Saturday, January 13, 2007

പുളിമരം

ശാബുവിന്റെ ആദ്യത്തെ പല്ലു പറിഞ്ഞതു സ്കൂളില്‍ വെച്ചായിരുന്നു.
"തൊണ്ണനെന്നു" കൂട്ടുകാരെല്ലാരും കളിയാക്കി വിളിച്ചപ്പോള്‍,
കരഞ്ഞു കൊണ്ടു സ്കൂള്‍ വിട്ടു വന്ന അവന്‍ പറഞ്ഞു.
“ ‍ഇനി പുതിയ പല്ലു വരുന്നതു വരെ സ്കൂളില്‍ പോകുന്നില്ല“
‍അവന്റെ മുത്തശ്ശി (എന്റെ "മുത്തുമ്മ")യില്‍ നിന്നും ഞാന്‍ പണ്ടു കേട്ട ഒരു കഥ പറഞ്ഞവന്റെ വാശി തീര്‍ത്തു.

കഥ ഇതാണ്‌.

വീട്ടിനു മുന്നില്‍ പുളിമരമുള്ള ഒരു ഹാജിയാരുണ്ടായിരുന്നു.
ഒരു പാടു ഹാജിയാരുള്ള ഗ്രാമമായതിനാല്‍ ‍ആളുകള്‍ അയാളെ തിരിച്ചറിയാന്‍ "പുളിക്കലാജി"യെന്നു വിളിച്ചു.
ഹാജിയാര്‍ക്കു നാണക്കേടായി,
അയാള്‍ പുളി വെട്ടി.
പുളി വെട്ടിറ്റും കുറ്റിയവിടെ ബാക്കിയായി.
നാട്ടാരു പിന്നെ "പുളിക്കുറ്റിക്കലെ ഹാജി"യെന്നു വിളിക്കാന്‍ തുടങ്ങി.
അയാള്‍ സഹികെട്ട്‌ കുറ്റി മാന്തിക്കളഞ്ഞു.
പക്ഷെ അവിടെ ഒരു കുഴി ബാക്കി നിന്നു.
നാട്ടാരു പിന്നെ "പുളിക്കുഴിക്കലെ ഹാജി"യെന്നു വിളിയായി.
അയാള്‍ നാട്ടാരെ ശകാരിച്ചു.
കുഴിക്കു പകരം മണ്ണിട്ടു കുന്നാക്കി.
നാട്ടാരു പിന്നെ "പുളിക്കുന്നിലെ ഹാജി"യെന്നു വിളിക്കാന്‍ തുടങ്ങി.
അയാള്‍ക്കു കുറെശ്ശെ ഭ്രാന്തായിത്തുടങ്ങി.
അയാള്‍ പിന്നെ കുന്ന്‌ വെട്ടി നിരപ്പാക്കി.
നാട്ടാരുണ്ടോ വിടുന്നു അവര്‍ "പുളിനിരപ്പിലാജി"യെന്നു വിളിച്ചു.
അതില്‍ പിന്നെ ഹാജ്യാര്‍ക്കു മുഴുത്ത വട്ടായി.

ഗുണപാഠം:- ( നാട്ടുകാരുടെ വായടക്കാന്‍ പറ്റില്ല, എന്നാല്‍ എന്റെ മോന്റെ വായടക്കാന്‍ പറ്റും. എനിക്കും അവനും).