സ്കൂള്‍ അവധിക്കാലമല്ലെ!
കുഞ്ഞുങ്ങളെക്കാള്‍ അവരുടെ കൂടെ ഞങ്ങളുടെ ബന്ധു വീടുകള്‍ കറങ്ങാന്‍ എനിക്കാണുത്സാഹം.
പ്രവാസജീവിതം കൊണ്ടു നഷ്ടപ്പെടുത്തിയ കല്യാണാഘോഷങ്ങളും കൂട്ടുകുടുംബ സംഗമങ്ങളും "ഖളാ" (കടം) വീട്ടുകയും കൂടിയാണ്.
അവധിക്കാലത്തു ആദ്യം പോയതു റുഖിയമ്മായിയുടെ വീട്ടിലാണ്, അവിടെ ഒരു വാവ(പേരക്കുട്ടിയായി) ജനിച്ചിരിക്കുന്നു. ആ വാവക്കു സമ്മാനം കൊടുക്കണം.അവന്‍ ജനിച്ചിട്ടു പതിനഞ്ചു കഴിഞ്ഞിട്ടില്ല. അവനെ കാണാന്‍ ശബിക്കാണു ശാബുവിനെക്കാള്‍ ഊറ്റം.
കാണാന്‍ ചെന്നപ്പോള്‍ അവരുടെ ഒസ്സാച്ചി(കുടുംബക്ഷുരകി), കുഞ്ഞിനെ കുളിപ്പിക്കാന്‍ എണ്ണതേച്ചു കിടത്തിയിരിക്കുകയാണ്.
മൈമൂനതാത്തയെന്നാണു പേര്.വയസ്സു 60 കഴിഞ്ഞിരിക്കും.
റുഖിയമ്മായി എന്നെ അവര്‍ക്കു പരിചയപ്പെടുത്തി കൊടുത്തു,
"ആങ്ങളയുടെ മൂത്ത മരുമോളാ! ഇവളങ്ങു ദുബായിലായിരുന്നു. ഇപ്പോള്‍ വീടൊക്കെ വെച്ചു വേറെ കുടിപാര്‍പ്പു തുടങ്ങി.എന്നാലും ഇടക്കിടക്കു ഒരു ടിക്കറ്റുമെടുത്തു ആരെയും അറിയിക്കാതെ ഒറ്റക്കൊരു പോക്കുണ്ട്. പുത്യാപ്ലന്റെ അടുത്തുക്ക്!".
"പടച്ച തമ്പുരാനേ! ഒരു പെണ്ണൊറ്റക്കു വിമാനം കേറിപ്പോവേ!"
"ഖോജരാജാവായ തമ്പുരാനെ എനിക്കു വിശ്വാസം വരിണില്ലല്ലാ!"
"വല്ലാത്ത തന്റേടി തന്നെ!"
പെരുന്തച്ചനായി വേഷമിട്ട തിലകന്റെ ചിത്രം നാനയില്‍ വന്നതു കാണിച്ചു കൊടുത്തപ്പോള്‍, നാട്ടിലെ മൂത്താശാരി 'പഞ്ഞു' ഭക്തിപൂര്‍വ്വം ആ പടം നോക്കി തൊഴുതപോലെ ബഹുമാനത്തിന്റെ കൊടുമുടി കേറിയ ഒരു ജോടി കണ്ണോടെ മൈമൂനതാത്ത എനിക്കു നേരെ നോക്കി!. (കൈ കൂപ്പിയില്ലന്നു മാത്രം).
എനിക്കു എന്റെ ചപ്പലിനു പെട്ടന്നു ഹീലു കൂടിയ പോലെ തോന്നി. വീഴാതിരിക്കാന്‍ ഉങ്ങുമരത്തില്‍ ചാരി നിന്നു.
മൈമൂനാത്ത അത്ഭുതത്താല്‍ അതിദ്യുതിയോടെ കത്തുന്ന കണ്ണുകളുമായി എന്റെ മുഖത്തേക്കു നോക്കി കൊണ്ടുതന്നെ അവരുടെ പണി തുടര്‍ന്നു.
ഉങ്ങുമരത്തിന്റെ തണലില്‍, താഴെ വിരിച്ച മണലില്‍, നീട്ടിവെച്ച കാലില്‍ കുഞ്ഞിനെ കിടത്തി അവര്‍ വാവയെ മാലീസു ചെയ്യുന്നതു ശബിയും ശാബുവും കൗതുകത്തോടെ നോക്കിയിരുന്നു.
വാവയുടെ തലയില്‍ നിന്നു തുടങ്ങി പാദം വരെ, എണ്ണ ഇടക്കിടക്കു തൊട്ടു, കൈ തിരുമ്മി കൊണ്ടു മൈമൂനതാത്ത മാലീസു ചെയ്യുന്നതു കാണാന്‍ നല്ല രസം. അപാരമായ കൈത്തഴക്കം!.
മര്‍മ്മങ്ങളും സന്ധികളും അറിഞ്ഞു കൊണ്ടുള്ള കരചലനം വര്‍ഷങ്ങളായുള്ള അഭ്യാസത്തിന്റെ നേട്ടം തന്നെ!.
രൂപഗുണമില്ലാത്ത തലയോട്ടിയെ ഉഴിഞ്ഞു ഷേപ്പു വരുത്താനുള്ള പാരമ്പര്യമായി കിട്ടിയ ആ കഴിവ് എന്നെ അത്ഭുതപ്പെടുത്തി. വളരെ ശ്രദ്ധാപൂര്‍വ്വം നേര്‍പ്പിച്ചെടുത്ത ഇളംചൂടുവെള്ളം കുരുന്നു മേനിയിലൊഴിച്ചു പിയേര്‍സു സോപ്പു തേച്ചവനെ കുളിപ്പിക്കുമ്പോള്‍ കണ്ണില്‍ സോപ്പുപത പോകാതെ നോക്കാനവര്‍ക്കുള്ള കഴിവെന്നെ അത്ഭുതപ്പെടുത്തി. അവന്‍ കരഞ്ഞതേയില്ല. ആ എണ്ണക്കുളി അവന്‍ ആസ്വദിച്ചു പാല്‍പുഞ്ചിരി തൂകി കിടക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ എന്റെ ഉള്ളിലേക്കൊന്നു തിരിഞ്ഞു നോക്കി.
'പപ്പായുടെ സ്വന്തം അപ്പൂസിലെ' എണ്ണതേപ്പിക്കല്‍ പാട്ടു എന്റെ പരുക്കന്‍ ഒച്ചയില്‍ പാടി അശാസ്തീയമായി എന്റെ മോന്‍ ശാബുവിനെ ഓയല്‍ ബാത്തിംഗു നടത്തിയിരുന്നപ്പോള്‍,(രണ്ടും അസഹ്യമായതിനാലാവാം) അലറിക്കരഞ്ഞിരുന്ന അവനെ ഞാനെന്റെ പിന്‍നോട്ടത്തില്‍ കണ്ടു. അതോര്‍ത്തപ്പോള്‍ മൈമൂനാത്തന്റെ മുന്നില്‍ അപകര്‍ഷതകൊണ്ടു ഞാന്‍ വല്ലാതെ ചൂളി.
മൈമൂനാത്താനെ നോക്കിയ എന്റെ കണ്ണുകളിലെ ആദരവിന്റെ തിളക്കം തൊട്ടുമുന്‍പു എന്റെ മുഖത്തു പതിച്ചതിനെക്കാള്‍ കൂടുതലായിരുന്നു.
ശാബു ഇരിക്കുന്നിടത്തു നിന്നു പെട്ടന്നു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പൊള്‍ ബാലന്‍സു കിട്ടാതെ താഴെ വീഴാന്‍ പോയതു ശബി തക്കസമയത്തു പിടിച്ചതു കാരണം സംഭവിച്ചില്ല.
അവന്റെ കാലുകള്‍ ഇപ്പോഴും ശരിയായിട്ടില്ല. ഗള്‍ഫിലെ ജനനവും, ശൈശവദശയില്‍ ശാസ്ത്രീയമായ മാസേജ് കിട്ടാതിരുന്നതും, വിലകൂടിയ കാര്‍പറ്റു അഴുക്കാകുന്നതു തടയാന്‍ വിലകുറഞ്ഞ ഡയപ്പറുകള്‍ കൊണ്ടവെന്റെ അരയും കാലിഴകളും, സദാ വരിഞ്ഞു കെട്ടിയതിനാലും, ആ കുഞ്ഞിക്കാലുകളെ സദാ അകറ്റി നിര്‍ത്തിയതിനാലുമാണ്.
അവന്റെ പാദങ്ങള്‍ പൂര്‍ണ്ണമായി നിലത്തു പതിയാതെ, നിലത്തുറക്കാതെ നടത്തത്തില്‍ ബാലന്‍സില്ലായ്മ വന്നതും ഒരുപാടു ചികില്‍സ ചെയ്തിട്ടും പ്രത്യേക ഷൂ ഇടിപ്പിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടില്ല.
അവന്റെ ആ ബാലന്‍സില്ലാത്ത നടത്തം കാണുമ്പോള്‍ എനിക്കു എന്റെ അറിവില്ലായ്മയുടെ ആഴം മനസ്സിലാവും.
വല്ലപ്പോഴും എന്നില്‍ വീര്‍ത്തു വരുന്ന അഹങ്കാരത്തിന്റെ കുമിളകളെ കുത്തി പൊട്ടിക്കാന്‍ ഞാന്‍ അവന്റെ നടത്തത്തിലേക്കൊന്നു കണ്ണു തിരിച്ചാല്‍ മതി.