Monday, August 06, 2007

വാക്കുകള്‍ വാളുകളാവുമ്പോള്‍.....!

"മ്മീ ഞാന്‍ പുഴയിൽ വെള്ളം കയറുന്നതു കാണാൻ പോകട്ടെ?"

ശാബു, സ്കൂള്‍ ബാഗു തോളിന്നിറക്കുന്നതിന്നു മുന്‍പ്‌ അടുക്കളയിലേക്കു കേള്‍ക്കാന്‍ തക്കവിധം ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
മൂന്നാലു ദിവസമായി തുള്ളിമുറിയാതെ പെയ്യുന്ന മഴയാണ്‌.കറന്റില്ലാത്തതിനാല്‍ മൊബെയിലു ചാര്‍ജു ചെയ്യാനും പറ്റിയില്ല. ഞാനാകെ മൂഡ്‌ഔട്ട്‌.

"വേണ്ടാ, പുഴയില്‍ വെള്ളം കലങ്ങിമറിഞ്ഞു വരികയാ... കാലു വഴുക്കിയാല്‍ ഒഴുക്കില്‍ പെട്ടു പോകും".

ഞാനവനെ വിലക്കി.
അവനതു ഇഷ്ടപ്പെട്ടില്ല. അവനാരോടൊക്കെ സ്കൂള്‍ വിട്ടാല്‍ പുഴയില്‍ കാണാമെന്നു പറഞ്ഞു വെച്ചിട്ടാണു സമ്മതം വാങ്ങാന്‍ എന്റെ അടുത്തു വന്നത്‌.
പത്തുമിനിട്ടു കഴിഞ്ഞില്ല.
അവന്‍ പിന്നെയും ശല്യപ്പെടുത്തി

"ഉമ്മീ ഞാന്‍ പുഴ കാണാൻ പോയ്ക്കോട്ടെ?"

എനിക്കു ദേഷ്യം പെരുവിരലില്‍ നിന്നു പെരുത്തു കയറി.
വേണ്ടാന്നു ഒരു വട്ടം പറഞ്ഞാല്‍ നിനക്കു മനസ്സിലാവില്ലേ?

"നിന്നെ ഞാന്‍ പുഴ ഇങ്ങോട്ടു കൊണ്ടുവന്നു കാണിക്കുന്നുണ്ട്‌!"
"മര്യാദക്കു ഇന്നു ബാത്ത്‌റൂമില്‍ നിന്നു കുളിച്ചാല്‍ മതി".

എന്റെ ദേഷ്യം അവനു മനസ്സിലായതിയാല്‍ അവന്‍ മനസ്സില്ലാ മനസ്സോടെ ബാത്ത്‌റൂമിലേക്കു കുളിക്കാന്‍ കയറി.
തണുത്തവെള്ളം ഷവറില്‍നിന്നു മൂര്‍ദ്ദാവില്‍ വീണപ്പോള്‍ അവന്റെ മൂഡ്‌ ശാന്തമായിക്കാണും.
പക്ഷെ അന്നു മുഴുവന്‍ എന്റെ മൂഡ്‌ വളരെ മോശമായിരുന്നുവെന്നു അപ്പോള്‍ വന്നു കയറിയ ജ്വാനേട്ടത്തിയോടു ഞാന്‍ നടത്തിയ സംഭാഷണത്തിലെ എന്റെ തര്‍ക്കുത്തര ശൈലി പിന്നീടവലോകനം ചെയ്തപ്പോള്‍ എനിക്കു തന്നെ തോന്നി.

ജാന്വേട്ടത്തി പാവമാണ്‌,
'തുഷാര'യില്‍ നിന്നും അധികദൂരത്തല്ലാതെയാണവരുടെ വീട്‌,
പ്രായംചെന്ന ഒരു വിധവയാണവര്‍,
ഏകമകന്‍ നാടുവിട്ടു പോയിട്ടു വര്‍ഷങ്ങളായി.
മരിക്കുന്നതിന്നു മുന്‍പ്‌ മകന്‍ തിരിച്ചു വന്നു കാണണേ എന്നു എപ്പോഴും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും.

സദാസമയം ഈ ചൊല്ലിപറച്ചില്‍ ചുണ്ടിലുണ്ടായതിനാല്‍ ഇതു ഭ്രാന്തിന്റെ ഭാഗമായ പിറുപിറുക്കലാണോ എന്നു തെറ്റിദ്ധരിച്ചു പലരും കിറുക്കന്മാരോടു പെരുമാറുന്നതുപോലെ അവരെ കളിയാക്കും.

ജാന്വേട്ടത്തിക്കു വിദ്യാഭ്യാസം വളരെ കുറവ്‌,അതുകൊണ്ടാവണം വിനയം വളരെ കൂടുതല്‍.
സ്വാഭാവികമായ നിഷ്കളങ്കത ഓരോ വാക്കിലും നിഴലിക്കും.
പരിഷ്‌കൃതരുടെ സംഭാഷണകാപട്യമൊന്നും ജ്വാനേട്ടത്തിക്കു മനസ്സിലാവില്ല. എന്നാലോ അത്യാവശ്യം കണ്ടറിഞ്ഞു സഹായിക്കാന്‍ അവരെക്കഴിച്ചേ നാട്ടില്‍ വേറെ ആളുള്ളൂ.

ജന്വേട്ടത്തിയുടെ സംസാരം കുട്ടികള്‍ക്കൊക്കെ നേരമ്പോക്കാണ്‌.അവര്‍ ആ പാവത്തിനെ നേരംകിട്ടിയാലും തരംകിട്ടിയാലും കളിയാക്കും. കുട്ടികള്‍ മാത്രമല്ല വലിയവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

ശാബുവുമായുള്ള വഴക്കിനാല്‍ നേടിയ ചീത്ത മൂഡുമായി നില്‍ക്കുമ്പോഴാണ്‌ ജാന്വേട്ടത്തി വന്നു കയറിയത്‌.
ഞാന്‍ ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ചീത്ത മൂഡില്‍ പുഞ്ചിരിക്കുന്ന മുഖമാണ്‌ ഏറ്റവും വികൃതമായ മുഖം എന്നു വാഷ്ബേസിനു മുകളിലെ കണ്ണാടി എന്നോടു വിളിച്ചു പറഞ്ഞു.

ഡൈനിംഗ്‌ ടേബിളിനു മുകളില്‍ വെച്ച, ഗ്ലാസ്സു കൊണ്ടുള്ള ഒരു അസ്സോര്‍ട്ടഡ്‌ സ്പൈസസിന്റെ ട്രെ കണ്ടു കൗതുകത്തോടെ ജാന്വേട്ടത്തി ചോദിച്ചു.

"ഇതു അങ്ങുന്നു കൊണ്ടു വന്നതാണോ?"
"ഉമ്മുല്‍ ഖുവൈന്‍" എന്ന സ്ഥലനാമം ജാന്വേട്ടത്തിക്കു നാക്കിനു വഴങ്ങുന്നില്ലന്നു ഞാന്‍ മനസ്സിലാക്കി.
(അവരെ കളിയാക്കാനായി പിന്നെ ബാക്കി എന്നെക്കൊണ്ടു പറയിപ്പിച്ചതൊക്കെ തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പിശാച്‌).
"എന്നെ 'അങ്ങുന്ന്' എന്നു വിളിക്കേണ്ടട്ടോ ജാന്വേട്ടത്തി. അതൊക്കെ പണക്കാരെയും വലിയ ആളുകളെയും പാവപ്പെട്ടവര്‍ വിളിക്കുന്നതല്ലെ!"

"ശ്ശേ! അതല്ല ഞാന്‍ ഉദ്ദേശിച്ചത്‌!"
"ഇതു അവിടന്നു കൊണ്ടു വന്നതാണോ? എന്നാണ്‌"
ജാന്വേട്ടത്തി തിരുത്തി.

"എന്നെ 'അവിടന്നു' എന്നു വിളിക്‌ക്‍ണതും എനിക്കിഷ്ടല്ല്യാട്ടോ ജാന്വേട്ടത്തി".
"അതൊക്കെ പ്രജകള്‍ രാജാക്കന്മാരെ വിളിക്കുന്ന പേരല്ലെ!"
ഞാന്‍ കളിയാക്കല്‍ തുടര്‍ന്നു.

"ഈശ്വരാ! ഞാന്‍ ഇനി എങ്ങനെയാ അതു ചോദിക്കുക!"
ജാന്വേട്ടത്തി വിഷമത്തിലായി. അവസാനം അവര്‍ ഓര്‍മ്മയുടെ ചെപ്പില്‍ നിന്നെന്തോ പരതിയെടുത്തു നിത്യജീവിതത്തില്‍ കേട്ട ഒന്നുമായി ബന്ധപ്പെടുത്തി ചോദിച്ചു.

"ഇതു നിങ്ങള്‍ പണ്ടു നിന്നിരുന്ന 'അമ്മന്‍ കോവിലില്‍‍' നിന്നു കൊണ്ടു വന്നതാണോ?"
എനിക്കു എന്റെ കളിയാക്കല്‍ നിര്‍ത്താന്‍ തോന്നിയില്ല.
ഞാന്‍ പറഞ്ഞു,

" ജാന്വേട്ടത്തി, അമ്മന്‍ കോവിലല്ല. ഉമ്മുല്‍ ഖുവൈന്‍"


ജാന്വേട്ടത്തി ചമ്മിയ മുഖത്തോടെ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞു.

"സാബി കേട്ടോ വിശേഷം! പുഴയില്‍ വെള്ളം വരവാത്രേ!"

"അതിനെന്താ ജന്വേട്ടത്തി!, വരുന്ന വെള്ളം പോകുന്നും ഉണ്ടല്ലാ?"
(പിശാചു എന്റെ നാവില്‍ നിന്നു പോകാനുള്ള ഭാവമില്ല).

"അതല്ല ചുറ്റുമുള്ള വീട്ടുകാരൊക്കെ ചട്ടിം, കലോം, തുണീം, കട്ടിലും, കെടക്കേം മോളില്‍ക്ക്‌ കയറ്റാന്‍ തുടങ്ങി. ഇവടെ സഹായിക്കാനാരുണ്ടാവുലാന്നു കരുതി വന്നതാ!"

"ജാന്വേടത്തി. ഇവിടെ വെള്ളം കയറൂല. മറ്റു വീടുകളെക്കാള്‍ ഉയരത്തിലാ ഇതിന്റെ തറയിട്ടിരിക്കുന്നത്‌. മാത്രമല്ല ഈ സ്ഥലം വാങ്ങിയപ്പോള്‍ ദല്ലാള്‍ ഉറപ്പു തന്നിരുന്നു കഴിഞ്ഞ 25 കൊല്ലമായി ഇവിടേക്കു വെള്ളം കേറിയിട്ടില്ലന്ന്. മാത്രമല്ല ഈയിടെ മണലൂറ്റലു വഴി കടലുണ്ടിപ്പുഴക്കു പണ്ടുണ്ടായിരുന്നതിനെക്കാള്‍ ആഴം കൂടിയിട്ടുണ്ട്‌".

ജ്വാനേട്ടത്തിയുടെ ആശങ്കയെ ഞാന്‍ ശാസ്ത്രീയമായി ഖണ്ഡിച്ചപ്പോള്‍ എന്റെ തല ബീമില്‍ തട്ടാറായോ എന്നെനിക്കു തന്നെ തോന്നി.
ജ്വാനേട്ടത്തിയെ മടക്കിയയച്ചപ്പോഴും തൊട്ട അയല്‍പക്കത്തെ കുട്ടപ്പേട്ടന്‍, തറവാട്ടില്‍ വിളിച്ചു പറയണോ എന്നു ചോദിച്ചപ്പോഴും പുഴയിലെ വെള്ളം കയറല്‍ ഞാന്‍ അത്ര സീരിയസ്സായി എടുത്തിരുന്നില്ല. അവരൊക്കെ മുകളിലെത്തെ നിലയിലേക്കു സാധനങ്ങള്‍ മാറ്റിയിരുന്നു.

ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. രാത്രി 1 മണിയായിട്ടുണ്ടാവും വാതിലില്‍ ശക്തമായ മുട്ടു കേട്ടുണര്‍ന്നു.
മഴ അപ്പോഴും തകര്‍ത്തു പെയ്യുകയായിരുന്നു എണീറ്റു ലൈറ്റിടാന്‍ ശ്രമിച്ചപ്പോഴാണു കറണ്ടിനിയും വന്നില്ലന്നു മനസ്സിലായത്‌. മൊബെയിലും എമര്‍ജസി ലാമ്പും ചാര്‍ജ്ജു ചെയ്യാന്‍ വെച്ചിരുന്നതു വെറുതെയായി.

ജനലിലൂടെനോക്കിയപ്പോള്‍ ഉപ്പപ്പയും മാഷിന്റെ മൂന്നനിയന്മാരും നനഞ്ഞു കുതിര്‍ന്നു സിറ്റൗട്ടില്‍ ഒരു എമര്‍ജസി-ലൈറ്റു തെളിച്ചു നില്‍ക്കുന്നു.
വാതില്‍ തുറന്നപ്പോള്‍ ഞെട്ടിപ്പോയി. പുഴവെള്ളം കയറിക്കയറി വീടിന്റെ സിറ്റൗട്ടിലെത്തിയിരിക്കുന്നു.

ഉപ്പപ്പ ചൂടായി " എത്ര നേരമായി വിളിക്കുന്നു. മൊബെയിലും മിണ്ടുന്നില്ല. ഇതിനകത്തു കിടന്നു മുങ്ങി മരിക്കാനാണോ ഭാവം?!"

എല്ലാരും ചേര്‍ന്നു ഒരു മണിക്കൂറു കൊണ്ടു താഴെ നിലയിലെ സാധനങ്ങളെല്ലാം മുകളിലേക്കു കയറ്റി.
താഴെ നിലയിലെ വാതിലുകളും ജനലുകളും മലര്‍ക്കെ തുറന്നിട്ടു.

ഉറക്കച്ചടവുള്ള കുട്ടികളുമായി നട്ടപ്പാതിര നേരത്തു തറവാട്ടിലേക്കു കുടിയൊഴിയുമ്പോള്‍ തുഷാരയുടെ മുറ്റത്തു അരക്കൊപ്പം വെള്ളമുണ്ടായിരുന്നു.

അന്നേരത്താണു ശാബുവിനു എന്നെ കളിയാക്കാന്‍ തോന്നിയത്‌. അവന്‍ എല്ലാരെയും കേള്‍ക്കെ ചോദിച്ചു

"ഇതാണോ ഉമ്മി ഇന്നലെ പുഴ ഇങ്ങോട്ടു കൊണ്ടു വന്നു കാണിച്ചു തരാമെന്നു പറഞ്ഞത്‌?"

അതു കേട്ടപ്പോള്‍ ഞാന്‍ നന്നായി ചമ്മി,
എന്റെ ഇടത്തെ തോളു വല്ലാതെ ഭാരം തോന്നി.തിന്മകളുടെ കണക്കുകള്‍ രേഖപ്പെടുത്തുന്ന 'മലക്കിനു' ഞാന്‍ അന്നു ധാരാളം പണി കൊടുത്തിരുന്നുവെന്നു എന്റെ മനസ്സു പറഞ്ഞപ്പോള്‍, നിര്‍ത്താതെ പെയ്യുന്ന മഴയില്‍, ഏതോ മരപ്പൊത്തില്‍, നനഞ്ഞു തണുത്തു വെറുങ്ങലിച്ചിരുന്ന ഒരു മൂങ്ങ "ഊം" എന്നു മൂളി അതിനെ സാക്ഷ്യപ്പെടുത്തി.

തുഷാരയില്‍ നോക്കുമ്പോള്‍ കണ്ട ചില വെള്ളപ്പൊക്ക ദൃശ്യങ്ങള്‍
4309







(ചിത്രങ്ങൾക്കു നന്ദി : ഇതു നെറ്റിലിട്ട ഏതോ ഇരുമ്പുഴിക്കാരന്)