Monday, January 12, 2009

ദുര നുരയിൽ ദൂരഗ സ്നേഹം

അശ്‌റഫ്‌ക്കയും മുംതസിത്തയും ജീവിതവീഥിയിൽ ഇരുവഴിക്കു പിരിയുമെന്നു ഞങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല.
ഞങ്ങൾക്കു മാത്രമല്ല അവരെ അറിയുന്ന ഒരാൾക്കും അതു വിശ്വസിക്കാനാവില്ല.
കാരണം മുൻപു മലപോലുള്ള പല ദാമ്പത്യ പ്രശ്നങ്ങളും ഒറ്റക്കെട്ടായി നിന്നു മഞ്ഞുപോലെ ഉരുക്കിയവരാണു രണ്ടാളും.
യാതൊരുത്തരവാദിത്വവും ഇല്ലാതെ കുടുംബത്തെയുപേക്ഷിച്ചുപോയ ഇത്തായുടെ പിതാവിന്റെ തീരാത്ത ആർത്തി മാറ്റാൻ ആ വിട്ടൊഴിയാത്ത പൈതൃകാധികാരത്തിനു വിലയായി അങ്ങോർക്കു അങ്ങോട്ടു സ്ത്രീധനവും ,
കരിങ്കടലളോം ആഴത്തിൽ കാരുണ്യവും 'ഉഹുദു' മലയോളം ഉയരത്തിൽ സ്നേഹവും പെണ്ണിനു മെഹറായി കൊടുത്തു മുംതസിത്താനെ നിക്കാഹു ചെയ്യുമ്പോൾ അശ്‌റഫ്‌ക്ക അന്നത്തെ എന്റെ പ്രായത്തിലെ പെൺകുട്ടികളുടെ ഒരു "ഹീറോ" ആയിരുന്നു.

വളരെ ധീരമായ ഒരു തീരുമാനമെടുത്താണവർ ഒന്നായത്‌.
കാലങ്ങൾ നീണ്ട ചികിൽസയും പ്രാർത്ഥനയും ക്ഷമയും കൊണ്ടാണവർ നാലായത്‌.
പതിനാലു വർഷം കാത്തു ഇനി കുഞ്ഞുങ്ങളുണ്ടാവില്ല എന്ന സത്യം ഉൾക്കൊള്ളാൻ രണ്ടാളും പരസ്പരം മനസ്സിനെ തയ്യാറെടുക്കുന്നതിനിടയിലാണു ഗൈനക്കോളജിസ്റ്റു അവസാനവാക്കായി രണ്ടാളോടും പറഞ്ഞത്‌.
"ഗൾഫിലെങ്കിൽ ഗൾഫിൽ!,
നാട്ടിലെങ്കിൽ നാട്ടിൽ!
രണ്ടാളും ഒന്നിച്ച്‌ കുറച്ചധികം കാലം തുടർച്ചയായി ജീവിക്കാതെ,
ഈ കൊല്ലത്തിലൊരുമാസം ലീവു കൊണ്ടരത്ഭുതം പ്രസവിക്കുമെന്നു പ്രതീക്ഷിച്ചിനി കാലം കഴിക്കേണ്ടതില്ല".
അശ്‌റഫ്‌ക്ക അന്നു വിസയിൽ ഫാമിലി ഫെസിലിറ്റി ഇല്ല. പക്ഷെ ആവശ്യത്തിനു കാശുണ്ടു താനും.
അവസാനം ഏതോ അറബിയിൽ നിന്നൊരു വിസ കാശു കൊടുത്തു വാങ്ങി.

നാട്ടിലെ ജോലിയിൽ "ലീവ്‌ വിത്ത്‌ ഔട്ട്‌ അലവൻസ്‌" (L.W.A) ലീവെടുത്താണു കൃഷി ഓഫീസറായിരുന്ന ഇത്ത അന്നു ഗൾഫിൽ പോയത്‌..
പോയതിന്റെ എട്ടാം മാസം പടച്ചോൻ പ്രാർത്ഥന കേട്ടു.
എയർ ഇന്ത്യക്കാർ അനുവദിച്ചത്ര നിൽക്കാവുന്നിടത്തോളം കാലം നിന്നിട്ടാണു മുംതസിത്ത നിറഞ്ഞവയറുമായി കോഴിക്കോട്ടു വന്നിറങ്ങിയത്‌.
പളുങ്കുഭരണി സൂക്ഷിക്കുന്നതു പോലെയാണു നാട്ടിൽ രണ്ടരമാസം രണ്ടു വീട്ടുകാരും ഇത്തയെ കാത്തു സൂക്ഷിച്ചത്‌.

മുംതസിത്ത പ്രസവത്തിനായി നാട്ടിൽ വന്നപ്പോൾ അശ്‌റഫ്‌ക്ക ഫോൺ കൊണ്ടു അവരെ ബിസിയാക്കി.
ഹോമിയോപ്പതി മരുന്നുകുടി പോലെ ദിവസം മൂന്നു നേരം അവർ തമ്മിൽ സംസാരിക്കും.
ലേബർ റൂമിന്റെ വാതിലടയുന്നതിന്റെ തൊട്ടു മുൻപാണു ഒരു നഴ്സ്‌ ഓഫാക്കാത്ത ആ ഫോൺ ദേഷ്യത്തിൽ പിടിച്ചു വാങ്ങി പുറത്തു കാത്തു നിന്ന എന്റെ കയ്യിൽ പിടിപ്പിച്ചത്‌.
അന്നേരം അരമണിക്കൂറോളം നിർത്താതെ മറുപടി മൂളിയ ഞാൻ അശ്‌റഫ്‌ക്കയുടെ അക്ഷമയും ആധിയും ആഴത്തിൽ അനുഭവിച്ചറിഞ്ഞു.

ഇത്രക്കും സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടാൻ ഒരു ഭാര്യ എന്തൊക്കെ പുണ്യം ചെയ്യണം!.
മുംതസിത്ത ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ഭാര്യയാണെന്നു തോന്നി.
സത്യം പറഞ്ഞാൽ എനിക്കു സ്ത്രീസഹജമായ അസൂയ വന്നിരുന്നു.

പ്രസവിച്ചപ്പോൾ ഒന്നല്ല രണ്ടു കുട്ടികൾ. അതും തങ്കക്കുടം പോലൊത്ത രണ്ടു പെൺകുട്ടികൾ.
ഒന്നിൽ നിന്നു നേർ മുറിച്ചു പകുത്തത്‌.
അവർക്കല്ലാതെ ആർക്കും തമ്മിൽ അവരെ തിരിച്ചറിയാൻ കഴിയാത്തത്‌.
ആ കുഞ്ഞുങ്ങളുമൊത്ത ജീവിതത്തെ സ്വർഗ്ഗമെന്നു വിളിച്ച ആ ദമ്പതികളാണു ഇനി പിരിയുന്നത്‌.
പിരിയാൻ തീരുമാനിച്ചതു മുംതസിത്തയാണ്‌.
എന്താണു കാരണമെന്നു അവർ ആരോടും പറഞ്ഞിട്ടില്ല.
അവർ അശ്‌റഫ്‌ക്കയോടു മൊഴി ആവശ്യപ്പെട്ടിരിക്കുന്നു.
അവർ വളരെ ചിന്തിച്ചെടുത്ത തീരുമാനമാണ്‌. ഇത്തയുടെ അത്ര പക്വതയും വിചാരവും വിദ്യഭ്യാസമുള്ള വനിതകൾ ഞങ്ങളുടെ കുടുംബത്തിൽ വിരളമാണ്‌.
അവർ തമ്മിൽ സംസാരിക്കുന്നതു ഇപ്പോൾ അപൂർവ്വം.
ഇത്തയുടെ ഫോണിൽ വല്ലപ്പോഴും എവിടെ നിന്നെങ്കിലും ഒരു വിളി വരും. കാശിന്റെ ആവശ്യമുണ്ടോ എന്നു തെരക്കി മാത്രം.
മുൻപൊക്കെ അശ്‌റഫ്‌ക്കയുടെ ഫോൺ ഒരു ദിവസം മിസ്സായാൽ "ഞാൻ പി.ടി.യെ വിളിക്കാനിരിക്കുകയായിരുന്നെന്നു" മുംതസിത്തയുടെ തമാശ നിറഞ്ഞ മറുപടി കേട്ടിരിക്കുന്നവർക്കു എന്താണവരുദ്ദേശിച്ചതെന്നു പെട്ടെന്നു മനസ്സിലാവില്ല. കൈരളി ടി.വി.യിലെ പ്രവാസലോകം പരിപാടിയിൽ മറുനാട്ടിൽ വെച്ചു നഷ്ടപ്പെടുന്ന മലയാളിയെ കണ്ടെത്താനുള്ള പ്രോഗ്രാം ചെയ്യുന്ന പി.ടി.കുഞ്ഞിമുഹമ്മദിനെയാണു അവർ ഉദ്ദേശിക്കുന്നതെന്നു അശ്‌റഫ്‌ക്കക്കു പെട്ടെന്നു മനസ്സിലാവും. അതാണു അവർ തമ്മിലെ ബയോകെമിസ്റ്റ്രി.
അശ്‌റഫ്‌ക്ക നാട്ടിലുള്ളപ്പോൾ ഒറ്റക്കു പുറത്തെവിടെയെങ്കിലും പോകാനാണു ഭർത്താവിന്റെ പദ്ധതിയെങ്കിൽ മുംതസിത്ത തമാശയായി ഒറ്റ ഡയലോഗേ പറയൂ.
"അല്ലിക്ക്‌ ആഭരണമെടുക്കാൻ എന്താ ഞാൻ കൂടി പോന്നാൽ..?"
പക്ഷെ ആ ചൊല്ലിൽ നാഗവല്ലിയുടെ എല്ലാ ഭാവങ്ങളും അടങ്ങിയിരിക്കും
അശ്‌റഫ്‌ക്ക ചിരിച്ചു കൊണ്ടു മറുപടി പറയും
"എന്നാ വല്ലി വേഗം ചെല്ല്! ചുരിദാറിട്ടാമതി, സാരി ചുറ്റാൻ സമയമെടുക്കും".
അവരുടെ ടിറ്റ്‌ ഫോർ ടാറ്റ്‌ സംഭാഷണങ്ങൾ എനിക്കു പ്രിയമായിരുന്നു. അതു കേൾക്കാൻ വേണ്ടി മാത്രം ഞാൻ അശ്‌റഫ്‌ക്ക നാട്ടിൽ വരുന്ന സമയങ്ങളിൽ അവരുടെ വീട്ടിൽ പോയിട്ടുണ്ട്‌.
അവരാണു പിരിയുന്നത്‌!
എനിക്കു സഹിക്കാനും മനസ്സിലാക്കാനും കഴിയുന്നില്ല.
മുംതസിത്തയോടു സംസാരിക്കാൻ രണ്ടു വീട്ടുകാരും നിയോഗിച്ചതെന്നെയാണ്‌.
ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഇത്തയിൽ നിന്നു ഇതിന്റെ കാരണമൊന്നു തുരന്നെടുക്കാൻ.
പിതാവുണ്ടായിട്ടും ഇല്ലാത്ത പെൺകുട്ടികളുടെ ഭാവിയെപറ്റി ഞാൻ പറയാതെ തന്നെ ഇത്താക്കറിയില്ലേ എന്നു ചോദിച്ചപ്പോൾ കണ്ണീരിൽ നനഞ്ഞ ഒരു തേങ്ങലു മാത്രമായിരുന്നു ആ ബോൾഡായ വനിതാ ഗസറ്റഡ്‌ ഓഫീസറിൽ നിന്നു കിട്ടിയത്‌.
ഇത്തയിൽ നിന്നു ഒരു വിവരവും കിട്ടില്ലന്നുറപ്പായപ്പോൾ അശ്‌റഫ്‌ക്കാന്റെ നമ്പരിൽ വിളിച്ചപ്പോൾ ആ നമ്പർ ക്യാൻസലായ മെസ്സേജു കിട്ടി.
ഗൾഫിൽ എനിക്കു പ്രിയപ്പെട്ടവർ വഴിയെല്ലാം അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാളെക്കുറിച്ചു യാതൊരഡ്രസ്സുമില്ലന്നറിഞ്ഞു.
മുൻപു താമസിച്ചിരുന്ന ഫ്ലാറ്റു കാലിയാക്കിയിരിക്കുന്നു, മുൻപു ചെയ്തിരുന്ന ജോലിയും.
മാഷിന്റെ കൂടുതൽ അന്വേഷണത്തിൽ നിന്നാണു പിന്നെ പലതും വ്യക്തമായത്‌.
ആദ്യവിസമാറ്റി പുതിയ ഒരു ഡീസൽ ഡിസ്റ്റ്രിബ്യൂഷൻ കമ്പനിയിൽ പാർട്ട്ണറായി ചേർന്ന അശ്‌റഫ്‌ക്ക ചുരുങ്ങിയ സമയം കൊണ്ടു വമ്പൻ ലാഭം കൊയ്തു.
സൗദിയിൽ നിന്നു ടാങ്കർ ലോറികളിൽ ഡീസൽ കൊണ്ടു വന്നു യു.എ.ഇ യിൽ ലോക്കലായി വിതരണം ചെയ്യുന്ന കമ്പനിയാണ്‌. പെട്ടെന്നായിരുന്നു വളർച്ച. പ്രതീക്ഷിക്കാത്ത ലാഭവും.
പതിനഞ്ചു വർഷം കൊണ്ടു സമ്പാദിച്ചതിന്റെ ഇരട്ടി ഒറ്റ വർഷം കൊണ്ടു നേടി.
ആദ്യ കാലത്തു നാട്ടിലേക്കു നന്നായ്‌ കാശയച്ചു. അന്നാണു ഇരുപത്തഞ്ചു ലക്ഷത്തിനു നാൽപ്പതു സെന്റു സഥലവും അതിനു നടുക്കൊരിരുനിലയുള്ള ഒരു കോൺക്രീറ്റ്‌ വീടും ഇത്താന്റെ പേരിൽ വാങ്ങിച്ചത്‌.
പിന്നെ മുടക്കിയതൊക്കെ ബിസിനസ്സിലായിരുന്നു.
അതോടെ ബിസ്നസ്സ്‌ കത്തിക്കയറി.
ഒരു ലബനാനിയായിരുന്നു മറ്റേ പാർട്ട്ണർ. ആ ലബനാനിയുടെ പെങ്ങൾ അശ്‌റഫ്‌ക്കാന്റെ ഓഫീസിൽ സെക്രട്ടറിയായി കയറിയത്രേ!
പിന്നെ അവരുമായി അശ്‌റഫ്‌ക്കാന്റെ വിവാഹം? നടന്നുവെന്നും അവർ മൂവരും പിന്നെ ഒരു ഫ്ലാറ്റിലായിർന്നു താമസമെന്നും ഊഹാപോഹങ്ങൾ മാത്രം കേട്ടു.
നേരിട്ടന്വേഷിക്കാൻ ആളുടെ താമസസ്ഥലമോ ജോലിസ്ഥലമോ അറിയാവുന്നവർ ആരുമില്ല.
മാഷിനെ വല്ലപ്പോഴും വിളിക്കും. തിരിച്ചു വിളിക്കാനോ ബന്ധപ്പെടാനോ പറ്റാത്ത വിധത്തിൽ കൗശലത്തോടെ!
അശ്‌റഫ്‌ക്ക ഞങ്ങളുടെ ബ്ലോഗു വായിക്കുന്നുണ്ടെന്നറിയാം. പണ്ടൊക്കെ വായിച്ചിരുന്നതായി നേരിട്ടു പറഞ്ഞിട്ടുണ്ട്‌.

അശ്‌റഫ്‌ക്കാന്റെ രണ്ടാം വിവാഹം? അശ്‌റഫ്‌ക്ക തന്നെ പറഞ്ഞു ഇത്ത അറിഞ്ഞു കാണണം. അല്ലാതെ മറ്റേതൊരാൾ പറഞ്ഞാലും അംഗീകരിക്കുന്നൊരു വെറും വനിതയല്ലവർ.
അതു മറ്റൊരാളും അറിയരുതെന്നവർ ആഗ്രഹിക്കുന്നതിനാൽ എന്നോടു പോലും വെളിപ്പെടുത്താനവർ വിഷമിക്കുന്നു.
എനിക്കും അറിയാത്ത പോലെ ഭാവിച്ചേ മതിയാവൂ.
ഈ ബ്ലോഗു വായിക്കുമെങ്കിൽ അശ്‌റഫ്‌ക്കയോടു ഒന്നേ പറയാനുള്ളൂ.
രണ്ടാം വിവാഹം ശറഹിൽ അനുവദിച്ചതാണെങ്കിലും അതിന്റെ ശർത്തുകൾ മുഴുവൻ പാലിച്ചാണോ താങ്കൾ ഒരു അന്യ നാട്ടുകാരിയെ വിവാഹം കഴിച്ചതെന്നു ഉറപ്പാണെങ്കിൽ,.
ബിസ്‌നസ്സിന്റെ വളർച്ചക്കു ഈ വിവാഹം താങ്കൾക്കനിവാര്യമാണെന്ന തോന്നലിലാണു താങ്കൾ വീണതെങ്കിൽ,
കൗണ്ടിനായി പതിനാലു വർഷം ക്ഷമയോടെ കൗണ്ടു ചെയ്തിരുന്ന ഇത്തയെ മറന്നു മറ്റൊരുത്തിക്കു സ്നേഹം പകുത്തു കൊടുക്കുന്നതിൽ മനസാക്ഷിക്കുത്തില്ലങ്കിൽ
എനിക്കു അവസാനമായി പറയാനുള്ളത്‌ ഇതാണ്‌.!
മില്യണുകളും ട്രില്യണുകളും സമ്പാദിച്ചാലും താങ്കൾക്കു നേടാൻ കഴിയാത്ത ഒരു സ്വത്തു താങ്കൾക്കു നഷ്ടപ്പെടുകയാണ്‌.
ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത വിധം .
കുബേരനാവാനുള്ള കുറുക്കു വഴികൾ വിടുക ഇക്കാ..!
ആ ലബനാനി നീരാളിപ്പിടുത്തത്തില്‍ നിന്നു രക്ഷപ്പെട്ടു പോരുക.
താങ്കൾ ഒരു ട്രാപ്പിലാണെന്നു തിരിച്ചറിയുക. ബിസിനസ്സ്‌ പൊളിഞ്ഞാൽ താങ്കളെ താങ്ങാൻ അവരുണ്ടാവില്ല. തീർച്ച.
താങ്കളുടെ ബിസിനസ്സിലെ നൈപുണ്യമാണവർ നെറികെട്ട രീതിയിൽ ചൂഷണം ചെയ്യുന്നത്‌.

മനസമാധാനത്തോടെ ജീവിക്കാൻ രണ്ടു തലമുറക്കു കഴിയാൻ സ്വത്തില്ലെ ഇവിടെ?. പോരാത്തതിനു ഇത്തക്കു ഉയർന്ന പദവിയിലെ ഒരു സർക്കാർ ജോലിയും.
എനിക്കു നിങ്ങളുടെ ആ "ടിറ്റ്‌ ഫോർ ടാറ്റ്‌" സംഭാഷണങ്ങൾ കേൾക്കാൻ കൊതിയായി.
ദുരനുരയിൽ സ്നേഹം ദൂരഗമാവും.
(പണത്തിന്റെ ആർത്തി കൂടുമ്പോൾ സ്‌നേഹം അകന്നകന്നു പോകും).
17384

8 comments:

സാബി said...

മറന്നു കളയാനാവാത്ത ഒരു വേദന ഈ ബ്ലോഗിൽ ഇടുന്നു.
അല്ലെങ്കിൽ പിന്നെ എനിക്കെന്തിനാണിങ്ങനെ ഒരു ബ്ലോഗ്‌ ?

റിയൽ ചിത്രരചനയിൽ അധികം ലൈറ്റും ഷേഡും കൊടുക്കാറില്ല.കാരണം ആവശ്യത്തിനു ലൈറ്റും ഷേഡും ചേർന്നതാണു റിയൽ ജീവിതം.
മുഖ്യ കഥാപാത്രത്തിന്റെ പേരുമാറ്റുന്നില്ല.
അവരുടെ പെരുമാറ്റം ആ മാന്യത അവർ അർഹിക്കുന്നില്ലന്നതു തന്നെ ഒരു കാരണം.
മറ്റൊന്നു പേരിന്റെ ഫിൽറ്ററിൽ വീണെങ്കിലും ഇവിടെ വന്നിതൊന്നു വായിച്ചെങ്കിൽ എന്ന എന്റെ പ്രതീക്ഷയും.
കമണ്ടുകൾ പ്രതീക്ഷിച്ചല്ല ഈ പോസ്റ്റ്‌. മറിച്ച്‌ ഒരൊറ്റ വ്യക്തിയുടെ മനസ്സു മാറ്റം പ്രതീക്ഷിച്ച്‌.

സു | Su said...

ഇത്രയ്ക്കും സ്നേഹിച്ചു ജീവിച്ചിരുന്നവർ ഇങ്ങനെ അകലുമ്പോൾ എന്താ പറയേണ്ടതെന്നറിയില്ല. തീരുമാനമെടുക്കേണ്ടത് അവർ രണ്ടുപേരും തന്നെ.

പ്രിയ said...

അഷ്റഫ്ക്ക എല്ലാം മനസിലാക്കും എന്നും തിരിച്ചു വരുമെന്നും ആഗ്രഹിക്കുന്നു. വേണ്ടാന്ന് വക്കാന്‍ അദ്ധേഹത്തിനും ആവില്ല. ആ ഇത്തക്കും കുട്ടികള്ക്കും വേണ്ടി വേറൊന്നും പറയാനെനിക്കറിയില്ല. ആ ദുഃഖം അറിയാന്‍ മാത്രം കഴിയുന്നു.

ഭൂമിപുത്രി said...

വല്ലാത്തൊരു സിറ്റ്വേഷനാണല്ലൊ സാബി..
അങ്ങേരുടെ തിരിച്ചുവരവ് കൊണ്ട് പ്രശ്നങ്ങൾ തീരുമോ?

വല്യമ്മായി said...

വായിച്ചു

പൊട്ട സ്ലേറ്റ്‌ said...

ഇതിനായി ഒരു പോസ്റ്റ് ഇടാന്‍ തോന്നിയ നല്ല മനസിന്‌ നന്ദി.

Anonymous said...

മനസ്സു നോവുന്നു...ആ മനുഷ്യനും ഇങനെ നോവാന്‍ തൊന്നിയിരുന്നെങ്കില്‍ !! എന്നാലും പണം എന്തും അവഗണിച്ച് കളയാന്‍ ചിലര്‍ക്കൊരു കാരണമാണെന്ന് കണ്ടിട്ടുണ്ട്..മനുഷ്യന്‍..എന്തൊരു പ്രതിഭാസം ?

kichu / കിച്ചു said...

സാബിയുടെ പ്രതീക്ഷ വെറുതെയാവാതിരിക്കട്ടെ.