ഒരു പുസ്തകം കിട്ടിയാൽ അതു വായിച്ചു തീർക്കാൻ ഞാൻ കൂടുതൽ സമയമൊന്നും എടുക്കാറില്ല.
പക്ഷെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന കറന്റുബുക്സ് പ്രസിദ്ധീകരിച്ച ഒരു ഓട്ടൊബയോഗ്രഫിക്കൽ ബുക്കിന്റെ വെറും മൂന്നു പേജു മാത്രമുള്ള രണ്ടാമത്തെ അധ്യായം ഓരോ തവണ വായിക്കാൻ മറിച്ചപ്പോഴും എന്റെ കണ്ണിൽ ഊറിവന്ന നനവ് തുടർന്നുള്ള വായനക്കു തടസ്സം നിന്നു.
ദുരൂഹതകൾ മാത്രം ബാക്കിയാക്കി നഷ്ടപ്പെട്ട മകനെ ഓർത്തു പ്രൊഫസർ.ടി.വി. ഈച്ചരവാര്യർ എന്ന അച്ഛൻ, എഴുതിയ ആ നൂറ്റിനാൽപ്പത്തിനാലു പേജുള്ള ആത്മകഥയിൽ
അതേ മകനെയോർത്തു ഇരുപത്തി അഞ്ചു വർഷം വഴിക്കണ്ണുമായി കാത്തിരുന്നു കിടപ്പിലായി,
നമ്മുടെയുള്ളിൽ എക്കാലത്തേക്കുമായി വലിയ ഒരു നീറ്റൽ ബാക്കിവെച്ചു കാലത്തിനൊപ്പം കടന്നു പോയ അവന്റെ അമ്മയെ വിവരിക്കാൻ ആകെ ഉപയോഗിച്ചതു വെറും മൂന്നു പേജ്.
പക്ഷെ ആ മൂന്നു പേജിൽ മൂന്നു ജന്മത്തിന്റെ സ്ത്രീ ദു:ഖം വായിച്ചറിയവേയാണു ഞാൻ ഒരു പെണ്ണിന്റെ ബലഹീനതകൾ കുടുതൽ മനസ്സിലാക്കുന്നത്.
അവന്റെ അച്ഛനെപ്പോലെ സമൂഹത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യവും തന്റേടവും അമ്മക്കും ഉണ്ടായിരുന്നെങ്കിൽ,
മകന്റെ തിരോധാനം അവരെ ക്രമേണ കൂടുതൽ മാനസീകരോഗിയായി മാറ്റിയില്ലായിരുന്നുവെങ്കിൽ,
എഴുതാൻ സുഗതകുമാരിയെപ്പോലെയോ അരുന്ധതിറായിയെപ്പോലെയോ തീഷ്ണമായ ഒരു തൂലികാവർക്കുണ്ടായിരുന്നുവെങ്കിൽ,
അവർ അനുഭവിച്ച ദു:ഖത്തിന്റെ ആഴം അതിന്റെ പൂർണ്ണരൂപത്തിൽ നമുക്കെത്തിക്കാൻ അവർക്കു കഴിയുമായിരുന്നു.
ആ അമ്മയുടെ നെഞ്ചിലെ നെരിപ്പോടിൽ കരളുരികിയ ലാവയുടെ മുഴുവൻ ചൂടും നമുക്കവർ കാണിച്ചു തരുമായിരുന്നു.
ഒരു നിരപരാധിയുടെ തിരോധാനം ആഘോഷമാക്കുകയും അതിൽ നിന്നു രാഷ്ടീയനേട്ടമുണ്ടാക്കുകയും സിനിമ,പുസ്തകം,നാടകം തുടങ്ങിയ ആശയ സംവേദന സങ്കേതങ്ങളിലൂടെ ആസ്വാദ്യമാക്കുകയും ചെയ്തപ്പോൾ
നാം പാടെ മറന്നു പോയ ഒരമ്മയുടെ നിസ്സഹായതായെക്കുറിച്ചുള്ള വിളിച്ചു ചൊല്ലലാണ് എനിക്കീ പുസ്തകത്തിലെ വെറും മൂന്നു പേജു വായന യിലൂടെ കിട്ടിയ തിരിച്ചറിവ്.
രാധ എന്നായിരുന്നു ആ അമ്മയുടെ പേര്,
പെറ്റു വളർത്തി വലുതാക്കിയ മകനെ അവന്റെ അതേ പേരിലുള്ള എതോ കുറ്റവാളിയായ ഒരുത്തനു വേണ്ടിയുള്ള വേട്ടയാടലിനിരയായി,
മരണപ്പെട്ടോ അതോ ഇനിയും ബാക്കിയുണ്ടോ എന്നു തിട്ടമില്ലാത്ത ഒരു അവസ്ഥയിൽ
ഒരു തെളിവും ബാക്കിയാക്കാതെ പറിച്ചെടുത്തു എങ്ങോട്ടോ ഒഴുക്കിവിട്ട
അധികാരത്തിന്റെ ധാർഷ്ട്യം ഒന്നു തിരിച്ചറിയാനോ പ്രതിഷേധിക്കാനോ പോലും കഴിയാത്ത വിധം
സ്ഥിരബുദ്ധി നഷ്ടമായ ഒരു പെറ്റമ്മ.
രമയെന്നും ചാന്ദ്നിയെന്നും പേരുള്ള രണ്ടു പെൺമക്കൾക്കിടയിൽ പിറന്ന രാജനെന്ന മോൻ.
നന്നായി പാടാൻ കഴിയുമായിരുന്ന ആ അമ്മയുടെ മോനും നന്നായി പാടുമായിരുന്നു.
കോളേജു വിട്ടു വരുന്ന ദിവസങ്ങളിൽ മകന്റെ പാട്ടുകേൾക്കാൻ ആ അമ്മയും ആ മകനെ പാട്ടുപാടി ആഹ്ലാദിപ്പിക്കാൻ അമ്മയും പാതിരാത്രിയോളം ഉറങ്ങാതിരിക്കുമായിരുന്നു.
അതിനാൽ പുതിയപാട്ടുകൾ പഠിച്ചു അവൻ വരുന്ന ഒഴിവുദിവസങ്ങൾക്കായി കാത്തിരുന്നു ആ സ്നേഹനിധിയായ അമ്മ.
മകന്റെ ദുരന്തത്തിനു ശേഷമാണു രാധാവാരസ്യാർ വീണ്ടും മാനസീകരോഗിയാവുന്നത്.
അവധികളിൽ വീട്ടിലെത്താത്ത മകനെ കാത്തിരുന്ന ആ അമ്മയുടെ മാനസീകാവസ്ഥ അനുദിനം തകർന്നു.
ഒപ്പം വന്നിരുന്ന ഭർത്താവിന്റെ കൂടെ മകനെ കാണാതിരുന്നപ്പോൾ ഭർത്താവിനു തന്റെ മകനോടു സ്നേഹമില്ലന്നും അവന്റെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്ത്വമില്ലന്നും അവർ കാണുന്നവരോടോക്കെ പരാതി പറഞ്ഞു.
അവർക്കവരോടു വെറുപ്പു കൂടി വന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നതിലുള്ള വിഷമം കാരണം മകന്റെ കൂട്ടുകാർ പോലും പിന്നെ ആ വീട്ടിൽ വരാതായി,
ആ അമ്മയിൽ നിന്നകന്നു നിന്നു.
ആ അമ്മ മകനു വേണ്ടി പൊതിഞ്ഞു വെച്ചിരുന്ന ബിസ്കറ്റുകൾ കേടുവരുമ്പോൾ മറ്റു മക്കൾ അതെടുത്തു അമ്മയെ കാണാതെ വീടിന്റെ പിന്നാമ്പുറത്തുകൂടെ കളഞ്ഞു ശീലിച്ചു.
വീട്ടു ചെലവിനു കൊടുത്തിരുന്ന പൈസയിൽ പിശുക്കി ബാക്കിയാക്കിയിരുന്ന ചില്ലറത്തുട്ടുകൾ ആരും കാണാതെ അവനുവേണ്ടി അവരുടെ പെട്ടിക്കടിയിൽ ഒരു പൊതിയിലാക്കി സൂക്ഷിച്ചു വെക്കുന്ന സ്വഭാവം പണ്ടുമുതലേ അവർക്കുണ്ടായിരുന്നു.
മകന്റെ തിരോധാനത്തിനു ശേഷം ഇരുപത്തിയഞ്ചുകൊല്ലം അവർ ഭൂമിയിൽ അവനെ നിത്യം ഓർമ്മിച്ചും അന്വേഷിച്ചും ജീവച്ഛവമായി ജീവിച്ചു .
പൊതിഞ്ഞു വെച്ച ബിസ്കറ്റുകളും ചില്ലറനാണയങ്ങളുമായി അവർ പടിക്കലേക്കു കണ്ണുനട്ടു കാത്തിരുന്നു.
എപ്പോൾ വേണമെങ്കിലും വന്നെത്താവുന്ന മകനു വേണ്ടി പടിപ്പുരയടക്കാതെ അവർ ഉറങ്ങാതിരുന്നു.
അവൻ മരണപ്പെട്ടുപോയി എന്നാരും അവരെ പറഞ്ഞു മനസ്സിലാക്കിയില്ല.
അല്ലങ്കിലും അതു ഉൾക്കൊള്ളാൻ പറ്റിയ ഒരു മാനസീകാവസ്ഥയിലായിരുന്നില്ല അവർ.
മരണപ്പെടുന്നതിന്റെ ഒരാഴ്ച മുൻപു അവരെ കാണാൻ ചെന്ന ഭർത്താവിനോടവർ തികച്ചും നോർമ്മലായി, ദയനീയമായി ചോദിച്ചെത്രെ!
"ഇനി വരുമ്പോൾ ഒന്നു കാണാൻ മോനെ കൊണ്ടു വരുമോ?"
മുഖത്തു നോക്കി നുണപറയാനുള്ള ആത്മനിന്ദ ഉള്ളിൽ ഉറ്റിച്ച പതിറ്റാണ്ടു കടന്ന കുറ്റ:ബോധം അയാളുടെ മുഖത്തെയും കണ്ണുകളെയും ആ രോഗിയുടെ മുഖത്തു നിന്നുമകറ്റി.
അതിനു ശേഷം വീണ്ടും അയാൾ അവർക്കരികിലെത്തുമ്പോൾ മരണവും അതിന്റെ മണവും ആ കിടക്കക്കരികിൽ പതുങ്ങി നിൽപ്പുണ്ടായിരുന്നു.
പക്ഷെ മുൻപത്തേതിനെക്കാൾ വ്യക്തമായ ഓർമ്മയോടെ അവർ അവസാനമായി പറഞ്ഞു
"ഞാൻ ഒരു കാര്യം ഏൽപ്പിച്ചാൽ ചെയ്യുമോ?"
കടലാസിൽ പൊതിഞ്ഞ ചില്ലറത്തുട്ടുകളുടെ ഒരു പൊതിയെടുത്തു ആ കൈയിൽ വെച്ചിട്ടു പറഞ്ഞു
"ഇതെന്റെ മോനു നൽകണം നിങ്ങളെ മാത്രമേ എനിക്കു വിശ്വാസമുള്ളൂ"
പിന്നെ അവർ ഒന്നും സംസാരിച്ചില്ല.
മരണത്തിന്റെ തണുപ്പ് അവരെ തൊട്ടു കഴിഞ്ഞിരുന്നു.
മരണത്തിന്റെ മണം പതിയെ മാഞ്ഞിട്ടും, പടിയിറങ്ങിപ്പോയ പെണ്മക്കളും പിണ്ഡംവെക്കാൻ പോലും സാധിക്കാത്ത മകനും ഒഴിഞ്ഞ “സ്നേഹാലയത്തിലെ“ ചാരുകസേരയിൽ മൂവന്തിക്കു തനിയെ മയങ്ങുന്ന ആ പിതാവിന്റെ ദുർബലമായ കൈകളിൽ ആ അമ്മയേൽപ്പിച്ച ചില്ലറത്തുട്ടുകളുടെ ഭാരം അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ആ അച്ഛന്റെ വേദനകൾ, സിനിമയായും പുസ്തകമായും, സമരമായും ലേഖനമായും പകർത്തുകയും സംവേദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത മാധ്യമങ്ങൾ പാടെ മറന്ന ആ അമ്മയുടെ നൊമ്പരങ്ങൾക്കു മുന്നിലും...............,
===============================
മീനിന്റെ ഒരു നുള്ളോ ഇറച്ചിയുടെ ഒരു പിച്ചോ ഉള്ളിൽ ഒളിപ്പിച്ച,
ഒരു പിടി വറ്റു കുഴച്ചുരുട്ടിയ ചോറുരുള,
വെളിച്ചെണ്ണയിൽ ചാലിച്ച ഉള്ളിച്ചമ്മന്തിയിൽ ഒപ്പി,
എന്റെ വായിലേക്കു വെച്ചെന്നെ ക്ഷമയോടെ ഊട്ടാൻ ,
നിലാവില്ലാത്തപ്പോഴും അമ്പിളിമാമനെ തെരയാൻ ക്ഷമ കാണിച്ച,
കുപ്പിവളക്കിലുക്കത്തോടോപ്പം എന്ന മാമൂട്ടിയ,
അവസാനം ആ വിരലുകളോരോന്നും ഈമ്പിയെടുക്കാൻ നീട്ടിത്തന്ന,
തീരെ തെരക്കില്ലായിരുന്ന,
തെരക്കു ഭാവിക്കാത്ത,
സെലിബ്രറ്റിയോ സൊസൈറ്റി ലേഡിയോ അല്ലാതിരുന്ന
എന്റെ ഉമ്മാക്കും ഞാൻ എന്റെ ഈ കുറിപ്പു ഈ മാതൃദിനത്തിൽ സമർപ്പിക്കുന്നു.
10200
<
5 comments:
veadaa nirranja anubhavnagal vaayikkumboal erriyunnundaayirunnu ennullathu sathyam. abhinandanangal.
മെയ് 11ന് പോസ്റ്റു ചെയ്തതാണോ ഇത്. ഇപ്പഴാകാണുന്നത്. ആ അമ്മയെ ഓര്മ്മിപ്പിച്ചതിന് നന്ദി.
കാണാന് വളരെ വൈകിപ്പോയി..
അമ്മ എന്ന വാക്കിനു പകരം വയ്ക്കാന്....... മറ്റൊന്നില്ല എന്ന് ഒരിയ്ക്കല്ക്കൂടി ഉറപ്പിച്ചു പറയുന്നുണ്ട് ഈ കുറിപ്പ്.
മാഷെ, ആ പുസ്തകം വായിക്കാനൊത്തിട്ടില്ല. ആ അമ്മയെ കേന്ദ്രീകരിച്ച് ഒരു സിനിമയിറങ്ങിയിട്ടില്ലേ മുന്പ്? ('പിറവി'യല്ല ഉദ്ദേശിച്ചത്).
കണ്ണു നനച്ചുകളഞ്ഞു.
ഇത്തിരിപൂവേ ചുവന്ന പൂവേ എന്ന ഭരതൻ ചിത്രമായിരിക്കും പാമരൻ ഉദ്ദേശിച്ചതെന്നു കരുതുന്നു.
പക്ഷെ അതിൽ നായകനായ മമ്മുട്ടിപോലീസിനെ ഗ്ലോറിഫൈ ചെയ്യാൻ നക്സലിസത്തെ നിന്ദിച്ചുവെന്നു പറഞ്ഞു അന്നു കേരളത്തിലെ ചില നക്സൽ പ്രവർത്തകർ സംവിധായകനെതിരിൽ വാൾപോസ്റ്റിൽ എഴുതിയ വരികൾ
" ഇവനെ കൊന്നു ചാരമാക്കുക. ആ ചാരം നാടിന്നു വളമാകട്ടെ"
എന്നതു ആ സിനിമയിൽ നക്സ്സലുകളുടെ തീഷ്ണത കാണിക്കാൻ ഭരതൻ സാർ എഴുതിയ അതേ വരികളായിരുന്നു
Post a Comment