Thursday, July 12, 2007

ആലീസിന്റെ അടുക്കളയില്‍ നിന്ന്.!

ള്‍ഫു ജീവിതത്തില്‍ മലയാളിയായ അയല്‍വാസിയായി എനിക്കു ആലീസുമാത്രമേയുണ്ടായിരുന്നുള്ളൂ
(എന്തിനാ അധികം!)

അവളൊത്തുള്ള ജീവിതത്തിലെ രസകരമായ സന്ദര്‍ഭങ്ങള്‍ മാത്രം എഴുതിയാല്‍ ഒരു കോമഡി സീരിയലിനു പറ്റിയ ഒരു തിരക്കഥയാവും.തീര്‍ച്ച.

ഉമ്മുല്‍ ഖുവൈനില്‍ ഞങ്ങള്‍ ആദ്യം താമസിച്ചിരുന്ന വില്ല, നല്ല ഭംഗിയും ഒതുക്കവും ഉള്ളതായിരുന്നു. ചുറ്റും കോമ്പൗണ്ടുവാളുള്ള ഇതിനകത്തു ഒരു കുടുംബജീവിതത്തിനു പറ്റിയ നല്ല സുരക്ഷയുണ്ടായിരുന്നു.
വീടിനു മുന്നില്‍ ഞങ്ങള്‍ ഉണ്ടാക്കിയ പൂന്തോട്ടവും രുചിവൈവിധ്യമുള്ള ഈത്തപ്പഴം തരുന്ന, പത്തു പതിനഞ്ചു ഈത്തപ്പനകളും അവക്കിടയില്‍ തഴച്ചു വളര്‍ന്ന ഞങ്ങളുടെ മുരിങ്ങാമരവും വാഴയും മരച്ചീനിയും കാരണം ബലൂചി-ശാബിയയിലെ ചുറ്റുമുള്ള വില്ലകളെക്കാള്‍ ഞങ്ങളുടെ വാടകവില്ലക്കു നല്ല മലയാളിത്തം തോന്നിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളെ അന്വേഷിച്ചു ബലൂചി-ശാബിയയില്‍ എത്തുന്ന ബന്ധുമിത്രാദികള്‍‍ക്കെല്ലാം കൂടുതല്‍ ചുറ്റിക്കറങ്ങേണ്ടി വന്നിരുന്നില്ല.

നാലു ബെഡ്‌റൂമും മജ്‌ലിസും രണ്ടു കിച്ചണും മൂന്നു ടോയ്‌ലറ്റും ഉണ്ടായിരുന്ന വില്ലയിലേക്കു ഷെയറിംഗ്‌ ഫാമിലിയെ അന്വേഷിക്കാമെന്നും അതു വഴി സാമ്പത്തിക നിയന്ത്രണം വരുത്താമെന്ന ആശയമെന്റെതായിരുന്നു.
അതിനാല്‍ ഗള്‍ഫുന്യൂസിലും,ഖലീജു റ്റൈംസിലും ക്ലാസ്സിഫൈഡിട്ടു തന്നു, വിളി വരുമ്പോള്‍ പറ്റിയ പാര്‍ട്ടിയെ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം മാഷു എന്റെ തലയിലിട്ടു.
അതിന്റെ പില്‍ക്കാല പ്രയാസങ്ങള്‍ എപ്പോഴും ഓര്‍മ്മയില്‍ തികട്ടി വരുന്നതിനാല്‍ പിന്നീടു ഞാന്‍ ഒരിക്കലും എന്റെ ഐഡിയ മാഷിനു മുന്നില്‍ എഴുന്നള്ളിച്ചിട്ടില്ല).

ഉമ്മുല്‍ഖുവൈന്‍ ഗ്രാമമായതില്‍ ഷെയറിംഗിനു ആളെകിട്ടാന്‍ വളരെ പ്രയാസം.പൊതുവെ ദുബൈ,ഷാര്‍ജയെക്കാള്‍ വാടക കുറവായതിനാല്‍ എല്ലാരും തനിച്ചു വീടെടുക്കും.
അവസാനം കിട്ടിയതു തന്നെ ഒരു ഫിലിപ്പിനോ ഫാമിലി(?).
വന്ന അന്നു തന്നെ അവരുടെ ഫ്രിഡ്‌ജില്‍ തണുപ്പായിട്ടില്ലന്നും പുറത്തു വെച്ചാല്‍ കേടാവുമെന്നു പറഞ്ഞു ഇത്തിരി ഇറച്ചി ഞങ്ങളുടെ ഫ്രിഡ്ജില്‍ വെക്കാന്‍ വന്നു.
ഫിലിപ്പിനോകള്‍ പട്ടിയിറച്ചി കഴിക്കുമെന്നു മാഷു പറഞ്ഞിരുന്നതോര്‍മ്മ വന്നപ്പോള്‍ ആ ഇറച്ചിക്കു പട്ടിമണമുണ്ട്‌ എന്നുതന്നെ എനിക്കു തോന്നി.
അന്നു കഴിച്ചതൊക്കെ പലപ്രാവശ്യമായി ഞാന്‍ ശര്‍ദ്ദിച്ചു.

പിന്നെ ആ 'ഫിലിപ്പിയാനോ'കളെ സൂത്രത്തില്‍ ഒഴിവാക്കിയതിനു ശേഷമാണു എന്റെ ചര്‍ദ്ദി നിന്നതും ശ്വാസം നേരെ വീണതും. അതിനു ശേഷം മാഷു നേരിട്ടു സംഘടിപ്പിച്ച ഷേയറിംഗ്‌ ഫാമിലിയാണ്‌ "ആലീസും ഷാജിയും".

ഷാജി, വീടു സെറ്റപ്പു ചെയ്തതിനു ശേഷമാണു ആലീസു പുതിയ വിസയില്‍ വരുന്നത്‌.
കല്യാണം കഴിഞ്ഞു അഞ്ചു വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരുന്നതവര്‍ക്കു പ്ലാനിംഗുണ്ടായിട്ടൊന്നുമല്ലായിരുന്നു.

ആലീസിനെ സ്വീകരിക്കുവാന്‍ ഞാനും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പോയിരുന്നു.
ഏറ്റവും ചുരുങ്ങിയതു നൂറ്റമ്പതു പവന്റെയെങ്കിലും ആഭരണങ്ങള്‍ ശിരസ്സു മുതല്‍ പാദം വരെ അണിഞ്ഞു എയര്‍പോര്‍ട്ടിന്റെ എസ്കലേറ്റരിലൂടെ ആലുക്കാസിന്റെ മോഡലിനെക്കാള്‍ സുന്ദരിയായ ആലീസ്‌ ഇറങ്ങി വന്നപ്പോള്‍ ഷാജിയുടെ മാത്രമല്ല ഷാര്‍ജ എയര്‍പോര്‍ട്ട്‌ ജീവനക്കാരുടെയെല്ലാം കണ്ണുകള്‍ ഒരേ നിമിഷം ആ ആഭരണക്കോതയിലായിരുന്നു. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഒരു മിനിറ്റു സ്തംഭിച്ചു ( അസൂയയല്ലട്ടോ! സത്യം).
പുറമെ വലിയ രണ്ടു പെട്ടികള്‍ ലഗേജു കൊടുത്തു കൊണ്ടു വന്നതു കാറില്‍ കയറ്റാന്‍ തന്നെ പ്രയാസപ്പെട്ടു.
ഈ പെട്ടിയിലൊക്കെ എന്താണെന്നു ചോദിച്ച ഷാജിയോടവള്‍ പറയുന്നതു കേട്ടു.
"എന്റെ വിലകൂടിയ പട്ടു സാരികളാ..! നാട്ടില്‍ വെച്ചാല്‍, നാത്തൂന്മാര്‍ അതു അടിച്ചു മാറ്റുമെന്നു കരുതി ഇങ്ങോട്ടെടുത്തു“.

നാത്തൂന്മാരെ പേടിച്ചു, ഉള്ള സാരികളും ആഭരണങ്ങളും മുഴുവനും, അതും ഒന്നു പോലും പാസ്പോര്‍ട്ടില്‍ എഴുതിക്കാതെ ഗള്‍ഫിലേക്കു കൊണ്ടു വന്ന ആലീസിനെ ഞാന്‍ അന്നു തന്നെ അളന്നു.
(മുക്കിന്റെ പണ്ടമിട്ട്‌ സ്വര്‍ണ്ണാഭരണമെന്നു പാസ്പോര്‍ട്ടിലെഴുതി ഗള്‍ഫിലേക്കു കടത്തി, തിരിച്ചു വരുമ്പോള്‍ മുക്കിനു പകരം യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങള്‍ ആ പാസ്സ്‌പോര്‍ട്ടെഴുത്തിന്റെ മറവില്‍ ഇന്ത്യയിലേക്കു കടത്തണമെന്നു ഒരു പ്രവാസി വനിതക്കും ആരും പറഞ്ഞു കൊടുക്കേണ്ടിയില്ലായിരുന്ന കാലം! )

ആലീസു മുന്‍പൊരിക്കലും അടുക്കളയില്‍ പാചകത്തിനു കയറിയിട്ടില്ലന്നു എനിക്കെളുപ്പം മനസ്സിലായി.
ഷാജിക്കാനെങ്കില്‍ പാചകത്തിനു ഒരു ഹൗസ്‌മെയ്ഡിനെ വെക്കാന്‍ മാത്രം ശമ്പളവുമില്ല.
ഇത്‌ മനസ്സിലാക്കിയിട്ടു തന്നെയാവണം ആലീസ്‌ പട്ടുസാരികളിട്ട പെട്ടിയുടെ മൂലയില്‍ കുറച്ചു പാചകസഹായി പുസ്തകങ്ങളും വാങ്ങിയിട്ടിരുന്നു.

കഞ്ഞി വെക്കുന്നതിനെക്കുറിച്ചും ചോറു വാര്‍ക്കുന്നതിന്നെക്കുറിച്ചും ഒരു "പാചകരമ"യിലും പ്രതിപാദിക്കാത്തതിനാല്‍ ഷാജി ഗതികെട്ടു. അവര്‍ ഒരു റൈസ്‌ കുക്കര്‍ വാങ്ങിക്കുന്നതു വരെ, ഞാന്‍ ചെന്നു വറ്റു ഞെരടി വേവു പറഞ്ഞു കൊടുത്തില്ലങ്കില്‍ ഷാജി പലപ്പോഴും ചോറിനു പകരം കഞ്ഞി കുടിച്ചാണുച്ചക്കു ജോലിക്കു പോയിരുന്നത്‌.

ആലീസിന്റെ ദുര്‍വ്യയം കാരണം ഷാജിക്കു വരവു-ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതായപ്പോള്‍ കാശിന്റെ തിരിമറികളുടെ ആരോപണത്താല്‍, ജോലിചെയ്യാന്‍ ഷാജിക്കു സ്ഥാപനങ്ങള്‍ മാറി മാറി നോക്കേണ്ടി വന്നു.
അങ്ങനെ അവര്‍ വില്ല വിട്ടു പോയപ്പോള്‍ വാടക ഒറ്റക്കു താങ്ങാനാവാതെ ഞങ്ങളും വീടു ഒഴിഞ്ഞു കൊടുത്തു.
ഞങ്ങള്‍ വാടക കുറഞ്ഞ ചെറിയ വില്ലയിലേക്കു മാറിയപ്പോള്‍ ഒ.എന്‍.വി സാറിന്റെ "വാടകവീട്ടിലെ വനജ്യോല്‍സ്ന" ശരിക്കും ഫീല്‍ ചെയ്തു.
ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന ആ തോട്ടത്തിന്റെ അവസ്ഥ കാണാന്‍ ഇടക്കു വല്ലപ്പോഴും കാരണമുണ്ടാക്കി ഞങ്ങള്‍ അതുവഴി പോകുമായിരുന്നു.
പിന്നെ ആ കാഴ്ച്ച വേദനാജനകമായപ്പോള്‍ ആ വഴിക്കേ പോകാതായി.
(കോമഡിക്കിടയിലെന്തിനാ ട്രാജഡി)

ഇത്രയും ആലീസിനെ കുറിച്ചു അപഖ്യാതി എഴുതിയ എനിക്കു ശാപം കിട്ടാതിരിക്കാന്‍ അവളുടെ ഒരു അപദാനം കൂടി വാഴ്‌ത്തേണ്ടിയിരിക്കുന്നു.

പാചകരംഗത്തു എനിക്കു ഒരു നൂതനമായ അറിവു പകര്‍ന്നു തന്നതവളാണ്‌.
കെന്റകി ചിക്കന്‍ വീട്ടിലുണ്ടാക്കുന്ന വിധം.
അവള്‍ എവിടെയോ വായിച്ചതോ കേട്ടതോ ആണ്‌. പക്ഷെ എനിക്കതു തീരെ അറിയില്ലായിരുന്നു.
കെന്റകി ചിക്കന്‍ മക്കള്‍സിനു വളരെ പ്രിയം.
പക്ഷെ, അതിലധികമായി അടങ്ങിയിരിക്കുവെന്നാരോപണമുള്ള മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ ആധിക്യത്താലുണ്ടാവുന്ന ഹൈപ്പര്‍ ആക്‍ടിവിറ്റി,മസ്തിഷ്കതകറാരുകള്‍, ശരീരവളര്‍ച്ചാ വൈകല്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ബാംഗളൂരില്‍ ഒരു കെന്റക്കി ഫ്രൈഡ്‌ ചിക്കന്‍ ഔട്ട്‌ലറ്റ്‌ കോടതി ഇടപെട്ടു പൂട്ടിച്ച സമയം.

കുട്ടികളുടെ ആരോഗ്യരക്ഷ കരുതി കുപ്പിയിലെ രാസദ്രാവകപാനീയങ്ങളും കെന്റകി ചിക്കനും (അതിന്റെ താങ്ങാനാവാത്ത വിലയും ഒരു കാരണം) ഞാന്‍ വീട്ടില്‍ ബാന്‍ ചെയ്തിരിക്കുകയായിരുന്നു.എങ്കിലും KFCയുടെ മുന്നിലൂടെ നടക്കുമ്പോള്‍ അതൊന്നു കടന്നു കിട്ടാന്‍, ശബിയേയും ശാബുവിനേയും ആടിനെ പുഴ കടത്താന്‍ വലിക്കുന്നതു പോലെ വലിക്കണം.പലപ്പോഴും എന്റെ അമേരിക്കന്‍ വിരോധം മക്കള്‍സിനോടുള്ള അലിവില്‍ ഒഴുകിപ്പോകും.
അപ്പോഴാണു ആലീസ്‌ ഈ വിഭവം വീട്ടില്‍ നിര്‍മ്മിക്കാവുന്ന എളുപ്പ വഴി എനിക്കു പറഞ്ഞു തന്നതും ഞാന്‍ അതു പരീക്ഷിച്ചു വിജയം വരിച്ചതും.
അതിനു ഞാന്‍ അവളോടെന്നും കടപ്പെട്ടിരിക്കുന്നു.
കാരണം ആ പാചകം കൊണ്ടു ഞാന്‍ കുറച്ചിടത്തൊന്നുമല്ല പ്രശംസ നേടിയിട്ടുള്ളത്‌.
ആ അറിവു ഞാന്‍ ബ്ലോഗിലെ എന്റെ സഹജീവികള്‍ക്കായി സ്നേഹത്തോടെ ഷെയര്‍ ചെയ്യുന്നു.

വേണ്ട സാധനങ്ങള്‍

1. ചിക്കന്‍ (തെരഞ്ഞെടുത്ത നല്ല ഷേപ്പുള്ള പീസുകള്‍)
2. ചെറുനാരങ്ങ പിഴിഞ്ഞെടുത്ത നീരു ഒരു ഗ്ലാസ്സ്‌.
3. ബേക്കിംഗ്‌ സോഡ (ശകലം)( ഇതുമാത്രമാണിത്തിരി അപകടകാരി)
4. ഉപ്പ്‌ ( ആവശ്യത്തിന്‌)
5. കമ്പ പൊടി (corn flour) 1 കപ്പ്‌,
5. മൈദപ്പൊടി 3 കപ്പ്‌,
6. പാല്‍ (ഫ്രഷ്‌ മില്‍ക്ക്‌)
7. മുട്ട ഒന്ന്

കോണ്‍ഫ്ലോറും മൈദപ്പൊടിയും വെള്ളം ചേര്‍ക്കാതെ നന്നായി മിക്സു ചെയ്തു തയ്യാറാക്കി വെക്കണം.ഏതെങ്കിലും സ്പൈസ്‌ ഇഷ്ടപ്പെടുന്നവര്‍ അതും പൊടിച്ചു ഇതിനോടു ചേര്‍ക്കണം.

പാചകം ചെയ്യുന്ന വിധം

ഉപ്പും ബേക്കിംഗ്‌ സോഡയും നന്നായി ലയിപ്പിച്ച നാരങ്ങാ നീരിലേക്കു കോഴിയുടെ കഷ്ണങ്ങള്‍ ഇട്ടു അരമണിക്കൂര്‍ മുതല്‍ മുക്കാമണിക്കൂര്‍ വരെ വെച്ചു ഇറച്ചിയെ നന്നായി സോഫ്റ്റാക്കണം.
പിന്നീട്‌ ഓരോ കഷ്ണങ്ങളായി എടുത്തു ആദ്യം മുട്ടയുടച്ചു ചേര്‍ത്ത ഫ്രഷ്‌ മില്‍ക്കിലും പിന്നീട്‌ മിക്സു ചെയ്ത പൊടിയിലും മുക്കുക.വീണ്ടും ആവര്‍ത്തിക്കുക ( ‘ക്വാട്ടിംഗിന്റെ‘ ആവശ്യകതക്കനുസരിച്ച്‌)
ഇതിനു പുറമെ വേണമെങ്കില്‍ മാര്‍ക്കറ്റില്‍ നിന്നു കിട്ടുന്ന സ്പെഷ്യല്‍ ചിക്കന്‍ ‘ക്വാട്ടിംഗ്‘‌ മിക്സും അധികമായി ഉപയോഗിക്കാം.
പിന്നീട്‌ എണ്ണയില്‍ ചെറുതീയില്‍ ഡീപ്പ്‌ ഫ്രൈ നടത്തുക
സ്വര്‍ണ്ണകളറാവുമ്പോള്‍ കോരിയെടുക്കുക.
എണ്ണപുരട്ടി മൈക്രോവേവിനകത്തു വെച്ചും ഇതു പൊരിച്ചെടുക്കാം.
കെന്റക്കിയെ തോല്‍പ്പിക്കുന്ന സ്വാദുണ്ടാവും തീര്‍ച്ച.