സ്കൂള്‍ ഒഴിവുള്ള ദിവസം,
ശാബു വിളിക്കാതെ തന്നെ ഏണീറ്റു പുറത്തിറങ്ങി.
"ഉമ്മീ,""ദാ ഒരു കാക്ക നമ്മുടെ മുറ്റത്തെ പ്ലാവിലിരുന്നു വിരുന്നാരെ വിളിക്കുന്നു !
"മുത്തുമ്മയില്‍ നിന്നു കേട്ടു പഠിച്ചതാണു രണ്ടാളും നാട്ടുവിശ്വാസങ്ങള്‍!
"അതിന്റെ വാലു കിഴക്കോട്ടാ പടിഞ്ഞാട്ടാ നോക്ക് ശാബൂ ?"
എവിടെമ്മാ കിഴക്ക്?"
അവന്‍ സംശയം തീര്‍ക്കാന്‍ അടുക്കളയിലേക്കോടി വന്നു.
"നീ സൂര്യനുദിക്കുന്ന ഭാഗത്തേക്കഭിമുഖമായി നിന്നു രണ്ടു കയ്യും വിടര്‍ത്തി 'T' എന്ന രീതിയില്‍ പിടിക്കുക". "അപ്പോള്‍ വലതു കൈ ചൂണ്ടുന്ന ഭാഗം തെക്കും ഇടതു കൈ ചൂണ്ടുന്ന ഭാഗം വടക്കും, സൂര്യനുദിക്കുന്ന ഭാഗം കിഴക്കും നമ്മുടെ പിറകു ഭാഗം പടിഞ്ഞാറുമായിരിക്കും".
ഞാന്‍ പറഞ്ഞു തീര്‍ന്നില്ല. അപ്പോഴേക്കും അടുത്ത ചോദ്യം വന്നു.
"എവിടെന്നാ ഉമ്മീ സൂര്യനുദിക്കുന്നത്?"
"കുട്ടപ്പേട്ടന്റെ വീട്ടിനു നേരെ തിരിഞ്ഞു നിന്നാല്‍ മാനത്തു സൂര്യനുദിക്കുന്നതു കാണാം".
അവന്‍ തിയറി ക്ലാസ്സു കഴിഞ്ഞു പ്രാക്ടിക്കല്‍ ക്ലാസ്സിനായി ഓടി മുന്നിലെ മുറ്റത്തിറങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പരീക്ഷണ,നിരീക്ഷണ,ഗവേഷണങ്ങള്‍ക്കൊടുവില്‍, തിസീസ് സമര്‍പ്പിച്ചു.
"കാക്കയുടെ വാലു കിഴക്കോട്ടാ ഉമ്മീ!"
"എന്നാല്‍ വിരുന്നാരു മണ്ണാര്‍ക്കാടു ഭാഗത്തുന്നാ!"."മുത്തുമ്മാന്റെ അനിയത്തിമാരരെങ്കിലുമാവും".
ഞാന്‍ അടുക്കളയില്‍ നിന്നു വന്നു നോക്കി,
ശരി തന്നെ കാക്ക വിരുന്നാളെ വിളിച്ചു വരുത്തുകയാണ്.
ബേക്കറി സാധനങ്ങളൊന്നും സ്‌റ്റോക്കില്ല.
എളീമാര്‍ക്കൂ രണ്ടാള്‍ക്കും നെയ്യപ്പമെന്നാല്‍ വല്ല്യ കാര്യം.കുറച്ചു നെയ്യപ്പം ചുട്ടു കാസ്‌റോളിലിട്ടുവെക്കാം.അവരെ ഒന്നല്‍ഭുതപ്പെടുത്താം.
ചുട്ടുകൊണ്ടിരുന്നപ്പോള്‍ ശാബുവിന്ന് രുചിനോക്കാന്‍ ഒന്നു കൊടുത്തു. അവന്‍ അതും കൊണ്ടു പുറത്തു കളിക്കാന്‍ പോയി.കുറച്ചു കഴിഞ്ഞു മടങ്ങി വന്നു. പറഞ്ഞു.
"ഉമ്മി ഒന്നു കൂടി വേണം, കുട്ടപ്പേട്ടന്റെ വീട്ടില്‍ വിരുന്നു വന്നൊരു കുട്ടീണ്ട്".
അവന്‍ ഒന്നു കൂടിയെടുത്തു മുറ്റത്തേക്കു പോയി.
പാതി കടിച്ച നെയ്യപ്പം തിണ്ണയില്‍ വെച്ച് അവന്‍ തൊട്ടടുത്ത വീട്ടിലെ വിരുന്നുകാരന്‍ കുട്ടിയെ ദിശയറിയുന്ന രീതി പഠിപ്പിക്കുകയാണ്.
ഇതിനിടയില്‍ ഒരു കാക്ക പറന്നു വന്നു അവന്റെ നെയ്യപ്പം കൊത്തിയെടുത്തു പറന്നു പോയി.ബഹളം കെട്ടാണ് ഞാന്‍ പൂമുഖത്തേക്കോടി ചെന്നത്.അന്നേരം അവന്‍ പറഞ്ഞു.
"ഉമ്മീ! ആ കാക്ക കള്ളനാ.. വിരുന്നേരൊന്നും വരൂലാ! അതിനു നെയ്യപ്പം തിന്നാന്‍ കൊതി തോന്നീട്ടാ നമ്മളെ പറ്റിച്ചത്!"
അവന്‍ പറഞ്ഞതു ശരിയായി.
പത്തുമണി വരെ കാത്തിട്ടും വിരുന്നാളെ ആരെയും കണ്ടില്ല.
പിന്നെ ചൂടുപോകാതെ ഞങ്ങള്‍ തന്നെ അതെല്ലാം തിന്നു തീര്‍ത്തു.
അപ്പോള്‍ ടി.വി.യില്‍ സൂര്യചന്ദ്രന്മാര്‍ സര്‍വ്വതേജസ്സില്‍ പ്രത്യക്ഷമാകുന്ന അക്ഷയത്രിതീയദിനത്തില്‍ സ്വര്‍ണ്ണം വാങ്ങിയാലുണ്ടാവുന്ന ഐശ്വര്യങ്ങളെക്കുറിച്ചു നേരത്തെ അധികമാരും അറിയാത്ത ഒരു മിത്തിനെ വിറ്റു കച്ചവടം നടത്തുന്ന പല ജ്വല്ലറിക്കാരുടെയും പരസ്യമുള്ള ഒരു "പറ്റിക്കല്‍" പരിപാടി കാണിക്കുകയായിരുന്നു.