Friday, July 11, 2008

കറ നല്ലതിന്‌

ഞ്ഞുവാശാരിയെ ഒരാഴ്ച്ച പണിക്കു കിട്ടിയാല്‍ ഒരു "മഹാകേരളം"എഴുതാം.
പക്ഷെ പണിക്കു കിട്ടാനാണു വിഷമം.
കിട്ടിയാല്‍ പറ്റിയ പണികൊടുക്കാനും.
പ്രായം ചെന്ന മുത്താശ്ശരിയായതിനാല്‍ കാര്‍മ്മിക-കരകൗശല പ്രാധാന്യമുള്ളതോ ആദ്യന്തം വരെ ക്ഷമവേണ്ടതോ ആയ ആശാരിപ്പണിക്കു മാത്രമേ എല്ലാരും വല്ലപ്പോഴും പഞ്ഞുവാശാരിയെ വിളിക്കൂ.

വന്നാല്‍ രണ്ടുണ്ടു കാര്യം.
ആശാരിപ്പണിയും നടക്കും പുരാണങ്ങളും കേള്‍ക്കാം.

പഞ്ഞുവാശാരി "വെജാണ്‌"
കടിച്ചു വലിക്കാന്‍ പല്ലില്ലാത്തതു കൊണ്ടൊന്നുമല്ല.
പണ്ടെ സസ്യാഹാരിയാണ്‌.

അന്നൊക്കെ പഞ്ഞുവാശാരിക്കു ഉച്ചക്കൂണൊരുക്കാന്‍ ചെലവു കുറവായിരുന്നു.
ഇന്നങ്ങനെയല്ല പച്ചക്കറിക്കല്ലേ വിലക്കൂടുതല്‍!.

അതിനാല്‍ പഞ്ഞുവാശാരിയെ പണിക്കു വിളിക്കുന്ന ദിവസം കര്‍ണ്ണാടകയില്‍ നിന്നു നട തള്ളുന്ന കിഴവന്‍ കന്നുകാലികളോ,
തമിഴില്‍ ശ്രുതി തെറ്റിച്ചു കൂവുന്ന കോഴികളോ
എന്റെ ചട്ടിയില്‍ ചെന്നു ചാടാറില്ല.

പകരം അതിനെക്കാള്‍ (വെ)ല കൂടിയ വെങ്കായവും വെണ്ടക്കയും,വെന്തയവും,വെള്ളുള്ളിയും ഒക്കെയായിരിക്കുമെന്നു മാത്രം.
പഞ്ഞുവാശാരി പണിക്കു വന്നാല്‍ എന്റെ വീട്ടുപണിയൊക്കെ പെട്ടൊന്നൊതുക്കും.

നാലു തലമുറക്കാശാരിപ്പണിയെടുത്ത എല്ലാവരാലും ബഹുമാനം ലഭിക്കുന്ന ആ മുത്താശാരിക്കു സമീപമെത്താന്‍ തിടുക്കമാണതിനു കാരണം.

കേള്‍ക്കാന്‍ ഒരാളെകിട്ടിയാല്‍,
പഞ്ഞുവാശാരി കഥകളുടെ കെട്ടഴിച്ചു ഓര്‍മ്മകളെ നിവര്‍ത്തിക്കുടഞ്ഞു അയലില്‍ ഉലരാനിടുന്നതു കേട്ടിരിക്കാന്‍ നല്ല രസമാണ്‌.

പല്ലില്ലാത്തതിനാല്‍ വാക്കുകള്‍ക്കൊക്കെ ഭാഷാപണ്ഡിതന്മാരാല്‍ നിര്‍വ്വചിക്കപ്പെട്ട ഉച്ചാരണനിയമം പാലിക്കപ്പെടുന്നില്ലങ്കിലും അതു "ഡികോഡു" ചെയ്തെടുക്കാന്‍ കഴിയുന്നവര്‍ക്കു നല്ലൊരു കേള്‍വി സുഖമാണ്‌.

ഇപ്രാവശ്യം പഞ്ഞുവാശാരിയില്‍ നിന്നു കിട്ടിയ ജ്ഞാനം പഴയ വീടുകളിലെ ചുമരുകളില്‍ ഉണ്ടായിരുന്ന "വിടപ്പഴുതുകള്‍" എന്നു ശരിയായ പദം തെറ്റായി ഉപയോഗിച്ചിരുന്ന "വെടുപ്പോതു"കളെ കുറിച്ചായിരുന്നു.

ത്രികോണാകൃതിയില്‍ ചുമരിലിട്ടിരുന്ന ചെറിയ ദ്വാരങ്ങളെയാണൂ വെടുപ്പോതുകള്‍ എന്നു വിളിച്ചിരുന്നത്‌.

പഴയ വീടുകളില്‍ ഇന്നത്തെ ആധുനീക വീടുകളിലുള്ളതു പോലെ വിശാലമായ ജനല്‍ സംവിധാനം ഉണ്ടായിരുന്നില്ല.
സുരക്ഷാബോധത്തിന്റെയും ചെലവുകുറക്കലിന്റെയും ഭാഗമായി ഒരു ജനലും വാതിലുമായാല്‍ ഒരു മുറിയായി.
ഇത്തരം രണ്ടു മുറിയായാല്‍ പാവപ്പെട്ടവന്റെ ഒരു വീടായി.

മണ്ണെണ്ണ വിളക്കില്‍ നിന്നുള്ള കാര്‍ബ്ബണ്‍ ഡൈ ഓക്സയിഡും എണ്ണത്തില്‍ കൂടിയ അംഗങ്ങള്‍ എല്ലാം ഒറ്റമുറിയില്‍ തന്നെ ഉറങ്ങുക എന്ന നിര്‍ബന്ധിത സാഹചര്യത്താല്‍ അവരുടെയൊക്കെ നിശ്വാസവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സയിഡും നിറഞ്ഞു ഉറങ്ങാന്‍ കിടന്നു പുലരുമ്പോഴേക്കും ആ മുറി മുഴുവന്‍ വിഷമയമായിരിക്കും.

അത്തരം വീട്ടില്‍ ജീവിക്കുന്നവര്‍ക്കു എന്നും ശ്വാസസംബന്ധമായ അസുഖങ്ങളുണ്ടായിരിക്കും.
ആകെയുള്ള ഒരു ജനല്‍ തുറന്നിട്ടാലും ഉള്ളിലെ വായു അവിടെ തന്നെ തങ്ങി നില്‍ക്കും.

പുറത്തു നിന്നും നല്ല വായു വരികയും എതിരെയുള്ള ചുമരിലെ സമാന്തരമായ മറ്റൊരു വഴിയിലൂടെ അകത്തുള്ള കെട്ടവായു പുറത്തു പോകാനുള്ള സാഹചര്യമുണ്ടാതുവുമ്പോള്‍ മാത്രമേ മുറിക്കുള്ളിലെ എയറിനെ ഫ്രഷ്‌ ആക്കാന്‍ സാധിക്കൂ എന്നു ഇന്നു നമുക്കറിയാം.

പക്ഷെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാലത്തു,
അതു പറഞ്ഞാലൂം മനസ്സിലാവാത്തവരോടു ഒരു അന്ധവിശ്വാസം പറഞ്ഞു പരത്തിയാണ്‌ അതു പരിഹരിച്ചിരുന്നതെന്നു പഞ്ഞുവാശാരി പറഞ്ഞു.

വെടുപ്പോതുകള്‍ ബാധകളുടെയും ചേടകളുടേയും സഞ്ചാരത്തിനൊരുക്കുന്ന വഴിയാണെന്നും അതടഞ്ഞാല്‍ വീട്ടില്‍ ദുര്‍മ്മരണം നടക്കുമെന്നും അവരെ പറഞ്ഞു പേടിപ്പിക്കുകയല്ലാതെ ഈ ശാസ്ത്ര സത്യം ബോധ്യപ്പെടുത്തിയാൽ ആ ആശയം ഉള്‍ക്കൊള്ളാന്‍ അന്നു അവര്‍ക്കു കഴിഞ്ഞിരുന്നില്ല.

പഞ്ഞുവാശാരി ഇക്കാര്യം പറഞ്ഞപ്പോഴാണു ഞാന്‍ ഓര്‍ത്തത്‌.
വെടുപ്പോതിനകത്തു വേസ്റ്റുസാധനങ്ങള്‍ നിറച്ചു വെച്ചതിനു എനിക്കും എന്റെ വല്യുമ്മയുടെ കയ്യില്‍ നിന്നടി കിട്ടിയിരുന്നു.
ആ ദ്വാരത്തിലൂടെ അദൃശ്യരായ ആരൊക്കെയോ പോകാനുണ്ടെന്നാണു അതിനന്നു വല്യുമ്മ കാരണം പറഞ്ഞത്‌.
( അദൃശ്യരായവർ വായു തന്നെ അല്ലാതാരാ!)
നന്നായി പേടിച്ചിരുന്നതിനാല്‍ മറ്റാരെങ്കിലും വെച്ച സാധനങ്ങള്‍ പോലും ഞാൻ എടുത്തുമാറ്റാന്‍ ‍ ശ്രദ്ധിച്ചിരുന്നു.

ഞാനിപ്പോള്‍ ആലോചിക്കുന്നത്‌ പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചത്‌ ഇത്തരം സദുദ്ദേശങ്ങള്‍ മനസ്സില്‍ വെച്ചാവണം.

മോക്ഷം കിട്ടാത്ത ആതമാക്കള്‍ പ്രേതങ്ങളായി ശല്യപ്പെടുത്തുമെന്നും, പീഡിപ്പിച്ചും കിരാതമായും കൊല്ലപ്പെടുന്ന പെണ്ണുങ്ങള്‍ യക്ഷികളായി പ്രതികാരത്തിനു വരുമെന്ന വിശ്വാസം അക്കാലത്തു ഒട്ടു സ്തീകളുടെയും മാനവും ജീവനും കാത്തിരുന്നിരിക്കണം.

ഇന്നു പ്രേതത്തിലും യക്ഷിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതാവാം ഇത്തരം നിഷ്ടൂരകൃത്യങ്ങള്‍ പെരുകാന്‍ കാരണം.
യക്ഷികളും പ്രേതങ്ങളും അന്ധവിശ്വാസമല്ലായിരുന്നെങ്കില്‍ ഇന്നു അവയെകൊണ്ടു നിറയുമായിരുന്ന കേരളം നോക്കി മറ്റൊരു വിവേകാനന്ദനു പറയാന്‍ പറ്റിയ വാക്യം "കേരളം ഒരു പ്രേതാലയം" എന്നാവുമായിരുന്നു.

12480

4 comments:

smitha adharsh said...

ആദ്യത്തെ തേങ്ങ എന്താ വക...ട്ടോ...!!!
ഇതെല്ലാം പുതിയ അറിവുകള്‍ ആണ് ട്ടോ..
എപ്പോഴും,പഴയ വീടുകള്‍ കാണുമ്പോള്‍,ഈ പറഞ്ഞ രീതിയിലുള്ള ത്രികോണ ആകൃതിയിലുള്ള ഈ ഓട്ടകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട് എന്നല്ലാതെ,ഇത്തരം ഒരു ഉത്തരം ഇതു ആദ്യമായാണ്‌ കേള്‍ക്കുന്നത്..പഞ്ഞു ആശാരി ഉഗ്രന്‍ !!

Unknown said...

സസ്യഹാരം മാത്രം കഴിക്കുകകയും പഴമ്പുരാണങ്ങള്‍
പറയുകയും ചെയ്യുന്ന പഞ്ഞുവശ്ശാരിയെ വല്ലാതെ ഇഷ്ടപ്പെട്ടു.
ഇന്ന് ആശാരി എന്ന് പറായുന്നത് കുറച്ചിലായി കാണുന്നവരാണ്
അവര്‍ക്കിടയില്‍
പഞ്ഞുവശ്ശാര്രി ഗ്രാമത്തിന്റെ വിശുദ്ധിയുമായി നിറഞ്ഞു നിലക്കുന്നു.

ഹാരിസ് said...

:)

ഭൂമിപുത്രി said...

ആദ്യമായാണിവിടെ.
ഇതുപോലെയുള്ള വന്ദ്യവയോധികറ്ക്ക് പകറ്ന്ന് തരാനുള്ള അറിവുകള്‍ രേഖപ്പെടുത്തിവെയ്ക്കേണ്ടതാണെന്ന് തോന്നാറുണ്ട്.
ത്രികോണാകൃതിയിലുള്ള ഈ വായുമാറ്ഗ്ഗത്തിന്‍
ഗൃഹത്തിന്റെ നാസിക എന്ന അറ്ത്ഥം വരുന്ന ഒരു
വാക്ക് കേട്ടിട്ടുണ്ട്..ഓറ്മ്മവരുന്നില്ല ജ്വാലേ.