Sunday, February 01, 2009

പ്രണയവും പ്രാർത്ഥനയും

ശ്ചിമാംബരത്തില്‍ ചെമപ്പു മാറിയാലുടന്‍ മഗ്‌രിബിന്റെ(സന്ധ്യാപ്രാര്‍ത്ഥന) സമയം കഴിയും.അപ്പോള്‍ മുതല്‍ ഇശായുടെ(നിശാപ്രാര്‍ത്ഥന) സമയം ആരംഭിക്കും
ഇടക്കിടെ ആകാശത്തിലെ ചോപ്പു നോക്കിയാണു ഹീര ഓടുന്നത്‌.
അവള്‍ ആകെ പരവശയായി.
മാനത്തെ ചോപ്പുമാഞ്ഞാല്‍ മഗ്‌രിബു ഖളാവാകും(കാലഹരണപ്പെടും).

പ്രാര്‍ത്ഥിച്ചതിനു ശേഷമാണോ പ്രിയന്റെ അടുത്തെത്തേണ്ടത്‌ അതോ പ്രിയനെ കണ്ടതിനു ശേഷമാണോ പ്രാര്‍ത്ഥിക്കേണ്ടത്‌?
ഇശക്കു മുന്നെ മൈതാനത്തിലെത്തിയാലേ പ്രിയനെ കാണാനാവൂ എന്നാണു "ദര്‍വേശ്‌"(മുസ്ലിം സന്ന്യാസി) തന്ന അവസാന വാക്ക്‌!
പക്ഷെ പ്രപഞ്ചനാഥന്‍ തുണച്ചില്ലങ്കില്‍ പ്രാണനാഥനെ കാണാനൊക്കില്ലൊരിക്കലും.

അവള്‍ വുളു (അംഗശുദ്ധി) വരുത്തി ഭാണ്ഡത്തില്‍ നിന്നും വീതിയുള്ള ഷാളെടുത്തു നെറ്റിയും മൂക്കുമൊഴിവാക്കി തലമുഴുവന്‍ മൂടിക്കെട്ടി.

മൂന്നു റകഅത്തുള്ള(ഘട്ടം) നമസ്കാരത്തിന്റെ അവസാന സുജൂദില്‍(സാഷ്ട്രാംഗപ്രണാമം) നിന്നുയരുന്നതിനിടെയാണു തൊട്ടപ്പുറത്തെവിടെയോ കിടന്ന ഇത്തിരി ചാണകം തന്റെ മുസല്ല (പ്രാര്‍ത്ഥനാപരവതാനി) യിലെക്കും മുഖത്തേക്കും തെറിപ്പിച്ച്‌ ഒരു അശ്വാരൂഡന്‍ അതിവേഗത്തിലാവഴി കടന്നു പോയത്‌.
നമസ്കാരം ബാത്തിലായതിന്റെ (അസാധു) ദേഷ്യത്തിലും വേദനയിലും ഹീര അയാള്‍ കേള്‍ക്കാനുച്ചത്തില്‍ വിളിച്ചു പറഞ്ഞു
"ഞാന്‍ എന്റെ നാഥനെ വണങ്ങുന്നതു കാണാതെ പോയ നീ,
നിന്നെ കാത്തിരിക്കുന്നവളാരോ അവള്‍ നിന്നെ തിരിച്ചറിയാതെ പോകട്ടെ!"
കുതിരക്കാരന്‍ ഓടിപ്പോകുന്നതിനിടയില്‍ വേഗത കുറക്കാതെ തന്നെ തല തിരിച്ചു, കണ്ണും മൂക്കും മാത്രം കാണാവുന്ന ആ രൂപത്തോടു വിളിച്ചു പറഞ്ഞു.
"ഞാന്‍ ആരെയാണോ തേടുന്നത്‌ അതല്ലാതെ മറ്റൊന്നും എനിക്കിപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല.
അതിനാലാണു എനിക്കീ തെറ്റു പറ്റിയത്‌".
"പക്ഷെ നീയതല്ല നീയാരെയാണോ വണങ്ങിയിരുന്നത്‌ അവിടെയല്ലായിരുന്നു നിന്റെ ശ്രദ്ധ മുഴുവനും. അതിനാല്‍ നീ ചാണകം തെറിച്ചതു തിരിച്ചറിയുകയും നിന്റെ പ്രാര്‍ത്ഥന മുറിയുകയും ചെയ്തു.
നമസ്കരിക്കവേ നീയാരെയാണോ ഓര്‍ത്തിരുന്നത്‌ അയാള്‍ നിന്നെ തിരിച്ചറിയാതെ പോകട്ടെ!"

കുതിരപ്പുറത്തു കടന്നു പോയതു തന്നെ അവസാനമായി ഒരു നോക്കു കാണാനും സകലസുഖവും ജീവന്‍ പോലും ത്യജിക്കാനും തയ്യാറായി ഇറങ്ങിയ തന്നെ മാത്രം സ്നേഹിക്കുന്ന "രഞ്ജ"യാണെന്നും താന്‍ അറിയാതെ ചാണകം തെറിപ്പിച്ചു ശാപം വാങ്ങിയതു തന്റെ ജീവന്റെ ജീവനായ കാമുകി "ഹീര"യില്‍ നിന്നാണെന്നും പരസ്പരം അറിയാതെ പോയതു കൊണ്ടു മാത്രമായിരുന്നില്ല ഈ സുന്ദരമായ പാക്ക്‌ പ്രണയകഥയിലെ നായികാനായകന്മാര്‍ക്കു ദുരന്തം സംഭവിച്ചതും ഈ കഥക്കു ആ ദേശത്തില്‍ ഒരു ദാര്‍ശനീകത കൈവന്നതും.
ചുറ്റുഭാഗവും തിമര്‍ത്തു മഴപെയ്യുമ്പോഴും ഒറ്റത്തുള്ളി വീണു നനയാത്ത അവരുടെ മഖ്ബറ (ശവകുടീരം) ഈ കഥക്കൊരു ഉണ്മയുടെ വെണ്മ പകരുന്നതു കൊണ്ടു കൂടിയാണ്‌

17715

5 comments:

സാബി said...

ചുറ്റുഭാഗവും തിമർത്തു മഴപെയ്യുമ്പോഴും ഒറ്റത്തുള്ളി വീണു നനയാത്ത അവരുടെ ശവകുടീരം ഈ കഥക്കൊരു ഉണ്മയുടെ വെണ്മ പകരുന്നതു കൊണ്ടു കൂടിയാണ്‌.

വല്യമ്മായി said...

നല്ല കുറിപ്പ്.ഒറിജിനല്‍ കഥ വായിച്ചിട്ടില്ല.

ഭൂമിപുത്രി said...

മനോഹരമായ ഈ കഥ ആദ്യമായാൺ കേൾക്കുന്നത് സാബീ.

സിനി said...

കഥയും അവതരണരീതിയും ആകര്‍ഷകം;മനോഹരം

സാബി said...

വായനക്കാര്‍ക്കും.

പ്രതികരിച്ചവര്‍ക്കും നന്ദി.
(വല്യമ്മായി
ഭൂമിപുത്രി
സിനി)

മറുപടി വൈകിയതില്‍ ക്ഷമാപണം.