കാളിയുടെ മകള്‍ക്കു യാതൊരു കോച്ചിംഗു ക്ലാസ്സുമില്ലാതെ മെഡിക്കല്‍ എന്‍ട്രന്‍സു കിട്ടി.
അവളെ പഠിപ്പിക്കാന്‍ കഴിയുമോ എന്നു ശങ്കിച്ചു കാളി സങ്കടപ്പെട്ടപ്പോള്‍ ഞാനും ഈ പ്രശ്നം അവതരിപ്പിക്കാന്‍ ആദ്യമായി "കുടുംബശ്രീ"യില്‍ സംബന്ധിച്ചു.
50000 രൂപവരെ അഞ്ചു വര്‍ഷത്തേക്കു ലോണ്‍ തരുന്ന വിധത്തില്‍ ഒരു ദിവസനിക്ഷേപ പദ്ധതി ചര്‍ച്ച ചെയ്തു ബാങ്കിന്റെ സഹയത്താല്‍ അതു നടപ്പിലാക്കുന്നതിനു ഞങ്ങള്‍ ഉത്സാഹിച്ചു.
ഈ പരിപാടിയെക്കുറിച്ചു വിശദീകരിക്കാന്‍ ഒരു പ്രാദേശിക ബാങ്കിന്റെ അസിസ്റ്റന്‍ഡ് മാനേജറെ അടുത്ത കുടുംബശ്രീ യോഗത്തിലേക്കു ക്ഷണിച്ചു.
"കാളിയുടെ ക്‍ടാവിന്നു" എതോ പെരുത്ത് വല്ല്യ "പരൂജ"യില്‍ ഇമ്മിണി വല്ല്യ മാര്‍ക്കു കിട്ടിയതിനാല്‍" കെറുവു മൂത്തു ഒരു മൂലയില്‍ മാറിയിരിക്കുന്ന ചക്കിയെ ഞാന്‍ കണ്ടു.
ചക്കിയും കാളിയും കാളവണ്ടിയും കീലുകുറ്റിയും പോലെ കഴിഞ്ഞവര്‍.
( കാളവണ്ടി കറങ്ങാന്‍ തുടങ്ങുമ്പോള്‍ കൂടെ കുലുങ്ങി കുലുങ്ങി കീലും കുറ്റിയും ഉണ്ടാവും എങ്ങോട്ടായാലും).
അവരെ ഒന്നു പറഞ്ഞു ചേര്‍ക്കണമെന്നു ഞങ്ങള്‍ മാനേജറോടു പറഞ്ഞു.
അസിസ്റ്റന്‍ഡ് മാനേജര്‍ "നല്ല മനസ്സുള്ളയാള്‍", നന്നായി പ്രസംഗിച്ചു.
ഒരു നാടന്‍ പാട്ടും പാടി.
"മാളൂന്റെ കണ്ടത്തില്‍ മോടം വിതച്ചപ്പോ,"
"കതിരൊന്നു കക്കുവാന്‍ കൂര്യാറ്റ വന്നില്ലേ."
"അന്റോപ്പം ഞാനന്നു കാവലിരുന്നപ്പം"
"അന്തപ്പന്‍ ചേട്ടനെ കൂട്ടത്തീന്നാട്ടീല്ലേ!"
"തമ്പ്രാന്റെ കണ്ടത്തില്‍ പെറ്റു ഞാനിട്ടിട്ടും"
"തോയനെ നീയല്ലെ പോറ്റി വളര്‍ത്ത്യേത്".
"നിന്റെ ചെറുമനും കോണോന്താറ്"
"എന്റെ ചെറുമനും കോണോന്താറ്"
"പിന്നെന്താ മുണ്ടിച്ച്യേ"
"നമ്മള്‍ തമ്മില്‍ മുണ്ടിക്കൂടെ!"
സദസ്യരാക്കെ പാട്ടു ഏറ്റുപാടി.
പാട്ടു കേട്ടു ചക്കിയും കാളിയുംനാണിച്ചു.
അവര്‍ തെറ്റു വേഗം മനസ്സിലാക്കി.
പതിവിലും ചേര്‍ന്നിരുന്നു. കാളിയുടെ വെറ്റിലക്കു ചക്കിയുടെ ചുണ്ണാമ്പു കൂട്ടി അവര്‍ നന്നായി മുറുക്കിത്തുപ്പി.
കുടുംബശ്രീ ശ്രീയായി,
കട്ടന്‍ ചായയും,സുഖിയനും തിന്നു പിരിഞ്ഞു.
ഇനി ഞങ്ങളുടെ ഊഴമാണ്,
കാളിക്ക് 50000 രൂപയുടെ ലോണ്‍ വാങ്ങിക്കൊടുക്കണം.
ഞങ്ങളുടെ ദിവസ നിക്ഷേപം പതിനായിരം രൂപയായിട്ടില്ല.
അസിസ്റ്റന്‍ഡ് മാനേജരുടെ മുന്‍നിര്‍ദ്ദേശപ്രകാരം കുടുംബശ്രീ പ്രസിഡണ്ടിന്റെ റക്കമെണ്ടെഷന്‍ കത്തു സഹിതം ലോണിന്റെ അപേക്ഷയുമായി കാളി ബാങ്കിലെത്തി.
അസിസ്റ്റന്‍ഡ് മാനേജര്‍ ലീവിലായിരുന്നതിനാല്‍ പകരക്കാരനു അപേക്ഷ നല്‍കി തിരിച്ചു പോന്നു.
പലതവണ കാളി ബാങ്കില്‍ പോയിട്ടും ലോണ്‍ അനുവദിച്ചു കിട്ടാത്തവിവരമറിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാങ്കില്‍ പോയി.
അവിടെ ഞങ്ങളറിയുന്ന ആ അസിസ്റ്റന്‍ഡ് മാനേജറും മറ്റൊരു മുറിയില്‍ അതേ പവറുള്ള മറ്റൊരു അസിസ്റ്റന്‍ഡ് മാനേജറും തമ്മില്‍ മാനേജര്‍ പോസ്റ്റിനു വേണ്ടി ശീതസമരമാണന്നും കാളിയുടെ അപേക്ഷ സ്വീകരിച്ചതു മറ്റായാളായതിനാല്‍ റിസ്ക് അയാള്‍ എടുക്കട്ടെ എന്നു പറഞ്ഞു (അവര്‍ തമ്മില്‍ കമ്മ്യൂണിക്കേഷന്‍ അരാന്റെ അപേക്ഷയിലെഴുതുന്ന ഒബ്ജക്ഷന്‍ നോട്ടുകള്‍ മാത്രം) അതിനാല്‍
ആ അപേക്ഷ പെന്‍ഡിങ്ങിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ പ്യൂണില്‍ നിന്നറിഞ്ഞു.
ഞങ്ങളെ കണ്ടയാള്‍ ഒരു പരിചയവും കാട്ടിയില്ല. പരാതിയുണ്ടെങ്കില്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞു.
ഞങ്ങള്‍ പുറത്തു നിന്നൊരു കടലാസു വാങ്ങി അതില്‍ എഴുതി.
"അന്റര്‍ മാനും കോണോന്താറ്"
"ഇന്റര്‍ മാനും കോണോന്താറ്"
"പിന്നെന്താ മുണ്ടിച്ച്യേ"
"നിങ്ങള്‍ തമ്മില്‍ മുണ്ടിക്കൂടെ!"
പരാതി അയാള്‍ക്കു കൊടുക്കാന്‍ പ്യൂണിന്റെ വശം കൊടുത്തു ഞങ്ങള്‍ കാളിയുടെ കൈപിടിച്ചു ബാങ്കിന്നു പുറത്തിറങ്ങി.