Tuesday, April 24, 2007

അവരെ സ്വതന്ത്രമായി തെരഞ്ഞെടുക്കാന്‍ വിടൂ

വര്‍ഷം 1996
സമയം: സായന്തനം.
സ്ഥലം: തറവാട്ടിലെ അടുക്കള.
എന്റെ ജോലി: നാലുമണിച്ചായ ഉണ്ടാക്കുക.
--------------------------------------

പ്പോള്‍ പുറത്തു നിന്നും ഒരു പുരുഷന്റെയും ഒരു ബാലന്റെയും സംഭാഷണങ്ങള്‍ പാതിയടഞ്ഞ ജനലു വഴി അടുക്കളയിലേക്കു വീശിയെത്തുന്നു.

"എലിക്കു വിഷം വെക്കരുത്‌, അതു തെറ്റാണ്‌. നിങ്ങള്‍ വെട്ടുകെണി വെച്ചോളി, അല്ലങ്കില്‍ കൂടുകെണി വെച്ചോളി"

"അതു പറയാന്‍ നീയാരടാ ചെക്കാ?"
"ഇക്കണ്ട കാലം മുഴുവന്‍ ഞാന്‍ എലിക്കു വിഷം വെച്ചാ കൊന്നിട്ടുള്ളത്‌.ഇനിയും അങ്ങനെ തന്നെ കൊല്ലും.
നീയാരാ ചോദിക്കാന്‍?"

ഡയലോഗു ചൂടായപ്പോള്‍ ഞാന്‍ എന്റെ ജിജ്ഞാസ അടക്കാന്‍ കഴിയാതെ, അടഞ്ഞു കിടന്ന ജനല്‍ പാതി തുറന്നു പതിയെ പുറത്തേക്കു പാളി നോക്കി.

പുറത്തു എന്റെ അമ്മോശനും അടുത്ത വീട്ടിലെ സീനത്താന്റിയുടെ മകന്‍ 13 വയസ്സായ ഒരു ബാലനും തമ്മിലാണ്‌ സംവാദം.

അമ്മോശന്‍ മരച്ചീനിയുടെ ഒരുപാടു ചെറു കഷ്ണങ്ങള്‍ എടുത്തു അതില്‍ ഒരു തുളയുണ്ടാക്കി സിങ്ക്‌ ഫോസ്ഫേറ്റ്‌ (എലിവിഷം)നിറച്ചു ഒരു വന്‍ റാറ്റുസ്ലോട്ടറിനു തയ്യാറെടുക്കുകയാണ്‌.

അതു കണ്ടു നില്‍ക്കുന്ന ബാലനു (Zaibin) സഹിക്കാന്‍ കഴിയുന്നില്ല. അവന്‍ വേദനയോടെ നോക്കി നില്‍ക്കുന്നു.

അവന്‍ എലിനശീകരണത്തെ എതിര്‍ക്കുന്നതെന്തിനാണ്‌ എന്നറിയാന്‍ എനിക്കു വീണ്ടും ക്യൂരിയോസിറ്റി കൂടി. ഞാന്‍ സ്റ്റൗ ഓഫാക്കി. ജനലിനടുത്തു ചേര്‍ന്നു നിന്നു.

സൈബിന്‍ പറയുന്നതു മനസ്സിലാക്കാന്‍ അമ്മോശനു ക്ഷമയുണ്ടായില്ലങ്കിലും അതു കേള്‍ക്കാന്‍ ഞാന്‍ ക്ഷമയോടെ കാത്തു നില്‍ക്കുകയാണെന്നു ദൈവത്തിനറിയാവുന്നതിനാലാവണം അവന്‍ വിനീതമായി ഉപ്പാനെ ഉപദേശിക്കുന്നതു ഞാന്‍ വ്യക്തമായി കേട്ടു.

"എലി വിഷം വെക്കുന്നെങ്കില്‍ വെച്ചോളൂ, പക്ഷെ നാളെ രാവിലെ തന്നെ ചത്ത എലികളെ ശേഖരിച്ചു മണ്ണിലാഴത്തില്‍ കുഴിച്ചിടണം. ഇല്ലങ്കില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ആ ചത്ത എലികളെ തിന്നുന്ന മൂങ്ങകളും മറ്റു ജീവികളും ചാവും. ഇങ്ങനെയാണ്‌ നമ്മുടെ നാട്ടില്‍ മൂങ്ങകള്‍ക്കു വംശനാശം വന്നത്‌.പണ്ടൊക്കെ പെരുകിയിരുന്ന എലികളെ മൂങ്ങകളായിരുന്നു നശിപ്പിച്ചിരുന്നത്‌. ആ മൂങ്ങകളുടെ എണ്ണം കുറഞ്ഞപ്പോള്‍ എലികള്‍ പെരുകി.എലികളെ കൊല്ലാന്‍ വിഷം വെച്ചപ്പോള്‍ ആ വിഷമുള്ള എലിയുടെ ശവം തിന്നു ബാക്കിയുള്ള മൂങ്ങകളും നശിച്ചു കൊണ്ടിരിക്കുന്നു".

ഉപ്പാക്കു കാര്യം ഉള്‍ക്കൊള്ളാനായില്ലങ്കിലും അവന്റെ സ്വരത്തിലെ പിച്ചു എന്റെ ഉള്ളില്‍ തട്ടിയപ്പോള്‍ ആ വാക്കിലെ ആത്മാര്‍ത്ഥതയുടെ ആഴം മനസ്സിലായി.
അവനു പരിസ്ഥിതിശാസ്ത്രത്തെ കുറിച്ചുള്ള ധാരാളം വായിച്ചറിവുണ്ട്‌. തീര്‍ച്ച!.
ആ ചെക്കനു ഞാന്‍ അന്നു മനസ്സില്‍ ഒരു മാര്‍ക്കിട്ടു. 60%

അതിനു ശേഷം വിഷം വെച്ചു കൊല്ലുന്ന എലികളെയും കീടനാശിനികൊണ്ടു നശിപ്പിച്ച എല്ലാ ജീവികളെയും ഞാന്‍ ആഴത്തില്‍ കുഴിവെട്ടി മൂടാന്‍ ശീലിച്ചു തുടങ്ങി.

പിന്നെ ഞാന്‍ അവനെ കൂടുതല്‍ ശ്രദ്ധിച്ചു.
സീനത്താന്റിയുടെ വീട്ടില്‍ പോയപ്പോള്‍ അവന്‍ വായിക്കുന്ന പാഠ്യേതര പുസ്തകങ്ങള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കെ.കെ.നീലകണ്ഠന്‍സാര്‍ എഴുതിയ "കേരളത്തിലെ പക്ഷികള്‍"എന്ന അപൂര്‍വ്വ ലഭ്യതയുള്ള പുസ്തകം.
പിന്നെ പല പത്രമാസികകളിലും പാഠപുസ്തകങ്ങളിലും വന്ന വിവിധ പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളും വെട്ടിയെടുത്തു ഒട്ടിച്ചു വെച്ച ഒരു വര്‍ക്ക്ബുക്ക്‌.
അവന്റെ പക്ഷി നിരീക്ഷണങ്ങള്‍ എഴുതിയ ചെറിയ ഒരു സ്ക്രാപ്പ്‌ ബുക്ക്‌.
അന്നു ഞാനവനു പണ്ടിട്ട മാര്‍ക്കു കൂട്ടിയിട്ടു. 60%+10%

സീനത്താന്റിക്കും ഉമ്മറാക്കാക്കും പക്ഷെ ഇതൊക്കെ കണ്ടു ബേജാറായിരുന്നു. അവര്‍ക്കു സൈബിനെ ഒരു ഡോക്ടറല്ലാതെ കണാനാവുമായിരുന്നില്ല. ഉമ്മറുകാക്ക പണ്ടത്തെ ഡിഗ്രിക്കാരന്‍,ബാങ്കു സെക്രട്ടറിയായിട്ടും ഇടക്കെപ്പെഴോ ഗള്‍ഫുകാരനായിട്ടും രക്തത്തില്‍ കലര്‍ന്ന സത്യസന്ധത കാരണം അവസാനം പഞ്ചായത്തു പ്രസിഡണ്ടു സ്ഥാനം ജനകീയാസൂത്രണ ശര്‍ക്കരക്കുടം സഹിതം വീണു കിട്ടിയിട്ടും അഹിതമായതൊന്നും 'സമ്പാദി'ക്കാന്‍ മനസ്സാക്ഷി സമ്മതിക്കാത്തതിനാല്‍ മകനെ തെരക്കുള്ള ഒരു സ്പെഷ്യലിസ്റ്റു ഡോക്ടറാക്കാന്‍ നേര്‍ച്ച നേര്‍ന്നു നടക്കുന്നു.
മകനാണെങ്കിലോ പക്ഷികള്‍ക്കു പിറകെ സദാ സമയം കടലുണ്ടിപ്പുഴയോരത്തും കാട്ടിലും.

കാലം കഴിഞ്ഞു പോയി.
മാഷു ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ഒരു റഷ്യന്‍ നിര്‍മ്മിത ബൈനോക്കുലര്‍ വീട്ടില്‍ ആര്‍ക്കും ഉപയോഗമില്ലാതെ കിടക്കുന്നു. ഞാന്‍ മുത്തുമ്മാനോടു ചോദിച്ചു അനുവാദം വാങ്ങി, അതെടുത്തവനു കൊടുത്തു. അപ്പോള്‍ അവന്റെ കണ്ണില്‍ കണ്ട നന്ദിയുടെ തിളക്കത്തിനും ആ ഉത്സാഹത്തിനും ഞാന്‍ വീണ്ടും 5 മാര്‍ക്കു കൂട്ടി കൊടുത്തു 60%+10%+5%

പക്ഷെ ബൈനോക്കുലര്‍ കിട്ടിയതിന്റെ പിറ്റേന്നു സൈബിനെ കാണാതായി.
വീട്ടിലും നാട്ടിലും ആകെ ഒച്ചപ്പാടായി.പത്രത്തില്‍ വാര്‍ത്ത വന്നു. ഒരൊറ്റ വോട്ടിന്റെ പിന്‍ബലമുള്ള പഞ്ചായത്തില്‍ ഒരു അവിശ്വാസപ്രമേയം ചര്‍ച്ചക്കു വരുന്ന ദിവസമായതിനാല്‍ ഇതില്‍ പ്രതിപക്ഷത്തിന്റെ കൈ ഉണ്ടാ എന്നു വരെ എല്ലാരും സംശയിച്ചു.
പുഴയും കിണറും അരിച്ചു പെറുക്കി,ഒരു തുമ്പും കണ്ടില്ല.
അവസാനം രണ്ടു ദിവസം കഴിഞ്ഞു കടലുണ്ടിപ്പുഴ കടലില്‍ ചേരുന്ന ഭാഗത്തു നിന്നും അവനെ ആരോ ജീവനോടെ കണ്ടെത്തി. കയ്യില്‍ ഒരു ബൈനോക്കുലറും ചെറിയ നോട്ടു പുസ്തകവുമായി ഏതോ അപൂര്‍വ്വ ജിനുസില്‍ പെട്ട പക്ഷിയെ പിന്തുടര്‍ന്നു നിരീക്ഷിക്കുകയായിരുന്നവന്‍. പത്രത്തിലെ ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലരാണു തിരിച്ചവനെ വീട്ടിലെത്തിച്ചത്‌.

സൈബിന്‍ തിരിച്ചു വന്നപ്പോള്‍ പഞ്ചായത്തിലെ പ്രതിപക്ഷമാണു ഏറ്റവും ഉച്ചത്തില്‍ ആശ്വാസനിശ്വാസ മുതിര്‍ത്തത്‌.
ബൈനോക്കുലറും അവന്റെ തിരോധാനവും തമ്മിലുള്ള ബന്ധം എനിക്കാദ്യം മനസ്സിലാവാതിരുന്നതിനാല്‍ അവന്റെ അപ്രത്യക്ഷനായനേരം എനിക്കു തീ തിന്നേണ്ടി വന്നില്ല. ബൈനോക്കുലര്‍ കൊടുത്തതു ഞാനാണെന്നവന്‍ ആരോടും പറഞ്ഞില്ല. എന്നെ സംരക്ഷിച്ചതിനു ഞാന്‍ അവനു വീണ്ടും 5 മാര്‍ക്കു കൊടുത്തു 60%+10%+5%+5%

എം.ഇ.എസ്‌.മമ്പാടു കോളേജില്‍ നിന്നു സുവോളജിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഡിഗ്രിയും,
അലീഗഡ്‌ മുസ്ലിം യൂണിവേര്‍സിറ്റിയില്‍ നിന്നു മെറിറ്റു സ്കോളര്‍ഷിപ്പോടെ വൈല്‍ഡ്‌ ലൈഫ്‌ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടിയ അവനിപ്പോള്‍
കോയമ്പത്തൂരിലെ 'സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍നിത്തോളജി ആന്‍ഡ്‌ നാച്ചുറല്‍ ഹിസ്റ്ററി വകുപ്പിനു Mumbai Trans Harbour Sealink projectനു വേണ്ടി A study of flamingos and migratory birds at Mumbai എന്ന വിഷയത്തിനു റിസര്‍ച്ചു നടത്തുന്നു.
ഇന്നവന്റെ Blog Link മാഷില്‍ നിന്നു കിട്ടിയപ്പോള്‍
“(Let them Live Freely (അവയെ സ്വതന്ത്രമായി ജീവിക്കാന്‍ വിടൂ)“
ഞാന്‍ അതു വായിച്ചപ്പോള്‍ അവനു ഞാന്‍ 5 മാര്‍ക്കു കൂടി നല്‍കുന്നു. 60%+10%+5%+5%+5%

ഇനി അവന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന,
കേരളീയനായി,
എന്റെ അയല്‍വാസിയായി,
മാഷിന്റെ പ്രിയപ്പെട്ട ശിഷ്യനായി,
എന്റെ കൂട്ടുകാരി(സീനത്താന്റിയുടെ) മൂത്ത പുത്രനായി,
ഒരു ജൂനിയര്‍ സാലിംഅലിയാവുമ്പോള്‍ അവനു 100% മാര്‍ക്കു കൊടുക്കാന്‍ എന്റെ പേനയില്‍ ഇനി 15 മാര്‍ക്കു കൂടി ബാക്കിയുണ്ട്‌.
അതു കൊടുക്കാന്‍ ദൈവമെനിക്കു ഭാഗ്യവും ആയുസ്സും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

24 comments:

സാബി said...

“(Let them Live Freely (അവയെ സ്വതന്ത്രമായി ജീവിക്കാന്‍ വിടൂ)“

ഇനി Zaibin‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന,
കേരളീയനായി,
എന്റെ അയല്‍വാസിയായി,
മാഷിന്റെ പ്രിയപ്പെട്ട ശിഷ്യനായി,
എന്റെ കൂട്ടുകാരി(സീനത്താന്റിയുടെ) മൂത്ത പുത്രനായി,
ഒരു ജൂനിയര്‍ സാലിംഅലിയാവുമ്പോള്‍ അവനു 100% മാര്‍ക്കു കൊടുക്കാന്‍ എന്റെ പേനയില്‍ ഇനി 15 മാര്‍ക്കു കൂടി ബാക്കിയുണ്ട്‌.
അതു കൊടുക്കാന്‍ ദൈവമെനിക്കു ഭാഗ്യവും ആയുസ്സും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഒരു പുതിയ പോസ്റ്റ്.

SAJAN | സാജന്‍ said...

ഇതിനു ഞാന്‍ തേങ്ങയടിക്കുന്നില്ല..
പകരം നിര്‍ത്താതെ കയ്യടിക്കാനാതോന്നുന്നത്...
സൈബിനും .. അവനെ ക്കുറിച്ചെഴുതിയ സാബിക്കും..
ഞാന്‍ അവനു മാര്‍ക്കിടാന്‍ വച്ച സ്കെയില്‍ തെറ്റി എന്നു തോന്നുമാത്രം അവന്‍ വളരട്ടെ..ലോകമെങ്ങും അവനറിയപെടട്ടേ!!!
താങ്കളോടോപ്പം ഞാനും അവനെ ആശംസിക്കുന്നു!!!
അവനെ ബ്ലൊഗില്‍ പരിചയ്പ്പെടുത്തിയ രീത്യും നന്നായി

Reshma said...

സന്തോഷം തോന്നി:)

G.manu said...

:)

Siju | സിജു said...

ഡോക്ടറാക്കണമെന്നുണ്ടയിരുന്ന മകന്‍ കണ്ട കാക്കയുടേയും പൂച്ചയുടേയും പിറകെ പോയപ്പോള്‍ അതിനനുവദിച്ച മാതാപിതാക്കള്‍ക്കു കൊടുക്കണം 100% മാര്‍ക്ക്
വായിച്ചപ്പോള്‍ സന്തോഷം തന്നി. സൈബിന്‍ ലോകമറിയുന്ന ഒരാളാകട്ടെ...

ittimalu said...

നന്നായിരിക്കുന്നു .. എല്ല കുട്ടികള്‍ക്കും ഇങ്ങനെ സ്വതന്ത്രമായി വഴികള്‍ തിരഞ്ഞെടുക്കാന്‍ ആയിരുന്നെങ്കില്‍ ..

ബിരിയാണിക്കുട്ടി said...

സാബി ചേച്ചി, ഒരു നല്ല പോസ്റ്റ് .

അതിലൂടെ ഒരു നല്ല ബ്ലോഗ് പരിചയപ്പെടുത്തിയതിന് നന്ദി.

പഴയതൊക്കെ വായിച്ചിട്ടുണ്ട് കേട്ടോ. മാഷോട് പറയണ്ട, മാഷിന്റേതിനേക്കാള്‍ കൂടുതല്‍ വായിക്കാനിഷ്ടം ചേച്ചീടെ എഴുത്താ ;)

qw_er_ty

അപ്പു said...

സാബീ....സാജനും ബിരിയാണിയും പറഞ്ഞത് ഞാനും കോപ്പി പേസ്റ്റ് ചെയ്തോട്ടേ...... സന്തോഷം :-)

കുട്ടന്മേനൊന്‍::KM said...

:)

ബിന്ദു said...

അതെന്താ ഫുള്‍ മാര്‍ക്ക് കൊടുക്കാത്തത്? ഇത്രയും ആയ സ്ഥിതിക്ക് അവന്‍ ഫുള്‍മാര്‍ക്കും നേടും ഉടനെ തന്നെ. :)പരിചയപ്പെടുത്തിയതില്‍ സന്തോഷം.

ആഷ | Asha said...

സൈബിനേയും അദ്ദേഹത്തിന്റെ ബ്ലോഗും പരിചയപ്പെടുത്തിയതിനു നന്ദി.
സാബിത്തായുടെ എഴുത്തില്‍ ലേശം അസൂയയുമുണ്ടു കേട്ടോ :)

വേണു venu said...

സൈബിനെ നോക്കി ഞാനും കൈയ്യടിക്കുന്നു.
അതു് മനോഹരമായെഴുതിയ കരവിരുതിനു് നൂറു് മാര്‍ക്കും തരുന്നു.:)

Inji Pennu said...

സാബിത്താക്ക് നൂറ് മാര്‍ക്കിട്ടൂട്ടൊ ഞാന്‍. ഈ ബ്ലോഗ് ഇപ്പളാ ഒന്ന് വായിക്കാന്‍ കിട്ടിയെ. ഞാനൊന്ന് മൊത്തം അരിച്ചു പെറുക്കട്ടെ. അതിനു മുന്നേ, ഈ മാര്‍ക്കിവിടെ ഇരിക്കട്ടെന്ന് കരുതി.

daly said...

എന്തയാലും സൈബിന്‍ അവസാ‍ാം ഒരു ഡോക്ടറാവൂ‍ലോ. മാര്‍ക്കിടാന്‍ എന്തൊരു പിശുക്കിയാ. പഴേ കോണ്‍‌വെന്റെ റ്റീച്ചര്‍‌മാരെ പോ‍ാലെ. നല്ല എഴുത്ത്. അവസാനം സൈബിനെ അവന്റെ വഴ്ശിക്കു വിട്ട മാതാപിതാക്കള്‍ക്ക്ക് ഒരു സെല്യൂട്ട്

ദേവന്‍ said...

സന്തോഷം
qw_er_ty

A. P. Zaibin said...

Dear Sabiraatha,
I was really surprised to know that
you are interested in me. Its indeed a great privilage
being myself introduced by some one else- that too by
you & Kareemkka who always appreciated my passion for birds and
other creative crazes when it was most essential.
I came hereby a comment in my blog by Appu, since I was serching for this blog at last search by my blog name "Let them live freely" I reached here.
Thanks a lot.
convey my regards to Kareemkka.

ഇത്തിരിവെട്ടം|Ithiri said...

നല്ല എഴുത്ത്... പിന്നൊരു നല്ല മനസ്സും.

സാബി said...

Mr Zaibinനെ യും അവന്റെ ഇംഗ്ലീഷ്‌ ബ്ലോഗിനെയും പരിചയപ്പെടുത്തിയുള്ള എന്റെ പോസ്റ്റിനു ആശംസകള്‍ അര്‍പ്പിച്ച
(സാജന്‍, രേഷ്മ, ജി.മനു, സിജു, ഇട്ടിമാളു, ബിരിയാണിക്കുട്ടി, അപ്പു, കുട്ടന്‍ മേനോന്‍, ബിന്ദു, ആഷ, വേണു, ഇഞ്ചിപ്പെണ്ണ്‍, ഡാലി, ദേവന്‍, ഇത്തിരിവെട്ടം) എല്ലാര്‍ക്കും നന്ദി.
Zaibinനെ ഇവിടെയെത്തിച്ച അപ്പുവിന്നും സാജനും പ്രത്യേക നന്ദി.
വല്ലപ്പോഴും അവന്റെ ബ്ലോഗില്‍ പോയി ആത്മവിശ്വാസം പകരുക.സാലിം അലിയെപ്പോലെ ഒരുപക്ഷെ അതിനെക്കാള്‍ ഉയരത്തിലെത്തുന്ന ഒരു പക്ഷിനിരീക്ഷകനാവും അവനെന്നു എനിക്കുറപ്പാണ്‌. അതില്‍ നമുക്കോരോരുത്തര്‍ക്കും പങ്കുണ്ടെന്നു പില്‍ക്കാലത്തു അഭിമാനിക്കാമല്ലോ!

അഗ്രജന്‍ said...

സൈബിനെ മനോഹരമായി പരിചയപ്പെടുത്തിയിരിക്കുന്നു...


സൈബിന് ഉയരങ്ങള്‍ താണ്ടാനാവട്ടെ.

നിമിഷ::Nimisha said...

മനോഹരമായ എഴുത്തിലൂടെ ഒരസാധാരണ പ്രതിഭയെ പരിചയപ്പെടുത്തിയ സബിത്തായ്ക്ക് നന്ദി.വളരെ നല്ല പോസ്റ്റ്, സാബിത്തായുടെ ഭാഷയില്‍ പറഞ്ഞാല്‍ 100 മാര്‍ക്കിന് അര്‍ഹതയുള്ളത്. ബ്ലോഗ് മൊത്തം വായിച്ചു,ഇതെങ്ങനെ ഇത്രയും നാള്‍ മിസ്സായി എന്നേ ഉള്ളു ഇപ്പൊ സങ്കടം :)

Anoop said...

ബ്ലൊഗര്‍മാരുടെ പേരില്‍ ഒരന്‍ജു മാര്‍ക് കൂടി കൊടുത്തെരേ +5

ബയാന്‍ said...

പാവം എലികള്‍; എലിയെയും-മൂങ്ങയെയും എല്ലാരും മറന്നു. ഡിങ്കാ‍ാ‍ാ‍ാ‍ാ....

വിപിന്‍... said...

സൈബിനും സൈബിനെ പരിചയപ്പെടുത്തിയ സാബിത്താത്തയ്ക്കും സലാം...
സൈബിന്റെ ബ്ലോഗു കണ്ടു.
ഒരുനാള്‍ അയാള്‍ മറ്റൊരു സലിം അലി ആകും. സംശയമില്ല.

Seena said...

ഇതു വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.ചെറുപ്പത്തില്‍ എന്റെയും ആഗ്രഹമായിരുന്നു..നടക്കാതെ പോയി..
സൈബിനു എല്ലാ വിധ ആശംസകളും നേരുന്നു..