Wednesday, July 28, 2010

പഴയ പാട്ട്

മൂന്നു തലമുറ പ്രവാസിഭാര്യയാവാനുള്ള ശാപം/വരം കിട്ടിയവരാണു ഞങ്ങള്‍.
ഞാന്‍, എന്റെ മാതാവ്‌, എന്റെ മാതാവിന്റെ മാതാവ്‌.
കപ്പലിനു ഹജ്ജിനു പോയി, കൈമയുടെ ഉടമ അറബിക്കു മലബാരി സുലൈമാനിയുണ്ടാക്കികൊടുത്തു ആ ഹൃദയത്തില്‍ അക്കമഡേഷനും നെറ്റിയില്‍ അറബിച്ചുണ്ടു കൊണ്ടു കൊണ്ടു ആജീവനാന്ത വിസയും അടിച്ചു കിട്ടിയവനായിരുന്നു വല്യുപ്പ.
സ്വന്തം രാജ്യത്തിന്റെ വിമാനത്തില്‍ തിരിച്ചു പോരാനാവും വിധം നാടിന്റെയും വീടിന്റെയും സാമ്പത്തികനില ഭദ്രമാകുന്നതു വരെ നാടു കാണാനാവാതെ പിടിച്ചു നിന്നു വല്യുപ്പ.

എന്നാല്‍ അറബ് നാട്ടില്‍ എണ്ണ ഖനനം തുടങ്ങിയതിനു ശേഷമാണു എന്റെ ഉമ്മ പ്രവാസീഭാര്യയായത്. അതിനാല്‍ വല്യുമ്മയെക്കാള്‍ സൗകര്യങ്ങള്‍ അനുഭവിച്ചതു അവരാണ്‌.
പേര്‍ഷ്യയുടെ മണമുള്ള അത്തറും ( അന്നൊക്കെ ഏതു അറബി നാട്ടില്‍ പോയാലും പേര്‍ഷ്യയില്‍ പോയി എന്നാണു പറഞ്ഞിരുന്നത്) വാസനയുള്ള സോപ്പും തിളങ്ങുന്ന വസ്ത്രങ്ങളും കൊടുത്തിട്ടാണു അയല്‍വാസികളേയും പണിക്കാരേയും ഉമ്മ മയക്കിയെടുത്തതെന്നു ഉമ്മാന്റെ അമ്മായിയമ്മ കുറ്റം പറയുന്നതു ഞാന്‍ ഏറെ കേട്ടിരുന്നു.
അതു വരെ അവര്‍ അവരുടെ ചൊല്പ്പടിക്കു നിന്നിരുന്നുവെത്രേ!.
ഉപ്പ മൂന്നു വര്‍ഷം കൂടുമ്പോഴായിരുന്നു നാട്ടില്‍ വന്നിരുന്നത്. വന്നാല്‍ ആറുമാസം നാട്ടിലുണ്ടാവും.
എന്റെ കല്യാണം കഴിഞ്ഞു ഒറ്റ പ്രാവശ്യമേ ഉപ്പ ഗള്‍ഫില്‍ പോയുള്ളൂ. പിന്നെ നാട്ടില്‍ സെറ്റിലായി.

എന്റെ കല്യാണത്തിനു ശേഷം വലിയ ബാധ്യതയില്ലെന്ന തോന്നലാവാം ഉമ്മയുടെ ദു:ഖങ്ങള്‍ക്കു വിരാമമിട്ടത്.
പിന്നെ എന്റെ ഊഴമായിരുന്നു.
വിവാഹം കഴിഞ്ഞുടന്‍ വിദേശത്തു ഭര്‍ത്താവുമൊത്തു ദുബായില്‍ ( എമിറേറ്റ്സിലെ ഏതു ഭാഗത്തേയും ഇന്നും ദുബായി എന്നു വിളിക്കുന്നവരാണധികവും) ജീവിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായെങ്കിലും തലമുറയുടെ ശാപമെന്നെ പിന്തുടരാനെന്ന വിധം ഞാനും വിധിക്കു വിധേയയായി.

പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞാല്‍ അവളുടെ വീട്‌ ഭര്‍ത്താവിന്റെ വീടാണ്‌.
ഭര്‍ത്താവിന്റെ തറവാട്ടില്‍ നിന്നു മാറി വേറേ വീടു വെച്ചു താമസം തുടങ്ങിയാല്‍ പുതിയ വീടു പിന്നെ ഭര്‍ത്താവിന്റേതു പോലുമല്ല. അതു അവളുടെ വീടാണ്‌.
എങ്കിലും പെണ്‍കുട്ടികള്‍ വല്ലപ്പോഴും താന്‍ വളര്‍ന്ന വീട്ടില്‍,
തന്റെ മാതാപിതാക്കളുടെ വീട്ടില്‍ ചെന്നു കയറിയാല്‍,
ആരും കൈവശപ്പെടുത്തിയിട്ടില്ലെങ്കില്‍ തന്റെ മുറിയിലൊന്നു ചവിട്ടിയാല്‍,
ബാല്യം ഓര്‍ക്കുകയും ബാധ്യതകള്‍ വിസ്മരിക്കുകയും ചെയ്യുക സാധാരണം.
അപ്പോള്‍ ഹോസ്റ്റലില്‍ നിന്നു അവധിക്കു വന്ന ഓര്‍മ്മയാണു എന്നില്‍ വരിക.
ഒന്നും അടുക്കും ചിട്ടയുമായി വെക്കേണ്ടല്ലോ എന്ന സമാധാനവും, അടിച്ചു പൊളിക്കാമെന്ന സ്വാതന്ത്യവും കിട്ടുന്ന ആ ദിവസം ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്‌.
സ്വതവേ കക്കര്‍ശക്കാരിയായ എന്നിലെ വികൃതിയെ കണ്ടു, ഉമ്മിക്കു വട്ടായോ എന്ന തോന്നലില്‍ എന്റെ മക്കള്‍ വിസ്മയിച്ചു നില്‍ക്കുന്നതു കാണാന്‍ എനിക്കൊരു രസമാണ്‌.

ഇടക്കു വീട്ടിലെത്തുമ്പോള്‍ ആരും കയ്യടക്കിയില്ലാത്ത എന്റെ മുറിയില്‍ താഴിട്ടു പൂട്ടിയ അലമാരിയില്‍ കൗതുകമുള്ളതു തെരയാന്‍ പാതിരാത്രിയെന്ന തടസ്സമെനിക്കില്ല.
പഴയ ആല്‍ബം, വളപ്പൊട്ടു ഭരണി, തീപ്പെട്ടിച്ചിത്രങ്ങള്‍, സ്റ്റാമ്പുകള്‍, മാലമണികള്‍ എന്തെങ്കിലുമൊന്നില്‍ ഒരായിരം ഓര്‍മ്മ കുടിയിരിപ്പുണ്ടാവും.
ഇത്തവണ കിട്ടിയത്‌ ഒരു 543 സെറ്റാണ്‌. ഉപ്പ പണ്ടു കൊണ്ടു വന്നത്‌.
നാഷണല്‍ പാനാസോണിക്കിന്റെ ടേപ്പ്‌ റെക്കോര്‍ഡര്‍.
ഉപയോഗിച്ചിട്ടു വര്‍ഷങ്ങളായിരിക്കുന്നു.
വര്‍ക്കു ചെയ്യുമോ എന്നു തന്നെ അറിയില്ല.
പുറത്തെടുത്തു തുടച്ചു വൃത്തിയാക്കി.
പ്ളഗ്ഗില്‍ കുത്തി ഓണ്‍ ചെയ്തു.
റേഡിയോ വര്‍ക്കു ചെയ്യുന്നുണ്ട്‌. പക്ഷെ ശബ്ദം ക്ളിയറല്ല.
ഒരു കാസറ്റു കിട്ടിയിരുന്നെങ്കില്‍ ടേപ്പു ചെക്കു ചെയ്യാമായിരുന്നു.
എല്ലാം സി.ഡിയും വി.സി.ഡിയും ഡി.വിഡി യും യു.എസ്‌.ബി ഡ്രൈവുമായപ്പോള്‍ കാസറ്റു കണ്ട കാലം മറന്നു.
കുറേ നേരം തപ്പി ഉമ്മാന്റെ അമാനത്തുകളുടെ ഇടയില്‍ നിന്നാണു ഒരു കാസറ്റു കിട്ടിയത്‌
എസ്‌.എ.ജമീലിന്റെ പടമുള്ള ഒരു കവര്‍.
കാസറ്റിന്മേല്‍ ഉമ്മാന്റെ കുനു കുനുന്നനെയുള്ള എഴുത്ത്‌.
“കത്തു പാട്ട്‌”
വളരെ കൗതുകത്തോടെയാണു കേള്‍ക്കാന്‍ തുടങ്ങിയത്‌.
കാസറ്റിന്റെയും ടേപ്പ്‌ റെക്കാര്‍ഡറിന്റെയും പഴക്കം ആ മാപ്പിളപ്പാട്ടിനു ഒരു ശാസ്ത്രീയ ഗാനത്തിന്റെ ഇഴച്ചിലാണുണ്ടാക്കിയത്‌.
വരികള്‍ ഒന്നും വ്യക്തമല്ല.

എല്ലാം ഊഹിച്ചെടുക്കണം.

“എഴുതിയറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്‌,
എഴുതുകയല്ലാതെ വേറേന്തു വഴിയുണ്ട്‌,
എന്‍മിഴികള്‍ തൂകും കണ്ണുനീരതു കണ്ട്‌,
എന്‍ കരള്‍ വേദന കാണുവാനാരുണ്ട്‌!
എങ്ങിനെ ഞാന്‍ പറയും?
എല്ലാമോര്‍ത്തു എന്നെന്നും ഞാന്‍ കരയും....!

മുഴുവന്‍ കേള്‍ക്കാന്‍ പറ്റിയില്ല.
കുറ്റിയിട്ട മുറിക്കു പുറത്തു ആരുടെയോ ഒരു കാല്പ്പെരുമാറ്റം കേട്ടു.
മക്കളാവില്ല. അവര്‍ രണ്ടു പേരും ഒരോ അമ്മായിമാരുടെ കൂടെ നേരത്തെ ഉറക്കമായിരിക്കുന്നു.
പിന്നെ ആരാവും?.
ടേപ്പിന്റെ ഒച്ച കുറച്ചു, വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഉമ്മ!
മാളോ! നീയിങ്ങനെ ഒറ്റക്കു സങ്കടപ്പെട്ടിരിക്കുന്നതു എനിക്കു സഹിക്കാന്‍ വയ്യ. ഒറ്റക്കു കിടക്കേണ്ട. ഞാനും ഇവിടെയാണു ഇന്നു കിടക്കുന്നത്‌.
എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞില്ല.
ഉമ്മ കരുതിയതു ഞാന്‍ ആ പാട്ടു കേട്ടു ഞാന്‍ സങ്കടപ്പെട്ടിരിക്കയാണെന്നാണ്.
പാവം ഉമ്മ!
എസ്‌.എ.ജമീലിനു ശേഷം കരിപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ഒരുപാടു തവണ വിമാനം പറന്നതൊന്നും ഉമ്മ അറിഞ്ഞില്ലെന്നു തോന്നുന്നു.
ഞാന്‍ ഉമ്മയെ തടഞ്ഞില്ല.
ഒരു പാടുകാലമായി ഉമ്മാനെ കെട്ടിപ്പിടിച്ചു കിടന്നിട്ട്‌.
മറ്റന്നാള്‍ ഞാനിറിക്കുന്ന വിമാനത്തിന്റെ ചക്രം മരുഭൂവിലെ റണ്‍‌വേ തൊടാന്‍ മടികാണിച്ചാലോ?
രാവിലെ ഏറെ വൈകീട്ടാണുയര്‍ന്നത്‌.
അതിനു മക്കള്‍ ഒരു പാടു കളിയാക്കുകയും ചെയ്തു.
പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞു കത്തലടക്കാന്‍ അടുക്കളയില്‍ കയറും മുന്‍പ്‌ ആ ടേപ്പ്‌ റെക്കാര്‍ഡര്‍ തിരിച്ചു വെക്കാനും അതിലെ കാസറ്റെടുത്തു കവറില്‍ തന്നെ തിരിച്ചിട്ടു ഉമ്മാന്റെ അമാനത്തുകള്‍ക്കിടയിലേക്കു വെക്കാനും നോക്കിയപ്പോള്‍ ആ കാസറ്റ്‌ അതിനകത്തില്ല.
അത്ഭുതത്തോടെ ഉമ്മാനോടു അതിനെക്കുറിച്ചു ചോദിക്കാമെന്നു കരുതി. അടുക്കളയിലെത്തിയപ്പോഴാണു ഇഡ്ഡിലിക്കുക്കര്‍ കൂവിയത്‌. അതു റിലീസാക്കാന്‍ ചെന്നപ്പൊഴാണു വിറകടുപ്പില്‍ പാതി കരിഞ്ഞുരുകിയ കത്തുപാട്ടിന്റെ കാസറ്റു കണ്ടത്‌.
ഒന്നും അറിയാതെ അതിലേക്കു നോക്കി നിന്നപ്പോള്‍
ഉമ്മ വന്നു തോളിലൂടെ കയ്യിട്ടു ചേര്‍ത്തു നിര്‍ത്തിപ്പറഞ്ഞു.
“എന്റെ മോളു ആ പാട്ടു കേട്ടു ഇനി സങ്കടപ്പെടരുത്‌!“
“ഉമ്മാക്കറിയാം ആ സങ്കടം!“

സത്യം പറഞ്ഞാല്‍ അപ്പോഴാണു എനിക്കു സങ്കടം വന്നത്‌.
ഞാന്‍ എന്നോടു തന്നെ പറഞ്ഞു.
” ഉമ്മാ... എനിക്കെന്റെ കുഞ്ഞുങ്ങളെ ഇങ്ങനെ കെയര്‍ ചെയ്യാന്‍ ആവുന്നില്ലല്ലോ?“
കൂടുതല്‍ സെന്റി ആവുന്നതിന്നു മുന്‍പു മകള്‍ ഫോണുമായി ഓടി വന്നു ഉമ്മീ പപ്പാന്റെ ഒരു എസ്‌.എസ്‌.എസ്‌.
”Go to Computer Ur coming 2day or 2morrow? Look K.T's Buzz Link“


29920

2 comments:

ബിന്ദു കെ പി said...

വളരെ ഹൃദ്യമായ പോസ്റ്റ്....

Unknown said...

manassil snehamullhavake nalla vivaranhagal ezhuthan kazhiyu

manassile ee sneham kalhayathe sushkikuka
by abdulkalam