Friday, March 09, 2007

ജാത്യാലുള്ളതു വേഷമ്മാ‌റിയാ പോവ്യോ?



മാഷിനു മറക്കാന്‍ പറ്റാത്തതായി ചില വൈകാരിക മുഹൂര്‍ത്തങ്ങളും
(ഞാന്‍ കേട്ടു കേട്ടു മടുത്തത്‌ :))
ഒരുകാലവും കളയാന്‍ പറ്റാത്തതായി കുറെ കാലപ്പഴക്കം വന്ന സെന്റിമെന്റല്‍ സാധനങ്ങളും ഉണ്ടായിരുന്നു (എന്നെ ആ കൂട്ടത്തിലെണ്ണില്ല).

സ്കൂള്‍ ക്ലാസ്സു മുതല്‍ ചോറു കൊണ്ടു പോയിരുന്ന രണ്ടു തട്ടുള്ള ഒരു "ചോറ്റുപാത്രം",
SSLC നല്ല മാര്‍ക്കു(?) കിട്ടിയതിനു മുത്തുമ്മായുടെ വലിയ നാത്തൂന്‍ സ്നേഹത്തോടെ കയ്യില്‍ കെട്ടി കൊടുത്തെന്നു പറയുന്ന സീക്കോ ക്വാര്‍ട്‌സിന്റെ ഒരു "ലതര്‍ സ്റ്റ്രാപ്പ്‌ വാച്ച്‌",
SSLCക്കു ഇരുന്നു പഠിച്ചെന്നു പറയുന്ന ഒരു പുരാതന "ഈസി ചെയര്‍",
മൂന്നാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ ചിത്രരചനക്കു സമ്മാനം കിട്ടിയതെന്നു പറയപ്പെടുന്ന ഒരു ചൈനാക്ലൈ കൊണ്ടുള്ള ഒരു "കപ്പും സോസറും",
അസറുദ്ദീന്റെ ഒപ്പിട്ടിട്ടുണ്ട്‌ എന്നു പറഞ്ഞൊരു “(മണുങ്ങന്‍ തൊപ്പി)“.
അങ്ങനെ പലതും.
ആ വാച്ചിന്റെ ജനുവിന്‍ ലതര്‍ സ്ട്രാപ്പില്‍ ദ്വാരങ്ങള്‍ ഉള്ള കഷ്ണം അതിന്റെ നിരന്തരമായ ഉപയോഗം കൊണ്ടു ഒരു ദിവസം നടുക്കങ്ങു മുറിഞ്ഞു.
പുതിയതു വാങ്ങാന്‍ അന്നേരം കടകളൊന്നും തുറക്കാറായില്ല താനും.
"ഈ ഐശ്വര്യമുള്ള വാച്ചില്ലാതെ എങ്ങനെ എന്റെ ദിവസം തുടങ്ങും" എന്നു പറഞ്ഞു ഓഫീസില്‍ പോകാന്‍ മടി കാണിച്ചിരുന്നപ്പോള്‍ ഞാനാദ്യം കരുതിയതതൊരു തരികിടയാണെന്നാണ്‌. പക്ഷെ സെന്റിമന്റ്‌ ശരിക്കും അസ്ഥിക്കു പിടിച്ചുവെന്നറിഞ്ഞപ്പോള്‍ കാര്യം ഞാനേറ്റെടുത്തു. ഞാനായിടെ "ജിമ്മിന്റെയും ഡെല്ലയുടെയും ക്രിസ്തുമസ്‌ സമ്മാനം"എന്ന കഥ വായിച്ചതിന്റെ 'ഇന്‍ഡൊക്സിക്കേഷന്‍' വിട്ടു മാറാത്ത സമയവും.ഈ ഒരു ദിവസം ഒന്നു അഡ്ജസ്റ്റു ചെയ്യാനും അന്തിക്കു മുന്‍പു സ്ടാപ്പ്‌ എന്റെ വകയെന്നും ഞാന്‍ വാക്കു നല്‍കി.

ബലൂചി കുട്ടികള്‍ക്കു ട്യൂഷനെടുത്ത വകയില്‍ ആ മാസം ബാക്കി ഇരുപതു ദിര്‍ഹം കയ്യിലുണ്ട്‌.ഞാനും ഒരു "ഡെല്ല"യാവാന്‍ കൊതിച്ചു.
സ്വന്തം അദ്ധ്വാനത്തിന്റെ വില.അതു കൊണ്ടു പ്രിയപ്പെട്ടവനു വാച്ചിന്റെ സ്ട്രാപ്പു വാങ്ങിക്കൊടുക്കുക തന്നെ!.

അന്നു വൈകുന്നേരം ഞാനും ആലീസും
“(ആലീസിനെ ചിലര്‍ക്കൊക്കെ നേരത്തെ അറിയും).“
ഉമ്മുല്‍ കുവൈന്‍ ജാമിയയുടെ ഷോപ്പിംഗ്‌ സ്റ്റ്രീറ്റിലൂടെ ഒന്നു കറങ്ങി.

രണ്ടാളും പര്‍ദ്ദയിലാണ്‌. കണ്ടാല്‍ ശരിക്കും അറബിപ്പെണ്ണുങ്ങള്‍ തന്നെ.
ഒരു ജോടി വീതം കണ്ണുകളും കാല്‍പാദങ്ങളും കൈപ്പടങ്ങളും മാത്രമേ പുറത്തു കാണൂ.

മാധവിക്കുട്ടി, കമലാസുരയ്യ്യാവുന്നതിന്നു മുന്‍പൊരിക്കല്‍ ഒരിന്റര്‍വ്യൂയില്‍ പറഞ്ഞു "പര്‍ദ്ദക്കുള്ളിലൊളിച്ചാല്‍ തുറിച്ചു നോക്കുന്ന നയനങ്ങളെ പേടിക്കണ്ടാ!" അന്നതു വായിച്ചതുമുതലാണ്‌ ഞാനും ആലീസും ഈ വേഷം മാറല്‍ വിജയകരമായി നടത്തിയിരുന്നത്‌.

അറബി വേഷം കെട്ടിയാല്‍ പക്ഷെ ഇത്തിരിയെങ്കിലും അറബി സംസാരിക്കാന്‍ അറിയണം. അതെനിക്കു അഞ്ചു മുതല്‍ പ്രീഡിഗ്രി വരെ ക്ലാസ്സില്‍ നിന്നു കുറച്ചൊക്കെ കിട്ടിയിട്ടുണ്ട്‌.

പക്ഷെ കുഴപ്പം അതല്ല, അറബിപെണ്ണുങ്ങളാണെന്നു തോന്നിയാല്‍ മലയാളി സെയില്‍സ്മാന്മാര്‍ അഞ്ചിന്റെ സാധനത്തിനു അന്‍പതിന്റെ വിലപറയും. അതു മുന്നില്‍ കണ്ടു വിലപേശണം. പേശിയാല്‍ വില അവസാനം അഞ്ചില്‍ വന്നു നില്‍ക്കും.

വാച്ചു റിപ്പയര്‍ ചെയ്യുന്ന കടക്കുള്ളില്‍ ഞാനും ആലീസും അറബിപ്പെണ്ണുങ്ങളായിട്ടു തന്നെ നടന്നു കേറി.

സംസാരം മുഴുവന്‍ ഞാന്‍, ആലീസു എന്റെ "ഷൈക്ക". അറബിയിലുള്ള അജ്ഞതയെ അലങ്കാരമുള്ള ഒരു "ഗമ"യാക്കി അവള്‍, "ഗള്ളി"!.

ഞാന്‍ സംസാരം തുടങ്ങി.
"അസ്സലാമു അലൈക്കും യാ സിദ്ദീഖ്‌!"(ദൈവത്തിന്റെ രക്ഷ നിനക്കുണ്ടാവട്ടെ കൂട്ടുകാരാ!)
കടക്കാരന്‍.
"വ അലൈക്കും മുസ്സലാം യാ സയ്യിദതൈനി".(തിരിച്ചും ഉണ്ടാവട്ടെ മഹതികളെ!)
"ഫീ അന്ദക്‌ സേര്‍ ജലദ്‌ തബീഹി മഹ സാഹാ?" ( നിന്റെ അടുത്തു ഒരിജിനല്‍ ലതറിന്റെ വാച്ചു സ്ട്രാപ്പ്‌ ഉണ്ടോ?)
"നഹം സയ്യിദതീ" ( ഉണ്ടല്ലോ മഹതീ)

അവന്‍ ഭംഗിയുള്ള ഒരു പെട്ടിയെടുത്തു മുന്നില്‍ വെച്ചു.

"കം ഫുലൂസ്‌ യാ രഫീഖ്‌?" (എത്രയാ കാശ്‌ ചങ്ങാതീ?)
"ഖംസീന്‍ ദിര്‍ഹം" (അന്‍പതു ദിര്‍ഹം)

പടച്ചോനെ! ഏകദേശം 500 രൂപാക്കു മുകളില്‍ വരും! (ഞാന്‍ എന്റെ മലയാളഭാഷയില്‍ എന്റെ മനസ്സിനോടു പറഞ്ഞു), 30 ദിര്‍ഹമിനു Q&Qവിന്റെ തുകല്‍പട്ടയുള്ള ഒരു വാച്ചു ഈ പെട്ടിയടക്കം കിട്ടും എന്നിട്ടാ 50 ദിര്‍ഹമിനു ഒരു സ്ട്രാപ്പു മാത്രം!.
ഇക്കണക്കിനു പോയാല്‍ ഇവന്റെ നാട്ടിലെ വീട്ടിനെത്ര നിലകാണും?

"മാഫീ ഡിസ്കൗണ്ട്‌?" (ഡിസ്കൗണ്ടില്ലേ?)
"ഹഴാ രഖം ആഖിര്‍" ( ഇത്‌ അവസാന സംഖ്യയാണ്‌).

അവന്റെ ഒരു 'ഒടുക്കത്തെ' സംഖ്യ.(ശപിച്ചതു പക്ഷെ ആലീസു പോലും കേള്‍ക്കാതെ!).

പെട്ടന്നാണ്‌ ആലീസു തറയിലേക്കു ചൂണ്ടിക്കാട്ടിയത്‌.
മുന്‍പാരോ ലതര്‍ സ്ട്രാപ്പു മാറ്റി പഴയതിന്റെ കേടുവരാത്ത (ഞങ്ങള്‍ക്കാവശ്യമുള്ള ഭാഗം) കളഞ്ഞിട്ടു പോയിരിക്കുന്നു.
അതാണങ്കിലോ മാഷിന്റെ കേടില്ലാത്ത സ്ട്രാപ്പിനു മാച്ചായ കളറു തന്നെ,.
'രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ലതര്‍ സ്ട്രാപ്പ്‌'

പിന്നെ അമാന്തിച്ചില്ല.കുനിഞ്ഞെടുത്തു.
പതുക്കെ കടയില്‍ നിന്നിറങ്ങുമ്പോള്‍ കടക്കാരന്‍ പിറകെ.

"ഇത്താത്താ ഈ സ്ട്രാപ്പു അഞ്ചു ദിര്‍ഹമിനു തരാം". അയാള്‍ പെട്ടിയുമായി പുറകെ.
ഞാന്‍ ആലീസിന്റെ കയ്യു പിടിച്ചു വലിച്ചു പുറത്തേക്കു പാഞ്ഞു കൊണ്ടു പറഞ്ഞു,

"ആലീസു മോളെ വിട്ടോടീ.."

"നാം മലയാളിയാണെന്നു അതു കുനിഞ്ഞെടുത്തപ്പോള്‍ അവനു മനസ്സിലായി കൂടാതെ നിന്റെ ഹവായ്‌ ചപ്പലും അവന്‍ കണ്ടു".( അറബികള്‍ ബാത്ത്‌റൂമില്‍ മാത്രമേ അതിടൂ, തറ മലയാളികള്‍ പുറത്തും)
മേനി മുഴുവന്‍ പര്‍ദ്ദകൊണ്ടു മറച്ചാലും മറക്കാന്‍ കഴിയാത്ത മറ്റു ചില ഭാഗത്തു കൂടുതല്‍ വിസിബിലിറ്റിയുണ്ടാവുമെന്നു പെട്ടന്നു മനസ്സിലായി.
"അയാള്‍ മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതു ശ്രദ്ധിച്ചോ?"നമുക്കു വേഗം സ്ഥലം വിടാം".
"swift things are beautiful" എന്ന് എനിക്കന്നു ബോധ്യമായി ഞങ്ങള്‍ വളരെ വേഗം വില്ലയില്‍ തിരിച്ചെത്തി.

വാച്ചിന്റെ സ്റ്റ്രാപ്പു മാറ്റി ഞാന്‍ പ്രിയന്റെ സ്നേഹം പിടിച്ചു പറ്റി.
പക്ഷെ പിന്നീടൊരിക്കലും ഞാനും ആലീസും പര്‍ദ്ദയും ഹവായ്‌ ചപ്പലും അണിഞ്ഞു പുറത്തിറങ്ങിയിട്ടേയില്ല.