Thursday, March 29, 2007

പറയാതെ പോയ നന്ദി

ശാബു പ്രാക്ടിക്കലായി ചിന്തിക്കുന്നു.ശബി ഫാന്റസിയിലും.
രണ്ടു പേരേയും ഒന്നിച്ചിരുത്തി കഥ പറയുമ്പോള്‍ മുത്തുമ്മ വല്ലാത്ത ആശയക്കുഴപ്പത്തിലാവുന്നതു ഞാന്‍ പലപ്പോഴും കണ്ടു നിന്നിട്ടുണ്ട്‌.
കാട്ടിലെ സിംഹവും, കടുവയും, മുയലും, മാനുമൊക്കെ കഥയില്‍ സംഭാഷണം നടത്തുന്നതാണ്‌ ശബിക്ക്‌ ഏറ്റവും ഇഷ്ടം.
എന്നാല്‍ അവളെക്കാളും രണ്ടു വയസ്സു കുറഞ്ഞ ശാബുവിന്നറിയാം അവയൊന്നും മനുഷ്യരെപ്പോലെ സംസാരിക്കില്ലന്നും അതൊക്കെ വെറുതെ പറയുന്നതാണെന്നും.

അതിനാല്‍ മുത്തുമ്മ എപ്പോഴും കഥകളെ ഇവക്കിടയില്‍ കുടുക്കിയിടാന്‍ നോക്കും. അതൊക്കെ വിജയിക്കാറും ഉണ്ടെന്നു അവര്‍ പ്രതിഷേധിക്കാതെ കേള്‍ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്‌.എന്നാല്‍ ഞാന്‍ പലപ്പോഴും അതില്‍ വിജയിക്കാറില്ല.അതിനാല്‍ എന്റെ കഥയുടെ അവസാനം പലപ്പോഴും അവരുടെ വഴക്കായിരിക്കും. വഴക്കു മൂര്‍ച്ചിക്കുമ്പോള്‍ ഞാന്‍ ഫോണ്‍ തെരയുന്ന പോലെ അഭിനയിക്കും. അത്രമതി. ആ വഴക്കു നില്‍ക്കും.
അങ്ങനെ മുത്തുമ്മ അവര്‍ക്കു പറഞ്ഞു കൊടുത്ത ഒരു കഥയാണു ഞാന്‍ പറയാന്‍ പോകുന്നത്‌.

മുന്‍പു വളരെ കേളികേട്ട ഒരു തറവാട്ടില്‍ ന്യായാന്യായം നോക്കി ഭരണം നടത്തിയിരുന്ന കാരണവരുടെ അകാലമൃത്യു കാരണം, അനന്തരവന്മാര്‍ സ്വത്തു ധൂര്‍ത്തടിച്ചും തോന്നിയതു പോലെ നടന്നും തറവാടിനു സുകൃതക്ഷയം വരുത്തി. സ്വത്തൊക്കെ അന്യാധീനപ്പെട്ടു പോയി. ഇല്ലം പോലും ജപ്തി ചെയ്യന്‍ പോകുന്നുവെന്നായപ്പോള്‍ കിട്ടിയതൊക്കെ കയ്യിലാക്കി കൗശലക്കാരെല്ലാരും സ്ഥലം വിട്ടു. മരിച്ച കാരണവരുടെ മകന്‍ ബാല്യം വിടാത്ത ഉണ്ണിയും അവന്റെ കുഞ്ഞുപെങ്ങളും അമ്മയും മാത്രം ബാക്കിയായി. വയസ്സായി ദീനം ബാധിച്ച "അഭിരാമന്‍" എന്ന ഒരാനയെ ഇല്ലത്തിട്ടിട്ടാണെല്ലാരും കെട്ടിപ്പെറുക്കി സ്ഥലം വിട്ടത്‌.
ആനക്കു പട്ട കൊടുക്കാന്‍ പണമുണ്ടാക്കാണം എന്നു പറഞ്ഞു പാപ്പാന്‍ അഭിരാമനെ തോട്ടി കൊണ്ടു ചെവിക്കു കൊളുത്തി വലിച്ചു നിര്‍ബന്ധിച്ചു തടിപിടിക്കാന്‍ കൊണ്ടുപോയപ്പോള്‍, അമ്മക്കും മക്കള്‍ക്കും കണ്ണീരൊഴുക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. നെറ്റിപ്പട്ടം കെട്ടി മാത്രം ശീലിച്ച നെറ്റിയില്‍ മുറിവും ചതവും കണ്ടു ഉണ്ണി സങ്കടപ്പെട്ടു.
പണികഴിഞ്ഞു പട്ടയടിച്ചു വന്ന പാപ്പാനില്‍ നിന്നു ആനക്കു പട്ടയും, വീട്ടിലേക്കിത്തിരിയരിയും കിട്ടിയപ്പോള്‍ സങ്കടം കടിച്ചിറക്കി ഉണ്ണിയുടെ അമ്മ.

ഒരു ദിവസം കാട്ടില്‍ മരം വലിക്കന്‍ പോയ അഭിരാമന്‍ വലിയൊരു മരം വലിച്ചു നീക്കുന്നതിനിടയില്‍ പെട്ടന്നു പണിനിര്‍ത്തി.പാപ്പന്‍ എത്ര കുത്തിയിട്ടും തല്ലിയിട്ടും അവന്‍ ഒന്നു വാതുറന്നൊന്നു കരഞ്ഞതു പോലുമുണ്ടായില്ല. പട്ടയിട്ടു കൊടുക്കാഞ്ഞിട്ടാണെന്നു കരുതി പട്ട വരുത്തിയിട്ടു കൊടുത്തിട്ടും അവന്‍ തിരിഞ്ഞു നോക്കിയില്ല.
എന്നാല്‍ നീ രണ്ടു ദിനം പട്ടിണി കിടക്കൂ എന്നു പറഞ്ഞു പാപ്പാന് ‍അവനെ ചങ്ങലയിട്ടവിടെ തളച്ചു ഷാപ്പിലുറങ്ങി.

പാപ്പാന്‍ ബോധം തെളിഞ്ഞു തിരിച്ചു വന്നപ്പ്പ്പോള്‍ അഭിരാമനു ദീനം കലശല്‍, പട്ടയൊന്നും തൊട്ടിട്ടു പോലുമില്ല. കൊലപാതക കുറ്റം തലയില്‍ നിന്നൊഴിവാക്കാന്‍ പപ്പാന്‍ ഇല്ലത്തു വിവരമറിയിച്ചു നേരെ തന്റെ നാട്ടിലേക്കു വണ്ടി കയറി.
ഉണ്ണി വിവരമറിഞ്ഞു ഒറ്റക്കു കരഞ്ഞു കൊണ്ട്‌ അഭിരാമന്റെ അടുത്തോടിയെത്തി.
അഭിരാമന്‍ ഉണ്ണിയെ ദയനീയമായി ഒന്നു നോക്കി.
മറ്റാരും അടുത്തില്ലാന്നുറപ്പു വരുത്തിയ നിമിഷങ്ങളൊന്നില്‍, അഭിരാമന്‍ തുമ്പിക്കൈ തന്റെ വായിലേക്കിട്ടു ഒരു ക്ലാവു പിടിച്ച കുടുക്ക പുറത്തെടുത്തു. അതു ഉണ്ണിയുടെ കയ്യില്‍ കൊടുത്തു.
ഉണ്ണി അതു തുറന്നു നോക്കുമ്പോള്‍ കണ്ടതു വിശ്വസിക്കാനാവാതെ നിന്നു.
നിറച്ചും സ്വര്‍ണ്ണനാണയങ്ങള്‍.

മരപ്പൊത്തില്‍ നിന്നു കിട്ടിയ ആ നിധി തന്റെ ഉണ്ണിക്കു മാത്രം കൊടുക്കാനായിരുന്നു ആഹാരം പോലും ഉപേക്ഷിച്ചു അതു വായ്ക്കുള്ളിലോളിപ്പിച്ചു വെച്ചതും പട്ടിണി കിടന്നു മരണം വിളിച്ചു വരുത്തിയതെന്നും പറയാന്‍ കഴിയാത്തതിനാലോ അതോ അതിനു മുന്‍പു മരണം വന്നു വിളിച്ചതിനാലോ അഭിരാമന്‍ കൈകാലുകള്‍ ഒന്നു നീട്ടി വലിച്ചു. പിന്നെ നിശ്ചലനായി.