മരിച്ചു പോയ പ്രസിദ്ധനടന്‍ കെ.പി.ഉമ്മര്‍ വളരെ പണ്ടു ഒരു ഓണപ്പതിപ്പില്‍ എഴുതിയ ഒരു ഓര്‍മ്മകുറിപ്പു ഞാന്‍ ഓര്‍ത്തതു ഈയിടെയാണ്.
ഓര്‍ക്കാന്‍ ഒരു വിശേഷകാരണമുണ്ട്.
നോമ്പുകാലമാണല്ലോ!
യഥാര്‍ത്ഥ മുസ്ലിംകള്‍ ഭക്ഷണം വിനോദം എന്നിവ ഉപേക്ഷിച്ചു പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പിലും ദിവസം മുഴുവന്‍ ദൈവാരാധനയിലും മുഴുകി ശരീരശുദ്ധിയും മനശുദ്ധിയും നേടുന്ന പുണ്യമാസം.
ദാന ധര്‍മ്മങ്ങള്‍ക്കും സത്‌കര്‍മ്മങ്ങള്‍ക്കും വളരെ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസം.
മനുഷ്യന്റെ ക്ഷമയുടെ പരിധി പരിശോധിക്കാന്‍ സൃഷ്ടാവു തന്ന സുവര്‍ണ്ണാവസരം.
നോമ്പുകാലത്തു സുബ്‌ഹിക്കുമുന്നേ ഭക്ഷണം കഴിക്കുന്നതാണ് "അത്താഴം കഴിക്കുക " എന്നു ഞങ്ങളുടെ പ്രദേശത്തു വിളിക്കുന്നത് (ചിലയിടത്തു മറ്റു ചില പേരുണ്ട്).
ഈ അത്താഴത്തിനു വേണ്ട ഭക്ഷണമെല്ലാം പണ്ടു രണ്ടുമണിക്കെണീറ്റു വെച്ചുണ്ടാക്കിയിട്ടണു കഴിക്കുക.
ഇപ്പോള്‍ അതു വൈകുന്നേരം തന്നെ ഉണ്ടാക്കി ഫ്രിഡ്ജില്‍ കയറ്റി വെക്കും.
പുലര്‍ച്ചക്കെണീറ്റ് ഒന്നു മൈക്രോ വേവിനകത്തു കറക്കിയെടുത്താല്‍ മതി.
രാത്രി എണീറ്റു ഭക്ഷണം കഴിക്കുന്നതിനെ നാടന്‍ ഭാഷയില്‍ "പൊലര്‍ച്ചക്കെണീക്കുക" എന്നു പറയും.
(പക്ഷെ ശരിക്കും അതു പുലര്‍ച്ചക്കു മുന്നെ എണീക്കുകയെന്നാണു നിയമം).
പുലര്‍ന്നു കഴിഞ്ഞു ഭക്ഷണം കഴിച്ചാല്‍ അതു നോമ്പായി പരിഗണിക്കില്ല.
നോമ്പുകാലം വന്നാലെ ഞാന്‍ റ്റൈംപീസു തെരയാറുള്ളൂ.
മറ്റുകാലങ്ങളില്‍ പ്രഭാതം വിളിച്ചറിയിക്കാന്‍ ഒരു പൂവന്‍ കോഴിയുടെ കൂക്കോ, പത്രക്കാരന്‍ പയ്യന്റെ സൈക്കളിന്റെ മണിയൊച്ചയോ മതി.
റ്റൈംപീസൊക്കെ നിലവില്‍ വരുന്നതിന്നു മുന്‍പു അത്താഴം കഴിക്കാനെണീപ്പിക്കാന്‍ നാട്ടിലെ നിയോഗിക്കപ്പെട്ട ഒരാള്‍ ഒരു കൊച്ചു ചെണ്ടയും മുട്ടി എല്ലാ വീടുകളിലേക്കും നടക്കുമായിരുന്നത്രേ!
അങ്ങനെ നടക്കുന്നയാളെ "അത്താഴംമുട്ടി" എന്നായിരുന്നത്രേ വിളിച്ചിരുന്നത്.
അതിനയാള്‍ക്കു ഒരോ വീട്ടില്‍ നിന്നും പ്രതിഫലവും കൊടുത്തിരുന്നത്രേ!.
കെ.പി.ഉമ്മര്‍ ആദ്യമായി അഭിനയിച്ചത് ഈ അത്താഴം മുട്ടിയുടെ വേഷത്തിലായിരുന്നത്രേ!
അഭിനയിക്കുകയല്ലായിരുന്നത്രേ ശരിക്കും ചെയ്തു കാണിച്ചു.
നോമ്പും പെരുന്നാളും കഴിഞ്ഞിട്ടു "ഔദ്യോഗിക അത്താഴം മുട്ടി" തന്റെ വാര്‍ഷിക ജോലി തീര്‍ത്തു, വീട്ടുകാരുടെ വിസ്മൃതിയിലലിയുന്ന സമയം.
ബാലനായിരുന്ന കെ.പി.ഉമ്മര്‍ ഒരു ചെണ്ടയുമെടുത്തു ആ പ്രദേശത്തെ എല്ലാ വീടുകള്‍ക്കു മുന്നിലും അത്താഴം മുട്ടിത്തകര്‍ത്തു നട്ടപ്പാതിരക്കു നാട്ടുകാരെ വിളിച്ചുണര്‍ത്തി, "ഡ്യൂപ്ലിക്കെറ്റ് അത്താഴം മുട്ടി" യുടെ റോള്‍ ചെയ്തത്രേ.
നോമ്പുകാലം കഴിഞ്ഞു പുലര്‍ച്ചക്കിനി എണീക്കണ്ടല്ലോ എന്ന ആശ്വാസത്തില്‍ കിടന്നുറങ്ങുകയായിരുന്ന എല്ലാ വീട്ടുകാരും ഇത്ര പെട്ടന്നു ഒരു വര്‍ഷം കടന്നുപോയോ എന്നു സംശയിച്ചു തപ്പിപ്പിടിച്ചു കണ്ണു തിരുമ്മി എണീറ്റപ്പോള്‍ കണ്ടത് "പറ്റിച്ചേ!" എന്ന ഭാവത്തില്‍ പൈസക്കു കൈ നീട്ടുന്ന, പുതിയ "അത്താഴം മുട്ടി".
തൊട്ടപ്പുറത്തെ വീട്ടിലെ ചെക്കനുമര്‍.
ചെറുക്കന്റെ ആദ്യ അഭിനയത്തിന്റെ പ്രതിഫലം സ്വന്തം പിതാവില്‍ നിന്നും അടിയായും നാട്ടുകാരുടെ നാവില്‍ നിന്നു വഴക്കായും കിട്ടിയത്രേ!.
പറഞ്ഞു വന്നത് ഇപ്പോള്‍ എനിക്കാ ജോലി കിട്ടിയിരിക്കുന്നു. എന്റെ അത്താഴം കഴിക്കലു കഴിഞ്ഞാല്‍ കാക്കത്തൊള്ളായിരം കിലോമീറ്ററിനപ്പുറത്തുള്ള എന്റെ ഭര്‍ത്താവിനെ അത്താഴം മുട്ടി ഉണര്‍ത്തുന്നതു എന്റെ കയ്യിലിരിക്കുന്ന മൊബെയിലിലു ഫോണു കൊണ്ടാണെന്നു മാത്രം.
എന്റെ അത്താഴംമുട്ടല്‍ മിസ്‌കോളിന്റെ രൂപത്തിലാണ്. മാഷു ഉറക്കമെണീറ്റാല്‍ അതു തിരിച്ചു കിട്ടുന്ന മിസ്കോളില്‍ നിന്നറിയാം.
ഇലക്ട്രോണിക് രംഗത്തെ കുതിച്ചു ചാട്ടം അനായാസമായി ഒരു രാജ്യത്തില്‍ നിന്നും മറ്റൊരു രാജ്യാതിര്‍ത്തിക്കപ്പുറത്തേക്കുള്ള ചാട്ടമായി (ഒരു വ്യാഴാഴ്ച രാത്രി ഇങ്ങോട്ടും ശനിയാഴ്ച രാവിലെ അങ്ങോട്ടും) ഭാരതത്തിന്റെ വിദേശനാണ്യത്തിന്റെ അത്താഴം മുട്ടുണ്ടാവാത്ത രീതിയില്‍ സാധ്യമാക്കുന്ന ഒരു ദിവസത്തിനായിട്ടാണു ഇനി എന്റെ കത്തിരുപ്പ്.
എന്നെപ്പോലെ പ്രവാസികളുടെ പ്രിയപ്പെട്ടവരുടെയെല്ലാം സ്വപ്നവും അതു തന്നെ.(എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം അല്ലെ!)
5015