Tuesday, March 10, 2009

പച്ചനിലക്കടല

ചെലവു ചുരുക്കണം, നിയന്ത്രിക്കണം എന്നു ഒരേ ആളിൽ നിന്നു ആഴ്ച്ചയിൽ പത്തു വട്ടം കേട്ടാൽ ആർക്കാണരിശം വരാതിരിക്കുക!.
എന്നാലും എനിക്കരിശം വരാറില്ല.
കാരണം ഞാൻ ഈ ഉപദേശം ഇന്നോ ഇന്നലെയോ കേൾക്കാൻ തുടങ്ങിയതല്ല. മാന്ദ്യത്തിന്നും പത്തു പതിനഞ്ചിലധികം കൊല്ലം മുന്നേ ഇതു കേൾക്കുന്നു........!

കേട്ടു കേട്ടു ഞാൻ ആ റെയിലിൽ കയറിയതിനാലാവും

"പണ്ടേ അവളു ആവശ്യത്തിനു പണം ചെലവാക്കില്ല! ഇപ്പോൾ അത്യാവശ്യത്തിനും!!"
എന്നാണു എന്നെക്കുറിച്ചു മറ്റുള്ളവർക്കുള്ള ആരോപണം.
ഞാൻ അതു നിഷേധിക്കാനൊന്നും മെനക്കെടാറില്ല.
സ്വതവേ പിശുക്കി, അതിനു പുറമെ മാന്ദ്യവും എന്നതായി ഇപ്പോഴത്തെ എന്റെ അവസ്ഥ.
ഞാൻ മാത്രമല്ല ഞാൻ അറിയുന്ന സകല പ്രവാസിഭാര്യമാരും ഈയിടെ പിശുക്കികളായിരിക്കയാണ്‌.എക്ചേഞ്ചു റേറ്റു കൂടിയിട്ടും രൂപ ചെലവാക്കാൻ നന്നായ്‌ പേടിക്കുകയാണ്‌.
"ഓടുന്തോറും കിലുങ്ങുക, കിലുങ്ങുന്തോറും ഓടുക" എന്ന ഈ ഭ്രാന്തൻ ഭീതി കാരണം ആളുകൾ ചെലവുചുരുക്കുന്തോറും കച്ചവടം കുറയുകയും, ക്രയവിക്രയം കുറയുക വഴി ക്രൈസിസ്‌ കൂടുകയും ചെയ്യുകയാണെന്നു ഓരോരുത്തർക്കും അറിയാം. എന്നാലും ഉള്ള ചക്രം കെട്ടിപ്പൂട്ടിവെക്കുക തന്നെയാണു പലരും.

ആവോലി മാത്രം വാങ്ങിയിരുന്നവരൊക്കെ ചാളയില്ലേ എന്നു ചോദിക്കാൻ തുടങ്ങി.

ഇലക്ട്രോണിക്‌ സാധനങ്ങളുടെ ഇൻസ്റ്റാൾമെന്റു സെയിലിനു വരുന്നവരോടും, ഡപ്പോസിറ്റു കളക്ഷനു ക്യാൻവാസു ചെയ്യാൻ വരുന്നവരോടും

"ഹേയ്‌ പറ്റില്ല!",
"ഹോ! റെസഷൻ!!"

എന്നു പറഞ്ഞു ഒഴിഞ്ഞു മാറാം.

പക്ഷെ എല്ലാവരോടും അതു പറയാൻ പറ്റില്ലല്ലോ?

മാത്രമല്ല ചിലപ്പോൾ മാന്ദ്യത്തെ കുറിച്ചു മനസ്സിലാക്കാൻ കഴിയാത്തവരോടു പ്രസംഗിക്കാൻ നിന്നാൽ മാനം കെടുത്തുന്ന രീതിയിൽ മറുപടിയും ചിലപ്പോൾ കിട്ടിയെന്നു വരും.
ഭിക്ഷക്കു വന്നിരുന്ന, എന്നാലിപ്പോഴതു നിർത്തി നിലക്കടല കച്ചവടവുമായി വരുന്ന ഒരു തമിഴത്തിത്തള്ളയുണ്ട്‌.മുരുകമ്മ.
അവരിൽ നിന്നു ഇതുപോലെ എനിക്കു കണക്കിനു ഒന്നു കിട്ടിയതു ഈയിടെയായിരുന്നു. അതിന്റെ ചമ്മൽ മറക്കാനാവുന്നില്ല.

യന്ത്രത്തിൽ കുടുങ്ങി അവരുടെ വലതു കയ്യിലെ നാലു വിരലുകൾ മുറിഞ്ഞു പോയതു കൊല്ലങ്ങൾക്കു മുൻപേയായതിനാൽ അതു കാണിച്ചാൽ ഭിക്ഷയൊന്നും കിട്ടില്ല എന്നു പ്രായോഗികജ്ഞാനം നേടിയപ്പോഴാവണവർ ഇടക്കിടക്കു സേലത്തു പോയി, വരുമ്പോൾ ചാക്കുക്കണക്കിനു തൊലി കളയാത്ത നിലക്കടല കൊണ്ടു വന്നു കുറേശ്ശെയായി സഞ്ചിയിലിട്ടു പരിചയമുള്ള വീട്ടുകാർക്കു (നല്ല കാശിനു) സമ്മാനിച്ചു ഉപജീവനം നടത്താൻ തുടങ്ങിയത്‌.

തമിഴത്തി രണ്ടുമൂന്നു മാസം കൂടുമ്പോഴേ ഒരു റൗണ്ടു തീർത്തു വരൂ.
ഒരു ചെറുസഞ്ചിയിൽ നിറച്ച നിലക്കടല തരുമ്പോൾ വിലയോ തൂക്കമോ നോക്കാതെ ഞാൻ നൂറു രൂപ കൊടുക്കും.
ഇതിപ്പോൾ നാലഞ്ചു വർഷമായി നടപ്പാണ്‌.
നല്ല ഫ്രഷ്‌ കടലയാണ്‌, മണ്ണിൽ നിന്നു കിളച്ചെടുത്തതിന്റെ വേരും മണ്ണിന്റെ മണവും മുഴുവൻ പോകാത്തത്‌.
ഭിക്ഷയല്ല വാങ്ങുന്നതു എന്ന ചിന്ത അവർക്കും വെറുതെ കളയുന്നതല്ല എന്ന ചിന്ത എനിക്കും ഉള്ളതിനാൽ ആ നൂറു രൂപയെക്കുറിച്ചോർത്തു എനിക്കിതു വരെ ഒരു വിഷമവും തോന്നിയിരുന്നില്ല.
ഈയിടെ പച്ചനിലക്കടലയുടെ സഞ്ചിയുമായി അവർ വന്നപ്പോൾ ഞാൻ ഒരു പോസ്റ്റ്‌"ഫോൺ" ചിന്തയിലായിരുന്നു.

"റിസഷൻ"

മൂന്നു മാസത്തേക്കു വെറുതെ കൊറിച്ചു കളയാൻ ഞാനെന്തിനു നൂറു രൂപ മുടക്കണം.
അൻപതു രൂപക്കാണെങ്കിൽ ഓ.കെ!
പക്ഷെ വർഷങ്ങളായി അവർക്കു കിട്ടുന്നതാണു ഈ നൂറു രൂപ !.
കുറക്കാൻ വിശ്വാസം വരുന്ന ഒരു കാരണം പറയണ്ടെ?

ഞാൻ ഒച്ച ഒന്നു മാറ്റി മലയാളത്തെ ഇറ്റാലിക്സിൽ ഉച്ചരിച്ചു തമിഴാക്കി, സംഭാഷണം തുടങ്ങി..!

"പാട്ടി..!"
"ഗൾഫിൽ വേലയൊക്കെ റൊമ്പ കഷ്ടം"
"പൈസയൊന്നും മുഴുവൻ കെടക്കാത്‌"
"മാത്രമല്ല മോളെ അടുത്ത 'വരിഷം' ഹൈസ്ക്കൂളിൽ ചേർക്കാൻ പോകത്‌!"
ചെലവൊക്കെ കൂട്‌ത്‌!"
"അതിനാലേ ഇനി മുതൽ കടലക്കു നൂറു രൂപ തരമാട്ടേ..!"
"ഒക്കില്ലന്നാൽ ഇനി എനിക്കു കടല വേണ്ടമാട്ടേൻ..!"

തമിഴത്തി എന്റെ തമിഴും അതു കൊണ്ടു ഞാൻ ഉദ്ദ്യേശിച്ചതും മനസ്സിലാക്കവേ ആദ്യമൊന്നു ഞെട്ടി.

പിന്നെ, അൻപതു കിട്ടിയാലും അവർക്കു ലാഭമെന്നു മനസ്സിലുള്ളതു കൊണ്ടാവും അവരു പറഞ്ഞു.

" അമ്മാ.. അൻപതു രൂപ തന്നാൽ പോതും".

ഞാൻ അൻപതു രൂപ കൊടുത്തു ഒരു സഞ്ചി ഫ്രഷു നിലക്കടല വാങ്ങി.

തമിഴത്തി കാശും പണസഞ്ചിയിലിട്ടു എണീറ്റു നടന്നു ഗേറ്റിനടുത്തെത്തിയപ്പോഴാണു, മോൾ സ്കൂൾ വിട്ടു ബാഗും തൂക്കി ക്ഷീണിച്ചു, വീട്ടിൽ വന്നു കയറുന്നത്‌.

തമിഴത്തി പോകുന്ന പോക്കിൽ കാര്യമായിട്ടു അവളുടെ കയ്യിൽ പിടിച്ചു നിർത്തി ഉപദേശിക്കുകയാണ്‌

"കുളന്തേ! റൊമ്പ നന്നായിട്ടു പഠിക്കണം!"
"എന്റ്രെ പൈസ കൊണ്ട്രാ കുളന്ത ഇനി ഹൈസ്കൂളിലു പോണേന്നു തെരിയോ?"


ഇതേതാ എന്റെ പഠിത്തം സ്പോൺസർ ചെയ്യാൻ വന്ന പുതിയ "ഏഴൈ തോഴി" എന്ന ഭാവത്തിൽ മോൾ എന്നെ നോക്കിയപ്പോൾ ചമ്മലുകാരണം നാക്കിറങ്ങിപ്പോയ എനിക്കിത്തിരി നേരം സ്ഥലകാലബോധവും നഷ്ടപ്പെട്ടിരുന്നു. ഇല്ലങ്കിൽ ആ കടലസഞ്ചികൊണ്ടു മുരുകമ്മയെ ഞാൻ അപ്പോൾ തന്നെ തല്ലി കൊന്നേനെ!.

18700

8 comments:

സാബി said...

"കുളന്തേ! റൊമ്പ നന്നായിട്ടു പഠിക്കണം!"
"എന്റ്രെ പൈസ കൊണ്ട്രാ കുളന്ത ഇനി ഹൈസ്കൂളിലു പോണേന്നു തെരിയോ?"

Ho Exam season.
Have abreak for some time.
See everybody after Exams....
With due Respect.
Sabi.

സമാന്തരന്‍ said...

കലികാലം കലികാലം ന്നൊക്കെ കേട്ടിട്ടുണ്ട്. ഈ റിസഷന്‍ കാലം ഇനിയെന്തെല്ലാമാണപ്പാ കൊണ്ടുവരാന്‍ പോണത്...? മാനോം പോണൂ..
പച്ചനിലക്കടല പച്ചക്കുകുത്തുന്നുണ്ട്. ആശംസകള്‍

smitha adharsh said...

അമ്പടാ..അത് നന്നായിപ്പോയി..
തമിഴത്തി ആള് കൊള്ളാലോ?

സു | Su said...

തമിഴത്തി പറഞ്ഞതും ഒരുകണക്കിന് സത്യം! അവർക്കു കിട്ടിക്കൊണ്ടിരുന്നതല്ലേ.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ സംഭവം ശരിയല്ലേ..

ഓഫ്‌: എന്റെ ഒരു കവിതക്കു കരീം മാഷിന്റെ വക കമന്റ്‌ ഉണ്ടായിരുന്നു...
"ചെലവു ചുരുക്കണം, നിയന്ത്രിക്കണം "
:)

Siju | സിജു said...

റിസഷന്‍‌കാലത്ത് കുട്ടപ്പന്റെ സുഹൃത്തിനുള്ള കത്ത് വായിച്ച് കുറെ ചിരിച്ചായിരുന്നു. പക്ഷേ, ഇപ്പോ അതില്‍ പറഞ്ഞതുപോലെ തന്നെയുള്ള ഒരു പേടി തുടങ്ങിയിരിക്കുന്നു. ആദ്യമൊക്കെ പറഞ്ഞുവിട്ടു എന്നൊക്കെ കേള്‍ക്കുന്നതു ഒരു റൂമറായിരുന്നു, ഇപ്പൊ പരിചയമുള്ളവരുടെ തന്നെ ജോലി പോയി എന്നറിയുമ്പോള്‍..

ഏതായാലും മുരുകമ്മാവോടെ കാശാലേ കുളന്ത റൊമ്പ നന്നായി പഠിക്കട്ടേ..

Kaithamullu said...

അടുത്ത വട്ടം സഞ്ചിയും കടലയും പാതിയായി ചുരുങ്ങും.

റിസെഷന്‍ തന്നെ കാരണം.

(‘പിശുക്കി‘ക്കിങ്ങനെ വേണം!)

kichu / കിച്ചു said...

ഹ ഹ ഹ

തമിഴത്തിയുടെ ഹുമര്‍ രസിച്ചു, സാബിക്കുള്ള കൊട്ട് എത്ര ഒതുക്കത്തിലാ അവര്‍ നടത്തിയത്.