ഓത്തു പള്ളിയിലേക്കുള്ള വഴിയിലാണു
ബീവുണ്ണി മൊല്ലാച്ചിയുടെ വീട്.
മാര്‍ഗ്ഗം കൂടിയെത്തുന്ന പുതിയെണ്ണുങ്ങളേയും,
ഹജ്ജിനു നിയ്യത്തു വെച്ച വയസ്സത്തികളേയും,
ഇല്മു പഠിപ്പിച്ചാണവര്‍ മൊല്ലാച്ചിയായത്.
ഓട്ടത്തിനിടക്കെപ്പൊഴും കിതപ്പു മാറ്റാന്‍ ഞാന്‍
കേറി നിന്നിരുന്നതാ മരപ്പാലത്തില്‍, അപ്പോള്‍,
പെണ്കൂറ്റിലുച്ചത്തിലൊരോത്തു കേള്‍ക്കാം നിത്യം.
മൊല്ലാച്ചിന്റെ മോളു യത്തീമായ സൈനബാന്റെ.
നേരം കെട്ട നേരത്തൊരുനാള് പുരക്കു പുറത്തിറങ്ങിയവള്‍,
ഒളിച്ചു നിന്നൊരു ശൈത്താനെ കണ്ടു പേടിച്ചതാത്രേ!
അന്നു തൊട്ടവളെന്നും അടക്കാത്ത വായില്‍
ഓത്തോടോത്തന്നെ! നേരത്തോടു നേരം !!.
ആലേലെ വേലാണ്ടിന്റെ ചങ്ങലപ്പൂട്ടില്‍
നാലു മുളം ചുറ്റളവില്‍, ഒരു കിളിവാതില്‍ കാഴ്ച്ചയില്‍,
പൊട്ടിയൊലിച്ച വൃണത്തില്, പാരതന്ത്ര്യത്തില്‍,
പതിനാലു കൊല്ലം അങ്ങനെ കഴിഞ്ഞൂ സൈനബ.
ഇരുട്ടിലെത്തുന്ന ശൈത്താനെ ഓടിക്കാന്‍,
ബൈത്തും ഖിറാഅത്തും ഉച്ചത്തില്‍ കേള്‍പ്പിച്ചു,
ഉറങ്ങാതെ, ഉറക്കാതെ ഒറ്റക്കൊരു മുറിയില്‍,
ഉണങ്ങാത്തൊരു മുറിവായി, യത്തീമായ സൈനബ.
മൊല്ലാച്ചിയെ കല്യാണം വിളിക്കാനാണൊരിക്കല്
തുടക്കവും ഒടുക്കവുമായി ആ അകത്തു കയറിയത്.
പിന്നൊരിക്കല്‍ കൂടി പോകേണ്ടി വന്നാ കുടിലില്‍.
ഓത്തു നിര്‍ത്തിയ സൈനബാക്കൊരു യാസീനോതാന്‍.
വേലാണ്ടിയുടെ തടവറത്തുടലു വെട്ടി,
മുറിവുള്ള കാലില്‍ സുഗന്ധം പൂശി,
കുന്തിരിക്കം പുകച്ച വെള്ളത്തുണിയില്‍,
ഒച്ചയില്ലാതുറങ്ങുന്ന, ചുണ്ടു പൂട്ടിയ സൈനബ.
സൈനൂന്റെ മേനിയിലിഴഞ്ഞ ശൈത്താന്,
പിന്നെയൊരബലയിലുമതിഴയാതിരിക്കാന്,
വുളൂവിന്റെ ശുദ്ധിയില്‍ ഞാന്‍ ഖുര്‍ആന്‍ നിവര്‍ത്തി.
വലിപ്പം തെകയാത്ത തട്ടം വലിച്ചെന്റെ മാറിനെ ചുറ്റി.
ആയത്തുകള്‍ മണിച്ചു, തജ്വീദോടെ, ഞാനോതി.
"അഹൂദു ബില്ലാഹി മിന ശയ്ത്താനി റജീം"
(പരമ കാരുണ്യവാനായ നാഥാ,
ശൈത്താന്മാരില്‍ നിന്നു ഞാന്‍ നിന്നോടു കാവലിനെ തേടുന്നു)
==============================
Blog Started August 24-2006
Posting upto now : 63 Nos.
Hits of the Blog : 22745
Thanks : To readers, MyPartner,My Sponsor.
=============================
4 comments:
മൊല്ലാച്ചിയെ കല്യാണം വിളിക്കാന്‍ ചെന്നതിന്റെ പിറ്റേന്ന്,
പിന്നെ ഒന്നൂടെ ആ കുടിലില്‍ ചെല്ലേണ്ടി വന്നു.
വേലാണ്ടിന്റെ തടവറത്തുടലു വെട്ടി,
മുറിവുള്ള കാലില്‍ സുഗന്ധം പൂശി,
കുന്തിരിക്കം പുകയുന്ന മുറിയില്‍ വെള്ളത്തുണി പുതച്ചു
ഓത്തു നിര്ത്തിയുറങ്ങുന്ന സൈനബാക്കൊരു യാസീന്‍ ഓതാന്‍..
ഓത്തു പള്ളിയിലേക്കുള്ള വഴിയിലാണു
ബീവുണ്ണി മൊല്ലാച്ചിയുടെ വീട്.
മാര്‍ഗ്ഗം കൂടിയെത്തുന്ന പുതിയെണ്ണുങ്ങളേയും,
ഹജ്ജിനു നിയ്യത്തു വെച്ച വയസ്സത്തികളേയും,
ഇല്മു പഠിപ്പിച്ചാണവര്‍ മൊല്ലാച്ചിയായത്.
nannaayi.....
ഓത്തു പള്ളിയിലേക്കുള്ള വഴിയിലാണു
ബീവുണ്ണി മൊല്ലാച്ചിയുടെ വീട്.
മാര്‍ഗ്ഗം കൂടിയെത്തുന്ന പുതിയെണ്ണുങ്ങളേയും,
ഹജ്ജിനു നിയ്യത്തു വെച്ച വയസ്സത്തികളേയും,
ഇല്മു പഠിപ്പിച്ചാണവര്‍ മൊല്ലാച്ചിയായത്.
ന്യൂറോസിസിനും, സൈകൊസിസിനും വേണ്ടരൂപത്തില്‍ ചികിത്സനല്കാന് കഴിയാത്ത ഒരുഅവസ്ഥ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ഭാത കൂടിയെന്നോ, കണ്ടുപേടിചെന്നോ,മറ്റാരെങ്കിലും മാരണം ചെയ്തെന്നോ ഒക്കെ പറയുന്നത് ഇപോഴുമുണ്ടെങ്കിലും പഴയപോലെ ചങ്ങലയില്‍ തളക്കല്‍ കുറവാണ്...................... നിശബ്ദമായ പ്രതികരണം, വളരെ നന്നായി..........
വായനക്കും അഭിപ്രായത്തിനും നന്ദി.
"നേരം കെട്ട നേരത്തൊരുനാള് പുരക്കു പുറത്തിറങ്ങിയവള്‍,
ഒളിച്ചു നിന്നൊരു “ശൈത്താനെ“ കണ്ടു പേടിച്ചതാത്രേ!"
എന്നെഴുതിയതു ബാല്യത്തിലെ എന്റെ കേട്ടറിവു വെച്ചാണ്. എന്നാല്‍ ഞാന്‍ മുതിര്‍ന്നതിനു ശേഷമാണു എനിക്കു മനസ്സിലാക്കാനായത് ആ “ശൈത്താന്“ ഒരു മനുഷ്യനായിരുന്നെന്ന്. പീഢനത്തിനിരയായാണവള്ക്കു മാനസീകനില തെറ്റിയത് എന്ന്.
മാനക്കേടു കൊണ്ടും ഭയം കൊണ്ടും അതു പുറത്താരെയും അറിയിക്കാതിരുന്നു മൊല്ലാച്ചി.
പിന്നെ കുറ്റബോധം കൊണ്ടു കിറുക്കനായി മാറിയ പ്രതിയില്‍ നിന്നു തന്നെ ഇതു ലോകമറിഞ്ഞു. ഇപ്പോള്‍ അവര്‍ സൈനൂന്റെ അതേ ശിക്ഷ കാലങ്ങളായി അനുഭവിച്ചു തീര്‍ക്കുന്നു.
Post a Comment