Monday, June 30, 2008

ചൂല്‌‌

കൗമാരം പടികടന്നെത്തുന്നതിൻ മുന്നേ,
കള്ളക്കാറ്റെന്നിൽ കണ്ണുവെക്കും കാലം.

കന്യയെന്ന മന്ത്രമാദ്യം കാതിലെത്തും നേരം
പതിനെട്ടാം പട്ടയെന്നു പേരതാരു ചൊല്ലി ?.

പതിനാലു തെകയാത്തയെന്നെയല്ലേ എൻ
തായുടെ തടിയിൽ നിന്നുമവരന്നു വെട്ടിമാറ്റിയത്‌.

നട്ടെലൂരിയെടുത്തതൂ ചിന്തേരിട്ടു ചീകിമിനുക്കി,
രണ്ടറ്റവും വെട്ടിയൊതുക്കിപ്പാകമാക്കി

കഴുത്തിലൊരു മംഗല്യച്ചരടും മുറുക്കി
വലതുകാൽ വലിച്ചാണവരെന്നെയകത്തു കേറ്റിയത്‌,

ചൂലുകയായിരുന്നെന്റെ നിയോഗം.
ചൂലാതിരിക്കുമ്പോൾ ചൂലികം ചുടണം.

ചുചി ചുരത്തണം, ചുടുചോറു വാരണം,
ചുംബനക്കള്ളേകും മനംപിരട്ടൽ ഒതുക്കണം.

ചുമ്മാതൊരു ജന്മം തിരാപ്പണിചെയ്തിട്ടും
"ചൂളച്ചി"യെന്നൊരു വിളികേട്ടു നിത്യവും.

ചൂളക്കരിപുകയിൽ ചൂഷിതയായ്‌ ഞാൻ നിത്യം.
അകം വെടിപ്പാക്കി തനിച്ചായി ഊപ്പാടു തോന്നവേ

ഒന്നൂര നീർത്തീടാൻ ഏറെക്കൊതിച്ചെന്നെ
ചൂഴ്‌വോർ കാണാതെ മുക്കിൽ കുത്തി നിർത്തിയതെന്തിനാ?

അറ്റം തേഞ്ഞു തീർന്നുവെന്നറിയവേ അവരന്ത്യം,
ഇഴഞ്ഞു തീർക്കാനൊരു വാർദ്ധക്യം പോലുമെനിക്കേകാതെ

ഉഴിഞ്ഞിട്ടതിലൊന്നു നീട്ടി കാർക്കിച്ചു തുപ്പി,
കർമ്മങ്ങൾ തീർത്തവരെന്നെ കാണാത്തിടത്തേക്കെറിഞ്ഞില്ലെ!
കൂട്ടരെ കണ്ടുവോ, മർത്ത്യരെ ചോദിക്കുന്നു ഞാനിന്നും.

ഞാൻ കേവലം ഒരു പെണ്ണോ?
അതോ വെറുമൊരു ചൂലോ?

12125

6 comments:

സാബി said...

കവിതപോലൊന്ന്
--------------------------
ചൂലുക (പ്രസവിക്കുക)
ചൂലികം (അപ്പം )
ചുപി (അമ്മിഞ്ഞ)
ചൂളച്ചി (തേവിടിശ്ശി)
ചൂഴ്‌വോർ (അതിഥികൾ)
ഊപ്പാട്‌ (കഠിനാദ്ധാനം മൂലമുള്ള അവശത)
------------------------------

Sharu (Ansha Muneer) said...

കാലം മാറ്റങ്ങളേറെ വരുത്തിയെങ്കിലും ചിലപ്പോഴൊക്കെ പെണ്ണിന് കുറ്റിച്ചൂലിന്റെ അവസ്ഥയാണ്....

CHANTHU said...

ഈ സംശയം ഉന്നയിക്കുന്നത്‌ ഒരു മനുഷ്യസ്‌ത്രീയാണ്‌. ഇനിയെങ്കിലും ഇങ്ങനെയാര്‍ക്കും ചോദിക്കാനവസരമുണ്ടാവരുത്‌.
(ഹൃദയസ്‌പര്‌‌ശിയായ വരികള്‍)

CHANTHU said...
This comment has been removed by the author.
siva // ശിവ said...

ഈ താരതമ്യം ഇഷ്ടമായി. നല്ല വരികള്‍.

[ഞാന്‍ കേവലം ഒരു പെണ്ണോ?
അതോ വെറുമൊരു കുറ്റിച്ചൂലോ?] ഇത് ഓരോ പെണ്ണും സ്വയം ചോദിക്കേണ്ടതാണ്.

എന്റെ വീട്ടില്‍ പെണ്ണായിട്ട് എന്റെ അമ്മ മാത്രമേ ഉള്ളൂ. എന്റെ അമ്മ ഒരിക്കലും ഈ ചോദ്യങ്ങള്‍ ചോദിക്കില്ല. എനിക്ക് ഉറപ്പുണ്ട്.


സസ്നേഹം,

ശിവ

Unknown said...

ചൂലുക (പ്രസവിക്കുക)
ചൂലികം (അപ്പം )
ചുപി (അമ്മിഞ്ഞ)
ചൂളച്ചി (തേവിടിശ്ശി)
ചൂഴ്‌വോർ (അതിഥികൾ)
ഊപ്പാട്‌ (കഠിനാദ്ധാനം മൂലമുള്ള അവശത)


ee word meanings koduthathu nannayi. kuttichool enna thalakkettilulla ee kavithayil korthu kettan pattiya vakkukal. enneppolulla sadharanakkar arthamariyathe vishamichenam. artham grahichu veendum vayichappol nalla kavitha.

oru penninte duritha janmam feel cheyyunnundu.