ബലൂചികളൂടെ വിവാഹ രീതി വളരെ വിചിത്രമാണ്.
യു.എ.ഇ.യില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്ന അവരുടെ ജനസംഖ്യ വളരെ കുറവായതിനാല്‍ കുഞ്ഞുങ്ങളാവുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ തമ്മില്‍ വാക്കു കൊണ്ടു വിവാഹം പറഞ്ഞു വെക്കും.
നഴ്‌സറി ക്ലാസ്സു മുതലെ "വുഡ്‌ബിയെ" കാണാം.ചെറുക്കനെ കിട്ടാത്ത പെണ്ണിന്റെ തന്തമാര്‍ വീടിന്റെ മുകളില്‍ ദേശീയപതാകയുയര്‍ത്തി "അശകൊശലേ പെണ്ണുണ്ടേ!" എന്നു പറയാതെ പറയും. തലയെണ്ണി കാശു ഗവണ്മെണ്ടില്‍ നിന്നു കിട്ടുന്നതിനാല്‍ എല്ലാരും സ്കൂളില്‍ പോകും. പക്ഷെ അഞ്ചാം തരം കടന്നു കിട്ടുന്നവര്‍ വിരളം.
വിവാഹത്തിനു മുന്‍പു വധുവിനെ ഒരു മുറിയിലെ മൂലയില്‍ കാറ്റും വെളിച്ചവും കാട്ടാതെ 48 മണിക്കൂര്‍ ഒളിപ്പിച്ചു വെക്കും. കറുത്ത ഒരു പുതപ്പുകൊണ്ടു തല മുതല്‍ പാദം വരെ മൂടി ഒറ്റയിരുപ്പാണ്. ടോയിലറ്റില്‍ പോകുന്ന എണ്ണം പോലും കുറക്കാന്‍ ജൂസും പഴവും മാത്രമെ അന്നു കൊടുക്കൂ. രണ്ടു ദിവസം ഒരേ ഇരിപ്പിരുന്നു കഴിയുമ്പോഴേക്കു കാലില്‍ നീരു വന്നും ശ്വാസം മുട്ടിയും ഒരരുക്കാവും.
എല്ലാ കല്യാണങ്ങളും മൂന്നു ദിവസം നീണ്ടു നില്‍ക്കും. ചൊവ്വാഴ്ച്ച രാത്രി മുതല്‍ വ്യാഴാഴ്ച്ച വൈകുന്നേരം വരെയാണു വധു മറയിലിരിക്കേണ്ടത്.ആ സമയം അന്യര്‍ക്കടുക്കാന്‍ കൂടി പാടില്ല.
വ്യാഴാഴ്ച്ച 5 മണിക്കു വനിതാ ബ്യൂട്ടിഷന്‍ വന്നു ഹെന്ന (മെയിലാഞ്ചി) അണിയിക്കുന്നതോടെയാണ് പുതുനാരിയുടെ അജ്ഞാതവാസം തീരുന്നത്. ഏഴു മണിക്കു കല്ല്യാണപ്പുടവയണിഞ്ഞു സുരസുന്ദരിയായി,ആഭരണഭൂഷിതയായി,സുഗന്ധിയായി സദസ്സിലെത്തുന്ന അവള്‍ പിന്നെ അന്നത്തെ താരമാണ്. അവളെ വര്‍ണ്ണിച്ചു പാടുന്ന പാട്ടുകളും ഡാന്‍സുകളൂമായി രാത്രിയെ പകലാക്കുന്ന ആഘോഷമേളം. ബാക്കിയൊക്കെ മലബാറിലെ മുസ്ലിംകളുടെ വിവാഹാഘോഷ രീതികളോടു തികച്ചും സാമ്യം.
ഇത്രയും ആമുഖം.
ഇനി എന്റെ കഥ (അനുഭവം)
ഞാന്‍ നാട്ടില്‍ നിന്നു ആദ്യമായി ഗള്‍ഫില്‍ എത്തിയ കാലം.
മാഷു ഓഫീസിലും ശബി സ്കൂളിലും പോയാല്‍ ഒടുക്കത്തെ ബോറടി തന്നെ. വീട്ടിലന്നു ഇന്റര്‍നെറ്റും കേബിളും ഒന്നുമില്ല. ഡിഷു വഴിയുള്ള ഏഷ്യാനെറ്റില്‍ പകല്‍ മുഴുവന്‍ പുരാതന മലയാള പടങ്ങളും ഇംഗ്ലീഷുകാര്‍ക്കു മലയാള സംഭാഷണം കൊടുത്തുള്ള വ്യായാമോപകരണങ്ങളുടെ ബോറന്‍ പരസ്യ പരിപാടികളും മാത്രം. മലയാള റേഡിയോ പ്രക്ഷേപണങ്ങള്‍ മാത്രം വിടാതെ കേള്‍ക്കാറുണ്ടായിരുന്നു.(റേഡിയോ കിച്ചണിലും വെക്കാം)
അങ്ങനെയിരിക്കെയാണ് അയല്‍പക്കത്തേക്കു സൗഹൃദം വ്യാപിച്ചാലോ എന്ന ആഗ്രഹം തോന്നിയത്. അടുത്തൊന്നും മലയാളി ഫാമിലികളില്ല. എല്ലാം ബലൂചികള്‍. അവരെക്കുറിച്ചു "അപരിഷ്കൃതരായ കാടന്മാര്‍" എന്ന പേടിപ്പിക്കുന്ന മുന്നറിയിപ്പാണു മാഷ് പോലും തന്നത്. എന്നാലും പെണ്ണുങ്ങളില്‍ ഒരെണ്ണത്തിനെങ്കിലും വെണ്ണയാലുള്ള ഹൃദയം കാണുമെന്നെന്നുള്ളം പറഞ്ഞപ്പോള്‍ കേറി പരിചയപ്പെടാന്‍ ധൈര്യം തോന്നി.
ആവശ്യമാണല്ലോ സൃഷ്ടിക്കു മാതാവും(പിതാവും).
മുത്തുമ്മ, മൂത്തമോനു തന്നു വിട്ട അണ്ടിപ്പരിപ്പിലിത്തിരി ബാക്കിയുണ്ട്.
അതും ഒരു പാത്രത്തിലിട്ടു ശബിയെയും കൈപിടിച്ചു പുറത്തിറങ്ങി. അയല്‍വാസിയുടെ ഇരുമ്പു ഗൈറ്റില്‍ കാളിംഗ് ബെല്ല് എങ്ങും തെരഞ്ഞിട്ടും കണ്ടില്ല. പിന്നെ പതിയെ മുട്ടി. അഞ്ചുമിനിട്ടോളം കാത്തിട്ടും ആരും വന്നില്ല.
‘മുട്ടു' വേദനിച്ചപ്പോള്‍ 'മുട്ടിന്റെ' ഊക്കു കൂട്ടി. അരോ അകത്തു നടന്നു വരുന്ന ഒച്ചകേട്ടു.
ഗേറ്റിന്റെ ഒരു സുഷിരത്തിലൂടെ ഒരു കൃഷ്ണമണിയുടെ തിളക്കം കണ്ടു.
വാതില്‍ പകുതി തുറന്നു. ഒരു പര്‍ദ്ദയിട്ട മുഖം പുറത്തു വന്നു
ഞാന്‍ ഭവ്യതയോടെ,
"അസ്സലാമു അലൈക്കും"
തല ചൊല്ലി
"വ അലൈക്കും മുസ്സലാം"
ഞാന്‍ സ്വയം പരിചയപ്പെടുത്തി
" അന സാബിറ,സവുജത്തു അബ്ദുല്‍കരീം"
"മാഷാ അള്ളാ ഫള്ളല്‍!",
അവര്‍ വളരെ അത്ഭുതത്തോടേയും സ്നേഹത്തോടേയും അകത്തേക്കു ക്ഷണിച്ചു.
ഞങ്ങള്‍ അകത്തു കടന്നു.അവര്‍ ഉര്‍ദു നന്നായി സംസാരിക്കും ഞാന്‍ മുക്കി മൂളി ഹിന്ദിയും.അവരാണ് ഗൃഹനാഥ, നാലു പെണ്‍മക്കള്‍ ഉണ്ട്.മൂത്തതു രണ്ടിനേയും ഇരട്ടപെറ്റത്. നാലും കല്ല്യാണപ്രായമായി നില്‍ക്കുന്നു.ഇരട്ടയിലെ മൂത്തവള്‍ക്കു നേര്‍ച്ച നേര്‍ന്നു വെച്ചിരുന്ന ചെക്കന്‍ ഒരു ആക്സിഡണ്ടില്‍ മരിച്ചു. ഇരട്ടയിലെ ഇളയതു അജ്‌മാന്‍ യൂണിവേര്‍സിറ്റിയില്‍ ഡിഗ്രിക്കു പഠിക്കുന്നു. അവള്‍ (zaiba) തന്റെ ചെക്കനെ മൂത്തവള്‍ക്കു (zabia) ദാനം ചെയ്തു.
ഇംഗ്ലീഷ് നന്നയി അറിയുന്നതിനാല്‍ Zaiba യായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ടുകാരി. ബലൂചി ആണുങ്ങളില്‍ പോലും ഇത്രക്കു പഠിച്ചവരില്ല. വിദ്യാഭ്യാസം അവളെ നല്ല സംസ്കാരമുള്ളവളാക്കി. അവളില്‍ നിന്നു അറബിക്ലാസ്സിക്കുകളെക്കുറിച്ചെനിക്കൊരുപാടു വിവരം കിട്ടി.
അവളെ ഞാന്‍ അമാവാസിയിലെ മിന്നാമിനുങ്ങായി കണ്ടു. സ്നേഹം കൂടുമ്പോള്‍ ഞാനവളെ "ജുഗ്‌നു"(മിന്നാമിനുങ്ങ്) എന്നു വിളിച്ചു.
ഞങ്ങള്‍ നല്ല കൂട്ടുകാരികളായി. എന്റെ ജുഗ്‌നുവിനെ ഞാന്‍ ദോശയും ചട്ടിണിയും പായസവും ഉണ്ടാക്കാന്‍ പഠിപ്പിച്ചു.
എനിക്കൊരു അനിയത്തി ഇല്ലാത്തതിനാലാവും ഞാന്‍ അവളെ വല്ലതെയങ്ങു സ്നേഹിച്ചു.
അപ്പോഴേക്കും മാഷു നെറ്റും കണക്ഷനെടുക്കുകയും ഡിഷില്‍ മറ്റനേകം ചാനലുകള്‍ വരികയും ചെയ്തതിനാല്‍ ബോറടി തീരെ ഇല്ലായിരുന്നു.പുറമെ ശാബുവിന്റെ ജനനവും വായാടി ആലീസിന്റെ കൂട്ടും കിട്ടിയപ്പോള്‍ അയല്‍വീടു തെണ്ടല്‍ വളരെ അപൂര്‍വ്വമായി. എന്നാലും മൊബെയിലില്‍ ജുഗുനുവുമായി സമയം കിട്ടുമ്പോഴൊക്കെ സംസാരിക്കും.
ഞാന്‍ മാഷു മുഖേന കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചു. മെയിലയക്കും,ജേക്കബ്‌സ് കീബോര്‍ഡു വെച്ചു മാഷെഴുതിയ കഥകള്‍ അക്ഷരത്തെറ്റു തിരുത്തും,ആലീസിന്റെ വീമ്പിളക്കല്‍ മൂളിക്കേള്‍ക്കും. എന്റെ ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം രസകരമായി ആസ്വദിച്ചു.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ജുഗ്‌നു ഡിഗ്രിയും പി.ജിയും കഴിഞ്ഞു. യൂണിവേര്‍സിറ്റിയില്‍ കൂടെ പഠിച്ചിരുന്ന അറബി ഫാമിലിയില്‍പെട്ട ഒരുത്തനുമായി പ്രണയമായതു ഞാനാണാദ്യമറിഞ്ഞത്.എന്നിലൂടെയതു വീട്ടുകാരെയറിയിച്ചു മിന്നമിനുങ്ങിനും ഒരു മിന്നുകെട്ടായി.
ജുഗ്‌നുവിന്റെ കല്യാണം നിശ്ചയിച്ചപ്പോള്‍ വീണ്ടും അയല്‍ വീട്ടില്‍ പോക്കുംവരവും നിരന്തരമായി. അവരുടെ വീട്ടില്‍ പുറത്തു നിന്നുള്ള പലരും വരാന്‍ തുടങ്ങിയപ്പോള്‍ എന്റെ സാരിയുടുത്തുള്ള ചെല്ലലില്‍ അവര്‍ക്കെന്തോ വിഷമം ഉള്ള പോലെ തോന്നി.
"നിന്റെ വയറും മുതുകും അന്യരു തുറിച്ചു നോക്കുന്നു. നിനക്ക് പര്‍ദ്ദ ഇടാന്‍ ഇഷ്ടമാണോ?"
അവള്‍ എന്നോടു ചോദിച്ചു. ഞാന്‍ സംഗതിയുടെ കിടപ്പു വേഗം മനസ്സിലാക്കി. ഡ്രസ്സ് കോഡിന്റെ പേരില്‍ ഒരു നല്ല സൗഹൃദം കളയാന്‍ എനിക്കു മനസ്സു വന്നില്ല. (കൂടാതെ നിറയെ സ്‌ട്രച്ചുമാര്‍ക്കു വീണ എന്റെ അടിവയര്‍ എനിക്കപകര്‍ഷതയും തന്നിരുന്നു). ഞാന്‍ കൂടുതലൊന്നും ആലോചിക്കതെ പറഞ്ഞു.
"അതെ"
അവള്‍ പെട്ടി തുറന്ന് നല്ല രണ്ടു മോഡേണ്‍ പര്‍ദ്ദകള്‍ (അജമാന്‍ യൂണിവേര്‍സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ഥിനികളുടെ യൂനിഫോം) എനിക്കു തന്നു.zaiba ഇടുന്ന അതേ തരത്തിലുള്ളത്. വിലക്കൂടിയത്. അതിന്റെ ഫാഷന്‍ കണ്ടപ്പോള്‍ ആലീസിനും കൊതിയായി. ഞാന്‍ ഒന്നവള്‍ക്കു കൊടുത്തു.(അവളെയും ഞാന്‍ അയല്‍ വീട്ടില്‍ കൊണ്ടു പോയിരുന്നു). പിന്നീട് ആ പര്‍ദ്ദ എനിക്കും ആലീസിനും കുറച്ചൊന്നുമല്ല സംരക്ഷണം തന്നിട്ടുള്ളത്.
കല്യാണത്തിനു മുന്‍പു ജുഗ്‌നുവിനു ഒളിവിലിരിക്കാനുള്ള സമയമായി. അവള്‍ മാതാപിതാക്കളോട് കുറെ എതിര്‍ത്തുവെങ്കിലും ഒഴിഞ്ഞുമാറാനായില്ല. അവസാനം അവള്‍ എന്റെ സഹായം തേടി. അവള്‍ക്കു ഷിഫ്റ്റ് ഇരുന്നു കൊടുക്കാന്‍, ആരും അറിയില്ല പുതപ്പിനടിയിലാണ്, മുറി പൂട്ടി ഒരു താക്കോല്‍ അവളുടെ ഉമ്മ വശവും മറ്റൊന്ന് ഉള്ളിലിരിക്കുന്ന അവളുടെ കയ്യിലുമായിരിക്കും. മുറിയില്‍ വേറെ ആരും വരില്ല. അവള്‍ മൂന്നാമതൊരു താക്കോലെടുത്തു തന്നു പറഞ്ഞു ഇടക്കിടക്ക് ആരുമില്ലാത്തപ്പോള്‍ മുറി തുറന്നകത്തു കയറി പുതപ്പിനടിയിലിരുന്നെന്നെ സഹായിക്കണം. അഥവാ ഉമ്മ കയറി വന്നാല്‍ തന്നെ സംസാരിക്കയൊന്നുമില്ല ജൂസും ഫ്രൂട്ടും വെച്ചിട്ടു പോകും. അത്രേയുള്ളൂ.
പറഞ്ഞത്ര ലളിതമല്ല പരിപാടി എന്നെനിക്കു മനസ്സിലായി.മുറിക്കകത്തു ആര്‍ക്കും പ്രവേശനമില്ലങ്കിലും ചില്ലിട്ട ജനലിലൂടെ കാഴ്ച്ചക്കാര്‍ പലരുണ്ടാവും.
പാളിയാല്‍ അചാരഭ്രാന്തു മൂത്ത ബലൂചികളുടെ കയ്യാലെന്റെ ഉടലു പീസു പീസായി ഏഴു എമിരേറ്റിലെയും മരുഭൂമികളില്‍ ചിതറിപ്പോവും.
ജുഗ്‌നു വീണ്ടും വീണ്ടും ധൈര്യം പകര്‍ന്നു, അവള്‍ക്കു ഇടക്കിടക്കു മെയില്‍ ചെക്കു ചെയ്തു കൂട്ടുകാരികള്‍ക്കു മറുപടി അയക്കണം അവളുടെ കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറിയില്‍ നിറച്ചും വിരുന്നുകാര്‍. ഞങ്ങളുടെ വീട്ടില്‍ വളരെ സേഫ്. ഞാന്‍ അവളായിരിക്കുമ്പോള്‍ അവള്‍ ഞാനായി എന്റെ വീട്ടില്‍ മെയില്‍ ചെക്കു ചെയ്തു മറുപടി അയക്കാം.
ഒരേ പോലുള്ള ആകാരവും വസ്ത്രവും ആയതിനാല്‍ ആരും സംശയിക്കുക പോലുമില്ല.
സംഗതിയൊക്കെ ബുദ്ധിപരം. പക്ഷെ ഞാന്‍ മാഷിനോടു പറയാതെ എങ്ങനെ ചെയ്യും.
വല്ലാത്ത വിഷമ ഘട്ടത്തിലായി. മാഷോടു പറഞ്ഞാല്‍ സമ്മതിക്കില്ല. കൂട്ടുകാരിയെ സഹായിക്കുകയും വേണം. പക്ഷെ എതിര്‍ക്കുന്നതൊരു തീവ്രമായ വിശ്വാസത്തിന്റെ താഴികക്കുടത്തിനടിയിലിരുന്നു കൊണ്ടാണ്.അതിനൊറ്റക്കു ധൈര്യം പോരാ.
സഹായിക്കാന്‍ ആലീസു പോലുമില്ല. അവള്‍ നാട്ടിലൊരു കല്യാണമാണെന്നു പറഞ്ഞു പോയതാണ്.
അവസാനം പേടിച്ചു കൊണ്ടു തന്നെ മാഷിനു ഫോണ്‍ ചെയ്തു. മാഷിനു ഞാനും ജുഗ്‌നുവും തമ്മിലെ സ്നേഹത്തിന്റെ തീവ്രത അറിയാവുന്നതു കൊണ്ട് ഈ റിസ്കിനു പച്ചക്കൊടി കാട്ടി. ധീരതയോടെ കൂട്ടുകാരിയെ സഹായിക്കാന്‍ പ്രോല്‍സാഹനം കിട്ടി.
എനിക്കു ആത്മവിശ്വാസം കൂടി.
പിന്നെ 48 മണിക്കൂറിലെ പകല്‍ സമയം ഇടവേളകളിട്ടു ഞാന്‍ അവള്‍ക്കു അപരയായി.രാത്രി അവള്‍ പുതച്ചു മൂടി ഉറങ്ങിക്കാണും. മാഷിനെ ഓഫീസിലും കുട്ടികളെ 'ദള'യുടെ കലാപരിപാടികളില്‍ റിഹേര്‍സലിനു സ്കൂളിലും വിട്ടു ഞാന്‍ പിറ്റേന്നത്തെ എന്റെ ഷിഫ്റ്റില്‍ അയല്‍ വീട്ടിലെ കറുത്ത പുതപ്പിനടിയില്‍ മൊബെയിലില്‍ വിരലുവെച്ചു നെഞ്ചില്‍ തീയുമായി അവള്‍ക്കു പകരമിരുന്നപ്പോള്‍, അവള്‍ തൊട്ടടുത്ത എന്റെ വീട്ടില്‍ അവളുടെ കൂട്ടുകാരികളുടെ മെയിലിനു മറുപടി അയച്ചുകൊണ്ടേയിരുന്നു..
അഞ്ചുമണിവരെ പരിപാടി വിജയകരം. അഞ്ചു കഴിഞ്ഞാല്‍ കുട്ടികള്‍ സ്കൂളില്‍ നിന്നു വരും എന്നെ കാണാഞ്ഞാല്‍ സ്കൂള്‍ ബസ്സിന്റെ ഡ്രൈവര്‍ വിശാലമായി ഹോണടിക്കും.പരിപാടി പൊളിയും.ഞാന്‍ കിടുകിടാ വിറക്കുകയായി. ജുഗ്‌നു പോയിട്ടു തിരിച്ചു വന്നിട്ടില്ല. അവള്‍ പിടിക്കപെട്ടോയെന്നു ഞാന്‍ പേടിച്ചു. പുതപ്പിനടിയിലിരുന്നു. അവള്‍ക്കു വിളിച്ചു. അവള്‍ ഫോണെടുത്തതാണ് അപ്പോള്‍ ആരോ വാതില്‍ പുറത്തു നിന്നും താഴിട്ടു തുറക്കുന്ന ഒച്ച കേട്ടു. അവളായിരിക്കുമെന്നു കരുതി ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. പക്ഷെ അതു അവളുടെ ഉമ്മയും മിസ്‌രി ബ്യൂട്ടീഷ്യയുമായിരുന്നു. ഉമ്മ ആ മിസ്‌രിപെണ്ണിനെയും അവളുടെ ലഗേജും അകത്താക്കി വാതിലു പുറത്തു പൂട്ടി പോയി.
"ഇദ്ദ കലാസ്" (അജ്ഞാതവാസം കഴിഞ്ഞു.)
പുറത്തു വാ ഹെന്ന ഇടാം"
ബ്യൂട്ടീഷ്യ പരുപരുത്ത ഈജിപ്ത്യന്‍ അറബിയില്‍ പറഞ്ഞു.
ഞാന്‍ പുതപ്പു മാറ്റി, എന്നാലും പര്‍ദ്ദയുണ്ട്. കണ്ണുമാത്രമേ പുറത്തു കാണൂ.
അവര്‍ ഒരു വലിയ കാറ്റലോഗ് എടുത്തു തുറന്നു. വിവിധ ഹെന്ന ഡിസൈനുകളാണ്. അതില്‍ നിന്നും ഇഷ്ടപെട്ടതു ഞാന്‍ തെരഞ്ഞെടുക്കാനാണവര്‍ കാത്തിരിക്കുന്നത്.ഞാന്‍ സമയമെടുത്തു അതു ഓരോന്നും നോക്കി.സൈബ വരുന്നുണ്ടോ എന്നായിരുന്നു മനസ്സു മുഴുവന്‍.
Zaiba ഓര്‍ഡര്‍ കൊടുത്ത കടലാസും കൂടെയുണ്ട്. അതിലേക്കൊന്നു നോക്കി.
ഓരോ ഐറ്റത്തിനും വിലയിട്ടിട്ടുണ്ട്.
1.സായിദ് Dhs.150/ സായിദ്=(കൈ അങ്ങു തോളുവരെ!)
2.ഖദം Dhs.100/- ഖദം=(കാല്‍പ്പടം അങ്ങു കയറി തുടവരെ!)
3.സ്വദര്‍ Dhs 250/- സ്വദര്‍=? (അര്‍ത്ഥം ഞാനൂഹിച്ചതു തന്നെയെന്നു ഉറപ്പു വരുത്താന്‍ ഞാനാ വാക്കില്‍ വിരലുവെച്ചവളുടെ മുഖത്തേക്കു നോക്കി.അവള്‍ കാറ്റലോഗു മറിച്ചു ഒരു ചിത്രം കാണിച്ചു തന്നു, ഞാന്‍ ഞെട്ടിപ്പോയി. പടച്ചോനെ!
ആ ഡിസൈനിന്റെ താഴെ Wedding special എന്നെഴുതിട്ടുണ്ട്. എന്റുമ്മാ! ഞാന്‍ കണ്ണു മുറുക്കിയടച്ചു.
ഞാന്‍ മൊബയിലിലെ ലാസ്ട് കാള്‍ഡ് നമ്പര്‍ പലവട്ടം അമര്‍ത്തി.
"സൈബയെ കാണുന്നില്ലല്ലോ! കുടുങ്ങുമല്ലോ റബ്ബേ!"
മിസിരി 'ബ്യൂട്ടീഷ്യ' 'സ്വദരിന്റെ' ഗുണഗണങ്ങള്‍ അറബിയില്‍ പറയുകയാണ്. ഇപ്പോള്‍ പരിഷ്കാരികളായ എല്ലാ വധുക്കളും ഇതു ചെയ്യുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇതില്‍ വളരെ നിപുണയാണ് എന്നൊക്കെയാണവര്‍ വീമ്പു പറയുന്നത്.എനിക്കൊന്നും വ്യക്തമായി മനസ്സിലായില്ല (ഏഷ്യാനെറ്റിലെ മുന്‍ഷി'യുടെ ഭരതവാക്യം കേട്ട പോലെ തോന്നി ).
ഞാന്‍ സൈബയെ വിളിക്കുമ്പോഴെല്ലാം അവളുടെ മോബൈല്‍ എന്‍ഗേജു തന്ന്നെ!
എന്റെ അടി മുതല്‍ മുടി വരെ വിറ പടര്‍ന്നു കേറി.
ഏതു നിമിഷവും പിടിക്കപ്പെടാം.
ആദ്യം 'സ്വദര്‍' തന്നെ തുടങ്ങാം എന്നവള്‍ തീരുമാനിച്ചു.ജനല്‍ കര്‍ട്ടനുകള്‍ വലിച്ചിട്ടു മറച്ചു. ബാഗില്‍ നിന്നു സോഫ്റ്റ് ബ്ലീച്ചു കയ്യില്‍ തന്നിട്ടവര്‍ പറഞ്ഞു അതുപയോഗിച്ചു കഴുത്തിനു കീഴെ നന്നായി കഴുകിയിട്ടു വരാന്‍.
പെട്ടന്നാണ് ഒരു ബുദ്ധി തോന്നിയത്.
ഏറ്റവും നല്ല അവസരം.
ഞാന്‍ കിട്ടിയ തക്കം കൊണ്ടു ബാത്ത്‌റൂമിന്റെ വാതില്‍ തുറക്കുന്നതിനു പകരം പുറത്തേക്കുള്ള വാതില്‍ താക്കോലിട്ടു തുറന്നു പുറത്തു ചാടി, മൂന്നു ചാട്ടം കൊണ്ടു എന്റെ കണ്ടത്തിലെത്തി.
കുട്ടികള്‍ എത്തിയിട്ടില്ല.
Zaiba "സര്‍വര്‍ നെറ്റ് വര്‍ക്ക് എറര്‍" എന്ന സ്ക്രീനില്‍ നോക്കി മൊബെയിലില്‍ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു.
എനിക്കു കലി വന്നു.
ഞാന്‍ നാട്ടിലെ നാണിത്തള്ള തന്റെ 'ഇറച്ചിക്കുടുക്ക കടിച്ചോണ്ടോടിയ കില്ലപ്പട്ടിയെ' വിളിച്ച നാലു നല്ല ചീത്ത മലയാളത്തില്‍ പറഞ്ഞു. അവള്‍ക്കു ഭാഷ പിടികിട്ടിയില്ലങ്കിലും ഭാവം പെട്ടന്നു പിടികിട്ടി.
ഞാന്‍ ബ്ലീച്ചു അവളുടെ കയ്യില്‍ കൊടുത്തു പറഞ്ഞു വേഗം ചെല്ലു ആ മിസ്‌രി ബ്യൂട്ടിഷ്യ നിന്നെ "സ്വദരു" ഹെന്ന ചെയ്യാന്‍ കാത്തിരിക്കുന്നുണ്ട്.
zaiba നാണിച്ചു കൊണ്ടു പറഞ്ഞു "നീ ആരോടും പറയരുത്. ഇതിപ്പോള്‍ എല്ലാ പരിഷ്ക്കാരികളായ വധുക്കളും ചെയ്യുന്നു എന്ന് പറഞ്ഞവര്‍ ഓര്‍ഡര്‍ എടുപ്പിച്ചതാണ്".
അവളെ തള്ളിപ്പുറത്താക്കി വീട്ടിലയച്ചതിന്നു ശേഷമാണു ഞാന്‍ ശ്വാസം വിട്ടത്.
എനിക്കവളെ കടിച്ചു കീറാനുള്ള കലിയുണ്ടായിരുന്നു.
പക്ഷെ സ്കൂള്‍ ബസ്സു വന്നു ഹോണ്‍ അടിച്ചപ്പോള്‍ ഞാന്‍ അതൊക്കെ മറന്നു.
കുട്ടികള്‍ പറഞ്ഞു,
"ഉമ്മീ ഇന്നു ഞങ്ങള്‍ ദുബൈയില്‍ 'ദള'യുടെ പ്രോഗ്രാമിനു ട്രെയിനിംഗിനു കൊണ്ടു പോയി തിരിച്ചു വരുന്ന വഴിക്കു ബസ്സു കേടായി. പിന്നെ മറ്റൊരു ബസ്സു വന്നിട്ടാ ഞങ്ങള്‍ പോന്നത്. മാഡം ഉമ്മിനെ വിളിച്ചായിരുന്നോ?"
ഞാന്‍ ആദ്യമായി, കേടായ ബസ്സിനൊരു ആശംസയര്‍പ്പിച്ചു.
പല മിസ്‌കാളുകളുടെ കൂട്ടത്തില്‍ മാഡം 'മറിയക്കുട്ടി മത്തായി'യുടെ ഒരു മിസ്‌കാളും കണ്ടു.