കകത്തോ പൊറാട്ടക്കകത്തോ ഇതില്‍ കയ്യില്‍ കിട്ടിയതൊന്നെടുത്തു ഒതുക്കിവെച്ചൊരു ബട്ടര്‍ പേപ്പറില്‍ ചുരുട്ടിയെടുക്കുന്നതാണെന്റെ സാന്‍ഡ്‌വിച്ച്‌.
പൊരിച്ചെടുത്ത ഇറച്ചിയപ്പം ബണ്ണിനടിയില്‍ ഒളിപ്പിച്ചു വെച്ചതിനെ ഞാന്‍ ബര്‍ഗര്‍ എന്നു വിളിക്കും. ആരു ചോദിക്കാന്‍?
എന്തുണ്ടാക്കിയാലും ഇംഗ്ലീഷിലതിനൊരു പേരു വിളിച്ചു ഇതു മിസ്‌ വേള്‍ഡു കഴിക്കുന്നതാണെന്നു പറഞ്ഞാല്‍ എന്റെ മക്കളു പോലും എന്നോടൊരക്ഷരം മറുത്തു പറയാതതു മുഴുവന്‍ തിന്നു തീര്‍ക്കും.
കിറുക്കു പറയുന്നതല്ല.
അനുഭവത്തില്‍ നിന്നാണു പറയുന്നത്‌.
പക്ഷെ ഈ ബര്‍ഗറൊക്കെ തിന്നാനൊരു അഭ്യാസം വേണം.
പരിചയമില്ലങ്കില്‍ വലിയവായില്‍ ബര്‍ഗറു കടിക്കുമ്പോള്‍ അതിനകത്തെ ഇന്‍ക്രിഡിയന്‍സു പലതും താഴെ വീഴും. ഉടുപ്പൊക്കെ വൃത്തികേടാവും. അങ്ങനെ സംഭവിച്ചു പണ്ടു പലപ്പോഴും ഞാന്‍ നാണം കെട്ടിട്ടുണ്ട്‌.
പലവട്ടം വീണിട്ടു നടക്കാന്‍ പഠിച്ച പോലെ പിന്നീടതൊരു ശീലമായി.(നാണം കെടല്‍).
എന്നാലും റീത്താന്റിക്കു പറ്റിയ പോലൊരു അമളി എനിക്കൊരിക്കലും പറ്റിയിട്ടില്ല.
ലൈഫ്‌ ഇന്ത്യയുടെ ഇവിടത്തെ കളക്ഷന്‍ ഏജന്റാണ്‌ റീത്താന്റി.
കളക്ഷന്‍ പിരിക്കാന്‍ വന്ന ആന്റിക്കു അതു പിരിച്ചു തിരിച്ചു പോയാല്‍ മതിയായിരുന്നു.
"ദോശവേണോ അതാ ഹാംബര്‍ഗര്‍ വേണോ?" എന്നു ഞാന്‍ ഒരു ഭംഗിക്കു ചോദിച്ചപ്പോള്‍, രണ്ടാമതു പറഞ്ഞ ആ സാധനം എന്താണെന്നു കണ്ടറിയാമെന്ന ആഗ്രഹം കലശലായതിനാലാവും എന്റെയും അവരുടേയും ഗതികേടിന്ന് അവര്‍ "ദോശ വേണ്ട ആ മറ്റേതു മതി " എന്ന ആഗ്രഹം പ്രകടിപ്പിച്ചത്‌.

അപ്പോള്‍ പിന്നെ ഹാംബര്‍ഗര്‍ ഉണ്ടാക്കുക എന്റെ കര്‍ത്തവ്യമായി.
ബണ്ണിനടിയില്‍ ഓമ്ലറ്റും തക്കാളി,ഉള്ളി,വെള്ളരിക്കഷ്ണങ്ങള്‍ ഒതുക്കിവെച്ചു മയോണിസും ഇത്തിരി സോസും പരത്തി മൈക്രോവേവിനകത്തു വെച്ചു ചൂടാക്കി കൊടുത്തപ്പോള്‍ പാവം റീത്താന്റി കുറുക്കനു ആമ കിട്ടിയ പോലെ ദയനീയമായി എന്നെ ഒന്നു നോക്കി.
ഇതൊന്നു മുറിച്ചു കഷ്ണങ്ങളാക്കിത്തരുമോ എന്നു ചോദിക്കാന്‍ അവര്‍ക്കു മടി. അങ്ങനെ ചെയ്താന്‍ ഇതിന്റെ പേരു പോകുമോ എന്നവര്‍ ഭയപ്പെട്ടു.
പിന്നെ ഞാന്‍ ചെയ്യുന്നതു കണ്ടു അതു പോലെ രണ്ടു കൈ കൊണ്ടും ഹാംബര്‍ഗര്‍ പൊക്കിപ്പിടിച്ചു വലിയ വാ തുറന്നു ഒരു കടി കടിക്കുന്നതു കണ്ട ഓര്‍മ്മ മാത്രമേയുള്ളൂ.
പിറകെ കേട്ടത്‌ തീരെ ശ്രുതി ചേരാത്ത ഓരാര്‍ത്തനാദമായിരുന്നു.
റീത്താന്റിയുടെ പരിധി വിട്ടു തുറന്ന വായ, അടക്കാന്‍ അവരു പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വിചാരിച്ചിട്ടും പറ്റുന്നില്ല.
കീഴ്‌ത്താടിയിലേയും മേല്‍ത്താടിയിലേയും അസ്ഥികള്‍ സ്ഥാനം തെറ്റി അങ്ങു ലോക്കായി.
അവര്‍ക്കു നേരത്തെ തന്നെ jaw lock ഉണ്ട്‌. കീഴ്‌ത്താടിയിലെ മസിലു ചിലപ്പോള്‍ പെട്ടെന്നു പണിമുടക്കും. തുറന്നാല്‍ അടക്കാന്‍ മേലാ..!
വായ ക്രമത്തിലധികം തുറന്നാല്‍ പിന്നെ അതു തുറന്നു തന്നെയിരിക്കും. ഒരു ക്രിക്കറ്റ്‌ ബാള്‍ വിഴുങ്ങാനുള്ള ദ്വാരമുണ്ടാവും വായ്‌ക്കപ്പോള്‍. അടക്കാന്‍ പറ്റില്ലന്നു മാത്രമല്ല അന്നേരം കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും.

റീത്താന്റി മരണവേദനയിലെന്ന പോലെ ഒരു വികൃത ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്‌. നമ്മുടെ ചുണ്ടും നാക്കും തൊണ്ടയും വിട്ടു വീഴ്ച്ച ചെയ്യാതെ അവയുടെ തന്നിഷ്ടത്തിനു പ്രവര്‍ത്തിച്ചാല്‍ പുറത്തു വരുന്ന ഒച്ച ഇത്രക്കും അസഹ്യമാണെന്നു മനസ്സിലായതപ്പോള്‍ മാത്രമായിരുന്നു.
ഹാം-ഹാംബര്‍ഗറിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നു വലിച്ചെടുക്കുക എന്നതായിരുന്നു എന്റെ ആദ്യത്തെ പ്രഥമ ശുശ്രൂഷ.
എന്തെങ്കിലും അനര്‍ത്ഥം സംഭവിച്ചാല്‍ എന്റെ ഹാംബര്‍ഗറും ഞാനും അകത്തു പോകരുതല്ലോ!
ഇത്തിരി ചൂടുവെള്ളമെടുത്തു അനത്തിക്കൊടുത്തു.
ഒരു രക്ഷയുമില്ല.
വായ അടയുകയോ അലര്‍ച്ചയൊടുങ്ങുകയോ ഉണ്ടായില്ല.
അവസാനം ഡോകടറുടെ അടുത്തേക്കു തന്നെ കൊണ്ടു പോകാന്‍ ഉറച്ചു.
താഴത്തങ്ങാടിയില്‍ ഒരു ക്ലീനിക്‌ ഉണ്ട്‌.
ഓട്ടോ റിക്ഷയില്‍ തന്നെ പോകേണ്ടി വരും.
വീട്ടിലാരുമില്ല. ഞാന്‍ തന്നെ പോകണം.
വാതിലു പൂട്ടിപുറത്തിറങ്ങിയപ്പോള്‍ കടവില്‍ നിന്നു മടങ്ങുന്ന മാനുക്കുട്ടന്റെ "ചന്ദ്രയാന്‍" കാലിയായി വരുന്നു.
"മനുക്കുട്ടാ.."
"താഴത്തെ ഡോക്ടറുടെ അടുത്തേക്കു പെട്ടന്നു വിട്ടോ!"
"റീത്താന്റിയുടെ വായ തുറന്നിട്ടടഞ്ഞിട്ടില്ല.മോനെ!"
"അവര്‍ക്കു വല്ലാത്ത വേദന".
മാനുക്കുട്ടന്‍ കേള്‍ക്കാത്തതു പാതി, കേട്ടതു പാതിയുടെ പാതി.
റീത്താന്റിയും ഞാനും കയറിയോന്നു നോക്കാതെ വെച്ചൊരു കീറ്‌.
(ആരാണാവോ അവന്റെ ഓട്ടോക്കു "ചന്ദ്രയാന്‍" എന്നു പേരിട്ടത്‌!)
റീത്താന്റി അകത്തും ഞാന്‍ പകുതി പുറത്തുമായി ഒരു ഫര്‍ലോങ്ങ്‌ ദൂരം ചന്ദ്രയാന്‍ വാലില്‍ തീപിടിച്ചു പാഞ്ഞു.
അതിനിടയില്‍ എന്നെ അകത്തേക്കു വലിച്ചു കയറ്റുമ്പോഴും കരച്ചിലിന്റെ റിഥം തെറ്റാതിരിക്കാന്‍ റീത്താന്റി കെണഞ്ഞു പരിശ്രമിച്ചു.
ഇരിപ്പുറച്ചപ്പോള്‍ ഞാന്‍ ഒന്നു നന്നായി ശ്വാസമെടുത്തതായിരുന്നു.

പെട്ടെന്നു യു.പി സ്കൂളിന്റെ മുന്നില്‍ ചന്ദ്രയാന്റെ ആദ്യ ചക്രം ഒന്നു പൊങ്ങുന്നതു ഞാന്‍ കണ്ടു. ഉടനെ തന്നെ കൂടെ പിന്‍ചക്രത്തിന്റ പിന്‍ബലത്തിലിരിക്കുന്ന ഞാനും റീത്താന്റിയും.(കൃത്യം ഒരടി ഉയരം) പക്ഷെ പിന്നിലെ ചക്രങ്ങള്‍ ലാന്റു ചെയ്തപ്പോള്‍ കൂടെ എനിക്കും റീത്താന്റിക്കും ലാന്റു ചെയ്യാന്‍ ഒരു സെക്കണ്ടിന്റെ നൂറിലൊരംശം താമസം വന്നു. (പി.ടി.ഉഷക്കു ഒളിമ്പിക്സ്‌ മെഡല്‍ നഷ്ടപ്പെടുത്തിയ അതേ സമയം).
മനുഷ്യനെയും മങ്കിയേയും വ്യത്യാസപ്പെടുത്താന്‍ ദൈവം മുറിച്ചു മാറ്റിയ വാലു നിന്നിടത്തെ ബാക്കി വാല്‍ക്കുറ്റി, കൃത്യം ബാക്ക്‌ സീറ്റിന്റെ ഇങ്ങേ അറ്റത്തു വെല്‍ഡു ചെയ്തുവെച്ച ഇരുമ്പുബാറില്‍ കണക്കിനു ചെന്നു വീണപ്പോള്‍ എന്റെ വായില്‍ നിന്നുയര്‍ന്ന ആദ്യ ശബ്ദത്തിനു മുന്‍പൊരിക്കലുമില്ലാത്ത വിധം ആത്മാര്‍ത്ഥമായ ഒരു മാതൃസ്മരണ.
കോറസ്സായി തൊട്ടടുത്തു നിന്നും റീത്താന്റിയില്‍ നിന്നും ഇതേ തീവൃതയില്‍ മറ്റൊരു മാതൃസ്മരണയുയര്‍ന്നു കേട്ടപ്പോള്‍ ഞാന്‍ പെട്ടെന്നോര്‍ത്തു.
"ഹായ്‌ എന്തൊരു മനപ്പൊരുത്തം!"
പക്ഷെ റീത്താന്റിയുടെ മാതൃഭക്തിയില്‍ സ്വയം മറന്ന ആ വിലാപം
നല്ല സ്വരശുദ്ധിയോടെ!
ഈണ സമൃദ്ധമായി!,
സംഗതികള്‍ ഒട്ടും ചോര്‍ന്നു പോകാതെ,
ശ്രുതിക്കു തെല്ലും ഭംഗം വരാതെ,
അനര്‍ഗ്ഗം പുറത്തു വന്നപ്പോള്‍,
ഞാന്‍ വിശ്വാസം വരാതെ ആ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി സന്തോഷം കൊണ്ടു മതിമറന്നു.
റീത്താന്റിയും പരിസരം മറന്നു സന്തോഷത്താല്‍ വിളിച്ചു കൂവി
" മാനുകുട്ടാ നിന്റെ ചന്ദ്രയാന്‍ തിരിച്ചു വീട്ടീക്കു വിടെടോ.."
ന്റെ തൊള്ള പൂടിയടാ.. മോനേ..!"

ഓട്ടോ റിക്ഷ തിരിക്കുമ്പോള്‍ മാനുക്കുട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറയുന്നതു കേട്ടു. "കണ്ണൂരിലെ ഒരു സ്കൂളില്‍ വാന്‍ ഇടിച്ചു കുറേ സ്കൂള്‍ കുട്ടികള്‍ മരിച്ചപ്പോള്‍ ഇവിടെയും സ്കൂളിനു മുന്നില്‍ ഇന്നലെ ഒരു ഹംബിട്ടതു ഞാന്‍ തീരെ കൊളര്‍ത്തില്ലത്താ !"
16770

14 comments:

സാബി said...

അതിഭാവുകത്വം കലര്‍ത്തിയ ഒരനുഭവം.
jaw-lock നു ഡോക്ടറെ കാണാന്‍ പോയ വഴി തിരിച്ചു പോരാന്‍ സൗഭാഗ്യം നല്‍കിയ ഒരു ഹമ്പിന്റെ ഓര്‍മ്മക്ക്‌!

സുല്‍ |Sul said...

സാബിത്താ...
കഥ വരുന്ന വഴികളേ.
ഉഷാറാക്കീട്ട്ണ്ട്‌ട്ടാ...

-സുല്‍

Joker said...

കട്ടി കൂടിയ ഹംബര്‍ഗറുകള്‍ മുറിച്ചു തിന്നുന്ന സംവിധാനവും ഉണ്ട് സഹോദരീ. കത്തി കൊണ്ട് മുറിക്കുമ്പോള്‍ ക്യത്യതയും ഭംഗിയുമുണ്ടാവും. ഹംബര്‍ഗര്‍ തീറ്റി ഒരു പിഡനം ആവരുതല്ലോ ...:)))

ഒരു “ദേശാഭിമാനി” said...

ഹംബും ഹംബര്‍ഗ്ഗറും.... നന്നായിരിക്കുന്നു....... ഇനിമുതല്‍ പഞ്ചാ‍യത്തു വഴികളില്‍ 200 മിറ്റര്‍ ഇടവിട്ട് ഓരൊ ഹമ്പും ഉണ്ടാക്കട്ടെ - നാട്ടിലെ ചിലരുടെയൊക്കെ കോച്ചിപിടുത്തം മാറികിട്ടിയാലോ????

Siju | സിജു said...

ജോ ലോക്ക് വന്നാല്‍ ഹമ്പ് മതിയല്ലേ.. :-)

ഭൂമിപുത്രി said...

അതിഭാവുകത്വംന്ന് പറഞ്ഞതെന്താ സാബീ,
റീത്താന്റിടെ jaw കൂടിയില്ലായിരുന്നോ?
പാവം!
ഏതായാലും കഥ രസിച്ചുട്ടൊ

സാബി said...

ഭൂമിപുത്രി said...
അതിഭാവുകത്വംന്ന് പറഞ്ഞതെന്താ സാബീ?
1.(കൃത്യം ഒരടി ഉയരം)
2.ഒരു ക്രിക്കറ്റ്‌ ബാള്‍ വിഴുങ്ങാനുള്ള ദ്വാരമുണ്ടാവും വായ്‌ക്കപ്പോള്‍.
3.റീത്താന്റി അകത്തും ഞാന്‍ പകുതി പുറത്തുമായി ഒരു ഫര്‍ലോങ്ങ്‌ ദൂരം ചന്ദ്രയാന്‍ വാലില്‍ തീപിടിച്ചു പാഞ്ഞു.
4.എനിക്കും റീത്താന്റിക്കും ലാന്റു ചെയ്യാന്‍ ഒരു സെക്കണ്ടിന്റെ നൂറിലൊരംശം താമസം വന്നു.
enough?

ഭൂമിപുത്രി said...

ഹഹ അതാ??? ദേ ഞാനെന്റെ സിസ് ഇൻ ലോയെ വായിച്ചു കേൾപ്പിച്ചു ഇപ്പൊ..അവളു തലകുത്തിക്കിടന്ന് ചിരിയോട് ചിരി

kichu said...

സാബീ..

മേമ്പൊടിചേര്‍ത്ത വീട്ടു കാര്യങ്ങളും നാട്ടു കാര്യങ്ങളും കലക്കീട്ടൊ...

ഇനിയും പോന്നോട്ടെ.

ഭക്ഷണമുണ്ടാക്കല്‍ മടി കഥയെഴുത്തില്‍ വേണ്ടാട്ടോ..

kaithamullu : കൈതമുള്ള് said...

ഒരു ബര്‍ഗര്‍ കോര്‍ണര്‍ തുറന്നാലോ - ആ സ്കൂളിന്റെ പടിക്കല്‍ തന്നെയായിക്കോട്ടേ!
(ഡോക്ടറും അടുത്ത് തന്നെയാണല്ലോ, അല്ലേ?)

lakshmy said...

കഥയിലെ നർമ്മം നന്നാ ബോധിച്ചു

മോനൂസ് said...

അടിപൊളി

സിജി said...

:) nannayi rasichu..kuRe chirichu...

Seena said...

Sabitha, adipoli aayittundu, nannayi rasichu.. :)