Wednesday, May 23, 2007

ശബിയുടെ ജന്മദിന വര്‍ണ്ണവസ്ത്രംവീട്ടമ്മയുടെ ജോലിത്തെരക്കുകള്‍ തീര്‍ത്തു വല്ലപ്പോഴും ഇത്തിരി മാനസീകോല്ലാസത്തിന്നായി ടി.വി. തുറക്കുമ്പോള്‍ അതില്‍ പ്രക്ഷേപണം ചെയ്യുന്ന ചില സീരിയലുകള്‍ കാണേണ്ടിവരുമ്പോള്‍ നിരാശ തോന്നാറുണ്ട്‌. ശരാശരിക്കാരുടെ ജീവിതത്തോടു തീരെ നീതി പുലര്‍ത്താത്ത 'ജീവിതഗന്ധി'(?)യെന്നവകാശം മാത്രമുന്നയിക്കപെടുന്ന കഥകളാണു മിക്കതിലും.
സീരിയല്‍ നിര്‍മ്മാണ പിന്നാമ്പുറ വഴക്കുകള്‍ക്കും, വാശികള്‍ക്കും, മത്സരങ്ങള്‍ക്കും മറയിടാന്‍ വേണ്ടി, കഥയിലും ചിത്രീകരണത്തിലും പെട്ടന്നു നടത്തുന്ന ട്വിസ്‌റ്റിംഗുകളും മലക്കം മറിച്ചിലുകളും കാഴ്‌ചക്കാരനില്‍ ദിനം പ്രതി മടുപ്പുളവാക്കിക്കൊണ്ടിരിക്കുകയാണ്‌.
കാര്യമായ ഹോം വര്‍ക്കില്ലാതെ, അപ്പപ്പോള്‍ ലൊക്കേഷനില്‍ നിന്നു തന്നെ മുട്ടിന്‍കാലില്‍ വെച്ചു മാറ്റി എഴുതേണ്ടിവരുന്ന തിരക്കുള്ള മിക്ക തിരക്കഥാ കൃത്തുക്കള്‍ക്കും അവരുടെ തിരക്കഥകളില്‍ നിന്നു ചിത്രീകരിക്കുന്ന ഈ സീരിയലുകള്‍ പലപ്പോഴും കാണേണ്ടിവരുന്നില്ലായിരിക്കാം. പക്ഷെ അതു വെച്ചു വധിക്കാന്‍, വീട്ടമ്മമാരുടെ വിശ്രമസമയങ്ങള്‍ കണ്ടെത്താന്‍ റിസര്‍ച്ചു ചെയ്തു അവര്‍ അന്നേരം തെരഞ്ഞെടുത്തു പ്രക്ഷേപണം ചെയ്തു ഞങ്ങളെ ശരിക്കും കശാപ്പു ചെയ്യുന്നു.

സീരിയലിനിടക്കുള്ള ഒരു മിനിട്ടു നീണ്ടു നില്‍ക്കുന്ന ചില പരസ്യങ്ങളാണു അതിനെക്കാള്‍ നല്ലതും ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതുമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

ദൂരദര്‍ശനില്‍ വരുന്ന ഒരു എയര്‍ കണ്ടീഷണറിന്റെ പരസ്യം ഒരു വിധം എല്ലാവരുടേയും മനസ്സിനെ വല്ലാതെ സ്‌പര്‍ശിച്ചിട്ടുണ്ടാവും.
വളരെ മനോഹരമായാണതു ചിത്രീകരിച്ചിരിക്കുന്നത്‌.

സീന്‍ - 1. ഉത്തരേന്ത്യന്‍ പശ്ചാതലത്തില്‍, വലിയ കൊട്ടാരത്തിലെ കാര്യസ്ഥജോലിക്കാരനായ അച്ഛന്റെ കൂടെ കൊട്ടാരം തൂത്തു വൃത്തിയാക്കുന്നതു കാണാനെത്തുന്ന കൊച്ചു മോള്‍.

സീന്‍ - 2. ഒരു കസേരയില്‍ കയറി ഏന്തി വലിഞ്ഞു നില്‍ക്കുന്ന മകളുടെ കുഞ്ഞിക്കാലുകള്‍ ഉദ്ദ്വോഗത്തോടെ നോക്കി നില്‍ക്കുന്ന അച്ഛന്‍.

സീന്‍ - 3. പുറത്തു കൊടും ചൂടില്‍ പണിയെടുക്കുന്ന അമ്മക്കു ശ്യൂന്യമായതെങ്കിലും നന്നായടച്ച ഒരു ചെറിയ ചില്ലുഭരണി ഓടിക്കൊണ്ടു വന്നു കൊടുക്കുന്നു ആ മകള്‍.

സീന്‍ - 4. അടപ്പു തുറന്നു അതില്‍ നിന്നും വരുന്ന തണുത്ത കാറ്റ്‌ വിയര്‍ത്തൊഴുകുന്ന മുഖത്തേക്കു പതിക്കുമ്പോള്‍ ആ അമ്മ അനുഭവിക്കുന്ന സുഖത്തിന്റെ ഒരു ഷോട്ട്‌.

സീന്‍ -5. അമ്മയുടെ മുഖം വായിക്കുന്ന മോളുടെ ആ നിര്‍വൃതിയുടെ ഒരു ഷോട്ട്‌. താഴെ എയര്‍ കണ്ടീഷന്റെ ചിത്രവും.

എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

മോള്‍ എ.സി.യില്‍ നിന്നു വരുന്ന തണുത്ത കാറ്റു പ്രയാസപ്പെട്ടു കൊച്ചുഭരണിയില്‍ ശേഖരിച്ചു പുറത്തെ ചൂടില്‍ പണിയെടുക്കുന്ന അമ്മക്കു ഓടി കൊണ്ടു പോയി കൊടുക്കുന്ന രംഗം കാഴ്ചക്കാരന്‍ മനസ്സില്‍ ഇഴ കൂട്ടിചേര്‍ത്തു വായിക്കുമ്പോള്‍ ഈ പരസ്യം വന്‍ വിജയമാകുന്നു.
(ആ എ.സി.യുടെ ബ്രാന്‍ഡ്‌ നാമം മനപ്പൂര്‍വ്വം പറയാതിരിക്കുന്നതണ്‌. ഇനി അവര്‍ വല്ല ചെക്കും അയച്ചു തന്നാലോ എന്നു പേടിച്ച്‌?)

ഈ പരസ്യം കാണുകയാല്‍ എന്നോടു മോള്‍ക്കുള്ള സ്നേഹം കൂട്ടിയിട്ടുണ്ടോ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.ഇതു കാണാന്‍ വേണ്ടി മാത്രം ഞാന്‍ ടി.വി. തുറന്ന ദിവസങ്ങള്‍ ഉണ്ട്‌. (ഇനി ഞാന്‍ സ്വാര്‍ത്ഥയായതോണ്ടാണോ?)


എന്നാല്‍ വേറെ ചില പരസ്യങ്ങള്‍ വന്നാല്‍ ഞാന്‍ ചാനല്‍ പെട്ടന്നു മാറ്റാറും ഉണ്ട്‌.അതിലൊന്ന്,
ഒരു ഡിറ്റര്‍ജണ്ടിന്റെ പരസ്യത്തില്‍ കളര്‍ ഡ്രസ്സില്‍ ക്ലാസിലെത്തുന്ന വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുന്ന മിസിനോടവന്‍ പറയുന്നു " ഇന്നെന്റെ ഹാപ്പി ബര്‍ത്ത്‌ ഡേയാ മിസ്‌"
പിറ്റത്തെ ദിവസം കളര്‍ ഡ്രസ്സിലെത്തുന്ന അനേകം കുട്ടികള്‍ പറയുന്ന എസ്‌ക്യൂസും ഇന്നെന്റെ ഹാപ്പി ബര്‍ത്ത്‌ ഡേ യാണെന്നാണ്‌. അതിനു ശേഷം മിസ്സു തന്നെ കളര്‍ ഡ്രസ്സില്‍ ക്ലാസ്സിലെത്തുമ്പോള്‍ ആദ്യത്തെ കുട്ടി കളിയാക്കി ചോദിക്കുന്നു " ഇന്നു മിസ്സിന്റെ ഹാപ്പി ബര്‍ത്ത്‌ ഡേയാണോ?". അപ്പോള്‍ മിസ്സും കുട്ടികളും ചേര്‍ന്നു പൊട്ടിച്ചിരിക്കുമ്പോള്‍ കളര്‍ വസ്ത്രങ്ങള്‍ അലക്കാനുള്ള ആ ഡിറ്റര്‍ജണ്ടിന്റെ പരസ്യം വളരെ ശ്രേഷ്ടമാകുന്നു.
പക്ഷെ ഈ പരസ്യം വരുമ്പോള്‍ എന്റെ മക്കളുടെ രണ്ടാളുടേയും മുഖം വല്ലാതാകുന്നതു ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഈ പരസ്യം വരുന്നതിന്നു മുന്നേ റിമോട്ടു കയ്യിലെടുത്തിരിക്കും.(ഇതും എന്റെ സ്വര്‍ഥതയെന്നു കരുതരുത്‌) അവര്‍ വിഷമിക്കുന്നതു സഹിക്കാന്‍ എനിക്കു കഴിയാറില്ല.
കാരണം രണ്ടാള്‍ക്കും കളര്‍ ഡ്രസ്സിട്ടു അവരുടെ ഹാപ്പി ബര്‍ത്ത്‌ ഡേക്കു ക്ലാസ്സില്‍ കൂട്ടുകാര്‍ക്കു മുന്നില്‍ മിഠായി വിതരണം ചെയ്തു ഷൈന്‍ ചെയാന്‍ ആവില്ല. ശബിയുടേതു മെയ്‌ 24നും ശാബുവിന്റെതു ഡിസംബര്‍ 25 നും ആയതിനാല്‍ ഈ രണ്ടു സമയത്തും നീണ്ട സ്കൂള്‍വെക്കേഷന്‍. അവര്‍ക്കു കളര്‍ ഡ്രസ്സിട്ടു ക്ലാസ്സില്‍ പോകാന്‍ വിധിച്ചിട്ടില്ല.

അതിനാല്‍ ഇപ്രാവശ്യം ശബി ഈ പരസ്യം കാണരുതെ എന്നാണ്‌ എന്റെ പ്രാര്‍ത്ഥന. പകരം അവളുടെ കൂട്ടുകാരികളെ വീട്ടിലേക്കു വിളിച്ചു ഒരു പാര്‍ട്ടി നടത്തി എന്റെ സ്നേഹം ഞാന്‍ അവള്‍ക്കു പകരട്ടെ!

അതോടാപ്പം ഞാനെന്റെ ബ്ലോഗിലൂടെ അവളെ ഇങ്ങനെ ഒന്നാശംസിക്കട്ടെ!
"മെനി മെനി ഹാപ്പി ബര്‍ത്ത്‌ ഡെ റ്റു യൂ, മൈ സ്വീറ്റ്‌ ശബി"