Monday, November 19, 2007

കഥാരചനക്കുള്ള പുരസ്കാരം കവിതക്ക്‌!

കഥാരചനക്കുള്ള പുരസ്കാരം കവിതക്ക്‌!"
ശാബു പത്രം വായിച്ചു കൊണ്ടു ആ വരികള്‍ നോട്ടുപുസ്തകത്തിലേക്കു പകര്‍ത്തുകയാണ്‌.

ആ വായിച്ചതില്‍ എന്തോ വ്യാകരണപ്പിശകില്ലേ!, എന്നു തോന്നിയപ്പോള്‍ എന്റെ കാതുകള്‍ അടുക്കളയില്‍ നിന്നു സിറ്റൗട്ടിന്റെ ഭാഗത്തേക്കു മുയലുചെവി പോലെ ഒന്നു വട്ടം പിടിച്ചൂ.

ഇപ്പോള്‍ പല സ്കൂളിലും 'പത്രവാര്‍ത്താവലോകനം' എന്ന ഒരു ഹോം വര്‍ക്കുണ്ട്‌. അന്നന്നത്തെ ദിനപ്പത്രത്തിലെ മുഖ്യവാര്‍ത്തകള്‍ തെരഞ്ഞെടുത്ത്‌ നോട്‌സുണ്ടാക്കി ഓരോരുത്തരായി അതു വായിച്ചു ക്ലാസ്സില്‍ ചര്‍ച്ചചെയ്യണം.

അതിനാല്‍ പുലര്‍ച്ചെ പത്രം വന്നാല്‍ ആദ്യമെടുക്കുന്നത്‌ അവന്‍ തന്നെ!
പക്ഷെ ആദ്യ പേജും സ്പോര്‍ട്സ്‌ പേജും മാത്രമേ നോക്കൂ. ഒന്നവന്റെ ടീച്ചര്‍ക്കു വേണ്ടിയും മറ്റേതു ക്രിക്കറ്റുകളിയെക്കുറിച്ചു വായിക്കാന്‍ അവനു തന്നെ വേണ്ടിയും.

വാര്‍ത്തയിലെ ബാക്കി ഭാഗം അവന്‍ വായിച്ചെഴുതാന്‍ തുടങ്ങിയപ്പോഴാണു പത്രത്തിനും ശാബുവിന്നും എനിക്കും തെറ്റിയില്ലന്നു ബോധ്യമായത്‌. പ്രസ്തുത ഹെഡ്ഡിംഗു കൊടുത്തയാള്‍ ഇത്തിരി കുസൃതിയോടെ ഒരു തെറ്റിദ്ധരിപ്പിക്കല്‍ നടത്തിയതാണ്‌.
അധ്യാപക-അധ്യാപികമാര്‍ക്കു വേണ്ടി നടത്തിയ കഥാരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതു "കവിത" എന്ന പേരുള്ള ടീച്ചറാണെന്നു മനസ്സിലാക്കാന്‍ ആ വാര്‍ത്ത മുഴുവന്‍ വായിക്കേണ്ടി വന്നു. തലവാചകത്തില്‍ ഒരു ജിജ്ഞാസ സൃഷ്ടിക്കാനും അതു അവസാനം വരെ നിലനിര്‍ത്താനും ആ ലേഖകന്റെ ഈ കുസൃതിക്കു നന്നായിക്കഴിഞ്ഞു.

പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അന്നു ഒരു പത്രത്തിലെ ആ വാര്‍ത്തയുടെ തലക്കെട്ടു "മുഷറഫ്‌ റഫാവുന്നു" എന്നായിരുന്നു. രണ്ടാമത്തെ റഫ്‌ എന്നെഴുതിയതു ചുവന്ന മഷിയിലും.
രസകരമായ അര്‍ത്ഥാന്തരമുള്ള ലളിത പ്രാസമുള്ള ഒരു നല്ല തലക്കെട്ട്‌.

വാനനിരീക്ഷകന്‍ കിണറ്റില്‍ വീണു പരിക്ക്‌,
എന്ന തലക്കെട്ടു കണ്ടാല്‍ അതൊരു ദുരന്ത വാര്‍ത്തയാണെങ്കില്‍ പോലും ഒരു ഊറിച്ചിരി വരാത്തവര്‍ കാണുമോ?. കിണറ്റില്‍ വീണു പരിക്കേറ്റയാള്‍ക്കു മുന്‍പെപ്പോഴെങ്കിലും വാനനിരീക്ഷണ വിനോദം ഉണ്ടായിരുന്നുവെന്നറിയുന്നയാളായിരിക്കും അയാളുടെ കിണറ്റില്‍ വീഴ്ച്ചയുടെ വാര്‍ത്ത ഇങ്ങനെ ആഘോഷമാക്കിയത്‌.

രസകരമായതും ദ്വയാര്‍ത്ഥത്തോടുകൂടിയതുമായ പല വാര്‍ത്താ തലക്കെട്ടുകളും രേഖപ്പെടുത്തി വെക്കേണ്ടതാണെന്നു
തോന്നിയിട്ടുണ്ട്‌.പില്‍ക്കാലത്തു വായിച്ചു നോക്കുമ്പോള്‍ ഒരനുഭവമായിരിക്കും.

എന്നാല്‍ പല പ്രമുഖപത്രങ്ങളും ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്നതില്‍ കൂടുതല്‍ മര്യാദകള്‍ പാലിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നതു വളരെ കൗതുകകരമാണ്‌.

അതുകൊണ്ടുതന്നെ വാര്‍ത്താവലോകനം എഴുതുന്ന മക്കള്‍ക്കു വേണ്ടി പീഢനത്തിന്റെയും പൂവാലശല്യത്തിന്റെയും വാര്‍ത്തയുടെ സംശയനിവാരണം നടത്തേണ്ടി വരുന്നില്ല മാതാപിതാക്കള്‍ക്ക്‌.

കുറ്റകൃത്യങ്ങളെ പൊലിപ്പിച്ചും വര്‍ണ്ണിച്ചും മുന്‍പേജു വിഭവസമൃദ്ധമാക്കുന്ന ആ പഴയരീതി മിക്ക പത്രങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ക്കു മുന്നേ ദൃശ്യമാധ്യമങ്ങള്‍ അതു വിശദമായി ഒപ്പിയെടുത്തു ജനത്തിനു മുന്നില്‍ വിളമ്പിയതിനാലാവുമത്‌. ഒരു വിഷയത്തെ വേറൊരു മാധ്യമവും കാണാത്ത വിധം വ്യത്യാസമായ മറ്റൊരു കോണിലൂടെ നോക്കിക്കാണാനാണു ഓരോ പത്രവുമിപ്പോള്‍ ശ്രമിക്കുന്നത്‌. സംഭവസ്ഥലത്തു നിന്നും അച്ചടിയന്ത്രത്തിലേക്കു വാര്‍ത്തയെത്താനെടുക്കുന്ന സമയത്തിനിടക്കു സംഭവിക്കുന്ന ആ ന്യൂസിന്റെ അപ്ഡേഷന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നത്‌ ഇരുപത്തിനാലു മണിക്കൂറിന്റെ ആനുകൂല്യമുള്ള പത്രങ്ങള്‍ തന്നെ. കൂടാതെ ക്ഷണനേരത്തിനിടയില്‍ മാറ്റം സംഭവിച്ചേക്കാവുന്ന പൊതുതാല്‍പര്യത്തിന്നസരിച്ചു നയവ്യതിയാനം വരുത്തി, കച്ചവട താല്‍പര്യത്തോടു തോളോടു ചേര്‍ന്നു നടക്കാനുള്ള സൗകര്യവും ആസ്വദിക്കുന്നതു പത്രങ്ങള്‍ തന്നെ.
സംപ്രേക്ഷണം ചെയതു പോയ വാര്‍ത്ത പിന്‍വലിക്കാന്‍ കഴിയാതെ വിഷമിച്ച ചില ചാനലുകളുടെ ഗതികേടു ഈ ത്വരിത വാര്‍ത്താപ്രക്ഷേപണ രീതിയുടെ ശാപമായി മാറുകയാണ്‌.വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ വാര്‍ത്താമാധ്യമങ്ങള്‍ വളരെ ജാഗരൂഗരാവേണ്ടതുണ്ട്‌.

കുറ്റകൃത്യങ്ങളെയും തിന്മകളെയും പര്‍വ്വതീകരിക്കുന്നതിലും, നീചരെ ആന്‍റിഹീറോ പരിവേഷത്തോടെ അവതരിപ്പിക്കുന്നതിലും കാണിക്കുന്ന ഒരു ഉത്സാഹം. അവക്കു കിട്ടുന്ന ശിക്ഷയേയും അവരുടെ ദാരുണമായ അന്ത്യമെന്ന സത്യത്തെയും അനാവരണം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്നില്ലന്നതു ദു:ഖകരമായ ഒരു പരമാര്‍ത്ഥം തന്നെ.
പത്രവായനയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കേരളത്തില്‍ നിന്നിറങ്ങുന്ന പത്രങ്ങളാണു ഇതിനു മാതൃകയാവേണ്ടത്‌.
6617