Wednesday, September 14, 2011

തിരിച്ചു കിട്ടിയ ഹൃദയം

ഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി പോസ്റ്റ്മാന്റെ മുഖം കണ്ടപ്പോൾ അമ്പരന്നു പോയി.
ഈ-മെയിലും ബാങ്ക് ട്രാൻസ്ഫറും ഈസിയായതു മുതൽ ആ വസൂരിക്കല ബാധിച്ച മുഖത്തെ ഭവ്യതയാർന്ന ചിരിയും തല മണ്ടക്കു പിന്നിൽ ചൊറിഞ്ഞു  ബക്ഷീസിനു വേണ്ടിയുള്ള നിൽ‌പ്പും വിസ്മൃതിയിലായതായിരുന്നു.

"ഒരു പാർസലുണ്ട്".

അത്ഭുതം തോന്നി. ഒരു മുന്നറിയിപ്പും ഇല്ല.
അല്ലെങ്കിൽ സസ്പെൻസും ആകാംക്ഷയും  നൽകി എന്റെ പാതി ജീവൻ കളഞ്ഞിട്ടേ മാഷ് ഒരു “നിഡോ“ ടിന്ന് പോലും അയക്കൂ !

ഇതെന്താ ഒരു സൂചനയും ഇല്ലാതെ? .....!
ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടിയില്ല.
ഒപ്പിട്ടു വാങ്ങിയപ്പോൾ ഫ്രം അഡ്രസ്സു നോക്കി.

ഓ... ഇതു മിഡിൽ ഈസ്റ്റിൽ നിന്നല്ല. കോഴിക്കോട്ടു നിന്നാണ്.
ഒരു ബുക്ക്സ്റ്റാളിൽ നിന്ന്.
ബുക്ക് പോസ്റ്റാണ്.
ഞാൻ ബുക്കിനൊന്നും ഓർഡർ ചെയ്തിരുന്നില്ലല്ലോ എന്നോർത്തു. വി.പി.പി ആണോ എന്നു ശങ്കിച്ചു. കാശൊന്നും വാങ്ങാതെ പോസ്റ്റ്മാൻ മടങ്ങിപ്പോയപ്പോൾ അയാളെ സന്തോഷിപ്പിക്കാനെങ്കിലും എന്തെങ്കിലും കൊടുക്കാൻ മറന്നതിൽ എനിക്കു നിരാശ തോന്നി.

ആകാംക്ഷയോടെ പാർസൽ തുറന്നു. മൂന്നാലു പഴയ പുസ്തകങ്ങൾ.

പിന്നെ ഓർമ്മ വന്നു.
കഴിഞ്ഞ വെക്കേഷനു കോഴിക്കോടു പോയപ്പോൾ സ്റ്റേഡിയം കോപ്ലക്സിലെ സെക്കൻഡ് ഹാൻഡ് പുസ്തകക്കടയിൽ നിന്നു വാങ്ങിയ പഴയ ഔട്ട് ഓഫ് പ്രിന്റായ പുസ്തകങ്ങൾ. ഒരു പാടു നേരത്തെ തെരച്ചിലിനു ശേഷം വാങ്ങിയതായിരുന്നു.

സെക്കൻഡ് ഹാൻഡ് പുസ്തകക്കടകൾ സാധാരണക്കാർക്കു ഒരനുഗ്രഹമാണ്. പാതി വിലക്കു വാങ്ങാം. വായിക്കാം, വീണ്ടും കുറച്ചു വില കുറച്ചു തിരിച്ചെടുക്കും വീണ്ടും ആർക്കെങ്കിലും ഉപകരിക്കും.

വാങ്ങി ഇറങ്ങുമ്പോൾ ഇനി വായിക്കാൻ കൊതിച്ച, മാർക്കറ്റിൽ ലഭ്യമല്ലാത്ത ചില പുസ്തകങ്ങളുടെ ലിസ്റ്റു കൊടുത്തിരുന്നു . ഒപ്പം ഫോൺ നമ്പറും വീട്ടു വിലാസവും എഴുതിയ ഒരു കടലാസ്.
എന്നെങ്കിലും വഴി തെറ്റി വന്നാലെന്നെ വിവരമറിക്കണേ എന്ന അഭ്യർത്ഥനയോടെ,.
പക്ഷെ അതു കൊടുക്കുന്നതിന്നു മുൻപേ മാഷ് ആ കടലാസു എന്റെ കയ്യിൽ നിന്നു വാങ്ങി അതിലെ ഫോൺ നമ്പർ വെട്ടിക്കളഞ്ഞിട്ടു തന്നപ്പോൾ ഞാൻ പെട്ടെന്നു എന്റെ സൂക്ഷ്മതയില്ലായ്മയെ ഓർത്തു  അന്നു  ലജ്ജിച്ചിരുന്നു.

ബുക്ക്സ്റ്റാളിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിലാണു ബീച്ചിൽ പോയത്. ബീച്ചിൽ നിന്നു നേരെ മറ്റൊരോട്ടോ റിക്ഷയിൽ പാരഗൺ ഹോട്ടലിലേക്ക്, പിന്നെ സിനിമാ തിയേറ്ററിൽ.
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ മനസ്സിലായിരുന്നു വാങ്ങിയ പുസ്തകങ്ങൾ എവിടെയോ വെച്ചു മറന്നിരിക്കുന്നു. ഓട്ടോവിലാവാം.. പാർക്കിലാവാം, ഹോട്ടലിലാവാം, സിനിമാതിയേറ്ററിലാവാം..!
ഒരുപാടു സങ്കടം തോന്നി.
ഏതായാലും സംഗതി നഷ്ടപ്പെട്ടു.

പുസ്തകത്തിന്റെ വിലയെക്കാൾ അവയുടെ ലഭ്യതയിലെ പ്രയാസമാണു എന്നെ വിഷമിപ്പിച്ചത്.
ഒരു യാത്രയുടെ സകല രസവും  നഷ്ടപ്പെട്ടാണു ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയത്.

ആ പുസ്തകങ്ങളാണു ഇന്നു തിരിച്ചെത്തിയിരിക്കുന്നത്.
എന്റെ സന്തോഷത്തിനതിരു കാണുമോ?
കടലിൽ കളഞ്ഞു പോയ ഹൃദയം പോലും കണ്ടെത്തിയാൽ ഉടമസ്ഥനെ തേടി തിരിച്ചെത്തിക്കുന്നവരാണു കോഴിക്കോട്ടുകാർ.
"ട്രാഫിക് എന്ന സിനിമ കോഴിക്കോട്ടുകാരുടെ മനസ്സിൽ തട്ടിയില്ല "കാരണമെന്ത് ? എന്നു ഒരു ഫണ്ണി ചോദ്യം യാത്രയിൽ കേട്ടിരുന്നു.
“കോഴിക്കോട്ടെ ഏതെങ്കിലും ഒരു ഓട്ടോക്കാരനെയാണു ആ ഹൃദയം ഏൽ‌പ്പിച്ചിരുന്നെങ്കിൽ അരമണിക്കൂറു കൊണ്ടു സുരക്ഷിതമായി അവൻ അതു ലക്ഷ്യസ്ഥാനത്തെത്തിക്കുമായിരുന്നു എന്നു കോഴിക്കോട്ടുകാർക്കെല്ലാം അറിയുന്നതിനാൽ അവർക്കതിൽ ഒരു പുതുമയും തോന്നിയില്ല...!“ എന്നായിരുന്നു ഉത്തരം.

കവറിനകത്തു വാങ്ങിയ പുസ്തകത്തിന്റെ ബില്ലു വെച്ചിരുന്നതിനാൽ അതു കണ്ട ഓട്ടോക്കാരൻ അതേ കടയിൽ അതു തിരിച്ചേൽ‌പ്പിച്ചതും കടക്കാരൻ എന്നെ ഓർത്തതും അന്വേഷിച്ചു ചെല്ലുമെന്നു കരുതി സൂക്ഷിച്ചു വെച്ചതും ചെന്നു കാണാഞ്ഞിട്ടു കോണ്ടാക്ട് ചെയ്യാനുള്ള അഡ്രസ്സിൽ പുസ്തകങ്ങൾ പോസ്റ്റൽ ആയി തിരിച്ചെത്തിച്ചതും എനിക്കു കോഴിക്കോട്ടുകാരോടുള്ള ബഹുമാനത്തിന്റെ തോതു കൂട്ടുന്നു കൂട്ടരെ!
അതിനാൽ ഞാൻ ഈ സന്തോഷം ഷെയർ ചെയ്യുന്നു.

34339

7 comments:

സാബി said...

ഒരുപാടു നാളുകൾക്കു മുൻപേ ബ്ലോഗിൽ ഇടണം എന്നു കരുതിയതാ.. ഇപ്പോഴാണു പോസ്റ്റ് ചെയ്യാനായത്.

കാട്ടിപ്പരുത്തി said...

നല്ല മനുഷ്യരെ കുറിച്ചുള്ള ഈ കുറിപ്പിനു നന്മകൾ നേരുന്നു

kARNOr(കാര്‍ന്നോര്) said...

നല്ല മനുഷ്യരെ കുറിച്ചുള്ള ഈ കുറിപ്പിനു നന്മകൾ നേരുന്നു

Naushu said...

ദൈവം സഹായിക്കട്ടെ !

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ശരിയാണു. ഒരിക്കലേ കോഴിക്കോട് സമയം ചിലവഴിക്കേണ്ടി വന്നട്ടുള്ളൂ. അന്ന് ഒരു പെരുമഴയത്ത് താമസിക്കാനൊരിടം കിട്ടാതെ നിന്നിരുന്ന ഞങ്ങളെ ഒരു ഓട്ടോക്കാരനാണു എല്ലാം അറേഞ്ച് ചെയ്ത് തന്നത്. ഞങ്ങള്‍ക്ക് ഭക്ഷണവും വാങ്ങിതന്ന്, വെയ്റ്റ് ചെയ്ത്, ഞങ്ങള്‍ക്കൊരു താമസസ്ഥലവും ഏര്‍പ്പാടാക്കിയിട്ടേ അദ്ദേഹം വീട്ടിലേക്ക് പോയുള്ളൂ. ഒരു രൂപ പോലും അധികം വാങ്ങിച്ചില്ല എന്ന് മാത്രമല്ല, നല്ല മാന്യമായ പെരുമാറ്റവും ..

ദൃശ്യ- INTIMATE STRANGER said...

എനിക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ തന്ന സ്ഥലമാണ് കോഴിക്കോട്... അതുകൊണ്ട് തന്നെ ഒരു മാനസിക അടുപ്പവും ഉണ്ട്.. ഈ പോസ്റ്റ്‌ വായിച്ചപ്പോ എന്തോ ഒരുപാട് സന്തോഷം തോന്നുന്നു..
remebering dose days in calicut..hi hi
al de best

സുധി അറയ്ക്കൽ said...

ഒ!!!വളരെ നല്ല.സന്തോഷം!!!