കുഞ്ഞുമോളുടെ വീട്ടിലേക്കുള്ള ഗേറ്റു കടക്കുമ്പോള്‍ വണ്ടി ചെറുതായി എവിടേയോ ഉരസിയെന്നു നാഷിദക്കു തോന്നി.
കണ്ണുകള്‍ തേടിയതു അനിയത്തിയുടെ ആത്മാവിനേയും നുണക്കുഴികളുള്ള അവളുടെ നിഷ്കളങ്കമുഖത്തേയും ആയിരുന്നതിനാലാവണം ഇടതു വശത്തു വളര്‍ന്നു നിന്ന അശോകമരത്തെ അവള്‍ തീരെ കണ്ടില്ല.
തന്റെ കാറിന്റെ ഹോണ്‍ കേട്ടാല്‍ വാതില്‍ തുറന്നു ഓടി വരാറുള്ള കുഞ്ഞുമോളെ ഇനി കാണില്ലല്ലോ എന്നു ഖല്‍ബിനുള്ളിലിരുന്നാരോ മന്ത്രിച്ചപ്പോള്‍ കാറില്‍ നിന്നിറങ്ങാന്‍ അവളുടെ സ്വന്തം കാലുകള്‍ക്കു പോലും മടിയായി.
കാളിംഗ്‌ബെല്ലില്‍ വിരലമര്‍ത്തി ഏറെ നേരം കഴിഞ്ഞാണു വാതില്‍ക്കല്‍ ഒരാളനക്കം കേട്ടത്.
വാതില്‍ തുറന്ന സ്ത്രീക്കു തന്റെ മുഖം കണ്ടു വല്ലാതായോ, ഒരെതിരാളിയെ കാണുന്ന പോലെ അവര്‍ തന്നെ കണ്ടു ഒന്നു ഞെട്ടിയോ എന്നും നാഷിദക്കു തോന്നി.
അതിനാല്‍ പരിചയപ്പെടുത്തേണ്ടി വന്നില്ല.
അകത്തേക്കു കയറാന്‍, ചെരിപ്പൂരി വെക്കാന്‍ ശ്രമിക്കവേ ആ സ്ത്രീ പറഞ്ഞു,
" വേണ്ട അതൊന്നും ഇപ്പോള്‍ പതിവില്ല"
"അകത്തെ മുറിയില്‍ പുറത്തിടുന്ന ചെരിപ്പിട്ടു കയറുകയോ?"
കുഞ്ഞുമോളുടെ ആത്മാവു പൊറുക്കില്ല !.
മനസ്സു സമ്മതിച്ചില്ല.
ചെരിപ്പൂരി പുറത്തെ പടിയില്‍ വെച്ചാണു അകത്തു കടന്നതു. പക്ഷെ വേണ്ടിയില്ലായിരുന്നുവെന്നു തോന്നി.
ചിതറിക്കിടക്കുന്ന ചവറുകള്‍ക്കിടയിലൂടെ തറയില്‍ പറ്റിപ്പിടിച്ച മാലിന്യവും അതിന്റെ മണവും ശ്വസിക്കാനും വിശ്വസിക്കാനുമാവാതെ നാഷിദ ഉടുത്ത സാരി ഇത്തിരിയുയര്‍ത്തിപ്പിടിച്ചു നേരെ സ്വീകരണമുറിയിലേക്കു നടന്നു.
കുഞ്ഞുമോളുടെ കലാവാസനയുടെ ശരിക്കുള്ള ദൃശ്യസൗരഭ്യം പരക്കുന്ന മുറിയാണത്.
കണ്ടപ്പോള്‍ ഞെട്ടിപ്പോയി.
"ലോണ്‍ട്രിയുടെ ഗോഡൗണ്‍" പോലെ!
മൂക്കു പൊത്താതിരിക്കാന്‍ കഴിഞ്ഞില്ല.
ചുമരില്‍ തൂക്കിയിരുന്ന "നശീദ" എന്നു ഭംഗിയില്‍ ഇനീഷ്യലിട്ട എല്ലാ പെയ്‌ന്റിങ്ങുകളും അപ്രത്യക്ഷമായിരിക്കുന്നു.
"കുഞ്ഞുമോള്‍ എങ്ങനെ കൊണ്ടു നടന്ന വീടാണിത്!".
അവളുടെ മരണശേഷം ഇതു രണ്ടാമത്തെ പ്രാവശ്യമാണു ഇവിടെ വരുന്നത്.
കഴിഞ്ഞപ്രാവശ്യം വന്നപ്പോഴാണു എട്ടും പൊട്ടും തിരിയാത്ത രണ്ടു കുട്ടികളേയും കൊണ്ടു മന്‍സൂര്‍ കഷ്ടപ്പെടുന്നതു കണ്ടത്.
കുട്ടികളെ നോക്കാന്‍ വീണ്ടും ഒരു കല്യാണം കഴിക്കാന്‍ അവനെ നിര്‍ബന്ധിച്ചതു താനും കൂടിയായിരുന്നു.
അതിപ്പോള്‍ നാലു വര്‍ഷമായിരിക്കുന്നു.
ടെക്‍സാസില്‍ കിടക്കുന്ന എനിക്കു മഞ്ചേരിയിലെ അവളുടെ വീട്ടിലേക്കു വരാന്‍ തക്കതായ വല്ല കാരണമെന്തെങ്കിലും ഉണ്ടായല്ലേ മതിയാവൂ.
കുഞ്ഞിമോളുടേയും കുട്ടികളുടേയും വിസ ക്യാന്‍സല്‍ ചെയ്തു ദുബൈയില്‍ നിന്നു നാട്ടില്‍ കൊണ്ടു പോകുകയാണെന്നു മന്‍സൂറിന്റെ മെയില്‍ കിട്ടിയപ്പോള്‍ അവള്‍ക്കു ബ്ലഡ് ക്യാന്‍സറാണെന്നു ആരും പറഞ്ഞില്ല.രോഗത്തിന്റെ മൂപ്പിനെക്കുറിച്ചു അവളും ഒരു വാക്കും പറഞ്ഞില്ല. അല്ലായിരുന്നെങ്കില്‍ എന്റെ അനിയത്തിയെ അവസാനമായൊന്നു ജീവനോടെ കാണാന്‍ ഞാന്‍ എന്തു സഹിച്ചിട്ടാണെങ്കിലും ടെക്‍സാസില്‍ നിന്നു ദുബായി വരെ ചെല്ലാന്‍ എനിക്കൊരു തടസ്സവും പ്രശ്നമാവുമായിരുന്നില്ല.
പറഞ്ഞിട്ടെന്താ കാര്യം.
കഴിഞ്ഞതൊക്കെ കഴിഞ്ഞു.
"ഉമ്മാ, ആ കാറില്‍ ആരാ വന്നത്?"
ഒരു മൂന്നു വയസ്സുകാരന്‍ ചോദ്യവുമായി പുറത്തെവിടെ നിന്നോ മണ്ണുപുരണ്ടു ഓടി വന്നു.
എന്നെ കണ്ടു എന്തോ ഓര്‍ത്തെന്നപോലെ അവന്‍ എന്റെ മുഖത്തേക്കും ചുമരില്‍ തൂക്കിയ കുഞ്ഞുമോളുടെ ഫോട്ടോവിലേക്കും മാറി മാറി നോക്കുന്നതു കണ്ടു.
ഇരട്ടകളായിരുന്ന ഞങ്ങളുടെ സദൃശ്യം അവനില്‍ മാത്രമല്ല. സ്കൂളിലും മദ്രസയിലും കൂട്ടുകുടുംബങ്ങളിലുമെല്ലാം ഉണ്ടാക്കിയ പുകിലുകള്‍ ചില്ലറയല്ലായിരുന്നു.
അവന്‍ സംശയത്തോടെ എന്റെ തൊട്ടുമുന്നില്‍ വന്നു നിന്നു ചോദിച്ചു
"നിങ്ങള്‍, അനിക്കാന്റെയും ഷാനിത്താന്റേയും ഉമ്മയാണോ?"
ആ സ്ത്രീ അവനെ തല്ലാനോങ്ങി,
ഞാനവരെ തടഞ്ഞു.
പെട്ടെന്നാണു ഞാന്‍ ഓര്‍ത്തത്.
"അനീഷും,ഷംനയും എവിടെ?"
"അവര്‍ ഇപ്പോള്‍ ഊട്ടിയില്‍ ബോര്‍ഡിംഗിലാ.."
ആ സ്ത്രീ പ്രത്യേകിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു.
അവര്‍ക്കായി കരുതിയ മിഠായിയുടെ പാക്കറ്റു ഞാന്‍ ആ പയ്യന്റെ കയ്യില്‍ വെച്ചു കൊടുത്തു.
അതുമായി അവന്‍ പുറത്തേക്കോടി.
ഞാന്‍ ഷോക്കേസിലേക്കു നോക്കി.
അടുത്തു ചെന്നിരുന്നാല്‍ എഴുന്നേറ്റു പോകാന്‍ തോന്നാത്ത വിധം സൗന്ദര്യ ശില്‍പങ്ങള്‍ അടുക്കി വെച്ചിരുന്ന ഷോക്കേസായിരുന്നു.
ഇന്നു അവിടെ കുഞ്ഞുമോളുടെ കരവിരുതിന്റെ ഓര്‍മ്മപ്പെടുത്തലിനായി ഒന്നും ബാക്കിയില്ല.
ഉള്ളതു തന്നെ പഴയ കലാവസ്തുക്കളുടെ പ്രേതങ്ങള്‍ മാത്രം!
പൊട്ടിയവ വീണ്ടും പിന്നെ ഒരുവട്ടം കൂടി നോക്കാന്‍ കൊതിക്കാത്ത രൂപത്തില്‍, വൃത്തികെട്ട രീതിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നു.
കുഞ്ഞുമോളുടെ കരകൗശല വൈഭവത്തിന്റെ മികവിലാണെന്റെ കല്യാണം പോലുമെന്നതു തിരിച്ചറിയാനാവാത്ത ഞങ്ങളുടെ സദൃശ്യത്തിന്റെ മറ്റൊരു വികൃതിയായിരുന്നു.
തന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ വീട്ടിലെ ഷോക്കേസിലിരിക്കുന്ന ഹാന്‍ഡിക്രാഫ്‌റ്റ്‌സിന്റെ ഭംഗിയും പൂര്‍ണ്ണതയും കണ്ടു മൂക്കത്തുവിരല്‍ വെച്ചു ഭാവി നാത്തൂന്‍
"ഇതെല്ലാം നീയുണ്ടാക്കിയതാണോ?"
എന്നു ചോദിച്ചതപ്പോള്‍
"അതെ"
എന്നുത്തരം പറഞ്ഞത് കുഞ്ഞിത്താക്കു പകരം കുഞ്ഞിമോളാണെന്നു മനസ്സിലായതു പിന്നെ കല്യാണം കഴിഞ്ഞു നാളു കുറേ കഴിഞ്ഞാണെന്നു പിന്നീടു നാത്തൂന്‍ തന്റെ അബദ്ധത്തിന്റെ അനുഭവം ഏറ്റു പറഞ്ഞപ്പോഴായിരുന്നു.
അങ്ങനെ ഞങ്ങളെ തമ്മില്‍ തിരിച്ചറിയാതെ പലരും വിഢ്ഢികളായിട്ടുണ്ട്.
വീടാകെ മാറിയിരിക്കുന്നു. കുഞ്ഞുമോളുടെ ഓര്‍മ്മ ബാക്കിയാക്കുന്ന ഒരേ ഒരു വസ്തു മാത്രമേ ഈ വീട്ടിലിന്നുള്ളൂ.
അവളുടെ ഫോട്ടോ.
മനസ്സില്‍ പറഞ്ഞു.
അതു മാത്രമാണപ്പോള്‍ ആ വീടിനു തീരെ ചേരാത്തത്!
"ഈ ഫോട്ടോ ഞാന്‍ കൊണ്ടു പൊയ്ക്കോട്ടെ?"
"എനിക്കവളെ നിത്യവും കാണാമല്ലോ"
ചോദ്യം മുഴുവനാക്കുന്നതിന്റെ മുന്‍പു എന്റെ കണ്ണില്‍ നിന്നുറ്റിയ രണ്ടു തുള്ളി സാരിയിലെവിടെയോ വീണു നനഞ്ഞു. ഗദ്ഗദം കാരണം സംസാരത്തില്‍ നിന്നു എന്റെ ഉള്ളിലെ നൊമ്പരം അവര്‍ക്കു മനസ്സിലാവുമോ എന്നു ഭയന്നു ഒന്നും മിണ്ടാതെ ഏറെ നേരം വെറുതെ പുറത്തേക്കു നോക്കിയിരുന്നു.
ഒരു ഭാരമൊഴിവാക്കുന്ന മനസ്സമാധാനത്തോടെ, അവര്‍ ആ ഫോട്ടോ ഭിത്തിയില്‍ നിന്നിളക്കി, തുണികൊണ്ടു തുടച്ചു വൃത്തിയാക്കി അതൊരു കവറിനകത്തിട്ടു തന്നതു ക്ഷണനേരം കൊണ്ടായിരുന്നു.
അതും നെഞ്ചിനോടു ചേര്‍ത്തു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളിലിരുന്നൊരു പക്ഷി തേങ്ങി.
"കുഞ്ഞിമോളെ, നിന്നെ ആര്‍ക്കും വേണ്ടങ്കിലും എനിക്കു വേണം!"
പ്രിയപ്പെട്ടവരുടെ പ്രിയപ്പെട്ടതെല്ലാം പ്രിയം വെക്കുക എന്നതാണു അവരെ സ്നേഹിക്കുന്നതിന്റെ ഏറ്റവും ലളിത രൂപമെന്ന തിരിച്ചറിവോടെ ഞാന്‍ പടിയിറങ്ങി.
ആ വീട്ടിലെക്കു വല്ലപ്പോഴും ഒന്നു പോകണം എന്ന ഒരു തോന്നലുണ്ടാക്കാവുന്ന ഒന്നും ഇനി ആ വിട്ടില്‍ ബാക്കിയില്ലല്ലോ എന്ന വ്യഥയോടെ,
തികഞ്ഞ അന്യതാ ബോധത്തോടെ,
കാറിന്റെ കീ തിരിക്കുമ്പോള്‍ ഒന്നുറച്ചു.
മടങ്ങുന്നതിന്നു മുന്‍പ് ഊട്ടി സ്കൂളിലേക്കൊന്നു പോകണം.
അനീഷിനേയും ഷംനമോളേയും കാണണം.
17860
7 comments:
നാഷിദാത്താ...
മാപ്പ്!
ഹൃദയം തുറന്നതു മുത്തുമ്മയോടാനെങ്കിലും തൊട്ടടുത്ത മുറിയിൽ ഞാനുണ്ടായിരുന്നു.
ആ മനസ്സിലെ മാറാത്ത ഒരു മുറിവും തീരാത്ത നീറ്റലും....!
ഞാൻ എന്റെ ഈ അക്ഷരങ്ങളിലേക്കൽപ്പമെങ്കിലും പകർത്തട്ടെ!
സാബിത്താ,നിങ്ങളെന്റെ അടുത്തിരുന്ന് കൈ പിടിച്ചൊരു കഥ പറഞ്ഞ പോലെ തോന്നി.മരണ വെപ്രാളത്തിനിടയിലും അള്ളാ,ന്റെ മക്കള് എന്ന ഉമ്മയുടെ പ്രാര്‍ത്ഥന കേട്ട റബ്ബിനു സ്തുതി
സബിതാത്ത കണ്ണ് നിറഞ്ഞു
സാബിത്താ...ശരിക്കും കണ്ണുനിറഞ്ഞു..
ഒരു ഉമ്മയായ ശേഷമാണ് ഞാന്‍ ആദ്യമായി പ്രാര്‍ത്ഥനയില്‍ എന്റെ ദീര്‍ഘായുസ്സിനു വേണ്ടി അപേക്ഷിച്ചത്.മറ്റൊന്നുമല്ല ഞാനില്ലെങ്കില്‍ അവന്റെ കാര്യങ്ങള്‍ എന്താവുമെന്നോര്‍ത്തുതന്നെ..ഇന്നും ഒന്നു വേച്ചുവീഴാന്‍ പോകുമ്പോള്‍ പോലും പടച്ചോനേ എന്റെ മക്കള്‍ എന്നറിയാതെ വിളിച്ചുപോകും..അറിയാതെ ദൈവത്തെ ഒന്നുകൂടി സ്തുതിച്ചുപോകുന്നു..
ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു..ആശംസകള്‍!
ഈ പോസ്റ്റിനു ആശംസകള്‍... നന്നായി എഴുതിയിരിക്കുന്നു... ഉള്ളില്‍ വല്ലാത്തൊരു നീറ്റല്‍...
Saabi..touching..
വല്യമ്മായി,
തലശ്ശേരിക്കാരന്‍,
ആഗ്നേയ,
പകല്‍കിനാവന്‍,
സിജി.
Thanks for your Good reading and the Best comments.
Post a Comment