Monday, June 28, 2010

അർത്ഥ നവോത്ഥാനം

യിടെ കുഴപ്പങ്ങളിൽ ചെന്നു ചാടുക എന്റെ ഒരു പതിവായിരിക്കുന്നു.
പെട്ടെന്നു പ്രതികരിക്കുക എന്ന സ്വഭാവം നേരത്തെയുള്ളതാണ്.
മുൻപേയുള്ള സ്വയം സംരക്ഷണ ചിന്തയോടൊപ്പം മക്കൾ വലുതായി വരുന്നതിനോടൊന്നിച്ചു വികസിക്കുന്ന പരസംരക്ഷണ ചിന്ത, പ്രവാസിയുടെ പത്നിയെന്ന ഭയപ്പാടും  പ്രതിരോധ ശേഷി പെട്ടെന്നാർജിക്കാണുള്ള ത്വരയുടെ അനന്തരഫലമാവുമാവാം.
അനിഷ്ടമായതു കണ്ടാൽ തുറന്നു പറയുകയും അനിവാര്യമാണെങ്കിൽ ഉടനടിയതിൽ ഇടപെടുകയും ചെയ്യുക എന്ന സ്വഭാവം എന്നിൽ നാൾക്കുനാൾ വളർന്നു വരികയാണ്.
മനപ്പൂർവ്വമല്ല.
സ്പൊണ്ടേനിയസ് എന്നു പറയാറില്ലേ ഏതാണ്ടതു പോലെ!

ഈയിടെ ഒരു പ്രൈവറ്റു ബസ്സിലെ യാത്രയിലാണു അവസാന അനുഭവം.
ഞാൻ കേറിയ സ്റ്റോപ്പിനു മുൻപിലെ സ്റ്റോപ്പിൽ നിന്നു മൂന്നാലു പെൺകുട്ടികൾ ബസ്സിൽ കയറിയിരുന്നു. ആരെയും ഞാൻ അറിയില്ല. വിദ്യാർത്ഥിനികളാണെന്നു യൂനിഫോം കണ്ടാലറിയാം.
സീറ്റുണ്ടായിട്ടും അവർ കമ്പിയിൽ തൂങ്ങി നിൽക്കുകയാണ്. അങ്ങനെയാണു ബസ്സ് ജീവനക്കാർ അവരെ ശീലിപ്പിച്ചിരിക്കുന്നത്.
പ്രാദേശികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കവധിയാണ്. പക്ഷെ ഈ കുട്ടികൾക്കു സ്പെഷ്യൽ ക്ലാസ്സുണ്ട്.
കണ്ടക്ടർ കുട്ടികളുമായി തട്ടിക്കയറുന്നു.
കുട്ടികൾ കൺസഷൻ കണക്കാക്കി ചാർജു കൊടുത്തതാണ്.
കണ്ടക്ടർ അതു സമ്മതിച്ചില്ല. അയാൾക്കു ഫുൾ ചാർജു കിട്ടണം.
കുട്ടികളുടെ കയ്യിൽ അതിനു കാശില്ല. ധനികരുടെ മക്കളല്ല. സ്കൂൾ ബസ്സൊന്നും ഇല്ലാത്ത ഒരു സാധാരണ സ്കൂളിലെ കുട്ടികൾ.
തിരിച്ചു വരാനുള്ള കാശു കൂടി കൊടുത്താലും ഫുൾചാർജിനു തെകയില്ല.
കാശില്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോ എന്നാണു കണ്ടക്ടരുടെ കൽ‌പ്പന.

അപമാനം കാരണം കുട്ടികൾക്കു കണ്ണീരു വരുന്നുണ്ട്.
ബസ്സിൽ നിന്നു ഇറങ്ങാനും പറ്റില്ല.
അപ്പോഴേക്കും ബസ്സു നാലഞ്ചു സ്റ്റോപ്പു പിന്നിട്ടിരുന്നു.

ഞാൻ പിറകിലേക്കു തിരിഞ്ഞു നോക്കി.
നിറയെ ആളുകളുണ്ട്.
ഒരാൾ പോലും ഒരക്ഷരം മിണ്ടുന്നില്ല.
പൊതു ഒഴിവു ദിവസമല്ല. പ്രാദേശിക അവധിയാണ്. കുട്ടികൾക്കു കൺസഷൻ കിട്ടാൻ അർഹതയുണ്ട്.
അതു പറഞ്ഞു ചോദിച്ചു വാങ്ങാൻ ആ കുട്ടികൾക്കു ത്രാണിയില്ല.
ആൺകുട്ടികളാണെങ്കിൽ ആ കണ്ടക്ടരുടെ നാവു പൊങ്ങില്ലായിരുന്നു.

കണ്ടക്ടരുടെ ധാർഷ്ട്യം എനിക്കു സഹിക്കാനാവുന്നതിനപ്പുറത്തായിരുന്നു.

“താൻ എന്താടോ ആ കുട്ടികളെ പീഡിപ്പിക്കുന്നത് ?”

എത്ര ഉച്ചത്തിലാണ് ഞാൻ അലറിയതെന്നു എനിക്കു തന്നെ അറിയില്ല.

എന്റെ വായിൽ നിന്നു വന്ന വാക്കുകളുടെ അർത്ഥം അപ്പോൾ ഞാൻ ഓർത്തില്ലായിരുന്നു.
പക്ഷെ കണ്ടക്ടർ അതു കേട്ടു ഞെട്ടി.
ശരിക്കും ഒരു ഗുണ്ടു പൊട്ടിയാലെന്ന പോലെ അയാളുടെ ചെവിയടച്ചു കാണും.
അല്ലെങ്കിൽ ‘പീഡിപ്പിക്കുക” എന്ന വാക്കിന്റെ വ്യാപ്തിയും അതിന്റെ അനന്തരഫലങ്ങളും ഒറ്റ നിമിഷം കൊണ്ടയാളുടെ മനസ്സിലൂടെ മിന്നലിടിവെട്ടിക്കാണും.
അയാൾ മഴ നനഞ്ഞ പൂച്ചയെപ്പോലായി.

ഒരു ഭയങ്കരമായ വാക്കു കേട്ടാലെന്ന വിധം ബസ്സിലെ മറ്റു യാത്രക്കാർ കർമ്മനിരതരായി.
അവർ കണ്ടക്ടരുടെ ധിക്കാരത്തേയും പാവം പെൺകുട്ടികളുടെ നിസ്സഹായവസ്ഥയേയും പറ്റി ബോധവാന്മാരായി. ബാക്കിയൊക്കെ അവർ ഏറ്റെടുത്തു.
കുട്ടികൾ സ്കൂളിനടുത്തു ഇറങ്ങാറായപ്പോഴാണു ഞാൻ കണ്ടത്, കൂട്ടത്തിലൊരു കുട്ടിക്കു കാഴ്ച്ചക്കു മങ്ങലുണ്ട്,  ആ കുട്ടി വിഷമിച്ചു എന്റെ സീറ്റിനടുത്തു വന്നു പറഞ്ഞു.
“ചേച്ചീ.. ഇന്നു കൺസഷൻ കിട്ടില്ലാന്നു ഒരിക്കലും കരുതിയില്ല. ചേച്ചിയെ ഒരിക്കലും മറക്കില്ല”

ഞാൻ അപ്പോഴും എന്റെ ആ പദപ്രയോഗത്തിന്റെ ജാള്യത്തിലായിരുന്നു.
“പീഡിപ്പിക്കുക‘ എന്ന വാക്കിനു ‘ശല്യപ്പെടുത്തുക‘ എന്ന നിസ്സാര അർത്ഥത്തിനപ്പുറം ബലാത്സംഗം ചെയ്യുക എന്ന തലത്തിലേക്കു ചിന്തിക്കാൻ പാകമാവാത്ത എന്റെ പദപ്രയോഗ ശീലത്തെയോർത്ത്.

ആ കുട്ടിയുടെ തണുത്ത വിരലുകൾ എന്റെ കൈവെള്ളയിൽ വെച്ചു എന്നിലെ അപ്പോഴും ആറിയിട്ടില്ലാത്ത ചൂടിനെ പങ്കുവെച്ചു  കൊടുത്തപ്പോൾ തിരിച്ചു കിട്ടിയതു അർദ്ധസുതാര്യമായ ആ നയനങ്ങളിൽ നിന്നു വന്ന സ്നേഹ തരംഗങ്ങളായിരുന്നു.
അപ്പോൾ ഞാൻ ശരിക്കും ഓർത്തത് ഹെലൻ കെല്ലറിന്റെ പ്രസിദ്ധമായ വാക്കുകളായിരുന്നു.
“ലോകത്തിൽ ഏറ്റവും നല്ലതും, ഭംഗിയുള്ളതുമായ വസ്തു  ഒരിക്കലും കാണാനും സ്പർശിക്കാനും സാധിക്കാത്തവയാണ്”.
അതു സ്നേഹം തന്നെയല്ലെ! അല്ലെങ്കിൽ വാത്സല്യം, കരുണ...!
എന്തു പേരിട്ടതിനെ വിളിച്ചാലും അതു ഞാനനുഭവിച്ചു.

ഇനിയും വലിയ ഏതെങ്കിലും ഒരു കുഴപ്പത്തിൽ ചാടിക്കുന്നതു വരെ ഇങ്ങനെയൊക്കെ തന്നെ പ്രതികരിക്കാനാവും എന്റെ ജന്മം.

29516

7 comments:

സാബി said...

ഇനിയും വലിയ ഏതെങ്കിലും ഒരു കുഴപ്പത്തിൽ ചാടിക്കുന്നതു വരെ ഇങ്ങനെയൊക്കെ തന്നെ പ്രതികരിക്കാനാവും എന്റെ ജന്മം.

ഉപാസന || Upasana said...

ഓനിനി ആരോടും കാശു ചോദിക്കില്ല
:-)

NPT said...

നന്നായിട്ടുണ്ട് ഈ പ്രതികരണം

കാട്ടിപ്പരുത്തി said...

ഇത് ചില നല്ല കുഴപ്പങ്ങളാണു

C.K.Samad said...

പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാതിരുന്നാല്‍,
നാം നാമല്ലാതായിമാറും....

richumolu said...

നന്നായി സാബിത്ത.

jiya | ജിയാസു. said...

എന്തെങ്കിലും അതിക്രമങ്ങൾ ബസ്സിൽ കാണുമ്പോൾ പ്രതികരിക്കാതിരിക്കുമ്പോൾ ഓരോരുത്തരും ഓർക്കേണ്ടതുണ്ട് തന്റെ മകൻ/മകൾ ക്കും ഈ അവസ്ഥ വരുമെന്ന്..