Monday, February 19, 2007

എന്നും ഒരിലച്ചോറ്‌

"മുത്തുമ്മാ, ഞാന്‍ സ്കൂള്‍ വിട്ടു ഇങ്ങോട്ടോടി വരുമ്പോള്‍ സീനത്താന്റി എന്നും ചായകുടിക്കാന്‍ വിളിക്കും. ഞാന്‍ ഒരു ദിവസം അങ്ങോട്ടു പോയ്ക്കോട്ടേ?"

പോയ്ക്കോ! പക്ഷെ ഈ കഥ കേട്ടതിനു ശേഷം നീ സ്വയം തീരുമാനമെടുത്തു പോയാല്‍ മതി.

മുത്തുമ്മ ഒരുപദേശകഥക്കുള്ള തുടക്കമായി.
ഒരു ഇല്ലത്തിനടുത്തെ ചെറിയ അമ്പലത്തില്‍ ഒരു പാവം നമ്പൂതിരി ശാന്തിക്കാരനായുണ്ടായിരുന്നു. ശാന്തിക്കാരനു വയസ്സായി.
ചെറിയ അമ്പലമാനണെങ്കില്‍ കൂടി അവിടത്തെ കാര്യങ്ങള്‍ എല്ലാം കൂടി ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു നടത്താന്‍ അയാള്‍ക്കു ശേഷിക്കുറവായി. അയാള്‍ പണിയൊക്കെ തന്റെ മകനെ പറഞ്ഞു പഠിപ്പിച്ചു. ഒപ്പം പറഞ്ഞു എല്ലാവരെയും സന്തോഷിപ്പിച്ചു നിര്‍ത്തണം.ആരെയും പിണക്കരുത്‌.
"പോകുന്നവഴിക്കുള്ള ആ ഇല്ലത്തു നമുക്ക്‌ ഒരിലയൂണുണ്ട്‌. അതു മുടക്കരുതെട്ടോ"

അച്ഛന്റെ മരണ ശേഷം മകനായി മുഖ്യ ശാന്തിക്കാരന്‍.
ഇല്ലത്തിന്റെ മുറ്റത്തൂടേയാണ്‌ അമ്പലത്തിലേക്കുള്ള വഴി.
അതു വഴി തിരക്കിട്ടു നടന്നു പോകുമ്പോള്‍ അവിടത്തെ ആത്തോലമ്മ എന്നും വിളിക്കും

"ഉണ്ണീ ഒരില ചോറുണ്ടിട്ടു പോയ്ക്കോളൂ!"
മകനു അച്ഛന്റെ വാക്കുകള്‍ ഓര്‍മ്മ വന്നു.
അവന്‍ ഇപ്രാവശ്യം ഇല്ലത്തേക്കു കയറിച്ചെന്നു.
ഇല്ലത്തമ്മ ബേജാരായി ഓടിച്ചാടി നടന്നു.
ഒരില ഊണിനുള്ള വിഭവങ്ങള്‍ ധൃതിയിലുണ്ടാക്കി. മകന്‍ സുഭിക്ഷമായുണ്ട്‌ കൈനക്കി ഇലയുമെടുത്തെണിറ്റു.

പിന്നീട്‌ മകന്‍ ആ മുറ്റത്തൂടെ അമ്പലത്തിലേക്കു പോകുമ്പോഴൊന്നും ആ വിളിയുണ്ടായില്ല.
അതു നിന്നു പോയി.

അപ്പോഴാണ്‌ തന്റെ അച്ഛന്‍ പറഞ്ഞ വാക്കിന്റെ യഥാത്ഥ അര്‍ത്ഥം അവനു പിടികിട്ടിയത്‌.
അവന്‍ ആ ക്ഷണം സ്വീകരിച്ചില്ലായിരുന്നങ്കില്‍ പിന്നീടേന്നും ആ ക്ഷണം കിട്ടുമായിരുന്നേനെ!

ശബിക്കു കഥയുടെ സാരാംശം മനസ്സിലായതിനാല്‍ സീനത്താന്റി എന്നും അവളെ ചായകുടിക്കാന്‍ ക്ഷണിച്ചു.
അവള്‍ സ്നേഹത്തോടെ തിരസ്കരിക്കാനും പഠിച്ചു.