ഞാന്‍ മൂത്ത മരുമകളായി വന്ന ആഴ്ച തന്നെ മുത്തുമ്മ എനിക്കൊരു കെട്ടുപിണഞ്ഞ നെയിലോണ്‍ നൂലുണ്ട തന്നു.
അതു കെട്ടുപിണവു തീര്‍ത്തു കൊടുക്കണം.
അതൊരു "സിമ്പോളിക്ക് ഇന്‍ടെര്‍വ്യൂ" ആയിരുന്നു.
വളരെ കെട്ടുപിണഞ്ഞ ഒരു സങ്കീര്‍ണ്ണമായ പ്രശ്നം ക്ഷമയോടെ പരിഹരിക്കാനെനിക്കാവുമോ എന്നതിനൊരു പരീക്ഷണമായിരുന്നു ഉദ്ദേശ്യമെന്നു മനസ്സിലായി.
മുത്തുമ്മാന്റെ അമ്മോശനു നെയിലോണ്‍ നൂലുകൊണ്ടു സ്വയം വലകെട്ടി മീന്‍പിടിക്കുന്ന ഹോബിയുണ്ടായിരുന്നതിനാല്‍ മുത്തുമ്മാക്കും ഇതേ ഇന്‍റ്റര്‍വ്യൂ സബ്ജക്ട് പണ്ടു കിട്ടിയിരിക്കുമെന്നു ഞാനൂഹിച്ചു.
(ഞാനന്നു മനസ്സില്‍ ഒരു മിമിക്രി ഡയലോഗു പറഞ്ഞു "ഈ പോലീസുകാരു തമ്മിലെന്തിനാ മുത്തുമ്മാ ഗുസ്തി! നിങ്ങള്‍ ഇത്തിരി നേരത്തെ വന്നു, ഞാന്‍ കുറച്ചും കൂടി കഴിഞ്ഞു വന്നു, അതല്ലേ നമ്മളു തമ്മിലെ വ്യത്യാസം!" )
പക്ഷെ പരീക്ഷയില്‍ ഞാന്‍ റാങ്കോടെ പാസ്സായി.
നൂലു മുഴുവന്‍ മറ്റൊരു ഉണ്ടയിലേക്കു കെട്ടിപ്പിണവു മാറ്റിച്ചുറ്റി ഞാന്‍ ക്ഷമ തെളിയിച്ചു.
കണവന്റെ എല്ലാ പോരായ്മകളും മുന്‍കൂട്ടിയറിഞ്ഞിട്ടും അതേപടി സ്വീകരിക്കാനും സംബന്ധം ചെയ്യാനും തീരുമാനിച്ചതു എന്റെ ആത്മവിശ്വാസത്തിന്റെ അമിത വിശ്വാസം കൊണ്ടു തന്നെയായിരുന്നു.
വെറും ഡിഗ്രിയും പൂര്‍ത്തിയാക്കാതെ ഇട്ടേച്ചു പോയ ഒരു പിജിയും വെച്ചു ബാക്കിയാക്കുന്ന സമ്പാദ്യത്തിലെ പൂജ്യങ്ങളുടെ എണ്ണം കേട്ടപ്പോഴും നാട്ടില്‍ ശമ്പളമില്ലാ അവധിയിലാണെങ്കിലും ഒരു സര്‍ക്കാരു ജോലിയുണ്ടെന്നും കൂടി കേട്ടപ്പോള്‍ "യെവന്‍" ആളു കൊള്ളാമെന്നു തോന്നി, കൂടതെ എഴുതാനും വായിക്കാനുമുള്ള താല്‍പര്യം കൂട്ടുകാരിയില്‍ നിന്നറിഞ്ഞപ്പോള്‍ ഇനി എനിക്കും പുതിയ ബുക്ക്ക്ലബ്ബു മെമ്പറാവാനും കറണ്ടു ബുക്സിന്റെയും മള്‍ബറിയുടെയും പ്രീപബ്ലീക്കേഷന്‍ ഓഫറിനു ഓര്‍ഡര്‍ കൊടുക്കാനും എന്റെ ഉപ്പാന്റെ മുന്നില്‍ ഇനി പണത്തിനു പരുങ്ങണ്ടല്ലോ എന്ന ഒരാശ്വാസം കൂടിയുണ്ടായിരുന്നു.
മാത്രമല്ല ഈയിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഒരിന്ത്യക്കാരന്റെ ശവശരീരത്തിനു മുകളില്‍ ഇന്ത്യന്‍ കറന്‍സികളുടെ ഒരു മലയടര്‍ന്നു വീണപ്പോള്‍ 'ഞാനദ്ദേഹത്തിന്റെ ഭാര്യയാണെന്നും ഇതദ്ദേഹത്തിന്റെ കുഞ്ഞാണെന്നും' പറഞ്ഞൊരു പുതിയ ഭാര്യാവതാരം പ്രത്യക്ഷപ്പെട്ടപ്പോലെ ആരും വരില്ലന്ന ഒരു മുന്‍വിധി ഈ ലോലമനസ്കനെ കുറിച്ചെനിക്കുണ്ടായി.
പിന്നെ പഴയ രാഘവന്‍, രവികുമാര്‍, മധു(പരീക്കുട്ടി) റ്റൈപ്പു നായകന്മാരോക്കെ ഇപ്പോ എവിടെ!
അതിനാല്‍ കെട്ടുപ്പിണഞ്ഞ നൂലുണ്ട അന്നു ക്ഷമയോടെ ശരിയാക്കി.
ഇനി കഥയുടെ രണ്ടാം ഭാഗം നടക്കുന്നതു ഗള്‍ഫില്‍ ഉമ്മുല്‍ ഖുവൈനിലെ വില്ലയില്‍.
ഭക്ഷണം ശരിയാക്കി കണവനെ ഓഫീസിലയച്ചു.
ഏഷ്യാനെറ്റിലെ ബോറന്‍ പരിപാടികള്‍ കണ്ടു സമയം കളയുന്നേരം ഒരു ഫോണ്‍ മണി, ഓടിച്ചെന്നെടുത്തു.
ഒരു സ്ത്രീ മൊഴിയാണ്.
" കരീം മാഷുണ്ടോ?"
വീണ്ടും ദേഷ്യത്തോടെ ഒരു മിമിക്രി മറുപടിയാണു വായില്‍ വന്നത്
"ഉണ്ടോന്നറിയില്ല ഊണു കൊടുത്തയച്ചിട്ടുണ്ട്!"
പക്ഷെ പറഞ്ഞില്ല (ഒരു മാഷിന്റെ ഭാര്യയല്ലെ! സംയമനം- സംയമനം).
പക്ഷെ മനസ്സില്‍ പറഞ്ഞതിതാണ്.
“ദേ ഇവിടെയും നൂലുണ്ട!“
ഈ ഇരുണ്ട മനുഷ്യരെ പിറകെ പെണ്ണുങ്ങള്‍ വിടാതെ കൂടുന്നതെന്തേ?
അല്ലങ്കിലും കാര്‍വര്‍ണ്ണം പുരുഷനൊരാകര്‍ഷണം തന്നെയാവണം.
ആവോ,
എനിക്കറിയില്ല.
ഫോണിലേക്കു തിരിച്ചു വന്നു.
പഴയ ശിഷ്യയാണ്.
ഒരു " ---------------- " റാസല്‍ ഖൈമയില്‍ ഫാമിലിയായി താമസിക്കുന്നു.
മാഷവളെ ഒന്‍പതാം ക്ലാസ്സിലോ മറ്റൊ ല.സാ.ഗു വും ഉ.സാ.ഘയും കാണുന്ന എളുപ്പ വഴി പഠിപ്പിച്ചിരുന്നത്രേ!
അതു അന്നു പഠിപ്പിച്ചപ്പോള്‍ "മാഷെ ഞങ്ങള്‍ ഇതൊക്കെ എന്തിനാ പഠിക്കുന്നു?" എന്ന ചോദ്യം ചോദിച്ചപ്പോള്‍ "നിങ്ങളുടെ മക്കളെ പഠിപ്പിക്കാലോ" എന്നാണത്രേ മാഷു അന്നു മറുപടി പറഞ്ഞത്.
അതിപ്പോള്‍ അറം പറ്റിയത്രേ!
അവളുടെ മോള്‍ക്കിപ്പോള്‍ L.C.M ,H.C.M കാണാന്‍ പഠിപ്പിക്കാന്‍ അറിയാതെ, നാട്ടുകാരെ ആരെക്കയോ ബന്ധപ്പെട്ടു മാഷിന്റെ വീട്ടുനമ്പര്‍ ശേഖരിച്ചു വിളിച്ചതാണ്.
ഞാന്‍ പറഞ്ഞു
"മോളെ ഞാന്‍ മാഷിന്റെ ഭാര്യയാണ്. ഒരാഴ്ചയേ ആയുള്ളൂ നാട്ടില്‍ നിന്നെത്തിയിട്ടു, നീ നാളെ ഇതെ സമയത്തു ഒന്നു കൂടി വിളിക്കൂ ഞാന്‍ ല.സാഗുവും ഉ.സാ.ഗയും കാണുന്ന വിധം മാഷില്‍ നിന്നു പഠിച്ചു നിനക്കു പറഞ്ഞു തരാം“.
"മാഷിന്നു മൊബയിലുണ്ടോ?" എന്നു ചോദ്യം ഞാന്‍ മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. ഫോണ്‍ കട്ടു ചെയ്തതു പെട്ടന്നായിരുന്നു.
എനിക്കു വേണമെങ്കില്‍ മാഷിന്റെ മൊബയില്‍ നമ്പര്‍ കൊടുത്തു ഏഷ്യാനെറ്റിലെ സീരിയലില്‍ തലപൂഴ്ത്താമായിരുന്നു.
പക്ഷെ ഞാനാരാ മോള്‍!,
ഒരു നൂലുണ്ടയുടെ കെട്ടുപ്പിണവു തീര്‍ത്ത ബുദ്ധിമുട്ടു മറക്കാന്‍ സമയമായിട്ടില്ല.
അതിനിടക്കു പുതിയ കേസ്സെടുക്കുന്നില്ലന്നു തീരുമാനിച്ചു.