Saturday, January 19, 2008

ഒരു ആയയുടെ ആത്മഗതങ്ങള്‍, എന്റേയും..!

"ബൂറാക്ക്‌ ഫാത്തിമാ നീ..!"
"ഒന്നു ക്ഷമിക്കെന്റെ ഫാത്തിമാ..!"
"പടച്ചോനെ വിചാരിച്ചു നീ ഒന്നു അടങ്ങെന്റെ പൊന്നേ!"

തനി "കോഴിക്കോടന്‍" മലയാളത്തിലെ ഈ സാന്ത്വനവാക്കുകള്‍ കേട്ടാണു ഞാന്‍ തിരിഞ്ഞു നോക്കിയത്‌.
ഞാനിരിക്കുന്നതിന്റെ പിറകിലെ ബെഞ്ചില്‍ ഒരു മലയാളി ഹൗസ്‌മേയ്‌ഡും ഏകദേശം നാലു വയസ്സായ ഒരു അറബിപ്പെണ്‍കുട്ടിയും.

ഡിസ്കൗണ്ട്‌ ഓഫറും, വിലക്കുറവും നോക്കി കുറേ ചുറ്റിക്കറങ്ങി വാങ്ങിയ പലചരക്കു-പച്ചക്കറി സാധനങ്ങള്‍ നിറച്ച ട്രോളി ഒരരികില്‍ നിര്‍ത്തി, അജ്‌മാന്‍ സിറ്റി-സെന്‍ററിന്റെ വിശാലമായ പാസ്സേജില്‍ മുഖം തിരിച്ചിട്ട മനോഹരമായ മരബെഞ്ചിലൊന്നിലിരുന്നു ക്ഷീണം തീര്‍ക്കാന്‍ ഒന്നു വിശ്രമിക്കുകയായിരുന്നു ഞങ്ങള്‍.

നാലു വയസ്സിനു പത്തു വയസ്സിന്റെ പത്തരമാറ്റുള്ള വെളുത്തു കൊഴുത്തുരുണ്ട ആ അറബിപ്പെണ്‍കുട്ടി വലിയ വികൃതിയാണെന്നു ഒറ്റനോട്ടത്തിലും,
അതിന്റെ പിറകെ (ഫുട്ബാള്‍ മാച്ചിലെ റഫറി ഓടുന്നതുപോലെ) ശ്വാസം കിട്ടാതെ ഓടുന്ന ആ ഹൗസ്‌മേയ്‌ഡ്‌ ഒരു കോഴിക്കോട്ടുകാരിയാണെന്നും ആ ഇത്തയുടെ സംഭാഷണമിത്തിരി നേരം കാതോര്‍ത്തപ്പോള്‍ എനിക്കു മനസ്സിലായി.
പെണ്‍കുട്ടി അതിന്റെ കയ്യില്‍ കിട്ടിയ ഓരോ സാധനങ്ങള്‍ കൊണ്ടു ഇത്തയെ എറിയുകയാണ്‌. അവരാകട്ടെ ക്ഷമയോടെ അതിന്റെ പിറകെ നടന്നു വലിച്ചെറിഞ്ഞ സാധനങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്തു യഥാസ്ഥാനത്തു തന്നെ വെക്കാന്‍ നന്നായി കഷ്ടപ്പെടുന്നു.

അവര്‍ കൂടെകൂടെ പറയുന്നുണ്ട്‌.

"ഫാത്തിമാ..സബൂറാവു പൊന്നെ!....."
"ക്ഷമിക്കെന്റെ മുത്തേ!..... കുറച്ചു കൂടി ക്ഷമിക്കെന്റെ ഖല്‍ബെ!...."

പെണ്‍കുട്ടി ഇടക്കെപ്പോഴോ ബെഞ്ചില്‍ വന്നിരുന്നപ്പോള്‍
അവര്‍ പാലുനിറച്ച കുപ്പിയുമായി കുട്ടിയുടെ പിറകെ നടന്നു അവളുടെ വായില്‍ അതു വെച്ചു കൊടുക്കാന്‍ ശ്രമിച്ചു.
വായക്കുള്ളിലേക്കു ബലം പ്രയോഗിച്ചു പാല്‍കുപ്പിയുടെ നിപ്പിള്‍ കടത്തിയപ്പോള്‍ കുട്ടി ആ നിപ്പിള്‍ കടിച്ചു പിടിച്ചു കുറുമ്പുകാട്ടുകയാണ്‌.
ഇത്ത ഒന്നു തിരിഞ്ഞതേയുള്ളൂ കുട്ടി കുപ്പിയെടുത്ത്‌ ഒരൊറ്റ ഏറ്‌!.
നഗരത്തിലെ ഏറ്റവും മുന്തിയ ഷോപ്പിംഗ്‌സെന്‍ടറിലെ, ഏറ്റവും തെരക്കുള്ള സമയത്തില്‍, സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയില്‍, തിളങ്ങുന്ന ഗ്രാനേറ്റു തറയില്‍, ഗ്ലാസുകൊണ്ടുള്ള ആ ഫീഡിംഗ്ബോട്ടില്‍ ശക്തിയോടെ വീണു പൊട്ടിച്ചിതറുന്ന ഒച്ച കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കാത്തവരായി ആരുമില്ല.
ഒച്ചകേട്ടു കൊച്ചിന്റെ തന്തമിസ്‌രിയും തള്ളമിസ്‌രിയും തൊട്ടടുത്ത ഐസ്ക്രീം പാര്‍ലറില്‍ നിന്നു ഓടി വന്നു. തീറ്റ പകുതി വഴിക്കു നിര്‍ത്തിയാണവര്‍ ഓടി വന്നത്‌.
പെട്ടെന്നെണിറ്റതു കൊണ്ടാവും ആ തടിച്ച തള്ളയുടെ വിലകൂടിയ ഡ്രസ്സില്‍ മുഴുക്കെ ഐസ്ക്രീം വീണു വൃത്തികേടായിട്ടുണ്ട്‌.
ഓടി വന്ന അവര്‍ കുട്ടിയെ പിടിക്കുന്നതിന്നു മുന്‍പ്‌ ആ ഇത്താന്റെ തലക്കു കാറിന്റെ കീചെയിൻ കൊണ്ടു ഒരു കുത്താണു ആദ്യം കൊടുത്തത്‌.
പിറകെ, അറബിയില്‍ ഒരുപാടു ശകാര-വാക്യങ്ങളും
" അന്‍തി ഹയവാന്‍!"
(ഏടീ മൃഗമേ!)
"അന്‍തി മാഫി ശൂഫ്‌.. ബിന്‍തി സഹ്‌ലാന്‍?"
( എന്റെ മോളു ബഹളം വെക്കുന്നതു നീയെന്തേ കാണാതിരുന്നത്‌?)
"ഹല്‍ തഫക്കരീന്‍ കസീറന്‍ ബി സവ്ജുകല്‍ അഹ്‌മാന്‍"
(നീ നിന്റെ കുരുടന്‍ ഭര്‍ത്താവിനെ കിനാവു കണ്ടിരിക്കുകയാണോ?)

ചില്ലെറിഞ്ഞുടച്ച ശബ്ദത്തെക്കാള്‍ കര്‍ണ്ണകഠോരവും അസഹ്യവുമായിരുന്നു അവരുടെ ഒച്ച.

ഷോപ്പിംഗ്‌മാളിലെ ക്ലീനിംഗ്‌ സ്റ്റാഫു വന്നു അഞ്ചുമിനിട്ടിനകം അവിടമെല്ലാം നന്നായി വൃത്തിയാക്കി. പക്ഷെ ആ അറബിത്തള്ള ഛർദ്ദിച്ച ശകാരവാക്കുകൾ എന്നിലു വല്ലാത്തൊരു പുളിച്ചുതികട്ടലു ബാക്കിയാക്കി.
ആ ഇത്തയുടെ മുഖത്തേക്കു നോക്കാന്‍ എനിക്കു മനക്കട്ടി പോരെന്നു തോന്നി.

തള്ള, ശകാരം തുടർന്നു കൊണ്ടു തന്നെ കൊച്ചിനെ ഒറ്റക്കയ്യില്‍ തൂക്കി ബാക്കിയുള്ള ഐസ്ക്രീം തിന്നു തീര്‍ക്കാന്‍ പോയി.
ഐസ്ക്രീം കണ്ടതോടെ ആ കുട്ടിയുടെ സകല വികൃതിയും നിന്നു.

പക്ഷെ ഇത്തയുടെ നെടുവീര്‍പ്പോടെയുള്ള പുറുപുറുക്കല്‍ മാത്രം അപ്പോഴും നിന്നിട്ടില്ല.
അതു നേര്‍ത്തു നേര്‍ത്തു പതിയെ അവ്യക്തമായ ശബ്ദത്തിലായെന്നു മാത്രം.

" ഫാത്തിമാ..! സബൂറാവു പൊന്നേ!"
"ഫാത്തിമാ സബൂറാ...."
"ഫാത്തിമാ....!"


മിസ്‌രിത്തള്ള കണ്‍വെട്ടത്തു നിന്നും മറഞ്ഞപ്പോള്‍ ആ ഇത്തയെ ഒന്നാശ്വസിപ്പിക്കല്‍ എന്റെ മാനുഷീകമായ കടമയാണെന്നു കരുതി ഞാന്‍ പിറകിലേക്കു തിരിഞ്ഞു, ചോദിച്ചു.

എൻെറ പേര് സാബി, ഞങ്ങൾ മലപ്പുറത്താണ്.
"ആ ഫാത്തിമ വലിയ വികൃതിയാണല്ലെ?"

"ഫാത്തിമ എന്നത്‌ ന്റെ പേരാ..!",
" ഓരെ  മോൾക്കു ഇംഗ്ലീഷിലുള്ള ഏതോ ഒരു ശെയ്ത്താന്റെ പേരാ..."

മലപ്പുറത്തെ താത്താനോട് കോയിക്കോട്ടെ താത്താക്ക് വർത്താനം പറയാൻ മുട്ടി. 

"അവളുടെ തന്തക്കും തള്ളക്കും അവളെ ശരിക്കറിയാമായിരിക്കുമെന്നിട്ടു കൂടി നിങ്ങളെ ഇത്തോതില്‍ വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിനെ നിങ്ങള്‍ എങ്ങനെ സഹിക്കുന്നു?".

"അതിനുള്ള ക്ഷമ തരാന്‍ വേണ്ടി തന്നെയാണു ഞാന്‍ എന്നോടും പടച്ചതമ്പുരാനോടും സദാസമയം തേടുന്നത്‌"
ഫാത്തിമ  പുറംകൈ കൊണ്ടു കണ്ണീര്‍ തുടച്ചു, എന്നിട്ടും നെടുവീർപ്പു ഒളിപ്പിക്കാനായില്ല.


"പുയ്യപ്ലന്റെ കണ്ണൊപ്രേഷനു കുറച്ചധികം കായി വേണം കൂടാതെ അന്‍സത്തിക്കു പറഞ്ഞേറ്റതില്‍ ബാക്കി അഞ്ചു പവനും".
"അതു കൂടി ശരിയാവുന്നതു വരെ ന്റെ ഖൽബിനോടാ  ക്ഷമിക്കൂന്ന്  ഞാന്‍ ഈ തേട്ണത്".

അന്നു ഒരുപാടുനേരം ഞാനാരംഗമോര്‍ത്തു വിഷമിക്കുകയും ഏറെ നേരം ചിന്തിക്കുകയുംചെയ്തു.

പിന്നെ ഞാനാശ്വസിച്ചു.
അവരുടെ ഭർത്താവിന്റെ കണ്ണോപ്രഷനു വേണ്ട സംഖ്യയാവുന്നതു വരെ അവർക്കു സബൂറു കൊടുക്കുന്ന പടച്ചവന്റെ കൃപയോർത്ത്.
7777

20 comments:

അങ്കിള്‍ said...

ഇതൊരു ഒറ്റപ്പെട്ട സംഭവം ആയിരിക്കില്ല, അല്ലേ ജ്വാലേ. നാട്ടിലുള്ള ബന്ധുക്കളുണ്ടോ ഇതുവല്ലതും അറിയുന്നൂ?

ഒരു “ദേശാഭിമാനി” said...

അങ്കിള്‍, ഇതു ഒറ്റ പെട്ട സംഭമല്ല എന്നു മാത്രമല്ല, ഇതൊരു സര്‍വസാധാരണ സംഭവമാണു. മനുഷ്യനെ മൃഗമാക്കുന്നത് അവന്റെ സമ്പത്തിന്റെ അഹംങ്കാരമാണു. ഈ അഹംങ്കാരം അടിമകളോടെന്നപോലെ മറ്റുള്ളവരോടു പെരുമാറാന്‍ പ്രേരിപ്പിക്കുന്നു. 1983 മുതല്‍ ഈ ഗള്‍ഫില്‍ ഞാന്‍ ഉണ്ടു. 100 കണക്കിനു പീഡനങ്ങള്‍ അറിയാനും, സാക്ഷിയാകാനും സഹതപിക്കാനും ഇടവന്നിട്ടുണ്ടൂ. അപ്പോഴൊക്കെ പടച്ച തമ്പുരാനേ, ഈ പാവങ്ങള്‍ക്കു ഈ ക്രൂരത സഹിക്കാനുള്ള മനക്കട്ടി കോടുക്കണേ എന്നാണു പ്രാര്‍ത്ഥിക്കാറ്!

വയനാടന്‍ said...

ഇവിടെയും ഇതൊക്കെ കാണുമ്പോള്‍, ഇവരുടെയൊക്കെ വരും തലമുറ നമ്മുടെ നാട്ടില്‍ ജോലി തേടി വരുന്നതും നമ്മുടെ വരും തലമുറകള്‍ അവരെയൊക്കെ കൈകാര്യം ചെയ്യുന്നതും ഓര്‍ത്ത് ഞാന്‍ സമധാനിക്കാറുണ്ട്.
നാട്ടിലുള്ള ബന്ധുക്കളുണ്ടോ ഇതുവല്ലതും അറിയുന്നൂ?

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

കേട്ടിട്ടുണ്ട് ഇതുപോലത്തെ സംഭവങ്ങള്..... എല്ലാം ക്ഷമിച്ചവരവിടെ നില്ക്കുന്നു..ഉത്തരവാദിത്തങ്ങള്...

വിന്‍സ് said...

കൊള്ളാം ടച്ചിങ്ങ് ആയ സംഭവം.

കാപ്പിലാന്‍ said...

ഞാന്‍ പതിമൂന്ന് വര്‍ഷ ക്കലതോളം ഒരു അജ്മാന്‍ നിവാസി ആയിരുന്നു.ഇതുപോലെ യുള്ള പല സംഭവങ്ങള്‍ക്കും സാക്ഷി.ഒരു ദിവസം ഒരു അറബി , നടുറോഡില്‍ വെച്ചു ഒരു മലയാളിയെ മുഖത്ത് അടിക്കുന്നത് കണ്ടിട്ടോണ്ട് . എന്തായിരുന്നു സംഭവം എന്നെനിക്കറിയില്ല

ബാജി ഓടംവേലി said...

ഗള്‍‌ഫ് ബൂലോക മീറ്റ്

സുഹ്യത്തുക്കളെ,

ഒന്നാമത് ഗള്‍‌ഫ് ബൂലോക മീറ്റ് 2008 മെയ് 1,2 തീയതികളില്‍ ബഹറിനില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇന്നിവിടെ ചേര്‍ന്ന ബഹറിന്‍ ബൂലോക കൂട്ടായ്‌മയാണ് തീരുമാനം കൈക്കൊണ്ടത്.
ബഹറിന്‍, സൌദി,ദുബായ്,അബുദാബി,ഷാര്‍ജ, ഖത്തര്‍,കുവൈറ്റ്,ഒമാന്‍, തുടങ്ങി എല്ലാ ഗള്‍ഫ് മേഖലയിലുള്ള ബൂലോക സുഹൃത്തുക്കളേയും പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
തുടര്‍‌ന്നുള്ള വര്‍‌ഷങ്ങളില്‍ ഓരോ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വെച്ച് ഗള്‍ഫ് മീറ്റുകള്‍ നടത്തും.
ഗള്‍ഫ് മേഖലയിലെ എല്ലാ ബൂലോകരെയും മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങള്‍ പുറകാലെ അറിയിക്കാം...

ബാജി ഓടംവേലി
00973 - 39258308
bajikzy@yahoo.com

നിര്‍മ്മല said...

കുറച്ചു നാളായി ഈ വഴിവന്നിട്ടു സാബീ. ഹൃദത്തിലൊരു മുറിവോടെ മടങ്ങുന്നു. ഇതുപോലെയുള്ള സംഭവങ്ങള്‍ ഇനിയും എഴുതണേ. പുറംലോകം അറിയട്ടെ.

ഏ.ആര്‍. നജീം said...

മനസ്സില്‍ തൊട്ടു...

പല കാഴ്ചകളും ഇത്തരത്തില്‍ കാണാറുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയോടെ തിരുഞ്ഞു നടന്നിട്ടമുണ്ട് എന്ത് പറയാന്‍

സാബി said...

ആയയുടെ ആത്മഗതങ്ങള്‍ വായിക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്തവര്‍ക്കെല്ലാം നന്ദി.
ഗള്‍ഫു പ്രവാസകാലത്തിനിടക്കു മനസ്സിനെ മിഥിച്ച ഒട്ടനവധി അനുഭവങ്ങളില്‍ ഒന്നാണിത്‌.

ഇതു ഒറ്റപ്പെട്ടതല്ല. പലരും പലപ്പോഴായി അനുഭവിച്ചതു തന്നെ!

അങ്കിള്‍,
ഒരു ദേശാഭിമാനി,
വയനാടന്‍,
ജിഹേഷ്‌,
വിന്‍സ്‌,
കാപ്പിലാന്‍,
ബാജി,
നിര്‍മ്മലേച്ചി,
നജീം സാര്‍..

വളരെ വളരെ നന്ദി,
എഴുതാനും എന്റെ എഴുത്തിനു ബ്ലോഗുപയോഗപ്പെടുത്താനും പകരുന്ന ഈ ഊര്‍ജ്ജത്തിനു വളരെ നന്ദി.

മുസാഫിര്‍ said...

ആയയുടെ ആത്മനൊമ്പരങ്ങള്‍ പകര്‍ത്തിയത് ഇഷ്ടമായി സാബി.ആത്മഗതവും.അജ്മാ‍ന്‍ സിറ്റി സെന്റററില്‍ വീണ് ഒരിക്കല്‍ ശ്രീമതിയുടെ കയ്യ് ഒടിഞ്ഞ് പ്ലാസ്റ്ററിടേണ്ടി വന്നിട്ടുണ്ട് അതിന് ശേഷം അവള്‍ക്ക് വലിയ കെട്ടുവള്ളം പോലെയുള്ള ആ കെട്ടിടം കണ്ടാല്‍ ഞെട്ടലാണ്.

Seena said...

ആ അവസാനത്തെ ആത്മഗതം വേണമായിരുന്നോ..
മനസ്സില്‍ ക്രൂരതയുള്ളവര് എല്ലാ‍യിടത്തും ഇല്ലേ..
എന്റെ മലയാളി അയല്‍ക്കാരിയുടെ മലയാളി വേലക്കാരിയെ എങ്ങിനെ രക്ഷപ്പെടുത്തും എന്നു ഞാനാലോചിച്ചിട്ടുണ്ട്..

സാബി said...

മുസാഫിറിനും സീനക്കും നന്ദി.
അവസാനത്തെ ആത്മഗതം എന്റെ ഒരാശ്വാസത്തിനെഴുതിയതാ.. എല്ലാ നാട്ടുകാരിലും നല്ലവരും ചീത്തവരും ഉണ്ട്‌. വളരെ ശരി തന്നെ!
മനസ്സണു നന്നാവേണ്ടത്.
ഈജീപ്ഷ്യന്‍ സുന്ദരികളെ വര്ണ്ണിച്ചു പല അറബിക് ചരിത്ര പുസ്തകത്തിലും വായിക്ചിട്ടുണ്ട് എന്നാല്‍ അവരുടെ അഹങ്കാരത്തെക്കുറിച്ചു പലര്ക്കും അറിയില്ല അനുഭവിച്ചറിഞ്ഞതു എഴുതണമെന്നു തോന്നി.

Inji Pennu said...

സാബിത്താ
മിസിരകള്‍ എന്ന് പറഞ്ഞാ‍ല്‍ ഈജ്യപ്തുകാരാണോ ?

എന്റെ പേരാണ് ഫാത്തിമാ - എനിക്കത് നെഞ്ചില്‍ തറഞ്ഞുപോയി.

Reshma said...

ജനിച്ചപ്പോ മുതലാ ഫാത്തിമ പലയവസരത്തിലായും കേള്‍ക്കുന്നതായിരിക്കും സബൂറാക്ക് ഫാത്തിമാന്ന്.
പോട്ടെ, സബൂറാക്കികള ഫാത്തിമാ.

വേണു venu said...

അതിനുള്ള ക്ഷമ തരാന്‍ വേണ്ടി തന്നെയാണു ഞാന്‍ എന്നോടും പടച്ചതമ്പുരാനോടും സദാസമയം തേടുന്നത്‌"
എത്രയോ ഫാത്തിമാമാര്‍‍.
റ്റച്ചിങ്ങ്...

സാബി said...

ഇഞ്ചിപ്പെണ്ണ്‌,
രേഷ്മ,
വേണു
വായനക്കും പ്രതികരണത്തിനും നന്ദി.
ഇഞ്ചിപ്പെണ്ണിനു :- മിസിരികള്‍ എന്നതു ഈജിപ്ഷ്യര്‍ക്കു അറബിയിലുള്ള വിളിപ്പേരാണ്‌.
രേഷമക്കു:- കമണ്ടു വായിച്ചപ്പോള്‍ ഞാന്‍ ഒരു മിനിട്ടു ചിന്തിച്ചു. ഞാനും ഏറ്റവും കേട്ട നിര്‍ദ്ദേശം "സബൂറാക്കൂ" എന്നു തന്നെയായിരിക്കാം ( അതു പല ഭാവത്തില്‍, ഭീഷണിയായും, അനുനയമായും,അപേക്ഷയായും പിന്നെ അപൂര്‍വ്വമായി കൗശലമായും)
നന്ദി പുതിയതിന്നു ഒരു തീം തന്നതിന്ന്.
വേണുവിന്ന്:- ഒരു പാടു ഫാത്തിമ്മ മാര്‍ കുടുംബം പുലര്‍ത്തുന്നതു ഒരു പക്ഷെ നാടും നാട്ടാരും അറിയാതെ പോകുന്നു. അല്ലങ്കില്‍ അറിയില്ലന്നു നടിക്കുന്നു.

raj neettiyath said...

എഴുത്തുകാരിയുടെ ആത്മഗതം, അതിലെ കള്‍ച്ചറല്‍ ഹേട്രഡ് ഷോക്കിങ് ആണ്. എന്നെ ദ്രോഹിച്ചവനെ തിരിച്ചാരെങ്കിലും ദ്രോഹിക്കണേയെന്ന് കരുതുന്നതിലെ പൊളിറ്റിക്കല്‍? ഹേട്രഡ് പോലെയല്ല, ഇനിയൊരിക്കലും മായ്ചുകളയുവാന്‍ കഴിയാത്ത രീതിയില്‍ ഉള്ളിലേയ്ക്കാഴ്ന്നിറങ്ങുന്ന വെറുപ്പ്, അതും അടിമുടി അവരുടെ പ്രാചീനതയില്‍ അഭിരമിക്കുന്ന ഈജിപ്തുകാര്‍ക്കെതിരെ അതിസാംസ്കാരികമായാവുമ്പോള്‍ എത്ര നിന്ദ്യമായിരിക്കും എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

സാബി said...

നന്ദി, രാജ്‌.
വഴക്കു പറയുമ്പോഴെങ്കിലും വളച്ചു കെട്ടില്ലാതെ വലിച്ചിലില്ലാതെ ഒന്നു വ്യക്തമായി പറഞ്ഞു കൂടായോ? :)
(സഖിയിലും,ലംബോദരന്റെ മരണത്തിലും,യക്ഷി-പൂച്ച,നസീമ,രണ്ടുറുപ്പ്യ എന്നിവയിലൊക്കെ ഉപയോഗിച്ച പോലെ ലാളിത്യമുള്ള ഭാഷയില്‍).
അതോ ഞാന്‍ മനസ്സിലാക്കിയതു തെറ്റിയോ?
"അടിമക്കു അമര്‍ഷം വന്നിട്ടെന്തു കാര്യം!
ഉടമയുടെ കുതിരയുടെ വാലിലെ പുള്ളിയെപ്പോലും കളിയാക്കാനവനു ആത്മഗതമല്ലെ വഴിയുള്ളൂ!"
എന്നൊരു ഈജിപ്ഷ്യന്‍ പഴമൊഴി എന്റെ എഴുത്തില്‍ ലയിപ്പിച്ചെന്നേയുള്ളൂ.
പലര്‍ക്കും അതു മനസ്സിലായില്ല

അള്ളോ! വക്കാണത്തിനൊന്നും നമ്മളില്ലേ!
വീണ്ടും കാതിലാരോ മൂളുന്നു
"സബൂറാക്കു സാബിറാ..!"

evuraan said...

ഉഗ്രന്..!