Thursday, January 31, 2008

പേരും പോരും

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചതാരായാലും പേരില്‍ പോരിരിക്കുന്നു വെന്നു തന്നെയാണ്‌ എന്റെ അനുഭവം.
"സാബിറ എന്നാല്‍ ക്ഷമയുള്ളവള്‍"
ഇങ്ങനെ ഒരു പേരിടുമ്പോള്‍ എന്നെ ആ ചട്ടക്കൂടിനകത്തേക്കു ഒതുക്കിക്കൂട്ടാന്‍ എന്റെ മാതപിതാക്കള്‍ ഉദ്ദേശിച്ചിരുന്നോ എന്നെനിക്കറിയില്ല.പക്ഷെ ഈ പേരു കാരണം,
"നീ നിന്റെ പേരിനോടു നീതി കാണിക്ക്‌ സാബിറാ.. ?"
എന്ന നിര്‍ദ്ദേശം ആജ്ഞയായും, അനുനയമായും, ഉപദേശമായും, ഭീഷണിയായും ചിലപ്പോള്‍ കൗശലമായും ഞാന്‍ പലവുരു കെട്ടതുകൊണ്ടായിരിക്കാം എന്റെ സ്വഭാവം ഞാനറിയാതെ തന്നെ അതിലേക്കു പാകപ്പെട്ടത്‌.
സ്കൂള്‍ പഠനകാലത്താണു എന്റെ പേരിനെക്കുറിച്ചു ഞാന്‍ ഏറ്റവും വ്യാകുലപ്പെട്ടിട്ടുള്ളത്‌.
ഓരോ ക്ലാസ്സിലേക്കും കയറ്റം കിട്ടിയിരുന്നപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ആയിശയും ആശയും ബിന്ദുവും എനിക്കു മുന്നെ ഹാജര്‍പട്ടികയില്‍ ഇടം തേടിയപ്പോഴും പുതിയ ക്ലാസ്സിലേക്കാദ്യം അവരുടെ പേരുകള്‍ വിളിക്കപ്പെട്ടപ്പോഴും ശരിക്കും എന്റെ കണ്ണു നിറഞ്ഞിരുന്നു.
അവരൊക്കെ നല്ല ബെഞ്ചിലിരിപ്പിടമുറപ്പിച്ചപ്പോള്‍ എനിക്കവസാനം വിധിക്കപ്പെട്ടത്‌ ക്ലാസ്സുറൂമിലെ മൂലയിലൊരു "ഒറക്കുത്തന്‍" കുത്തിയ ബെഞ്ചിലെ ആര്‍ക്കും വേണ്ടാത്തയിടം.,
മച്ചില്‍ നിന്നു കമ്പിയില്‍ തൂക്കിയിട്ട,
ടാറടിച്ച (ഒരിക്കലും ഉണങ്ങാത്ത),
പരമ്പുപായകൊണ്ടുണ്ടാക്കിയ തട്ടികയില്‍ ചാരിയ സീറ്റു കിട്ടുമ്പോള്‍ സ്വന്തം ക്ലാസ്സിലെ ടീച്ചറുടെ ശബ്ദത്തെക്കാള്‍ കേട്ടിരുന്നതു അപ്പുറത്തെ പ്രൈമറിക്ലാസ്സിലെ "തറയും പറയും" അലറുന്ന മാഷുടേതായിരുന്നു.
തട്ടത്തില്‍ പറ്റിയ ടാറോ,ചോക്കുപൊടിയോ എനിക്കു നിത്യവും തല്ലും ശകാരവും വാങ്ങി തന്നു.. അതിനൊക്കെ ഹേതുവായ എന്റെ നാമത്തിലെ ആദ്യാക്ഷരം ഇംഗ്ലീഷു അക്ഷരമാലാക്രമത്തില്‍ അവസാനമായതിനാല്‍ എനിക്കു നല്‍കിയ വേദന തെല്ലൊന്നുമായിരുന്നില്ല.

എന്റെ പേരിനെ "സ്വാഭിറ" എന്നു തെറ്റായി ഉച്ചരിച്ചിരുന്ന കത്രീന ടീച്ചറിനോടു എനിക്കു ദേഷ്യം വരാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നില്ല.
സംഭാഷണം തുടങ്ങുമ്പോഴേ നമ്മുടെ പേരു തെറ്റായി ഉച്ചരിക്കുന്നവരോടു നമുക്കു നീരസം തോന്നുക സ്വാഭാവികം.
കോളേജു പഠനകാലത്താണു എന്റെ കൂട്ടുകാരികള്‍ എന്റെ പേരിന്റെ നീട്ടം ഇത്തിരി മുറിച്ചു കളഞ്ഞതു "സാബി"യാക്കിയത്‌.അങ്ങനെ വിളിച്ചവരെല്ലാം എനിക്കു പ്രിയപ്പെട്ടവരായിരുന്നതിനാലാവണം എനിക്കാ വിളി നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ വിളിക്കുന്നവരെ എന്റെ അടുത്തവരായി സ്നേഹിക്കാന്‍ തുടങ്ങിയതു എന്റെ ആ ഇഷ്ടത്തിന്റെ പ്രേരണയാവാം.
ഷേക്‌ക്‍സ്പിയര്‍ നാടകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കു നല്‍കിയിരുന്ന പോലെ അവസാന അക്ഷരം വവല്‍സിലൊന്നാണെങ്കില്‍ (a,e,i,o,u) ആ സ്ത്രീ നാമങ്ങള്‍ കേള്‍ക്കാനിമ്പമാണെന്നു മാത്രമല്ല ഓര്‍ക്കാനെളുപ്പവുമാണ്‌.
അങ്ങനെയുള്ള പേരുകളെയാണു ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്‌.
ഒരാളെ അവരുടെ പേരു വിളിച്ചു സംബോധന ചെയ്യുമ്പോള്‍ കൂടുതല്‍ അടുപ്പമുള്ളതു പോലെ തോന്നുന്നതും സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിനു ആ വിളി പലപ്പോഴും സഹായപ്പെടുന്നതും നിരീക്ഷിച്ചിട്ടുണ്ട്‌.
നമ്മുടെ നാമം നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന കാലത്തു അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചറിയാത്ത പ്രായത്തിലായതിനാല്‍ പില്‍ക്കാലത്തു പേരുമാറ്റം നടത്തണമെങ്കില്‍ ഗസറ്റിലും പത്രത്തിലും പരസ്യം ചെയ്യുകയും അതിന്നായി മാസങ്ങളോളം കാത്തിരികുകയും വേണമെത്രേ!
(പൊല്ലാപ്പ്‌)
പക്ഷെ ബ്ലോഗില്‍ നമുക്കിഷ്ടമുള്ള പേരിലറിയപ്പെടാന്‍ നമുക്കു സ്വാതന്ത്യമുണ്ട്‌.
(ബ്ലോഗറമ്മാവനും ഗൂഗിളമ്മായിക്കും നന്ദി)
പുതുതായി ബ്ലോഗുനാമം സ്വീകരിക്കുന്നവര്‍ നേരത്തെയുള്ള ബ്ലോഗുനാമങ്ങളുമായി സാമ്യമുള്ളതോ അതു തന്നെയോ സ്വീകരിക്കുന്നതു ഒഴിവാക്കാന്‍ റഫറന്‍സിനു ഒരു ഡാറ്റാബേസുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌.
(മുന്‍പാരോ ഇതിനു ശ്രമിച്ചതായിരുന്നു പക്ഷെ അപ്ഡേഷന്‍ നിന്നു പോയെന്നു തോന്നുന്നു).
അഗ്രിഗേറ്ററുകാര്‍ വിചാരിച്ചാല്‍ നടക്കുന്നതേയുള്ളൂ.
പുതിയ ബ്ലോഗേര്‍സിനു നിര്‍ദ്ദേശം കൊടുക്കുന്ന ഒരു ലിങ്കായി ഇതുപയോഗപ്പെടുത്തുകയും ചെയ്യാം.
പലരും ബ്ലോഗുനാമം സ്വീകരിക്കുന്നതു വ്യക്തിപരമായ പ്രൈവസിക്കും ജോലിസ്ഥലത്തെ സുരക്ഷിതത്വത്തിനും വേണ്ടിയാണ്‌.
പക്ഷെ ബ്ലോഗുനാമത്തില്‍ എഴുതുകയും അങ്ങനെ അറിയപ്പെടാനിഷ്ടപ്പെടുന്നവരുടേയും പോസ്റ്റില്‍ അവരുടെ യഥാര്‍ത്ഥനാമം അറിയുന്നവര്‍ അതു വ്യക്തമാക്കിക്കൊണ്ടു കമണ്ടിടുന്നതു മര്യാദകേടാണെന്നാണെനിക്കു തോന്നിയിട്ടുള്ളത്‌.

ഇതൊക്കെ എന്റെ വെറും തോന്നലുകളാണ്‌.
വെറുതെ പങ്കുവെച്ചു എന്നു മാത്രം.


(ഓര്‍മ്മയുടെ ജലപ്പരപ്പില്‍ ഒരു ചില്ലു ചീളിട്ടിളക്കിയ ‍പാപ്പാത്തിക്കു സമര്‍പ്പണം)
8400

No comments: