Monday, April 06, 2009

അവനുണ്ടോ?



ടുക്കളയില്‍ മീന്‍ പൊരിക്കുന്നതിനിടയില്‍ ഇന്നു അവസാന പരീക്ഷയെഴുതി വരുന്ന മക്കളുമൊത്തുള്ള വെക്കേഷന്‍ പരിപാടികള്‍ മനസ്സില്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കവേ!..
പെട്ടെന്നാണു ഫോണടിച്ചത്‌.

ഹലോ?
"സബിതത്താ.. ഞാന്യാ ഷ്യേ...ര്‍ളീ..!"
ഒച്ച കേട്ടപ്പോള്‍ തന്നെ ആളെ തിരിച്ചറിഞ്ഞു. എന്നാലും മനപ്പൂര്‍വ്വം മാറ്റം വരുത്തിയ സംഭാഷണത്തിലെ ആ കൃത്രിമത്വം ഉള്‍ക്കൊള്ളാനാവാതെ ഒന്നു ശങ്കിച്ചു.
റീത്താന്റിയുടെ മകളാണു ഷേര്‍ളി!
കഴിഞ്ഞാഴ്ച്ച കളക്ഷനെടുക്കാന്‍ റീത്താന്റി വന്നപ്പോള്‍ ആംഗറിംഗു പഠിക്കാന്‍ ടൗണിലെ വെക്കേഷന്‍ ക്ലാസ്സില്‍ ചേര്‍ത്തു എന്നു അഭിമാനത്തോടെ പറഞ്ഞ ആ കുട്ടി തന്നെ!
ടൗണില്‍ ഈ സമയത്തു ആരംഭിച്ച അനിമേഷന്‍, സൗണ്ട്‌ എഞ്ചിനീയറിംഗ്‌, ടി.വി. ആങ്കറിംഗ്‌ ഹൃസ്വകാല ക്ലാസ്സുകള്‍ക്കു ഒരു കയ്യുംകണക്കുമില്ല (അവര്‍ രഞ്ചിനി ഹരിദാസിനും റസൂല്‍ പൂക്കുട്ടിക്കും റോയല്‍റ്റി കൊടുക്കുന്നുണ്ടോ ആവോ?)

"എന്താ മോളെ കാര്യം?".
" സബിതത്താന്റെ കിച്ചണില്‍ അവനുണ്ടോ?"
ഞാന്‍ പിന്നേയും ആ സംഭാഷണത്തിലെ സത്ത മനസ്സിലാവാതെ വാ പൊളിച്ചു.

"ഇത്താ ഫോണ്‍ ക്യാറ്റു ചെയ്യല്ലേ! ഡോറിലാറോ മ്യൂറ്റി ഞാന്‍ നോക്കി ഇപ്പോള്‍ വരാം".

"അവനോ? മനസ്സിലായില്ല!"

ചോദ്യം കേള്‍ക്കുന്നതിന്നു മുന്‍പേ അവള്‍ ഫോണ്‍ വെച്ചു പോയിക്കാണും.

അതിനാല്‍ ഏറെ നേരം മറുപടിയൊന്നും കേട്ടില്ല. ഫോണാണെങ്കിലോ ഡിസ്കണക്ടാക്കിയിട്ടും ഇല്ല.
ഈ പെണ്ണു ഇതെന്തു ചോദ്യമാ എറിഞ്ഞിട്ടു പോയത്‌?
അവന്‍ എന്നു പറഞ്ഞതു മകന്‍ ശാബുവിനെ ഉദ്ദേശിച്ചാവുമോ?
അതാവാന്‍ വഴിയില്ല.
മാഷിനെ അവനെന്നു വിളിക്കാന്‍ എനിക്കില്ലാത്ത ധൈര്യം അവള്‍ക്കെവിടെന്നു കിട്ടാനാ? അതുമല്ല!.
പിന്നെ എന്റെ അടുക്കളയില്‍ കയറാന്‍ മാത്രം ധൈര്യമുള്ള, അവളന്വേഷിക്കുന്ന ഈ "അവന്‍" ആര്‌?
പ്രവാസിയുടെ ഭാര്യയാണ്‌, അവളുടെ അടുക്കളയില്‍ ഒരു അവനെ കണ്ടെത്താല്‍ സാധിച്ചാല്‍ ആ അവന്‍ ഒരു "ജാരന്‍" തന്നെ!എന്നു ജനം വിധിയെഴുതുന്ന കാലം!.
പടച്ചോനെ! ഇനി ഞാന്‍ അറിയാതെ ആരെങ്കിലും എന്റെ അടുക്കളയില്‍ കയറി ഒളിച്ചിരിക്കുന്നുണ്ടോ?.

എനിക്കു ടെന്‍ഷന്‍ നല്‍കി ഫോണ്‍ ഹോള്‍ഡിലിട്ടു പോയ അവളുടെ അവതാരകാവതാരത്തെ അന്നേരം എന്റെ കയ്യില്‍ കിട്ടിയാല്‍ പപ്പടം പൊടിക്കുന്നതു പോലെ പൊടിക്കാന്‍ ദേഷ്യം വന്നെനിക്ക്‌.
റീത്താന്റിയാണു പിന്നെ ഫോണ്‍ എടുത്തത്‌.
"ഹലോ! സാബീ.. ഞാനാ റീത്ത".
"എന്താ റീത്താന്റി അവളു 'ഉണ്ടോ?' എന്നു ചോദിക്കുന്നത്‌?"

"സാബി, അവളോടു നിന്റെ വീട്ടില്‍ മൈക്രോവേവ്‌ ഓവനുണ്ടെന്നു പറഞ്ഞതു ഞാനാ..!"

അവളുടെ കുറച്ചു ക്ലാസ്സ്‌മേറ്റ്‌സു ഇന്നു ഞങ്ങളുടെ വീട്ടില്‍ വരുന്നുണ്ടെത്രേ!. അപ്പോള്‍ അവള്‍ക്കു അവരുടെ മുന്നില്‍ കേക്കുണ്ടാക്കുന്നതു "ഷോ" കാണിക്കണമെത്രേ.!"

"ഓ!...അത്രേയൊള്ളോ?"
"റീത്താന്റി...!",
"മോളെ കോമ്പയറിംഗ്‌ ട്രെയിനിംഗ്‌ ക്ലാസ്സില്‍ വിട്ടതിന്റെ ഫലം കാണുന്നുണ്ട്‌".
"മൈക്രോവേവ്‌ ഓവന്‍ ഞാന്‍ നന്നായി തുടച്ചുവെക്കാം, വേണ്ടപ്പോള്‍ വന്നു കൊണ്ടു പോയ്ക്കോളൂ.."

"ഇപ്പോള്‍ ഫോണ്‍ വെക്കട്ടെ!"

ടെന്‍ഷന്‍ വിട്ടപ്പോഴാണു നന്നായിട്ടൊന്നു ശ്വാസം ഉള്ളിലേക്കെടുക്കാന്‍ പറ്റിയത്‌.
അപ്പോഴാണു ശ്വാസത്തിന്റെ കൂടെ ആ മണവും മൂക്കിനകത്തു കയറിയത്‌.

ചട്ടിയിലെ മീന്‍ നന്നായി കരിഞ്ഞ മണം!

19500

4 comments:

സാബി said...
This comment has been removed by a blog administrator.
Siju | സിജു said...

അവന്‍ എന്നു തന്നെയല്ലേ ശരിയായ ഉച്ചാരണം ??

തണല്‍ said...

പാവം പാവം മലയാലീസ്..അനുഭവിക്കുക തന്നെ കര്‍ത്താവേ!

പാവപ്പെട്ടവൻ said...

ഹലോ?
"സബിതത്താ ല്ലേ ......പടച്ചോനെ
കുട്ടി്കള്‍ ഇമ്മാതിരി തുടങ്ങിയ എന്താ ചെയ്യാ?

ആശംസകള്‍