Sunday, May 30, 2010

ബാലികാമഴ


ചേമ്പിലയിൽ നീന്തുമൊരു ഗോളമഴ നൃത്തം,
ചേങ്ങിലയിൽ വീണ്ടുമൊരു താളലയ മേളം.
ഊഷരത നീക്കി കുളിർകാറ്റിലൊഴുകുന്നാ....
പൂമഴ നനഞ്ഞ പനിയാണെൻ ഗതബാല്യം.

ബാല്യമഴ,പുത്തൻ മഴ, മണ്ണിൻ മണമെങ്ങും,
ഈറൻ നനയാതെ ഒഴിയാനൊരിറ വെള്ളം,
ഭൂമിയിനിയെത്ര നരകാശ്രു നനവാകും,
തോന്നലൊരു മിന്നലിടിവെട്ടലൊരു ഞെട്ടൽ!.

തോണിയൊഴുകുന്ന നയനത്തിനിരു തീരം,
ഉറ്റവരു നെഞ്ചിലൊരു തീകനലു പേറി,
പെണ്ണിനിനിയെത്ര വരുമെന്നതപകീർത്തി,
കണ്ണിനിനിയെത്ര നനയാനിതൊരു ജന്മം.


തീണ്ടു കിനിഞെങ്കിലകലാം ചില ശകാരം,
പെണ്ണു നനയട്ടെ പുതു ചേമ്പിലയെ പോലെ!
വാഴ്കയൊരു കന്യ അവളാണറിയുമിഷ്ടം,
സ്വന്തമറിയാനിട നൽകൂ വളരുവോളം.


 --------------------------------------------------------
വൃത്തം (ഇന്ദുവദന) ഭജസം നഗുരു രണ്ടും.
(ഭഗണം,ജഗണം,സഗണം,നഗണം,ഗുരു.ഗുരു)
----------------------------------------------------------

7 comments:

കൂതറHashimܓ said...

ആ ഇലയുടെ ഷെയ്പ്പ് മാത്രം ഇഷ്ട്ടായി, വേറെ ഒന്നും മനസ്സിലായില്ലാ

സാബി said...

അത്രയൊക്കയേയുള്ളൂ :)

Unknown said...

കുട്ടികാലത്ത് ചേമ്പില തോട്ടിൽ ഒഴുക്കാറുള്ളത് ഓർമ്മിപ്പിച്ചു നന്നായിരിക്കുന്നു സാബി.

Rejeesh Sanathanan said...

"വൃത്തം (ഇന്ദുവദന)"

അങ്ങനെയൊക്കെ സംഭവങ്ങളുണ്ടല്ലേ....ഇതാണ് പഠിക്കാന്‍ വിട്ട സമയത്ത് പഠിക്കാതിരുന്നാലുള്ള കുഴപ്പം....:)

ചിത്രഭാനു Chithrabhanu said...

ഭൂമിയിനിയെത്ര ദിവസത്തെ നനവാകും.....
സ്വയം നനയാതെ നനവിന്റെ ഗോളങ്ങളെ ഒഴുക്കിവിടുന്നു... വൃത്തകവിതകൾവായിച്ചിട്ട് നാളേറെയായി.

ശ്രദ്ധേയന്‍ | shradheyan said...

ചേമ്പിലയില്‍ വീണു ചിതറിയ വൃത്തമഴയുടെ നൃത്തം!

മുഫാദ്‌/\mufad said...

വൃതതിലെഴുതിയതിനാലാകാം വായിച്ചു പോകാന്‍ ഒരു സുഖം...കുറച്ചു തവണ കൂടെ വായിച്ചാലേ മനസ്സിലാകൂ എന്ന് തോന്നുന്നു.