Monday, March 12, 2007

കുഞ്ഞുങ്ങളും ഒരു കിങ്ങിണിയും

"ഇതിവിടെ തരാന്‍ പറഞ്ഞതാ"

മുറ്റത്തു നിന്നു ആരോ വിളിച്ചു പറയുന്നതു കേട്ടാണ്‌, ഞാനിറങ്ങി ചെന്നത്‌.
വീടുകളില്‍ ആട്ടിറച്ചി കൊടുക്കുന്ന ചെക്കനാണ്‌.

"ഞാന്‍ ഇറച്ചിക്കു പറഞ്ഞിട്ടില്ലല്ലാ?"

"ഇത്‌ നിങ്ങളുടെ ആടു തന്നെയാണ്‌ ഇന്നലെ രാത്രി ഞങ്ങള്‍ തറവാട്ടിന്നു ആടിനെ വാങ്ങുമ്പോള്‍ ഓരോ കിലോ രണ്ടു വീട്ടിലേക്കും വേണമെന്നു ഉപ്പ പ്രത്യേകം പറഞ്ഞിരുന്നു".

പടച്ചോനെ ശബിയുടെ 'കുഞ്ഞനെ' ഉപ്പ ഇറച്ചിക്കാര്‍ക്കു വിറ്റോ?
ഇനി അവള്‍ സ്കൂള്‍ വിട്ടു വരുമ്പോഴത്തെ രംഗം ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ലല്ലോ!


ഗള്‍ഫില്‍ നിന്നു കെട്ടും ഭാണ്ഡവും മുറുക്കി ഞങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആ ആഴ്ച്ചയില്‍ തന്നെയായിരുന്നു മുത്തുമ്മാന്റെ കൊതിച്ചിയാടു മുയല്‍കുഞ്ഞിനെപ്പോലെ പട്ടു രോമങ്ങളുള്ള ഒരു കൊറ്റനെ പെറ്റത്‌.

ടോം&ജറിയും പിങ്‌ക്‍പാന്തറും ടര്‍ട്ടില്‍സും കാര്‍ട്ടൂണുകള്‍ മാത്രം കണ്ടു പരിചയിച്ച ശബിക്കും ശാബുവിനും ഈ ജീവനുള്ള കാര്‍ട്ടൂണ്‍,ഒരു പുതിയ ജീവിതം നല്‍കി. അതിനെ ഉമ്മവെക്കാനും മടിയിലിരുത്താനും അവര്‍ മത്സരിച്ചു.അവരാദ്യമായി 'മേരിയുടെ കുഞ്ഞാടിനെ' പുസ്തകത്തിനു പുറത്തു കണ്ടു. അവള്‍ അവനു 'കുഞ്ഞന്‍ ' എന്നു പേരിട്ടു.

മുത്തുമ്മ, വേച്ചു വേച്ചു നടന്നു എവിടേ നിന്നോ തപ്പിത്തെരഞ്ഞു കണ്ടെത്തിയ ഒരു 'കിങ്ങിണി' ചരടിലിട്ടു ശബിയെ കൊണ്ടവന്റെ കഴുത്തിലണിയിച്ചു.

മണിക്കിലുക്കത്തിനനുസരിച്ചു തുള്ളിക്കളിക്കുന്ന കുഞ്ഞനും കുട്ടികളും എല്ലാരുടെയും മനസ്സിനാഹ്ലാദം പകര്‍ന്നു.
സ്കൂള്‍ വിട്ടു വന്നാല്‍ അവര്‍ കുഞ്ഞനെയും കൊണ്ടു കടലുണ്ടിപ്പുഴയില്‍ മണലിത്തിരി ബാക്കിയുള്ള പനമ്പറ്റക്കടവിലെത്തും അവര്‍ അവനുമായി കളിക്കും. കൊതിച്ചി അന്നേരം പുല്ലൊക്കെ കടിച്ചു തിന്നു വിശപ്പടക്കും.

"കുഞ്ഞന്‍ ഒരുപാടു വലുതായി, ശബിക്കും,ശാബുവിന്നും ഒതുങ്ങാതായി". എന്നു ഉപ്പ പറയുന്നതു കേട്ടതു കഴിഞ്ഞാഴ്ച്ചയാണ്‌.
എന്നാലും ഇറച്ചിക്കാര്‍ക്കു വില്‍ക്കുമെന്നു കരുതീല.

ഇനി കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ കുഞ്ഞനെ ഇറച്ചിക്കാര്‍ക്കു വിറ്റകാര്യം അറിയിക്കണ്ടായെന്നു മുത്തുമ്മാനോട്‌ ഫോണില്‍ പറഞ്ഞു. മുത്തുമ്മ ഇതേ കാര്യം എന്നോടും പറയാന്‍ പലതവണ വിളിച്ചിരുന്നുവെന്നു പറഞ്ഞു. ഞാന്‍ ഈയിടെ വല്ലതെ മിസ്‌കാളുകള്‍ വരുത്തുന്നു.

കുട്ടികള്‍ സ്കൂള്‍ വിട്ടു നേരെ തറവാട്ടില്‍ പോയിട്ടാണ്‌ തുഷാരയിലെത്തിയത്‌. ശബിയുടെ കയ്യില്‍ കുഞ്ഞന്റെ കഴുത്തില്‍ നിന്നഴിച്ചെടുത്ത കിങ്ങിണി.

അവള്‍ സങ്കടത്തോടെ പറഞ്ഞു
" ഉമ്മീ, കുഞ്ഞനെ ഉപ്പപ്പ ആര്‍ക്കൊ വളര്‍ത്താന്‍ കൊടുത്തു. ഒരുപാടു ദൂരത്തുള്ളയാളാണത്രേ വാങ്ങിയത്‌. ഒന്നു കാണാന്‍ കൂടി പറ്റിയില്ല" ഇനി കൊതിച്ചി പെറുമ്പോള്‍ ആ കുട്ടിക്കു കെട്ടാന്‍ ഈ കിങ്ങിണി സൂക്ഷിച്ചു വെക്കാന്‍ മുത്തുമ്മ എന്റെ കയ്യില്‍ തന്നു. ഈ കിങ്ങിണിയില്ലങ്കില്‍ കുഞ്ഞനു വല്ലാതെ സങ്കടാവൂലേ ഉമ്മീ!"

ഞാന്‍ എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിന്നു.

അന്നു അത്താഴത്തിനു ശബിക്കേറ്റവും ഇഷ്ടപ്പെട്ട ലാമ്പ്‌ പെപ്പര്‍ ഫ്രൈ ഡൈയനിംഗ്‌ ടേബിളില്‍ വെച്ചപ്പോള്‍ തൊട്ടടുത്ത്‌ ആ കിങ്ങിണിയുണ്ടായിരുന്നു.

എനിക്കന്നു ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല.
അന്നേരം ഞാന്‍ മാധവിക്കുട്ടിയുടെ ഒരു കഥയോര്‍ത്തു. റാഞ്ചികൊണ്ടുപോയ കോഴിക്കുഞ്ഞിനെ കിട്ടാന്‍ കല്ലുമായി കാക്കക്കും പരുന്തിനും പിറകെ അലറി വിളിച്ചോടുന്ന വീട്ടമ്മ. ഭാഗ്യത്തിനു അതിനെ കിട്ടിയാല്‍ മൃതപ്രായമായ അതിനെ മുറത്തിനുള്ളിലൊളിപ്പിച്ചു വെള്ളം തെളിച്ചു മുറത്തിന്റെ പുറത്തു കൊട്ടി കൊട്ടി, യാത്രയാവുന്ന ജീവനെ കണ്ണീരോടെ പിടിച്ചു നിര്‍ത്തുമവള്‍. എന്നാല്‍ പിന്നീട്‌ ഇതേ വീട്ടമ്മ തന്നെ വിരുന്നെത്തുന്നവരെ സല്‍ക്കരിക്കാന്‍ ആ കോഴിയെ അറുത്തു വിഭവങ്ങളൊരുക്കും.

കിങ്ങിണിയിലേക്കും,ഇറച്ചി ഫ്രൈയിലേക്കും മാറി മാറി നോക്കിയ എന്റെ കണ്ണില്‍ ഊറിക്കൂടിയ ജലകണികകള്‍ കണ്ടിട്ടാവണം ശബി ചോദിച്ചു.

"അത്രക്കെരിവുണ്ടോമ്മീ?"

മകളെ ആദ്യമായി ഒരു സത്യം മറച്ചു വെച്ചതിന്റെ കുറ്റബോധത്താല്‍ ഞാന്‍ നിര്‍ദ്ദോഷമായ മറ്റൊരു കള്ളം കൂടി പറഞ്ഞു

"എരിഞ്ഞിട്ടല്ല, ഞാന്‍ പപ്പാനെ ഓര്‍ത്തു പോയി, പപ്പാക്കും ഈ പെപ്പര്‍ ഫ്രൈ വലിയ ഇഷ്ടമാ.."

നുണ പറഞ്ഞതിനു ശേഷമാണു ഞാന്‍ ശരിക്കും അവരുടെ പപ്പാനെ ഓര്‍ത്തത്, പിന്നെ പപ്പാന്റെ വാക്കുകള്‍ ഓര്‍ത്തു.

"നമ്മള്‍ കരഞ്ഞാലും കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുത്‌"

-0-