Wednesday, January 09, 2008

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ
"കുട്ട്യാളെ സ്കൂളില്‍ വിട്ട്‌ നീയൊന്നിങ്ങോട്ടു വാ..!"
മുത്തുമ്മ വാക്കുകള്‍ വളരെ പിശുക്കി, ഫോണ്‍ പെട്ടെന്നു കട്ടാക്കി.
(ടെലഗ്രാമിന്റെ പോലെ ഒരോ വാക്കിനല്ല ഫോണിന്റെ കാളിംഗ്‌ ചാര്‍ജ്‌ കണക്കു കൂട്ടുന്നതെന്നു മുത്തുമ്മയെ ബോധ്യപ്പെടുത്തണമെന്നു പലകുറി തോന്നീട്ടുണ്ട്‌ ! ).

എന്തിനാണാവോ? ചെല്ലാന്‍ പറഞ്ഞത്‌?
ചെക്കപ്പിനു പോകാനുള്ള തിയതിയായിട്ടില്ലല്ലോ!
ഞാന്‍ അസ്വസ്ഥയായി.

"എന്തിനാ ഉമ്മീ, മുത്തുമ്മ ഫോണ്‍ ചെയ്തത്‌?"
ശബി സ്കൂള്‍ ബാഗിലെക്കു ടിഫിന്‍ ബോക്സ്‌ കുത്തിനിറക്കവെ, ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"നിങ്ങളെ സ്കൂളില്‍ വിട്ടിട്ടു എന്നോടു തറവാട്ടിലേക്കൊന്നു ചെല്ലാന്‍"

മക്കളു രണ്ടാളും കുശുകുശുക്കുന്നതും എന്നെ കണ്ടപ്പോള്‍ പെട്ടന്നു മൗനം പാലിച്ചതും എന്റെ ശ്രദ്ധയില്‍ പെട്ടു.
ഒരു പാര എനിക്കെതിരെ പണിതിട്ടാണു സന്ധ്യക്കു രണ്ടാളും മുത്തുമ്മാന്റെ അടുത്തു നിന്നു തിരിച്ചു വന്നതെന്നു അതോടെ എനിക്കു ഉറപ്പായി.

മക്കളു പോയപ്പോള്‍ വാതിലുപൂട്ടി ഗേറ്റു താഴിട്ടടച്ചു ഞാന്‍ തറവാട്ടിലേക്കു നടന്നു.
തൊട്ടപ്പുറത്തു തന്നെ!
എന്നാലും ഓരോ കാലടി മുന്നോട്ടു വെക്കുമ്പോഴും തുഷാരയില്‍ നിന്നും തറവാട്ടിലേക്കുള്ള ദൈര്‍ഘ്യം കൂടുന്നുവോ എന്ന തോന്നല്‍ ആധിയുടെ ഉപോല്‍പന്നമായി എന്നില്‍ വന്നു നിറഞ്ഞു.
തറവാട്ടിലെത്തി, എന്നെ കണ്ടതോടെ മുത്തുമ്മ കട്ടിലില്‍ ചാരിയിരുന്നു.
"എന്തിനാ ഉമ്മാ വരാന്‍ പറഞ്ഞത്‌?"
ഞാന്‍ അതിവിനയം കലര്‍ത്തി ചോദിച്ചു.
"ഇന്നലെ ഹോം വര്‍ക്കു ചെയ്യാത്തതിനാല്‍ രണ്ടാള്‍ക്കും ക്ലാസ്സിന്നു അടികിട്ടിയ കാര്യം നിന്നോടവര്‍ പറഞ്ഞോ?"
"ഇല്ലല്ലോ ഉമ്മാ! അവര്‍ അക്കാര്യം എന്നോടു പറഞ്ഞില്ല".
"എന്നാലെന്നോടു പറഞ്ഞു മാത്രമല്ല നിന്നെക്കുറിച്ചു ഒരു പരാതിയും പറഞ്ഞു".
"ലോഡ്‌ഷെഡിംഗും പവര്‍കട്ടും ഉണ്ടാവുമെന്നു ഒരാഴ്ച്ച മുന്നെ പത്രത്തിലും ടി.വി.യിലും വന്നിരുന്നതല്ലേ?"
"എന്നിട്ടും നീ എമര്‍ജന്‍സിയോ എണ്ണവിളക്കോ തയ്യാറാക്കി വെച്ചില്ലന്നവര്‍ പറഞ്ഞു.
ഹോം വര്‍ക്കു ചെയ്യാനിരുന്ന സമയത്താ കറണ്ടു പോയതെന്നും അതിനാല്‍ പഠിത്തം അതോടെ നിര്‍ത്തി നീയവരെ കിടത്തിയുറക്കിയെന്നും അതുകാരണം സ്കൂളില്‍ നിന്നു രണ്ടാള്‍ക്കും അടികിട്ടിയെന്നും പറയാനാ അവരിന്നലെ ഇവിടെ വന്നത്‌".

സംഗതി ശരിയാണ്‌.
എമര്‍ജന്‍സിലാമ്പ്‌ ചാര്‍ജു ചെയ്തില്ലന്നതു ശരി തന്നെ. പക്ഷെ മണ്ണെണ്ണ വിളക്കില്‍ നിന്നു വരുന്ന പുകയും കരിയും വീടിന്റെ സീലിംഗിനു കേടാണെന്നു കരുതിയാണതുപയോഗിക്കാന്‍ സമ്മതിക്കാതിരുന്നത്‌.
"നീയെന്താ ഈയാഴ്ച്ച പത്രമൊന്നും വായിച്ചില്ലെ? ടിവി.യിലും ഉണ്ടായിരുന്നല്ലോ പവര്‍കട്ടു തുടങ്ങുന്നകാര്യം?"
ഹെഡ്മിസ്ട്രസിന്റെ മുന്നില്‍ വിചാരണ നേരിടുന്ന ക്ലാസ്സുടീച്ചറെന്ന പോലെ ഒന്നും മിണ്ടാതെ ഇരുന്നു കേട്ടു.

തെറ്റു എന്റെ ഭാഗത്തു തന്നെ.
പതിവിലും കൂടുതല്‍ സമയം ടി.വി. കണ്ടതായിരുന്നു.
പക്ഷെ വാര്‍ത്തയും വിവരങ്ങളുമല്ലന്നു മാത്രം.
ചാനലുകളില്‍ നിന്നു ചാനലുകളിലേക്കു ചാടി കണ്ടതു മുഴുവന്‍ "റിയാലിറ്റി ഷോ"കളും ക്രിസ്റ്റ്‌മസ്‌,ബക്രീദ്‌, ന്യൂ ഇയര്‍ പ്രത്യേകപരിപാടികളുമാണെന്നു മാത്രം.

മുത്തുമ്മ ഉപദേശിച്ചു.
കുട്ടികള്‍ കാര്യപ്രാപ്തിയാവുന്നതു വരെ അവരുടെ കാര്യങ്ങള്‍ ഗൗനിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും നമ്മളാണെന്നും വീട്ടമ്മ വീട്ടിലിരുന്നാലും നാട്ടിലെ സംഭവവികാസങ്ങളെ പറ്റി ബോധവതിയാവണമെന്നും ഉദാഹരണ സഹിതം വ്യകതമാക്കി.
മാഷിന്റെ ഒപ്പം എസ്‌.എസ്‌.എല്‍.സിക്കു പഠിച്ചിരുന്ന പഞ്ചായത്തിലെ ഏറ്റവും മാര്‍ക്കു വാങ്ങിയ ഒരു കുട്ടി പ്രീഡിഗ്രി പരീക്ഷക്കാലത്തു സ്റ്റഡിലീവിനു പൂട്ടിയപ്പോള്‍ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഘോര പഠനത്തിലായിരുന്നു. നോമ്പുസമയത്തു ഉച്ചക്കു ശേഷം പരീക്ഷനടത്തിയാല്‍ നോമ്പുകാരായ വിദ്യാര്‍ഥികള്‍ക്കു പ്രയാസമാകുമെന്നു പറഞ്ഞു സമരം നടത്തിയതിന്റെ ഫലമായി, കാലികറ്റ്‌ യൂണിവേര്‍സിറ്റി ഉച്ചക്കു ശേഷമുള്ള പരീക്ഷകള്‍ മാറ്റി രാവിലെയാക്കി.
അവര്‍ അതു പത്രത്തിലൂടെയും റേഡിയോവിലുടെയും ടെലിവിഷനിലൂടെയും അറിയിപ്പു കൊടുത്തതുമായിരുന്നു.
പക്ഷെ അതറിയാതെ പഠനത്തില്‍ മാത്രം ശ്രദ്ധിച്ച ആ കുട്ടി പരീക്ഷാദിനത്തില്‍ ഉച്ചക്കു ശേഷം, പരീക്ഷയെഴുതാന്‍ കോളേജിലെത്തിയപ്പോള്‍ സഹപാഠികള്‍ എല്ലാം എക്സാം എഴുതി പുറത്തു വരുന്നതാണു കണ്ടതു. അതോടെ അവന്റെ സങ്കല്‍പ്പത്തിലെ സമയബോധം താളം തെറ്റി. നമ്മുടെ പകലുകള്‍ അവനു രാത്രിയായും രാത്രികള്‍ അവനും പകലായും അനുഭവപ്പെട്ടു. അന്നു മനസ്സിന്റെ സമനില തെറ്റിയ അവനു ഇന്നും നോര്‍മ്മലായിട്ടില്ല.

മക്കളെ പഠനമുറിയില്‍ "പൂട്ടിയിട്ട്‌" ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന ഒരുപാടു കൂട്ടുകാരികള്‍ എനിക്കുണ്ട്‌.
എന്നിലും ആ ചീത്ത സ്വഭാവം കണ്ടു മുളയിലെ നുള്ളിക്കളയാന്‍ ഉപദേശിച്ച മുത്തുമ്മയോടും എന്നെ അതുപദേശിക്കാന്‍ ഏറ്റവും അനുയോജ്യ, മുത്തുമ്മയാണെന്നു കരുതി വിവരം കൊടുത്ത എന്റെ മക്കളേടും ഈ അവസരത്തില്‍ നന്ദിയോടെ!
മറ്റുള്ളവര്‍ക്കു ഒരു പാഠമാവാന്‍ ഇതിവിടെ കോറിയിടുന്നു.



7400

6 comments:

സുല്‍ |Sul said...

സത്യം മൂത്തുമ്മാ സത്യം.
:)
-സുല്‍

420 said...

ഇതൊരു
പാഠംതന്നെ,
ശരിക്കും.

നന്നായി...

പരിത്രാണം said...

ഇവിടെ കോറിയിടാന്‍ തോന്നിയതു വളരെ നന്നായി.

Kaithamullu said...

മറ്റുള്ളവര്‍ക്കു ഒരു ‘പാര‘യാവാന്‍ ഇതിവിടെ കോറിയിടുന്നു

ഒരു “ദേശാഭിമാനി” said...

ചിളര്‍ക്കു ജീവിതലക്ഷ്യം തന്നെ ടിവി കാണുകാ എന്നുള്ളതല്ലെ! അവ്ര്ക്കു ഒരു പാഠമാക്കോട്ടെ!

ഏ.ആര്‍. നജീം said...

വളരെ സത്യം, പക്ഷേ കുട്ടികള്‍ക്കുള്ള ടിവി പരിപാടി ഒരല്പം ഒക്കെ കാണാന്‍ അവരെയും അനുവദിക്കുക. തടഞ്ഞു വക്കുമ്പോള്‍ കാണുവാന്‍ കൂടുതല്‍ ആഗ്രഹം തോന്നുക സ്വാഭാവികം..

നന്ദി...