Sunday, February 22, 2009

ഒരു കത്തിയും ഇത്തിരി കുപ്പിവളകളും.



ജാന്വേട്ടത്തിയുടെ കിണറ്റിൽ ഒരു പൂച്ച ചാടിച്ചത്തു.
രണ്ടാഴ്ച്ചയായി അവർ പലരോടും പറയുന്നു ഒന്നിറങ്ങി കിണറൊന്നു നന്നാക്കി വെള്ളം വീണ്ടും കുടിക്കാൻ പറ്റുന്നവിധമാക്കിക്കൊടുക്കാൻ..
ആരു കേക്കാനാണ്‌.
അധികച്ചാർജ്ജൊന്നും കിട്ടൂലാന്നു കരുതീട്ടാവും പലരും തിരിഞ്ഞൊന്നു പോലും നോക്കീല.
ഇലക്ഷനിനിയും മാസങ്ങൾ കിടക്കുന്നു.അല്ലെങ്കിൽ പാർട്ടിക്കാരോടെങ്കിലും പറഞ്ഞാൽ അവർ ആരെയെങ്കിലും പറഞ്ഞയച്ചു നന്നാക്കിയേനെ!
പാചകത്തിനുള്ള വെള്ളം ഞങ്ങളുടെ കിണറ്റിൽ വന്നു മുക്കി, ജ്വാനേട്ടത്തി ഒരു പാടു ദൂരം തലയിൽ വെച്ചു നടക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നും.
പണ്ടത്തെപ്പൊലെയല്ല ഇപ്പോഴാരും വെള്ളക്കുടം ചുമന്നധിക ദൂരം നടക്കുന്നതു കാണാറില്ല.
എല്ലാ വീട്ടിലും അകത്തും പുറത്തും ടാപ്പുണ്ട്‌. തുറന്നാൽ വെള്ളമല്ലേ!
ഹോസ്‌ പൈപ്പിട്ടു വെള്ളമെത്തിച്ചു തരാമെന്നു ഞാൻ ജാന്വേട്ടത്തിയോടു പലവട്ടം പറഞ്ഞതാ..
കേൾക്കേണ്ടെ!
കിണറ്റിൽ നിന്നു കോരിയെടുത്ത വെള്ളത്തിൽ മാത്രമേ പാചകം ചെയ്യൂ എന്നാണു അവരുടെ വാശി.
"വലിയ ഒസ്‌വാസാ.."

പക്ഷെ നിരപ്പല്ലാത്ത തൊടിയിലൂടെ പിറുപിറുത്തു കൊണ്ട്‌ കയറ്റം കയറിപ്പോകുമ്പോൾ തലയിലെ കുടത്തിൽ നിന്നു വെള്ളം തുളുമ്പി മേലാകെ നനയുന്നതു കാണുമ്പോൾ പാവം തോന്നും.
കിണറ്റിൽ നല്ല വെള്ളമായിരുന്നു.
വല ദ്രവിച്ചപ്പോഴാണൂ പൂച്ച അതും തുളച്ചു കിണറ്റിൽ വീണത്‌.
കിണറ്റിലിറങ്ങി അഴുക്കൊക്കെ ബക്കറ്റിൽ നിറക്കാനൊരാളെ കിട്ടിയാൽ മതിയായിരുന്നു.
വലിച്ചു കയറ്റൽ ജാന്വേട്ടത്തി ചെയ്യും.
വേണമെങ്കിൽ എനിക്കും കുറച്ചൊക്കെ സഹായിക്കാം.
ഞങ്ങൾ പെണ്ണുങ്ങളല്ലേ!.
കിണറ്റിലിറങ്ങാൻ ഒക്കില്ലല്ലോ?

തൊട്ടപ്പുറത്തെ വീട്ടിലൊരു ചെക്കനുണ്ട്‌.
പ്രീഡിഗിക്കു തോറ്റതാണ്‌.
ഒരു പണിയും ചെയ്യാതെ മസിലു മിനുക്കി വീട്ടിലിരിക്കാൻ തുടങ്ങിയിട്ടു വർഷം പലതായി.
അൻപതു രൂപക്കു വേണ്ടി ഇന്നലെയും അവന്റെ ഉമ്മാന്റെ നേർക്കു കത്തിയെടുക്കുന്ന ബഹളം കേട്ടു.
ആ ചെക്കനെ ഒരു നാലു മണിക്കൂർ നേരത്തേക്കു കിണറ്റിലിറക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.
നൂറോ ഇരുന്നൂറോ കൊടുക്കാം.

പക്ഷെ ആരിത്‌ അവനോടു ചോദിക്കും.
ആ പണിക്കിത്തിരി അന്തസ്സു കുറവല്ലെ ("പ്രീഡിഗ്രി" അത്ര മോശം ഡിഗ്രിയൊന്നുമല്ലല്ലോ?)

"പൂച്ചക്കാരു മണി കെട്ടും".
പണിപറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലങ്കിൽ ഒരു പക്ഷെ ഞങ്ങൾക്കതു തന്നെ പണിയാവും.
അതിനാൽ ചോദിക്കാൻ എനിക്കു മടി,
ജ്വാനേട്ടത്തിക്കാവട്ടെ പേടിയും.
പെറ്റ തള്ളക്കു നേരെ നാലു നേരം കത്തിയെടുക്കുന്നവനാണ്‌ ചെക്കൻ.
(എന്നിട്ടാണു അസുവായ ജ്വാനേട്ടത്തി )
ശക്തി തോർക്കുന്നിടത്തു യുക്തി ജയിക്കുമെന്നു എല്ലാ ഈസോപ്പുകഥയിലും കാണാം.
എന്റെ മണ്ട ഈയിടെ ആവശ്യത്തിനുപകരിക്കില്ല.
രണ്ടുമൂന്നു ദിവസത്തിനകം അവനെ കിണറ്റിലിറക്കാനുള്ള ഒരാശയം കിട്ടിയില്ലങ്കിൽ,
ഞാൻ തന്നെ നേരിട്ടു അവനോടു
"കിണറ്റിലിറങ്ങാമോ?" എന്നു ചോദിക്കും

അവൻ മടിച്ചാൽ ഞാൻ തന്നെ കിണറ്റിലിറങ്ങും.
എന്നിട്ടെന്റെ കുപ്പിവളകളൂരി അവനു ദാനമായി നൽകും.

"പടച്ചോനാണു സത്യം".


18280

7 comments:

സാബി said...

എന്നിട്ടെന്റെ കുപ്പിവളകളൂരി അവനു ദാനമായി നൽകും.

Kaithamullu said...

ഇറങ്ങിയില്ലെങ്കി ഇറക്കണം, സാബി!

“മോനേ, കെണറ്റിലെന്തോ കെടക്ക്‍ണ് ണ്ടല്ലോ? ഒന്ന് നോക്യേ?“
എന്നിട്ട് പിടിച്ചൊരു തള്ള്.....
(നീന്തലറിയോ ന്ന് ആദ്യം ചോദിച്ചറിയണേ...പിന്നെ തൊട്ടിയും കയറുമൊക്കെ ഇറക്കിയിട്ടേക്കണം!)

കുപ്പിവളകള്‍ ഊരേണ്ടി വരില്ലാ!!

പാറുക്കുട്ടി said...

അല്ലാതെ പിന്നെ. കൈതമുള്ള് പറഞ്ഞതിനു ഞാനും സപ്പോർട്ട്.

siva // ശിവ said...

എന്നിട്ട് എന്തായി എന്നും പോസ്റ്റ് ചെയ്യണേ...

പകല്‍കിനാവന്‍ | daYdreaMer said...

ഹോസ് വെള്ളം തന്നെയാ നല്ലത് എന്ന് ജാനുവേട്ടത്തി പറയാന്‍ ഇടവരരുത്... !

സാബി said...

ഐഡിയ പറഞ്ഞു തന്നവർക്കും "IDEA" മെസ്സേജു ചെയ്തവർക്കും നന്ദി.

കിരാതമായ നടപടികൾ ഒന്നും വേണ്ടി വന്നില്ല
ജ്വാനേട്ടത്തിക്കു ചെക്കനോടു ചോദിച്ചു നാണം കെടേണ്ടിയും വന്നില്ല,
എനിക്കു കുപ്പിവളയൂരി ദാനം ചെയ്യേണ്ടിയും വന്നില്ല.
ചെക്കൻ ഇന്നലെ രാവിലെ ജ്വാനേട്ടത്തിയുടെ വീട്ടിൽ നേരിട്ടു ഹാജറായി
"കിണറ്റിലെപ്പെഴാ ഇറങ്ങേണ്ടത്‌?"
എന്നു ചോദിച്ചു.
മിഴിച്ചു നിന്ന ജ്വാനേട്ടത്തി "ദാ ഇപ്പൊത്തന്നെ!"
എന്നുത്തരവും ചൊല്ലി.
ചത്ത പൂച്ചയുടെ രോമങ്ങളും മറ്റു അഴുക്കും കലർന്ന വെള്ളം മുഴുവൻ മുക്കിയറുത്തു കിണറു ക്ലീനാക്കിയിട്ടാണു അവൻ കിണറ്റീന്നു കയറിയത്‌. തൊട്ടി വലിച്ചു കയറ്റാൻ ജ്വാനേട്ടത്തിക്കു കൂട്ടിനാരും വേണ്ടാതിരുന്നതിനാൽ അവർ എന്നെ വിവരമറിയിച്ചില്ല.
എല്ലാം കഴിഞ്ഞിട്ടാണു ജ്വാനേട്ടത്തി വിവരം വന്നെന്നോടു പറയുന്നത്‌.
അല്ലെങ്കിൽ ഞാനതു ഫോട്ടം പിടിച്ചേനെ!
ചെക്കന്റെ മൊബെയിലിൽ ഒരൊറ്റദിവസം കൊണ്ടു പത്തു മുപ്പത്തു എസ്‌.എം.എസുകളാണെത്രേ ഒട്ടകങ്ങളുടെ നാട്ടിൽ നിന്നു വന്നത്‌.
ചെക്കന്റെ ഫോൺ നമ്പർ അറിയാവുന്ന ഒരാളെ ഒട്ടകത്തിന്റെ നാട്ടിൽ എനിക്കറിയാം....:)
What an idea Serji !

Thaikaden said...

An "idea" can change one's life - ennanallo chollu.