Wednesday, February 07, 2007
ഈന്തുപുട്ടും ഈത്തപ്പഴവും
തറവാട്ടിലെ തൊടിയില്‍ അതിരുകളിലിടതൂര്‍ന്ന ഈന്തപ്പന മരങ്ങളില്‍ നിറയെ കുലകുലയായി കായകള്‍ കണ്ടപ്പോള്‍ ശബിക്കു ഞങ്ങള്‍ പണ്ടു താമസിച്ചിരുന്ന ഉമ്മല്‍ ഖുവൈന്‍ വില്ലയിലെ ഈത്തപ്പഴം നൊസ്റ്റാള്‍ജിയയായി വന്നുകാണണം.
ഈന്തിന്‍കായയും അതുപോലെ പഴുക്കുമെന്നും പഴുത്താലതു മധുരിക്കുമെന്നും അവള്‍ കരുതി.
അവള്‍ മുത്തുമ്മാനോടു ചോദിച്ചു
"മുത്തുമ്മാ ഇതെന്നാ പഴുക്കാ?"
ഈത്തപ്പനയും ഈന്തപ്പനയും വ്യത്യസ്ഥമാണെന്നും ഈന്തുകായക്കകത്തു വെളുത്ത ഒരു കുരുവാണെന്നും അതുണക്കിപ്പൊടിച്ചു ആ പൊടികൊണ്ടു പുട്ടു ചുടാമെന്നും മുത്തുമ്മ അവളെ പറഞ്ഞു മനസ്സിലാക്കി.
അവള്‍ പിന്നെ എന്നും ആ പുട്ടു ചുടാന്‍ മുത്തുമ്മാനെ ശല്യപ്പെടുത്തി.
മുത്തുമ്മ പണിക്കാരെ വിട്ടു പാകമായ ഈന്തുകുല വെട്ടിച്ചു.
കായ പൊളിച്ചു ഉണക്കാനിടലും, തോടില്‍ നിന്നു പരിപ്പെടുക്കലുമെല്ലാം ശബിയുടെ മൂന്നു അമ്മായിമാര്‍ ചേര്‍ന്നു ചെയ്തു.
ഇനി നന്നായി ഉണങ്ങിയ പരിപ്പു ഇടിച്ചു പൊടിയാക്കണം. അതിത്തിരി കഠിനം തന്നെ!.
അവര്‍ ഗൂഡാലോചന നടത്തി ആ പണി ശബിയുടെ ഉമ്മിയായ എനിക്കു വിട്ടു.
ശബി സാധനം കൊണ്ടു വന്നപ്പോള്‍ എനിക്കു പാര പിടികിട്ടി.
ഗള്‍ഫില്‍ ഇക്കാന്റെ കൂടെ "സുഹിച്ചു" വാണു ഇനി എന്റെ കയ്യില്‍ ഉലക്കയും അമ്മിക്കുട്ടിയും വഴങ്ങില്ലന്നും കരുതി മൂന്നാളും പണിത ഒരു റാഗിംഗാണെന്നും എനിക്കു വേഗം മനസ്സിലായി.
ഉരലും ഉലക്കയും അന്വേഷിച്ചു എവിടെപ്പോകും. കിട്ടിയാല്‍ തന്നെ ഇടിച്ചു പൊടിക്കുക ശ്രമകരം.
ഗ്രൈന്‍ഡരും മിക്സിയും ഉപയോഗിച്ചാല്‍ കേടാവാന്‍ സാധ്യതയുണ്ട്.
അഭിമാനം കളയാനും വയ്യ.
നാളെ മുത്തുമ്മ പുട്ടു ചുടാന്‍ ഈന്തുപൊടി ചോദിക്കും.
അപ്പോഴാണ് എന്റെ തലക്കുള്ളില്‍ ബള്‍ബ് ഒന്നു മിന്നിയത്. തറവാട്ടിന്റെ തൊട്ടപ്പുറത്ത് ഒരു മില്ലുണ്ട്. അവര്‍ കാപ്പിക്കുരു പൊടിക്കാറുണ്ട്. ആ മില്ലില്‍ കൊടുത്താല്‍ അവര്‍ ഒരു പക്ഷെ പൊടിച്ചു തരും. ശ്രമിച്ചു നോക്കുക തന്നെ!
ശാബുവിനു രണ്ടു ചോക്കളേറ്റു കൈക്കൂലി കൊടുത്തു തറവാട്ടു വീടിന്റെ പിന്നിലൂടെ അവനെ സ്വകാര്യമായി മില്ലില്‍ വിട്ടു.
അവനെന്നോടാ കൂറ്, ശബിക്കു മുത്തുമ്മാനോടും. അതിനാല്‍ ശബിയെ കാണാതെയാണ് ശാബുവിനെ മില്ലില്‍ വിട്ടത്.
സംഗതി കണ്ട് മില്ലുകാര്‍ ഒന്നമ്പരന്നെങ്കിലും ഇരട്ടി പൈസ കിട്ടിയപ്പോള്‍ അവര്‍ക്കു സന്തോഷമായത്രേ. പൊടിപ്പിച്ചു കൊണ്ടു വരുന്നതുവരെ സ്നേഹപാരകളൊന്നും കേറി വരല്ലേന്നായിരുന്നു പ്രാത്ഥന.
പൊടിയും കൊണ്ട് മുത്തുമ്മാന്റെ അടുത്തെത്തുമ്പോള്‍ മൂന്നു മരുമക്കളും മുണ്ടാട്ടം മുട്ടി നില്‍പ്പായിരുന്നു.
രണ്ടു വിരല്‍ കൊണ്ടു പൊടി ഞെരടികൊണ്ടു മുത്തുമ്മ പറഞ്ഞു
"നന്നായിട്ടുണ്ട്, ഇതു ഇന്നാള്‍ ഇവരുമൂന്നാളും കൂടി ഇടിച്ചതിനെക്കാള്‍ നൈസായിട്ടുണ്ടല്ലോടീ !. കളറല്‍പ്പം കുറവാ, ഉണക്കുമ്പോള്‍ മഴയെങ്ങാനും കൊണ്ടൊടീ ?"
മൂന്നാളുടേയും മുഖം കടന്നകൂടുകുത്തിയപോലായി. അവര്‍ പിന്നാലെ വന്നു ചോദിച്ചു
" ഇത്താ ആ കൈ ഒന്നു കാട്ടിത്തരോ?"
ഞാന്‍ കൈ രണ്ടും നീട്ടി. പെരുന്നാളിനിട്ട മെയിലാഞ്ചി മായതെ കിടക്കുന്നു.
അവര്‍ എന്തോ പ്രതീക്ഷിച്ചതും നേരത്തെ അവര്‍ക്കു കിട്ടിയതും ആ കയ്യില്‍ കാണാത്തതിനാല്‍ അവര്‍ നിരാശരായി.
ചെറിയ മരുമകള്‍ മാത്രം നിഷ്കളങ്കമായി ചോദിച്ചു,
"ഇത്താന്റെ കൈ പൊട്ടിയില്ലേ !"
ചോദ്യം കേട്ടില്ലന്നു നടിച്ചു അല്ലങ്കില്‍ ഒരു നുണ പറയേണ്ടിവരുകയോ, കള്ളി വെളിച്ചത്താവുകയോ ചെയ്യും.
ഈന്തു കൊണ്ടു പുട്ടുചുട്ടപ്പോള്‍ ചായക്കു പകരം ഞാന്‍ മനപ്പൂര്‍വ്വമാണ് കാപ്പിയുണ്ടാക്കിയത്.
എന്നിട്ടും ശബി പുട്ടു തിന്നുമ്പോള്‍ മുത്തുമ്മാനോട് പറഞ്ഞു.
"മുത്തുമ്മാ ഈ ഈന്തിന്‍പുട്ടിനു കോഫീ ടേസ്റ്റാവുമോ?"
ഞാന്‍ ശബിയോടു ചൂടായി
"തിന്നുമ്പോള്‍ സംസാരിക്കാന്‍ പാടില്ല. നീ പുട്ടിന്റെ കൂടെ കോഫി കഴിക്കുന്നതു കൊണ്ടാണ് പുട്ടിനും ആ ടേസ്റ്റു വന്നത്. മര്യാദക്കു തിന്നു എണീറ്റു പോ?“
അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല.
മൂന്നു മരുമക്കളും വല്ലാത്ത കണ്‍ഫൂഷനിലായി.അവര്‍ ചോദിച്ചു
" ഇത്താക്കെവിടെന്നാ ഉരലും ഉലക്കയും കിട്ടിയത്?"
ആ ചോദ്യം കേട്ടു ഞാനും കണ്‍ഫൂഷനിലായി.പെട്ടന്നുത്തരം കിട്ടി.
"കുട്ടപ്പേട്ടന്റെ വീട്ടില്‍ ഉരലും ഉലക്കയും ഉണ്ടല്ലോ!"
അടുത്ത ചോദ്യം വറുന്നതിന്നു മുന്‍പേ ശബിയേയും ശാബുവിനെയും വിളിച്ചു തറവാട്ടിന്നിറങ്ങി.
"ഇനിയും ഇത്തിരി കൂടി ഈന്തുപുട്ടു വേണം”എന്നു പറഞ്ഞ ശബിയോട് കണ്ണുരുട്ടി കാണിച്ചു.
"ഹോംവര്‍ക്കു ചെയ്യാന്‍ ഒരുപാടു കിടക്കുമ്പോഴാ നിന്റെ ഒരു ഈന്തുപുട്ടു കൊതി!. നടക്ക് തുഷാരയിലേക്ക്!"