കുറേ നേരമായി ഫോണ്‍ അടിക്കുന്നു
മീനാക്ഷിക്കുട്ടിയുടെ റിംഗ്‌ടോണാണ്.
"എന്തുപറ്റി അവള്‍ക്കിന്നേരത്തു വിളിക്കാന്‍?".
മീനിന്റെ ഉളുമ്പുമണം പോകുന്നതു വരെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ ക്ഷമ കിട്ടാതെ ഓടി ചെന്നെടുത്തു.
അവളു തന്നെ!
"സാബി, ഞാന്‍ ഒരു വിഷമവൃത്തത്തിലാ.. എന്റെ ക്ലാസ്സില്‍ നിന്നു ഒരു കുട്ടി കൂടി ഇന്നു സ്വകാര്യസ്കൂളിലെക്കു മാറി. ഡിവിഷന്‍ നിലനിര്‍ത്താനുള്ള എണ്ണം തെകയാതായി. ഈ ഡിവിഷന്‍ ക്യാന്‍സലായാല്‍ സീനിയോറിറ്റി കുറഞ്ഞ ഞാന്‍, ഇനി ദൂരെ വല്ല കാട്ടുമുക്കിലെ സ്കൂളും തേടിപ്പോണം. നീ വിചാരിച്ചാല്‍ നാലാം ക്ലാസ്സിലെക്കു ഒരു കുട്ടിയെ സംഘടിപ്പിക്കാന്‍ പറ്റില്ലേ? പ്ലീസ്"
അവളുടെ കണ്ണീരു വീണു ഫോണ്‍ നനഞ്ഞെന്നു മനസ്സിലായി. വാക്കുകളിലെ അക്ഷരങ്ങള്‍ മുറിഞ്ഞാണു കേള്‍ക്കുന്നത്.
ഞാന്‍ ആദ്യമായി അവളെ ആശ്വസിപ്പിക്കാനാണു ശ്രമിച്ചത്.
" നീ വിഷമിക്കല്ലെ! നമുക്കു നോക്കാം..! അമ്മയോടു പറഞ്ഞു നാളെ നീ സ്കൂള്‍ വിട്ടു നേരെ ഇങ്ങോട്ടു വാ"
ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.
ഞാന്‍ അലോചിച്ചു.
"നിങ്ങള്‍ക്കു വേണങ്കില്‍ പഠിച്ചാല്‍ മതി ഞങ്ങള്‍ക്കുള്ളത് എന്തായാലും കിട്ടും" എന്നു വീമ്പിളക്കിയിരുന്ന നമ്മുടെ കാലത്തെ ടീച്ചര്‍മാരല്ല ഇന്ന്. നല്ല ശമ്പളം വാങ്ങുന്ന ടീച്ചര്‍മാരെ ശക്തമായി നിയന്ത്രിക്കുന്ന പോസിറ്റിവായ പി.ടി.എ കളാണു ഇപ്പോഴത്തെ ഉയര്‍ന്ന വിദ്യഭ്യാസ നിലവാരത്തിന്റെ നട്ടെല്ല്. മലപ്പുറത്തുപോലും ഇന്നു ഉയര്‍ന്ന വിദ്യഭ്യാസ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ ധാരാളം. ഈ മേഖലയില്‍ ഒരു സമരം കണ്ടിട്ടഞ്ചാണ്ടായി. കളിയല്ല ഇപ്പോള്‍ ഇവിടെ വിദ്യാഭ്യാസം. കോപ്പിയടിച്ചാണു മലബാറില്‍ മാര്‍ക്കു വാങ്ങുന്നതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിനു തന്നെ താന്‍ മുഖ്യനായപ്പോള്‍ ആ വാക്കു വിഴുങ്ങേണ്ടി വന്നു.
മീനാക്ഷി എന്റെ പ്രീഡിഗ്രി ക്ലാസ്‌മേറ്റും ബെസ്റ്റ് ഫ്രണ്ടും.
പ്രീഡിഗ്രിക്കു ശേഷം അവള്‍ ടി.ടി.സിക്കു ചേര്‍ന്നു. റിസള്‍ട്ടറിഞ്ഞ പിറ്റെ കൊല്ലം തന്നെ അവള്‍ കൂപ്പിലങ്ങാടി എല്‍.പി.സ്കൂളില്‍ ടീച്ചറായി കയറി. ഞാന്‍ പ്രവാസം കഴിഞ്ഞു നാട്ടില്‍ സെറ്റിലായപ്പോഴേക്കും കൂപ്പിലങ്ങാടിയിലെ ഒരു ഡിവിഷന്‍ ഡ്രോപ്പ്-ഔട്ടു കാരണം കട്ടായതിനാല്‍ അവള്‍ ട്രാന്‍സ്ഫറായി എന്റെ ഗ്രാമത്തിലെ സ്കൂളിലെത്തിയിരുന്നു.
ഒരു ദിവസം പോസ്റ്റാഫീസിലേക്കുള്ള എന്റെ ധൃതിപിടിച്ച നടത്തത്തിനിടെ, അപ്പര്‍ പ്രൈമറിസ്കൂളിന്റെ സ്റ്റാഫ്-റൂം ജനലു വഴി എന്നെ കണ്ട അവള്‍ ഓടി എന്റെ അരികിലെത്തിയപ്പോള്‍ ഞാന്‍ അന്തം വിട്ടു നിന്നു. പിറകെ അവളുടെ എക്കാലത്തെയും ഒരു കുസൃതിപിച്ചും.
അവള്‍ ഈ സ്കൂളില്‍ ടീച്ചറാണെന്നു എനിക്കും, എന്നെ കല്യാണം കഴിച്ചു കൊണ്ടു വന്നതിവിടേക്കാണെന്നവള്‍ക്കും ആദ്യ അറിവായിരുന്നു. എന്റെ കല്യാണ സമയത്തു അവള്‍ ദൂരെയെങ്ങാണ്ടു റ്റി.റ്റി.സി.ക്കു പഠിക്കുകയായിരുന്നു.
സ്കൂള്‍ വിട്ടപ്പോള്‍ അവളെ ഞാന്‍ നേരെ ഞങ്ങളുടെ വീട്ടിലേക്കു കൂട്ടി കൊണ്ടു വന്നു.
നേരം വൈകിയപ്പോള്‍ അവള്‍ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞു
"അമ്മേ! ഞാനിന്നു സാബിയുടെ വീട്ടിലാ. അവളുടെ വീട് എന്റെ സ്കൂളിനടുത്താ!"
അമ്മയുമായി ഞാനും ഏറെ നേരം ഫോണില്‍ സംസാരിച്ചു. അവര്‍ക്കു എന്നെ നല്ല ഓര്‍മ്മയുണ്ട്. പലപ്രാവശ്യം ഞാന്‍ ആ വീട്ടില്‍ പോയിട്ടുള്ളതല്ലെ!
മീനാക്ഷിയുടെ സെല്ലുലറിലും എയര്‍റ്റെല്‍ കണക്ഷനാ.. എയര്‍റ്റെല്‍ റ്റു എയര്‍ റ്റെല്‍ ഫ്രീയായതിനാല്‍ എനിക്കും വളരെ സന്തോഷമായി. ഇനി കൂടെക്കൂടെ വിളിക്കാമല്ലോ.
പിറ്റേന്നവള്‍ 'തുഷാര'യില്‍ നിന്നു നേരെ സ്കൂളില്‍ പോകുന്നതു വരെ ഇടക്കൊന്നു കണ്ണുചിമ്മിയപ്പോഴെന്നൊഴിച്ചാല്‍ അവളുടെയോ എന്റെയോ വായടച്ചിട്ടില്ലായിരുന്നു.
ഞങ്ങള്‍ക്കൊരുപാടു സംസാരിക്കാനുണ്ടായിരുന്നു. പറയാതെ ബാക്കിവന്നത് പിന്നെ കൂടെക്കൂടെ ഫോണില്‍ സംസാരിച്ചു തീര്‍ത്തു. കാണണമെന്നും പിച്ചണമെന്നും തോന്നുമ്പോള്‍ ഇടക്കിടക്കു വന്നു ഞങ്ങളുടെ കൂടെ പാര്‍ക്കും. ശബിക്കും ശാബുവിന്നും പ്രിയപ്പെട്ട ടീച്ചറാന്റിയായവള്‍. അവളുടെ കെട്ട്യോന്‍ ഖത്തറിലാ. കുട്ട്യാളൊന്നുമായിട്ടില്ലിതുവരെ!
അതുകൊണ്ടു ടീച്ചറു ജോലി അവള്‍ക്കു സാമ്പത്തികാവശ്യത്തിനെക്കാള്‍ മാനസികാവശ്യം ആണ്.
അങ്ങനെയുള്ള മീനാക്ഷിക്കുട്ടിയാണിപ്പോള്‍ ഒരു എടങ്ങേറില്‍ കുടുങ്ങിയിരിക്കുന്നത്. ഇപ്പോള്‍ അവളെ സഹായിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കൂട്ടുകാരി എന്ന പദത്തിനെന്താണൊരര്‍ത്ഥം!.
മീനാക്ഷി സ്കൂള്‍ വിട്ടു വരുന്നതു വരെ ഞാന്‍ നാലാം ക്ലാസ്സിലേക്കു വേണ്ട ഒരു കുട്ടിയെ ആലോചിക്കുക തന്നെയായിരുന്നു. അതിനിടക്കു അവള്‍ ഓരോ പിരിയേഡ് ഇടവേളകളിലും എന്നെ വിളിച്ചിരുന്നു.
ശബിയോടു തെരക്കിയപ്പോഴാണ് ബി.ബി.സി. സൗദയുടെ മകന്‍ അര്‍ഷാക് (അരിച്ചാക്കെന്നു കുട്ടികള്‍ കളിയാക്കി വിളിക്കും) നാലാം ക്ലാസ്സു നിര്‍ത്തിയട്ടാണു മേല്‍മുറിയില്‍ നിന്നു ഇങ്ങോട്ടു കുടിയേറിയതെന്നു മനസ്സിലായത്.
ബീപാത്തു ഞങ്ങളുടെ ബീ.ബീ.സി.യാണ്.
ഞങ്ങളുടെതെന്നു വെച്ചാല്‍ ആനക്കയം പഞ്ചായത്തിലെ ആറാം വാര്‍ഡുകാരുടെയെല്ലാം.
കഴിഞ്ഞ ഭരണകക്ഷി അവരുടെ നേതാവിനു വിജയം ഉറപ്പിക്കാന്‍ ആറാം വാര്‍ഡിന്റെ നീളം കൂട്ടി വീതി കുറച്ചപ്പോള്‍ ബീപാത്തുവിന്ന് അവരു നിയോജകമണ്ഡലം മുഴുവന്‍ കവര്‍ ചെയ്യാന്‍ വളരെ പ്രയാസപ്പെട്ടു.
അങ്ങനെയാണ് കയ്യിരിപ്പിന്റെ ഗുണം കൊണ്ടു കെട്ട്യോന്‍ കളഞ്ഞോണ്ടു പോയിട്ടും ഒരു ചെക്കനെയും കൊണ്ടു മേല്‍മ്മുറിയിലെ കെട്ടിച്ചയച്ചവീട്ടില്‍ ഒറ്റക്കു കഴിയുകയായിരുന്ന മകള്‍ സൗദാനെ ആറാം വാര്‍ഡിലേക്കവര്‍ ഇറക്കുമതി ചെയ്തത്.
അതോടെ സൗദ ആറാം വാര്‍ഡില്‍ ബി.ബി.സി യുടെ ഒരു പ്രാദേശിക എഡിഷനായി തുടങ്ങി.
കല്യാണ, സല്‍ക്കാര, പ്രസവ, വിവാഹമോചന, കൂട്ടികൊണ്ടുപോകല്‍ മുതല്‍ മരണം, മാരണം, മാളികവെക്കല്‍, മംഗല്യത്തിനു വരേ തലേന്നു മുതല്‍ തന്നെ ബീ.ബി.സി. ക്ഷണിക്കാതെ ഹാജര്‍.
അതവരുടെ അവകാശമാണ്. അതിനവര്‍ക്കു കാശും, സമ്മാനവും പിന്നെ ബാക്കി വരുന്ന ബിരിയാണിയും (ബാക്കിയെന്ന പേരിലുള്ളതു ചെമ്പു പൊട്ടിക്കുമ്പോള്‍ തന്നെ അവര്‍ ആദ്യം മാറ്റിവെച്ചിരിക്കും).
അരിയിലെ കല്ലു പെറുക്കലും ഇഞ്ചി, ഉള്ളി, വെള്ളുള്ളി എന്നിവയുടെ തൊലി പൊളിക്കലുമെന്നു പറഞ്ഞാണു വരവെങ്കിലും ആറാം വാര്‍ഡിലെ 'വിശേഷങ്ങളുടെ' വിഴുപ്പലക്കലാണ് മുഖ്യജോലി. ഇപ്പോള്‍ സോര്‍ട്ടക്സ് അരിയായതിനാല്‍ കൂടുതല്‍ കല്ലൊന്നും പെറുക്കിക്കളയാനുണ്ടാവില്ല. മാത്രമല്ല ഇഞ്ചിയുടേയും വെള്ളുള്ളിയുടേയും പേസ്റ്റാണു അധികമെല്ലാരും വാങ്ങുന്നത്. എന്നാലും 'വിസേയം' പറച്ചിലിനിടയില്‍ ഉള്ളിയുടെ അവസാന തൊലിയും പൊളിച്ചു ചിലപ്പോള്‍ ബി.ബി.സി. സ്വയം മറന്നു കര്‍ത്തവ്യനിരതയാവും. അതു കാണുമ്പോള്‍ വീട്ടിലുള്ളവര്‍ കലി ബാധിതരും. എതിര്‍ത്തെന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ഈ വീട്ടിലെ കുറ്റമാകും അടുത്ത വീട്ടിലെ മറ്റൊരാണ്ടറുതിയിലെ "ടാബ്ലോയിഡ്". അതിനാല്‍ ഞാനിതുവരെ ബി.ബി.സി. ട്യൂണ്‍ ചെയ്തിട്ടില്ല.
ആ ബി.ബി.സി.സന്തതിയെയാണു മീനാക്ഷിക്കു കോറം തെകക്കാന്‍ സ്കൂളില്‍ തളച്ചിടേണ്ടത്.
എന്തു ത്യാഗം സഹിച്ചായാലും വേണ്ടില്ല എന്റെ മീനാക്ഷിക്കുട്ടിക്കുവേണ്ടിയല്ലേ!.
മീനാക്ഷി വന്നപ്പോള്‍ ചായ കൊടുത്ത് അവളെയും കൂട്ടി ബി.ബി.സി ഓഫീസിലേക്കു നടന്നു. റിപ്പോര്‍ട്ടര്‍മാര്‍ രണ്ടും ഊരു ചുറ്റാന്‍ പോയിരിക്കുന്നു. അരിച്ചാക്കു മാത്രം മണല്‍ചാക്കിനു മുകളില്‍ ഇരിക്കുന്നു.
ഞാന്‍ പറഞ്ഞു
"മീനാക്ഷി അതാ ഇര! നല്ലോണം സോപ്പിട്ടോ?"
അവള്‍ വാനിറ്റി തുറന്ന് ശബിക്കും ശാബുവിനുമായി കരുതിയതില്‍ നിന്നു ഒരു ഫൈവ്സ്റ്റാര്‍ ചോക്കളേറ്റ് എടുത്ത് അവനു നീട്ടി.
അവന്‍ ഒരല്‍ഭുത വസ്തു ആദ്യമായി കാണുന്ന ഭാവത്തില്‍ മിഴിച്ചു നോക്കി.
മീനാക്ഷി തന്നെ റാപ്പര്‍ വലിച്ചു കീറി അവന്റെ വായില്‍ വെച്ചു കൊടുത്തു. അവന്‍ രണ്ടു വെട്ടിനതു തീര്‍ത്തു അടുത്തതിനായി കാത്തു നിന്നു. മീനാക്ഷി ശബിയുടെയും ശാബുവിന്റെയും മുഖത്തേക്കു നോക്കാന്‍ കഴിയാതെ മറ്റേതും കൂടി അണ്ണാക്കിലേക്കു കേറ്റി വെച്ചു കൊടുത്തു. അതും നല്ലോണം എണ്ണയിട്ട കപ്പി വഴി പിടി വിട്ട തൊട്ടിയും കയറും പോണ പോലെ ഒരു പോക്ക്. മുന്‍പൊരിക്കലും അന്നം കാണാത്ത ആക്രാന്തത്തോടേ! (ദിവസേന കണ്ടവരുടെ ബിരിയാണിയാണു തീറ്റ എന്നാലും)
ചെക്കന്റെ കണ്ണു വീണ്ടും വാനിറ്റി ബാഗിനുള്ളിലേക്ക് നീണ്ടു. മീനാക്ഷിയുടേത് എന്റെ മുഖത്തേക്കും.
ശബിയുടേയും ശാബുവിന്റെയും മുഖം കടന്നല്‍ കുത്തിയതിനു സമം. എന്നാലും വേണ്ടില്ല.
ചോക്കളേറ്റിന്റെ പശ 'അരിച്ചാക്കിന്റെ' അണ്ണാക്കിന്നു അലിഞ്ഞു പോകുന്നതിന്നു മുന്‍പ് ബി.ബി.സി.കള്‍ എത്തി ചെക്കനെകൊണ്ടു തന്നെ സമ്മതിപ്പിച്ച് സ്കൂളിലെത്തിച്ചാല്‍ മീനാക്ഷിക്കു ഡിവിഷന്‍ നിലനിര്‍ത്താമല്ലോ എന്ന ആശ മാത്രമേയുണ്ടായിരുന്നുള്ളൂ.
ബി.ബി.സി.കള്‍ എത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തി കുട്ടിയെ നാലാം ക്ലാസ്സിലേക്കു ചേര്‍ക്കാമെന്നു ഉറപ്പു തന്നു. അതിനു പകരമായി മേല്‍മുറിയിലെ പഴയ സ്കൂളില്‍ പോയി ടി.സി. വാങ്ങിച്ചു കൊണ്ടു വരാമെന്നും രണ്ടു ജോടി യൂണിഫോം തയ്പ്പിച്ചു കൊടുക്കാമെന്നും ഉച്ചക്കഞ്ഞിക്കു പകരം അവനു ചോറു കൊടുക്കാമെന്നും മീനാക്ഷിക്കു ബീ.ബി.സി.കറാരില്‍ മൂക്കു കൊണ്ടു‘ക്ഷ' യെന്നു ഒപ്പിട്ടു കൊടുക്കേണ്ടി വന്നു.അതിനു താഴെ ഞാന്‍ എല്ലാറ്റിനും ഉത്തരവാദിയെന്നു “ര” എന്നും ഒപ്പിട്ടു കൊടുത്തു.
അങ്ങനെ അര്‍ഷാക്കും യൂണിഫോമില്‍ കയറി സ്കൂളില്‍ പോക്കു തുടങ്ങി.
മീനാക്ഷി കൂടെ കൂടെ വിളിച്ചു നന്ദി പറഞ്ഞു.
ആ നന്ദി പറച്ചില്‍ എന്നില്‍ സത്യത്തില്‍, ആവശ്യമില്ലാത്ത കുറച്ചു ചിന്തയും ചീത്ത ആത്മവിശ്വാസവും കൂട്ടി. ആറാം വാര്‍ഡ് അടുത്ത പ്രാവശ്യം മുതല്‍ വനിതാവാര്‍ഡാണ്. ബി.ബി.സി.കളുടെ പിന്തുണയും സഹായവും ഉണ്ടെങ്കില്‍ ഒരു കൈനോക്കിയാലോ? (വിനാശകാലേ വിപരീത ചിന്ത!).
ആ അതിമോഹത്തിന്നു തക്ക ശിക്ഷയെന്ന വിധം കൃത്യം ഒരാഴ്ച കഴിഞ്ഞു രണ്ടു ബി.ബി.സി,കളും കൂടി പ്രചരണ ജാഥക്കു മുന്നില്‍ ബാനര്‍ പിടിക്കുന്ന രീതിയില്‍ അരിച്ചാക്കിനെ ഒരോ കയ്യില്‍ തൂക്കിയെടുത്തു തുഷാരയില്‍ വന്നു കയറി. ചെക്കന്റെ ഹൈ ഫ്രീക്കന്‍സി അലറല്‍ കാരണം മുറ്റത്തു ഉണങ്ങാനിട്ടിരുന്ന നെല്ലില്‍ കൊത്തിപ്പെറുക്കി നിന്നിരുന്ന നാലഞ്ചു കോഴികള്‍ ഭാരിച്ച ഉടലും പേറി പേടിച്ചു അടുത്ത വീട്ടിലെക്കു പാറിക്കേറി ആ സിറ്റൌട്ടൊക്കെ തൂറി വൃത്തികേടാക്കി.
“നീ പറഞ്ഞിട്ടാ ആ ‘കാഫിരിത്തി‘ ടീച്ചറുടെ ക്ലാസ്സിലേക്കു ഞാനെന്റെ കുട്ടിയെ വിട്ടത്. ഇന്നവന്‍ ഉച്ചക്കു സ്കൂളിലെ അന്നം പോലും തിന്നാന്‍ നില്‍ക്കാതെ കരഞ്ഞോണ്ടു വന്നിട്ടു പറയാ,
"ഇനി അവന്‍ സ്കൂളില്‍ പോവില്ലാന്ന്!"
(ഉച്ചക്കു അന്നം തിന്നാന്‍ കിട്ടാത്തതിലാണേറെ പ്രതിഷേധമെന്നു തോന്നും)
“അവനെ ആ മൂധേവി പട്ടിക കൊണ്ടടിച്ചത്രേ!, ആ ഒരുമ്പെട്ടോളു അതിനാണോ എന്റെ കുട്ടിനെ ചോക്കളേറ്റും കൊടുത്തു മയക്കി സ്കൂളില്‍ ചേര്‍ത്തത്?"
ചെക്കന്‍, സന്ദര്‍ഭത്തിനനുസരിച്ചു ഉള്ളാക്കിന്റെ ആവൃത്തി കൂട്ടിയും കുറച്ചും തള്ളമാരെ പ്രോല്‍സാഹിപ്പിച്ചു.
എനിക്കു പേടിയായി. ഇവര്‍ ഇന്നു ആറാം വാര്‍ഡു കലക്കി മറിക്കും. മതത്തിന്റെ കാര്‍ഡിട്ടാ കളിക്കുന്നത്. എന്തെങ്കിലും ഉടന്‍ ചെയ്യണം. ഞാനറിയുന്ന മീനാക്ഷിക്കുട്ടി തല്ലുക പോയിട്ടു ഒന്നു ചെവിപിടിക്കുക പോലുമില്ല. പച്ചവെള്ളം പോലും ചവച്ചു കുടിക്കുന്ന പാവം. ഏറിപ്പോയാല്‍ തീരെ വേദനയാവാതെ ഒന്നു പിച്ചും. എനിക്കറിയാവുന്നതല്ലെ! അത്.
പക്ഷെ സ്കൂള്‍ അറ്റകുറ്റപ്പണിക്കു അവിടെ കൊണ്ടു വന്നിട്ട പട്ടികയും കഴുക്കോലും ഞാനും കണ്ടിരുന്നു. ചെക്കന്റെ സ്വഭാവത്തിനു അതില്‍ നിന്നൊരെണ്ണം തൂക്കി ഒന്നു പൂശിയാല്‍ അതിശയമൊന്നുമില്ല.
എന്നാലും "ദേഹത്തു മുറിവും വീങ്ങലും ഒന്നുമില്ലല്ലോ?" എന്നു ഞാന്‍ അവനെ പരിശോധിച്ചു കൊണ്ടു പറഞ്ഞു
ബി.ബി.സി.കള്‍ക്കു കലിപ്പായി " ഉള്ളിലേക്കാ പരിക്ക്. ചന്ന്യായവും പച്ചമുട്ടയും ഉണ്ടെങ്കില്‍ എടുക്ക്?."
“പച്ചമുട്ട തരാം പക്ഷെ, ചന്ന്യായം സ്റ്റോക്കു വെക്കാന്‍ ഇതു വൈദ്യശാലയൊന്നുമല്ലല്ലോ?
ആദ്യം ഞാന്‍ അവളെ ഒന്നു വിളിക്കട്ടെ! എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു“.
മീനാക്ഷിയെ വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ്, പിന്നെയാണോര്‍ത്തത്, പി.റ്റി.എ. എടുത്ത തീരുമാനം നടപ്പിലായിക്കാണും.
കുട്ടികളും ടീച്ചര്‍മാരും സെല്ലുലര്‍ഫോണ്‍ സ്കൂളില്‍ കൊണ്ടു വരരുത് എന്ന പി.ടി.എ. നിയമം അവള്‍ അവസാനമായി ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നതാണല്ലോ?.
എതായാലും പ്രശ്നം രൂക്ഷമാകുന്നതിന്നു മുന്‍പു ബി.ബിസി.കളെയും ചില്ലറയെയും കൂട്ടി സ്കൂളിലേക്കു തന്നെ നടന്നു.
നാലുപേരു നാലാം ക്ലാസിന്റെ ഭാഗത്തേക്കു നടന്നു വരുന്നതു കണ്ടപ്പോള്‍ തന്നെ മീനാക്ഷി ഓടി അടുത്തു വന്നു.
അവള്‍ അരിച്ചാക്കിനെ നോക്കി ചോദിച്ചു
" അര്‍ഷാക്ക്, നീയെന്താ ചോറേടുത്തു വെച്ചപ്പോഴേക്കും സ്ഥലം വിട്ടത്!
ഉപ്പേരിയില്ലാത്തതിനാലാവുമെന്നു കരുതി ഞാന്‍ എന്റെ ടിഫിനില്‍ നിന്നു കുറച്ചെടുക്കാന്‍ സ്റ്റാഫ് റൂമില്‍ കയറിയതായിരുന്നു. അതിനിടയില്‍ ആളെ കണ്ടില്ല നീ എവിടെ പോയിരുന്നു?"
സൌമ്യതയോടെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഞാന്‍ ഒരുങ്ങുന്നതിനിടെ ഇടയില്‍ ചാടിക്കേറി രണ്ടാം ബി.ബി.സി.
മൈക്കു എന്റെ പക്കല്‍ നിന്നു പിടിച്ചു പറിച്ചു ആവേശം കാട്ടി.
"എന്റെ മോനെ പട്ടിക കൊണ്ടു അടിച്ചു നീയിപ്പ അങ്ങനെ പുന്നാരിക്കണ്ടാ..?"
"അതൊന്നു ചോദിക്കാന്‍ കൂടിയാ ഞാന്‍ സാബിയേയും കൂട്ടി വന്നത്. അവളാ ഞങ്ങള്‍ക്കു വാക്കു തന്നത്."
മീനാക്ഷിക്കുട്ടിക്കു ഒന്നും മനസ്സിലായില്ല. ആ കണ്ണുകളിലെ നിഷ്കളങ്കത കണ്ടപ്പോള്‍ എനിക്കാ രണ്ടു ബി.ബി.സി.കളെയും കടിച്ചു കീറാന്‍ തോന്നി.
ആറാം വാര്‍ഡിലെ വനിതാ മെംബര്‍ സ്ഥാനം (കല്ലിവല്ലി)
ഞാന്‍ അര്‍ഷാക്കിനോടു മയത്തില്‍ ചോദിച്ചു
“മോനെ സാബിത്താനോടു സത്യം പറ ടീച്ചര്‍ നിന്നെ പട്ടിക കൊണ്ടു തല്ലിയോ? “
അവന്‍ "പടച്ചവനാണു സത്യം ഞാന്‍ പറഞ്ഞതു സത്യം"
എന്നു വീണ്ടും ആണയിട്ടു. കള്ള കഷ്മലനാണെങ്കിലും അവന്റെ കണ്ണില്‍ ആ പറഞ്ഞതു സത്യമെന്നു എഴുതിവെച്ചിട്ടുണ്ടായിരുന്നു.
ഞാന്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. മീനാക്ഷിക്കുട്ടി ദയനീയമായി എന്നെ നോക്കി.
ബി.ബി.സി.കള്‍ പി.ടി.എ. വിളിപ്പിക്കാനുള്ള ആഹ്വാനം ചെയ്തു.
ഞാന്‍ അപ്പോള്‍ തോന്നിയ ഒരു ബുദ്ധിക്കു അര്‍ഷാക്കിനോടു ചോദിച്ചു
"മോനെ ടീച്ചറു തല്ലിയ പട്ടിക കണ്ടാല്‍ മോനു തിരിച്ചറിയുമോ? അതൊന്നു കാണിച്ചു തരാമോ?"
ഞാന്‍ മുറ്റത്തു കൂട്ടിയ പട്ടിക കഷ്ണങ്ങളിലേക്കു നോക്കി ചോദിച്ചു.
അവന്‍ നേരെ ക്ലാസ്സിനകത്തേക്കു കയറിപ്പോയി. ടീച്ചറുടെ മേശമേല്‍ ഇരുന്ന ഹാജര്‍പട്ടികയുമായി തിരിച്ചു വന്നു.
"ഈ പട്ടികകൊണ്ടാണു് ടീച്ചര്‍ തല്ലിയത്"
ആ ഹാജരുപട്ടിക ചുരുട്ടി, അവനെകൊണ്ടു ഗതി കെട്ടപ്പോഴെപ്പോഴോ ഒന്നു പതിയെ തല്ലിയ കാര്യം മീനാക്ഷിക്കു അപ്പോള്‍ ഓര്‍മ്മ വന്നു. അവളുടെ ചുണ്ടില്‍ അന്നേരം ഒരു ചിരി വിടര്‍ന്നു.
ഞാന്‍ ബിബിസികളുടെ മുഖത്തേക്കു നോക്കി.
സിഗ്നല്‍ മുറിഞ്ഞ സ്ക്രീനില്‍ തെളിയുന്ന ഗ്രൈന്‍സു പോലെ ഒരു അമളിയുടെ പല ഭാവങ്ങള്‍ ഞാന്‍ ആ രണ്ടു മുഖത്തും കണ്ടു.പിന്നീടൊരിക്കലും ചോക്കലേറ്റു കിട്ടാത്തെ കെറുവു ആ ചെക്കന്റെ മുഖത്തും കണ്ടു.
എന്റെ മീനാക്ഷിക്കുട്ടിയുടെ ഡിവിഷന്‍ കട്ടു ചെയ്യാതിരിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ശബ്ദം കുറച്ചു പറഞ്ഞു.
" ....ന്റെ മോനെ ഇതിനു ഹാജര്‍ പട്ടിക എന്നാണു പറയുക. പട്ടിക എന്നു മാത്രം പറഞ്ഞാല്‍ അതാ മുറ്റത്തു കൂട്ടിയിരിക്കുന്ന ഓടു കൊളത്താനുള്ള മരക്കഷ്ണങ്ങളെയാണ്".
കാറ്റുപോയ ബലൂണിനെപ്പോല നിന്ന ബി.ബി.സി.കളെയും കൊണ്ടു സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍ മീനാക്ഷിക്കുട്ടി പതിവു പോലെ എന്നെ പതിയെ ഒന്നു പിച്ചി. അവളുടെ മാസ്റ്റർപീസ് ഐഡണ്ടിറ്റി.
സ്നേഹത്തിന്റെയും നന്ദിയുടേയും നേരിയ വേദനയുള്ള, സുഖമുള്ള ഒരു പിച്ച്.