Wednesday, January 17, 2007

ബൊലോ, യ സബ്‌സെ അഛാ ഹെ!ഷാര്‍ജ ബാങ്ക്‌ സ്‌ട്രീറ്റിനു പിറകിലെ ഒരു റെഡിമെയ്ഡ്‌ കട.
ഉത്തരേന്ത്യന്‍ ഹിന്ദിക്കാരനാണു കടയുടമ.
കടയിലേക്കു കയറുന്നതിനു മുന്‍പേ കടക്കാരന്‍ സ്വാഗതം ചെയ്തു.

"ആയിയേ,ബഹന്‍ജി, ആപ്കാ സേവാ കേലിയേ ഇദര്‍ കേരളാവാല സെയില്‍സ്മാന്‍ ഹെ!"

എന്നെയും മക്കളെയും പെരുന്നാള്‍ ഡ്രസ്സു തെരഞ്ഞെടുക്കാന്‍ കടയിലാക്കി പ്രിയന്‍ കാര്‍ഡിട്ടു കാശെടുക്കാന്‍ പോയി.
ഞാന്‍ ചുരിദാറൊരണ്ണം തെരഞ്ഞെടുക്കാന്‍ ശ്രമിക്കവേ മെലിഞ്ഞു വിളറിയ ഒരു മലയാളിപ്പയ്യന്‍ മുന്നില്‍ വന്നു.
പുതുതായി വിസയിലെത്തിയതാവണം.
പരിചയക്കുറവുണ്ട്‌.
മാതൃരാജ്യത്തിലെ ഒരു മലയാളിഫാമിലിയെ കണ്ട ആഹ്ലാദം ആ മുഖത്തുണ്ട്‌.
രാത്രി 11 മണിവരെ ജോലി ചെയ്തിട്ടാവണം അവന്റെ കണ്ണുകളില്‍ നല്ല ഉറക്ക ക്ഷീണം.

ഞാന്‍ മോഡല്‍ഗേളിന്റെ വര്‍ണ്ണ പരസ്യമുള്ള ഒരു പാക്കറ്റു തെരഞ്ഞെടുക്കവേ അവന്‍ എന്റെ മുന്നില്‍ വന്നു പറഞ്ഞു.

" ചേച്ചി, അതെടുക്കണ്ടാ! അതു കെട്ടുപ്പഴക്കമുള്ളത്‌, വിറ്റു പോകാഞ്ഞിട്ടു ഈ ചിത്രം വേറെ എവിടന്നോ വാങ്ങി കവറിലിട്ടു വിലക്കൂട്ടി വില്‍ക്കുകയാ, ഗുണം കുറവാ".

ഞാന്‍ അതവിടെ വെച്ചു അവന്‍ കാണിച്ചു തന്ന മറ്റൊന്നെടുത്തു.
മുതലാളി അവനെ തന്നെ തുറിച്ചു നോക്കുന്നുണ്ട്‌.
മലയാളം അയാള്‍ക്കറിയില്ലന്നു തോന്നുന്നു.

അവന്‍ കാണിച്ചു തന്ന മോഡല്‍ എനിക്കിഷ്ടപ്പെട്ടു.
അതെന്റെ പ്രിയപ്പെട്ടവനും ഇഷ്ടപ്പെട്ടു.
കാശു കൊടുത്തു ഞങ്ങള്‍ പുറത്തിറങ്ങിയപ്പോഴാണ്‌. ഞാനോര്‍ത്തത്‌, എന്റെ ബാഗു കടയില്‍ മറന്നു വെച്ചിരിക്കുന്നു.
തിരിച്ചു ബാഗേടുക്കാന്‍ കടയിലേക്കു കയറിയപ്പോള് ‍കേട്ടത്‌

"സാലേ, കുത്തേ! കിത്നാ ദഫാ ബോലാഹെ, യ പുരാനാ ചുരിദാര്‍ ജല്‍ദി ബേജ്നേകേലിയേ?"
"യ പാഞ്ച്‌ സാല്‍ സെ ഇതരി പഠാ ഹെ!"
"സബ്‌ കോ ബോലോ, യ സബ്‌ സെ അഛാ ഹെ!"
"അബി ജൊ ബേജാ വ താസാഹെ. ബാദ്മേബീ ചലേകാ".

അവന്‍ കവിള്‍ തടവുകയാണ്‌.
കവിളില്‍ ചുവന്ന കൈപ്പാടുകള്‍ വ്യക്തമായിക്കാണാം.
ആ കണ്ണില്‍ നിന്നു ധാര ധാരയായി ഒഴുകുന്നതു കണ്ണീരല്ലന്നും ചോരയാണെന്നും തോന്നി.

എനിക്കു വല്ലാത്ത വിഷമം തോന്നി.

ഞാന്‍ എന്റെ ബാഗെടുത്തു പുറത്തിറങ്ങുന്നേരമാണ്‌ ആ ഹിന്ദിക്കാരനായ മുതലാളി എന്നെ കണ്ടത്‌.
അയാള്‍ ഒന്നു ചമ്മി.

മലയാളിയായ ആ കൊച്ചു സെയില്‍സ്മാനെ ഓര്‍ത്തു ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്‌.
ഓരോ പ്രാവശ്യവും ഗള്‍ഫില്‍ നിന്നു വരുന്ന ഡ്രാഫ്റ്റ്‌ ഞാന്‍ ഒപ്പിട്ടു വാങ്ങുമ്പോഴും,
പുതിയ ഡ്രസ്സെടുക്കുമ്പോഴും പേരറിയില്ലാത്ത ആ കുഞ്ഞനിയനെ ഓര്‍ക്കാറുണ്ട്‌.
അവന്റെ ഡ്രാഫ്റ്റിനു വേണ്ടി ഇതുപോലെ,
കേരളത്തിലെ ഏതോ ഗ്രാമത്തില്‍,
പടിക്കല്‍ ഒരു പോസ്റ്റുമാന്റെ കാലൊച്ചയും കാത്തു കാത്തിരിക്കുന്ന അവന്റെ അമ്മയെ സങ്കല്‍പ്പിക്കാറുണ്ട്‌.

18 comments:

കടയ്ക്കല്‍ said...

ജീവിക്കുവാന്‍ വേണ്ടി ഇതുപോലെ എത്രയെത്ര പീഢനങ്ങള്‍ ഓരോ ദിവസവും നാം സഹിക്കുന്നുണ്ട്‌? വിവേകമില്ലാത്ത ഉത്തരേന്റ്യന്‍ ഗോസായികച്ചവടക്കാരെയും, മാര്‍വാടികളേയുമെല്ലാം കുറിച്ചോര്‍ക്കുമ്പോള്‍ ഇതുപോലെ മനസ്സില്‍ ഓടിയെത്തുന്ന എത്രയെത്ര സംഭവങ്ങള്‍..

Anonymous said...

ഠേ..........

അനോണിക്കും അടിക്കാം ല്ലേ വല്ലപ്പോഴുമൊരു തേങ്ങയൊക്കെ.?.. അപ്പോ ഇരുംബുഴി എഴുത്തുകാരന്മാരുടെ മാത്രം ഊഴിയല്ല എഴുത്തുകാരികളുടെ കൂടിയാണു. അഭിനന്ദനങ്ങള്‍

ഓ:ടോ.. മാഷേ 'തുഷാരം' ഇരുംബുഴിയില്‍ ആവുമ്പോള്‍ സാബി ഇരുംബുഴിക്കാരിയാവും ല്ലേ.. :)

Nousher

ചേച്ചിയമ്മ said...

സാബിയുടെ വരികളിലൂടെ ആ കുഞ്ഞനിയന്റെ മുഖം മനസ്സില്‍ തെളിയുന്നു.ഇങ്ങനെ എത്രയോ പേര്‍...

KANNURAN - കണ്ണൂരാന്‍ said...

ഉള്ളില്‍ തട്ടിയ വാക്കുകള്‍... നന്നായിട്ടുണ്ട്.

അത്തിക്കുര്‍ശി said...

സാബി,

അനുഭവ കഥ നൊംബരപ്പെടുത്തുന്നു.. നന്നായിട്ടുണ്ട്‌!

ഇത്തിരിവെട്ടം|Ithiri said...

ജീവിതത്തിന്റെ പാരുഷ്യത്തോടേറ്റ് മുട്ടാന്‍ ഒത്തിരി വേഷങ്ങള്‍ കെട്ടേണ്ടിവരുന്നു. സാബീ ആ കുഞ്ഞനിയന്റെ മുഖം മാറാതെ നിങ്ങളില്‍ ഒരു അസ്വസ്ഥതയാവുന്നെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ പുണ്യങ്ങളിലൊന്ന്. ഇന്നിന്റെ നഷ്ടങ്ങളില്‍ ഏറ്റവും പ്രധാനവും ആ മനസ്സില്‍ കുരുങ്ങിയ വേദനതന്നെ.

കഥയായായാലും അനുഭവമായാലും മനസ്സിനെ പൊള്ളിക്കുന്നു. നന്നായിരിക്കുന്നു.

Peelikkutty!!!!! said...

:( :( :(

ശാലിനി said...

നന്നായി എഴുതിയിരിക്കുന്നു.

Sul | സുല്‍ said...

സബി,
ഇതു നന്നായിട്ടുണ്ട്. ഉള്ളില്‍ തട്ടുന്ന വാക്കുകള്‍, സംഭവങ്ങല്‍. ഇതിനെതിരെ എന്തു ചെയ്യാനാകും. ഒന്നുമില്ല ല്ലെ.
“അവന്റെ ഡ്രാഫ്റ്റിനു വേണ്ടി ഇതുപോലെ കേരളത്തിലെ ഏതോ ഗ്രാമത്തില്‍ കാത്തു കാത്തിരിക്കുന്ന അവന്റെ അമ്മയെ ഓര്‍ക്കാറുണ്ട്‌.“ ഇതില്‍ എല്ലാം പറയുന്നു.

-സുല്‍

kaithamullu - കൈതമുള്ള് said...

fqഇതുപോലെ എത്രയെത്ര സംഭവങ്ങള്‍, സാബീ;
അപ്പോള്‍ ഓര്‍ക്കും: നാം എത്ര നിസ്സഹായര്‍!

ഇതിനൊരു മറുവശം കൂടിയുള്ളതു പറയാം:
എന്റെ പ്രിയതമക്കൊരു കൂട്ടുകാരിയുണ്ട്: (പേര്‍ സ്വന്തം ദേഹരക്ഷയോര്‍ത്ത് പറയുന്നില്ല)-നല്ല സാമര്‍ത്യം, വാചകമടി. വില പേശി വാങ്ങാന്‍ തന്നെപ്പോലെ മറ്റാരുമില്ലായെന്നാണ് വീമ്പ്! എന്റെ ഭാര്യയെപ്പോലെ അനേകം ശിഷ്യഗണങ്ങള്‍ തലകുലുക്കി അതംഗീകരിക്കുന്നു.

-ഒരിക്കല്‍ എന്റെ ഭാര്യയും ഈ സുഹൃത്തും കൂടി മീനാബസാറില്‍ പോയി ഒരു സാരി വാങ്ങി വന്നു, നാട്ടില്‍ അനിയത്തിക്കു കൊടുത്തയക്കാന്‍. വില 180 ദിര്‍ഹാംസ്. 240-ന്റെ സാരിയാ, പേശിപ്പേശിയാ ഇത്രയാക്കിയത്- ഭാര്യയുടെ മുഖത്ത് 60ദിര്‍ഹം എനിക്ക് സംഭാവനയായി തന്ന ഭാവം!

പിറ്റേന്ന് അനിയനും ഒരു സാരി വാങ്ങിക്കൊണ്ട് വന്നു. തുറന്നു നോക്കിയപ്പോള്‍ രണ്ടും ഒരേ തരം, ഒരേ നിറം, ഒരേ കട....

ഓ, എന്നാലിത് ഞാന്‍ തന്നെ കൊണ്ടുപോയി മാറ്റിയെടുക്കാം എന്നായി ഭാര്യ.ബില്ലുണ്ടോ നിന്റെ കയ്യില്‍?

അവന്‍ ബില്ലു തന്നു.വില എത്രയെന്നോ: 165 ദിര്‍ഹാംസ്!
‘-മലയാളിയാ സെയിത്സ്മാന്‍; എന്റെ പരിചയക്കാരനും’അവന്റെ വിവരണം കേള്‍ക്കാന്‍ നിക്കാതെ ചേട്ടത്തി മുങ്ങി!

അരീക്കോടന്‍ said...

നൊംബരപ്പെടുത്തുന്ന കഥ ...

ഏറനാടന്‍ said...

നന്നായി മനസ്സില്‍ തട്ടിയ കഥ (സംഭവിച്ചത്‌ ഇനിയും സംഭവിക്കാവുന്നത്‌).

പണ്ട്‌ ഒരു ഭിക്ഷക്കാരന്‍ ഭിക്ഷ കിട്ടിയ നാണയതുട്ടുകള്‍ കുറഞ്ഞുപോയതിന്‌ അന്ധബാലനെ പൊതിരെ തല്ലിയ ഒരു കാഴ്‌ച ഓര്‍മ്മയിലെത്തി. രണ്ട്‌ സംഭവങ്ങളുടേയും കാരണങ്ങള്‍ വെവേറെയെന്നാലും സൂചിപ്പിച്ചത്‌ അല്‍പം മനസ്സിനാശ്വാസത്തിനുവേണ്ടി മാത്രം.

Physel said...

“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം“...ഇനി കല്ലേതാ എന്നാ എന്റെ സംശയം!

വേണു venu said...

ഉദര നിമിത്തം ബഹുകൃത വേഷം.
എഴുതിയതു മനസ്സില്‍ തട്ടി. നന്നായി പറഞ്ഞു.

:: niKk | നിക്ക് :: said...

കരീം ഭായ്‌ ഇങ്ങനെ പറഞ്ഞാണു ഈ ബ്ലോഗ്‌ ലിങ്ക്‌ തന്നത്‌.

"എന്റെ ഭാര്യ എന്നെ എഴുതി തോല്‍പ്പിക്കാനിറങ്ങിയിരിക്കുകയാ"

പുള്ളി കളിയായിട്ടു പറഞ്ഞാതാണെങ്കിലും, എഴുത്തു നന്നായിട്ടുണ്ട്‌ ട്ടോ. വളരെ സ്പര്‍ശിക്കുന്ന ഒരു പോസ്റ്റാണിത്‌. ഇനിയും എഴുതൂ... :)

പാര്‍വതി said...

മനസ്സില്‍ തട്ടിയ കഥ സാബീ, സാബിയില്‍ നിന്ന് ഇനിയുമൊരു പാട് വരുമെന്ന് അറിയാം, കാത്തിരിക്കുന്നു..

-പാര്‍വതി.

സാബി said...

പേടിച്ചാണ് രണ്ടുമൂന്നണ്ണം അയച്ചത്.
ആദ്യമൊന്നുവിരണ്‍ടു.

എല്ലാര്‍ക്കും നന്ദി.

താഴ്വാരം,
നൌഷര്‍,
ചേച്ചിയമ്മ,
കണ്ണൂരാന്‍,
അത്തിക്കുര്‍ശ്ശി,
ഇത്തിരിവട്ടം,
പീലിക്കുട്ടി,
ശാലിനി,
സുല്‍,
കൈതമുള്ള്,
അരീക്കോടന്‍,
ഏറനാടന്‍ (ആല്‍മരം >< പുളിമരം),
ഫൈസല്‍ ( ഞാനാ ഫൈസലേ കല്ല്),
വേണു,
നിക്ക് ( ഡൈവേര്സ് പെറ്റീഷനെന്താ ഫീസ്),
പാര്‍വ്വതി (ഞാന്‍ ആദ്യമായി ബ്ലോഗില്‍ എഴുതിയ മെയില്‍ പാര്‍വ്വതിക്കായിരുന്നു- ഓര്‍ക്കുന്നുവോ?)

പ്രൊത്സാഹിപ്പിച്ച എല്ലാര്‍ക്കും നന്ദി.
വീണ്ടും എഴുതാന്‍ തോന്നുന്നു.

Siju | സിജു said...

ചെറുതെങ്കിലു നൊമ്പരമുണര്‍ത്തുന്നു