Thursday, July 24, 2008

വിധവയുടെ പുടവ

"ളെ മുറീല്‌ ഒരു ഇരുമ്പ്‌പെട്ടിം കൂടിണ്ട്‌ അതൂടി ഇങ്ങട്ടു കൊണ്ടരാ.."
"തൊറന്നെല്ലാരേം കാണിക്കാലോ, ഇല്ലാച്ചാൽ നാളെ വല്ലോരും അയിലൊരു നിധീണ്ടായിരുന്നു അയിന്റെ പങ്ക്‌ ഞങ്ങൾക്കു കിട്ടിയില്ലാന്നു പറഞ്ഞാൽ ഞാൻ സുയിപ്പാകും."

ഉപ്പാന്റെ ശബ്ദമാണ്‌ !

നാട്ടിലെ പ്രധാന കാരണവന്മാരേയും കാര്യപ്പെട്ടവരേയും ക്ഷണിച്ചു, കുലുസുവമ്മായിയുടെ മരണാനന്തര സ്വത്തുക്കൾ ഓഹരിവെക്കുന്ന ചടങ്ങു എന്റെ വീട്ടിൽ വെച്ചാണു നടക്കുന്നത്‌.

അവരുടെ പുത്യാപ്ല (എനിക്കോർമ്മയില്ലാത്ത എന്റെ അമ്മായികാക്ക) അകാലത്തിൽ മരണപ്പെട്ടതിൽ പിന്നീട്‌ അവർ ഞങ്ങളുടെ കൂടെയായിരുന്നു ‌ താമസം.
അതിഥിയായിട്ടല്ല
വേലക്കാരിയെപ്പോലെ തന്നെ.
ഗൾഫിലായിരുന്ന ഞങ്ങളുടെ ഉപ്പാന്റെ അഭാവത്തിൽ ഞങ്ങൾക്കു കുടുംബത്തിൽ നിന്നുള്ള കൂട്ടായിരുന്നു കുലുസുവമ്മായി.

രണ്ടുമൂന്നാണുങ്ങൾ അമ്മായിയുടെ മുറി ചോദിച്ചു ഓഫീസ്‌മുറിയിൽ നിന്നും അകത്തു വന്നു.
പ്ലാനിൽ പണ്ടു "സ്റ്റോർ റൂം" എന്നെഴുതിയ ആ മുറി ഞാനാണ്‌ അവർക്കു കാണിച്ചു കൊടുത്തത്‌.
ഒരു മൂച്ചിപ്പലകകൊണ്ടു പണിത ഉയരമില്ലാത്ത വീതി കുറഞ്ഞ കട്ടിലിന്നു കീഴെനിന്നവർ ആ പഴയ ഇരുമ്പു പെട്ടി വലിച്ചെടുക്കുന്ന ഒച്ച അസഹ്യമായി തോന്നി.
പത്തിരുപതു കൊല്ലം ആ പെട്ടി ആ കട്ടിലിനടിയിലുണ്ടായിരുന്നിട്ടും ഇങ്ങനെ ഒരൊച്ച കേട്ടിരുന്നില്ലായിരുന്നല്ലോ എന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി.
ഒരിക്കൽ അമ്മായിയെ ആരൊക്കെയോ വന്നു വോട്ടു ചെയ്യിക്കാൻ കൊണ്ടുപോയ ദിനം ഞാനാ പെട്ടി വലിച്ചെടുത്തപ്പോഴും ഇതേ പോലെ അസഹ്യമായ ഒരൊച്ചയുണ്ടായിരുന്നുവെന്നു ഇത്തിരിക്കഴിഞ്ഞപ്പോൾ എന്റെ ഓർമ്മ എന്നെ തിരുത്തി.

മുന്നൂറു രൂപ കടം വാങ്ങാനാണു ദേവകി ടീച്ചർ അന്നു അവരുടെ തയ്യൽ മെഷീൻ പണയമായി എന്റെ ഉപ്പാക്കു കൊടുത്തത്‌.
കടം തന്നു വീട്ടാൻ കഴിയാതായപ്പോൾ ബാക്കി പൈസകൂടി തന്നു മെഷീൻ നിങ്ങളെടുത്തോളൂന്നു ടീച്ചറു പറഞ്ഞപ്പോൾ
"കുറുക്കനാമ കിട്ടിയിട്ടെന്താകാര്യം"
എന്നു ചോദിച്ച ഉപ്പാനോടു സാബിയെ ഞാൻ തയ്യലു പഠിപ്പിച്ചോളാം എന്നേറ്റ ടീച്ചറു വാക്കു പാലിച്ചു. എന്റെ ഉപ്പയും.

കോറത്തുണിയിലും കീറത്തുണിയിലും തയ്യലു പഠിച്ചു.
അവസാനം കഴിവു തെളിയിക്കാനും ഇമ്മാനെ ഇമ്പ്രസ്സു ചെയ്യാനും ഒരാശയത്തിനു ശ്രമിച്ച എനിക്കു പെട്ടന്നു തോന്നിയത്‌ കുലുസുവമ്മായിയുടെ പെട്ടിയിൽ ഒരുപാടുകാലമായി ഉപയോഗമില്ലാതെ ഇരിക്കുന്ന ആ പഴയ സാരിയെടുത്തു ഓഫീസുമുറിയുടെ ജനലിനു കർട്ടൻ അടിക്കാനായിരുന്നു.
പെട്ടിയുടെ താക്കോൽ വെച്ച സ്ഥലം എനിക്കു മാത്രമേ അമ്മായി കാണിച്ചു തന്നിട്ടുള്ളൂ.

എല്ലാരും വോട്ടിനു പോയ സമയമാണ്‌.
തിരിച്ചെത്തുമ്പോഴേക്കൊരു വിസ്മയം തീർക്കണം!.
ആവേശമായിരുന്നു.

താക്കോലെടുത്തു പെട്ടി വലിച്ചു നീക്കിത്തുറന്നു അടിയിൽ നിന്നു പഴയ ആ സാരി പുറത്തെടുത്തു.
മടക്കുകളിൽ അവിടവിടെ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.
എങ്കിലും അതിനപ്പോഴും അത്തറിന്റെ ഒരു നേരിയ മണം.

സാരിയെടുത്തപ്പോൾ താഴെ വാലാത്തൻ തിന്നു ബാക്കിയായ ഒരുബ്ലാക്ക്‌ ആൻട്‌ വൈറ്റ്‌ കല്യാണ ഫോട്ടോ.
രണ്ടാളെയും ചെരിച്ചു നിർത്തിയെടുത്ത ആ ഫോട്ടോവിൽ കുലുസുവമ്മായിയുടെ മുച്ചിറി കാണിക്കാതിരിക്കാൻ ഫോട്ടോ ഗ്രാഫറു കാണിച്ച മിടുക്ക്‌.
അമ്മായിയുടെ കല്യാണ സാരി, കണ്ണാടി മാളികയാണ്‌.
അന്നു കത്തിത്തിളങ്ങി നിന്ന ഫാഷനായിരുന്നത്രേ!,
ഇന്നതു കാലഹരണപ്പെട്ട ഫാഷൻ.

ഞാൻ ജനലുകൾക്കു കണക്കാക്കി സാരി മുറിച്ചു.
വോട്ടു ചെയ്യാൻ പോയവർ ക്യൂ നിന്നു ക്ഷീണിച്ചു തളർന്നെത്തുന്നതിന്നു മുന്നെ ശീല ഇസ്തിരിയിട്ടു നിവർത്തി കർട്ടൺ അടിച്ചു ആണിയടിച്ചു തൂക്കി.
തുണിയുടെ വെട്ടുപീസുകൾ അടിച്ചു വാരി പിന്നാമ്പുറത്തെ തൊടിയിൽ കൊണ്ടുപോയിട്ടു മുറി വൃത്തിയാക്കി.
ആദ്യമായി ചെയ്ത കരകൗശലത്തിൽ കിട്ടിയ സംതൃപ്തിക്കു പുറമേ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾക്കായി കാത്തിരുന്നു.

വോട്ടുചെയ്തു വന്നവർ മുൻവശത്തെ വാതിലിലൂടെ വന്നപ്പോൾ കുലുസുവമ്മായി വടക്കോറത്തെ അടുക്കളവാതിലു വഴിയാണു വന്നത്‌. അതാണു പതിവ്‌.
ഉമ്മയെ വിളിച്ചു ഞാനും പിന്നെ എല്ലാരെയും വിളിച്ചു ഉമ്മയും എന്റെ ആദ്യ തയ്യൽ സൃഷ്ടി അഭിമാനത്തോടെ കാണിച്ചു കൊടുത്തു.

കുലുസുവമ്മായി വളരെ വൈകിയാണു ഓഫീസുമുറിലെ കർട്ടൺ കാണാനെത്തിയതെന്നതിനാൽ ആ മുഖത്തെ ഭാവം കാണാൻ ഞാനപ്പോൾ അരികിലുണ്ടായിരുന്നില്ല.
പക്ഷെ പിന്നീടു പലപ്പോഴും ഉമ്മ എന്റെ ആ കർട്ടനെക്കുറിച്ചു മറ്റുള്ളവരൊടു സംസാരിക്കുമ്പോൽ കുലുസുവമ്മായിയുടെ സദാ ചെറുപുഞ്ചിരിവിടരുന്ന മുഖത്തെ ആ ചെറിയ കണ്ണുകളിൽ ഒരിറ്റു കണ്ണുനീർ ഉറ്റിവീഴാൻ കാത്തു നിൽക്കുന്നുണ്ടോ എന്നെനിക്കു തോന്നിയിരുന്നു.

"ഇതിന്റെ താക്കോലെവിടെയാണ്‌?"
ഉപ്പാന്റെ ഉച്ചത്തിലുള്ള ഒച്ചയാണ്‌.

"താക്കോലവളെവിടെയോ ഒളിച്ചു വെച്ചതാണ്‌. ഓളതാർക്കും കാണിച്ചു കൊടുത്തിട്ടില്ല"
ഉമ്മയാണു മറുപടി പറഞ്ഞത്!

അതു കേട്ടതോടെ പെട്ടിയിൽ വിലപിടിപ്പുള്ള വല്ലതും കാണും എന്നുറപ്പായ നാട്ടുപ്രമാണിമാർ അടുക്കളയിൽ നിന്നുള്ള പത്തിരിക്കുള്ള വറുത്തരച്ച കോഴിക്കറിയുടെ മണം പിടിക്കുന്നതു തൽക്കാലം മാറ്റിവെച്ചു എല്ലാം മറന്നു പെട്ടിയിലേക്കു കണ്ണും മൂക്കും തിരിച്ചു വെച്ചു.
പൂട്ടു തല്ലിപ്പൊളിക്കാൻ തീരുമാനിക്കുന്നതിനു മുന്നെ ഞാൻ ഓടിപ്പോയി ഒളിച്ചു വെച്ച സ്ഥലത്തു നിന്നും താക്കോലെടുത്തു കൊടുത്തു.

പൂട്ടു തുറന്നു ഉപ്പ സാധങ്ങൾ ഓരോന്നായി പുറത്തെടുത്തു.
കുറെ കീറത്തുണികളും മരുന്നു കുപ്പികളും ആ കല്യാണ ഫോട്ടോയും കൂടെ ഒരു കിഴിയിൽ കെട്ടിയ കുറച്ചു കാശും.
കിഴി കെട്ടഴിച്ചു നോക്കി എണ്ണിത്തിട്ടപ്പെടുത്തുന്നതിനു മുന്നെ പൗരപ്രധാനികളുടെ തല വീണ്ടും പത്തിരിയും കോഴിക്കറിയും മണം പിടിക്കുകയാണൂചിതമെന്നു ഗണിച്ചു അതിന്നായി‍ പോയി.
ആകെ രണ്ടായിരത്തി മുന്നൂറ്റി നാൽപത്തി മൂന്നു രൂപയും അറുപത്തി അഞ്ചു പൈസയും.
ഇരുപത്തി ഏഴാം രാവിനും സക്കാത്തായും ആരെങ്കിലും കൊടുത്തത്‌.
അതു തന്നെ എനിക്കു വല്ലപ്പോഴും തരുന്ന കോളേജിൽ പോകാനുള്ള ബസ്ചാർജ്ജിനുള്ള ചില്ലറയും മറ്റും ചില്ലറ ചെലവുകളും കിഴിച്ചത്‌.
ഓഹരിവെപ്പു കഴിഞ്ഞു സദ്യയും തീർത്തു സപ്രയും കുടഞ്ഞെടുത്ത്‌ പ്രമാണിമാരെല്ലാം പിരിഞ്ഞു പോയപ്പോൾ ആർക്കും വേണ്ടാതെ കിടന്ന ഇരുമ്പുപെട്ടിക്കു പുറത്തു ബാക്കി വന്ന സാധനങ്ങൾ തിരിച്ചു മടക്കി വെക്കവേ ഞാൻ ഒന്നു കണ്ടു ഞെട്ടി!
ഒരു കീറമാറാപ്പിൽ ആ കണ്ണാടിമാളികയുടെ കട്ട്പീസുകൾ!

ഞാൻ അന്നു കർട്ടൺ അടിച്ചു ബാക്കി വന്ന ശീലത്തുണ്ടുകൾ അടിച്ചു വാരി വടക്കുവശത്തെ തൊടിയിൽ കൊണ്ടു പോയിട്ടത്‌!.
അതിനപ്പോൾ അത്തറിന്റെ മണത്തെക്കാൾ മെച്ചമായ കുലുസുവമ്മായിയുടെ മണമായിരുന്നു.
എന്റെ കണ്ണീരിന്റെ നനവും.12800

11 comments:

kaithamullu : കൈതമുള്ള് said...

സാബി,
മനസ്സില്‍ ഒരു മുറിവേല്‍പ്പിച്ചു ഈ കുലുസുവമ്മായി.
നല്ല നൊമ്പരം!

ശാലിനി said...

sabi,
:(

ente kannilum nanavayi. sathyasandhamayi ezhuthiyathi, nannayi.

("keyman" is not working.)

Anonymous said...

സാബിത്താ..
കണ്ണു നനയിച്ചു.
കണ്ണാടി മാളിക ( എന്റെ ഉമ്മാന്റെ പെട്ടിയിലും ഒരു കണ്ണാടിമാളിക തട്ടം പാത്തുവെച്ചിരുന്നു)

അഷ്‌റഫ്

ചന്ദ്രകാന്തം said...

വില പറയാന്‍ പാടില്ലാത്ത, കണക്കാക്കാന്‍ പറ്റാത്ത ഒന്നിനെപ്പറ്റി... വിലമതിയ്ക്കാനാവാത്ത ചാതുര്യത്തോടെ.. എഴുതിയിരിയ്ക്കുന്നു സാബി.

വല്യമ്മായി said...

അള്ളാഹു പരലോകത്തെങ്കിലും അവരെ ഒരുമിച്ച് കൂട്ടട്ടെ. നല്ല എഴുത്ത്.

തണല്‍ said...

ഇവിടെ ആദ്യമായാണ്.
എന്നിട്ടും പൊള്ളിക്കരിഞ്ഞുപോയല്ലോ ദൈവമേ..:(

OAB said...

മുമ്പും ഇവിടെ വന്നിട്ടുണ്ട്. ഒന്നും പറയാതെ പോയിട്ടും ഉണ്ട്. പക്ഷേ...അതു പോലയല്ല. ഇപ്പോള്‍, സത്യമായിട്ടും കുലുസുവമ്മായിയുടെ മുഖം ഞാന്‍ കാണുന്നു.... എങ്ങനെ എന്റെ തേങ്ങല്‍ ഞാന്‍ ഒതുക്കും...

പാമരന്‍ said...

വേദനിപ്പിച്ചു.

നരിക്കുന്നൻ said...

സാബിത്ത...
ശരിക്കും മനസ്സില്‍ ഒരു നീറ്റല്‍ ബാക്കിവച്ചു.

സു | Su said...

സാബീ...

സാബി said...

കൈതമുള്ള്,
ശാലിനി,
അഷ്‌റഫ് (ജമീ‘ക്കു സലാം),
ചന്ദ്രകാന്തം,
വല്യമ്മായി,
തണല്‍,
OAB,
പാമരന്‍,
നരിക്കുന്നൻ
സു.
വായനക്കും വേദനക്കും പങ്കാളിയായതിൽ...
നന്ദി.