Friday, August 21, 2009

മക്കളില്‍ നിന്നു പഠിക്കേണ്ടവ

പചാരിക വിദ്യാഭ്യാസം ഒരു പാടു കൊല്ലം മുന്‍പു നിര്‍ത്തിയ എനിക്കു തുടര്‍വിദ്യാഭ്യാസം വെറും “വായന“യാണ്‌.
മക്കളെ പഠിപ്പിക്കുമ്പോള്‍ ഒരു വീട്ടമ്മ വീണ്ടും വിദ്യാര്‍ത്ഥിനിയാവുകയാണ്‌. നന്നായി പഠിച്ചാലേ മക്കള്‍ക്കു നന്നായി പറഞ്ഞു കൊടുക്കാനാവൂ.
ചുരുക്കത്തില്‍ ഞാനിപ്പോള്‍ വിദ്യാഭ്യാസം നേടുന്നതെന്റെ മക്കളില്‍ നിന്നാണ്‌.

ശാബുവിന്ന് ഒരു നായക്കുട്ടിയെ വളര്‍ത്താന്‍ വലിയ ആഗ്രഹമായിരുന്നു. അവന്റെ ക്ലാസ്സിലെ ഒരു കുട്ടിക്കു വീട്ടില്‍ ഒരു വളര്‍ത്തു നായയുണ്ട്‌. അതിന്റെ പോരിശകള്‍ കേട്ടു കൊതിയായി എന്നെ എന്നും വന്നു ശല്യപ്പെടുത്തിയിരുന്നു.
മലപ്പുറത്തെ മാപ്പിളത്തറവാട്ടുകളില്‍ ഇന്നും പട്ടി വളര്‍ത്തല്‍ ഒരു അയ്‌ബാണ്‌.(സുകൃതക്ഷയം).
നായ നക്കിയാല്‍ വലിയ അശുദ്ധമാണ്‌. അതിനാല്‍ മിക്കവരും ഒരു റിസ്ക്‌ എടുത്തു അതിനെ വളര്‍ത്താറില്ല.
" നായ വേണ്ടാ..!" എന്ന സുഗ്രീവാജ്ഞ ഉപ്പപ്പാന്റെ സുപ്രീം കോടതിയില്‍ നിന്നു വന്നപ്പോള്‍ അവന്റെ ആ ആഗ്രഹം ഞാന്‍ നേരെ അടുപ്പിലേക്കിട്ടു.
എന്നാലും ആ അടുപ്പില്‍ നിന്നിടക്കിടക്കു ചില പൊട്ടലും ചീറ്റലും കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അതു തീര്‍ക്കാനാണു കഴിഞ്ഞ വെക്കേഷന്‍ സമയത്തു ഞങ്ങള്‍ കോഴിക്കോട്ടു നിന്നു ഒരു ഫിഷ്‌ അക്വേറിയം വാങ്ങിക്കൊണ്ടു വന്നത്‌.

അവനു ആ ഗോള്‍ഡ്‌ ഫിഷുകളെ നല്ല ഇഷ്ടമായി. എപ്പോഴും അവയുടെ കാര്യം നോക്കിയും വെള്ളം മാറ്റിയും, തീറ്റ കൊടുത്തും പരിചരിച്ചു.
അവന്റെ വികൃതിയില്‍ നിന്നും സുകൃതിയിലേക്കുള്ള മാറ്റത്തിലും ടൈം മാനേജ്ന്മെന്റിലുമെല്ലാം ആ അക്വേറിയത്തിനു നല്ല പങ്കുണ്ട്‌.
അക്വേറിയം കണ്ടു ആസ്വദിക്കാനല്ലാതെ പരിചരിക്കാനോ നിരീക്ഷിക്കാനോ ശബിക്കും എനിക്കും ഇടപെടേണ്ടി വന്നിട്ടില്ല,
പക്ഷെ ഇന്നലെ ഉച്ചക്കു യാദൃശ്ചികമായ ഒരു നോട്ടത്തിനിടക്കാണു ഞാന്‍ ശ്രദ്ധിച്ചത്‌. ഗോള്‍ഡ്‌ ഫിഷുകള്‍ രണ്ടും ശ്വാസമെടുക്കാനായി ജലപ്പരപ്പില്‍ പെടാപ്പാടു പെടുന്നു.
ഒന്നു മലന്നാണു നീന്തുന്നത്‌.!
മറ്റേതു ഓക്സിജന്‍ തീര്‍ന്ന മുങ്ങല്‍ വിദഗ്ദനെപ്പോലെ ധൃതിയില്‍ പൊങ്ങി വന്നു ഉപരിതലത്തില്‍ നിന്നു വായുവെടുത്തു വീണ്ടും താഴോട്ടു പോകുന്നു. ക്രമേണ പോക്കു വരവിന്റെ എണ്ണം കുറഞ്ഞു വന്നു.
അതും അധികസമയം നീണ്ടു നിന്നില്ല.
താമസിയാതെ രണ്ടും ചത്തുപോയി.
ഞാന്‍ അവയെ പുറത്തെടുത്തു.
എനിക്കു വല്ലാത്ത പരിഭ്രമമായി. ശാബു സ്കൂള്‍ വിട്ടു വരുമ്പോള്‍ ചത്തമീനുകളെ കണ്ടാല്‍ വല്ലാതെ വിഷമിക്കും. അതിനു മുന്‍പു അവയെ മാറ്റി പുതിയതിനെ ഇടണം.
ഞാന്‍ തൊട്ടടുത്ത വീട്ടിലെ കുട്ടിയെ വിളിച്ചു. നിന്റെ ടാങ്കിലെ ഒരു ജോഡി ഗോള്‍ഡ്‌ ഫിഷിനെ ഉടനെ വേണമെന്നും നീ മഞ്ചേരിയില്‍ നിന്നു പുതിയതു വാങ്ങിക്കൊണ്ടു വന്നോളൂ എന്നും പറഞ്ഞു പൈസ കൊടുത്തു.
അവന്‍ അതുഭുതത്തോടെ ചോദിച്ചു.
"ഇത്താത്താ ഇന്നു രാവിലെ ശബി വാങ്ങിച്ച ആ രണ്ടണ്ണവും ചത്തോ?"

എനിക്കു മനസ്സിലായില്ല.
ഞാന്‍ അവനോടു ചോദിച്ചു.
"എന്താ നീ പറഞ്ഞത്‌. ഇന്നു രാവിലെ ശബി ഗോള്‍ഡ്‌ ഫിഷിനെ വാങ്ങിച്ചോ?"
"എപ്പോള്‍?"
എനിക്കു വിശ്വാസം വന്നില്ല.
"എന്നിട്ടവള്‍ എന്നോടു പറഞ്ഞില്ലല്ലോ".
അവന്‍ പറഞ്ഞു. ഇന്നു സ്കൂളിലേക്കു പോകുന്നതിന്നു മുന്‍പു ഓടി വന്നു അക്വേറിയത്തിലെ ഫിഷ്‌ ചത്തു. ശാബു അറിയുന്നതിന്നു മുന്‍പു വേറെ ഇടണം എന്നു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ടാങ്കിലെ ആ രണ്ടു ഫിഷിനേം കൊടുത്തിരുന്നു. അതിനു പകരം ഞാനിപ്പം മഞ്ചേരിയില്‍ നിന്നു ഒരു ജോഡി വാങ്ങി വന്നതേയുള്ളൂ...
ഏതായാലും അതിനെ വേഗം കൊണ്ടു വാ.. കുട്ടികള്‍ സ്കൂള്‍ വിട്ടു വരാറായി. നിനക്കു പിന്നെപ്പോയി രണ്ടു ജോഡി വാങ്ങിച്ചോ ഇന്നാ കാശ്‌ ഞാന്‍ അവനു കുറച്ചു കൂടി കാശു കൊടുത്തവനെ ഓടിച്ചു.
കച്ചവടത്തില്‍ നല്ല ലാഭം കിട്ടിയപ്പോള്‍ അവന്‍ ഓട്ടത്തിന്റെ വേഗം കൂട്ടി.

അന്നേരം ഞാന്‍ ചിന്തയിലാണ്ടു.
എന്തുകൊണ്ടു അവള്‍ അതു എന്നോടു പറഞ്ഞില്ല!.
സ്കൂളില്‍ പോകുന്ന തിരക്കില്‍ മറന്നതാവും. ശരി വന്നിട്ടു തെരക്കാം. ഞാന്‍ അതു വിട്ടു.

അപ്പോഴേക്കും മാനുട്ടി മീനിനെ പിടിച്ചു കൊണ്ടു വന്നു.

ഞാന്‍ അതിനെ ടാങ്കിലേക്കിടുന്നതിനു മുന്‍പൊന്നു കൂടി ചിന്തിച്ചു.
ആ രണ്ടു ജോഡി ഫിഷുകളും പെട്ടെന്നു ചത്തതിനു കാരണമെന്താവും?.
കൂടുതല്‍ നിരീക്ഷണത്തില്‍ നിന്നാണു അതു മനസ്സിലായത്‌. അക്വേറിയത്തില്‍ ഇന്നലെ പുതുതായിവെച്ച ഒരു പ്ലാസിക്‌ ചെടിച്ചെട്ടിയില്‍ നിന്നു ഒരു രാസവസ്തു വെള്ളത്തില്‍ കലരുന്നു. അതു കാരണം വെള്ളം മലിനമായിട്ടാണവ ചാകുന്നത്‌.
ഞാന്‍ ആ ചെടിച്ചട്ടിയും വെള്ളവും മാറ്റി. പുതിയ മത്സ്യത്തെ അതിലിട്ടു.
അവ നല്ല ആരോഗ്യത്തോടെ നീന്തിത്തുടിക്കുന്നതു നോക്കിയിരിക്കേ കുട്ടികള്‍ സ്കൂള്‍ വിട്ടെത്തി.
ശാബു ബാഗു തോളില്‍നിന്നൂരി നേരെ അക്വേറിയത്തിനടുത്തേക്കാണോടിയത്‌. അതിന്റെ പരിചരണത്തില്‍ മുഴുകി.
അവന്‍ ഇന്നലെ ഇട്ട ചെടി അതില്‍ കാണാത്തപ്പോള്‍ അവന്‍ എന്നെ വിളിച്ചു.
ഉമ്മീ ഞാന്‍ ഇതിലിട്ടിരുന്ന കുഞ്ഞു ചെടിച്ചട്ടി ഉമ്മി എന്തിനാ എടുത്തു മാറ്റിയത്‌?
ഈ മീനിനെങ്ങനെയാ കളറു മാറിയത്‌?
ഇവറ്റങ്ങളെ വാലിനു എന്താ പറ്റിയത്‌?
അവനെന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ശബിക്കു പരിഭ്രമമായി.
അവള്‍ എന്റെ കൈ പിടിച്ചു അടുക്കള ഭാഗത്തേക്കു വലിച്ചു.
ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന്നു മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി.
"ഉമ്മീ ക്ഷമിക്കണം!".
"ശാബു ഇന്നു നേരത്തെ സ്കൂളിലേക്കു പോയപ്പോള്‍ എന്നെയാണു തീറ്റയിട്ടു കൊടുക്കാന്‍ ഏല്‍പ്പിച്ചിരുന്നത്‌. രാവിലെ ഞാന്‍ തീറ്റകൊടുത്തതു കൂടിപ്പോയി. രണ്ടു ഗോള്‍ഡു ഫിഷുകളും ചത്തു പോയി. മാനുട്ടിയുടെ അടുത്തുള്ളതു വാങ്ങി പുതിയതിട്ടതാണ്‌. ശാബു തിരിച്ചറിയുമോ ആവോ?
ഉമ്മി അവനോടു പറയരുത്‌. അവ ചത്തു പോയി എന്നറിഞ്ഞാല്‍ അവനു വലിയ വിഷമമാവും. പോയപ്പോള്‍ ഉമ്മിയോടു ഇതു പറയാതിരുന്നതു കാരണം ഇന്നു എനിക്കു തീരെ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല".

എനിക്കു എങ്ങനെയാണു അവളെ ആശ്വസിപ്പിക്കേണ്ടതെന്നതറിയാതെ ഒരു നിമിഷം നിന്നു.
പിന്നെ സാവകാശം ഞാന്‍ പറഞ്ഞു.
"ശബി തീറ്റ കൂടുതല്‍ കൊടുത്തിട്ടല്ല അതു ചത്തത്‌. ഇന്നലെ അവന്‍ അക്വേറിയത്തിലിട്ട ആ പ്ലാസ്റ്റിക്‌ ചെടിച്ചട്ടിയില്‍ നിന്നു വെള്ളത്തില്‍ കലര്‍ന്ന രാസവസ്തു കാരണമാണ്‌. നീ വാങ്ങിക്കൊണ്ടു വന്ന രണ്ടണ്ണം വീണ്ടും ചത്തു. ഇതു ഞാന്‍ വീണ്ടും മാനുട്ടിയുടെ അടുത്തുനിന്നും വാങ്ങിച്ചതാണ്‌. മാനുട്ടി എന്നോടു എല്ലാം പറഞ്ഞു".
"വിഷമിക്കേണ്ട"
ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ പഞ്ഞു.
പെട്ടെന്നാണു അവളുടെ പ്രതികണം മാറിയത്!

"ശാബുവിനോട്‌ എല്ലാം പറയണം. അവന്‍ എല്ലാം അറിയട്ടെ. ഇല്ലെങ്കില്‍ വീണ്ടും ആ ചെടിച്ചെട്ടി അവന്‍ അക്വേറിയത്തില്‍ ഇട്ടു വെക്കും".

അവള്‍ എന്നെയും വലിച്ചു കൊണ്ടു ശാബുവിന്റെ അടുത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്‌ .
മക്കളില്‍ നിന്നു പഠിക്കേണ്ടി വരുന്ന മാതാപിതാക്കളെക്കുറിച്ചായിരുന്നു.
കൌശലവും കരുണയും പുതിയ തലമുറയില്‍ നിന്നഭ്യസിക്കേണ്ടി വരുന്ന പഴയ തലമുറയെ ഓര്‍ത്ത്!
എത്ര അനായാസമായാണവര്‍ സാഹചര്യങ്ങളെ അവര്‍ക്കനുയോജ്യമായ വിധത്തില്‍ വ്യാഖ്യാനിക്കുന്നതും നിര്‍വ്വചിക്കുന്നതും!
ക്ഷിപ്രവേഗത്തില്‍ യുക്ത തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പിലാക്കുന്നതും!.

5 comments:

സാബി said...

നാളെ മുതല്‍ നോമ്പു തുടങ്ങുന്നു.
ആശംസകള്‍
ഒരു മാസക്കാലത്തേക്കു നെറ്റിനോടു വിട!
(പ്രിയപ്പെട്ടവരോടെല്ലാം ഈദിനു കാണാം, ഇന്‍ശാ അല്ലാഹ്.

ramanika said...

post nannayi
ആശംസകള്‍

വികടശിരോമണി said...

ആശംസകൾ...

ഗന്ധർവൻ said...

റംസാൻ ആശംസകൾ

കരീം മാഷ്‌ said...

ബ്ലോഗിംഗിന്റെ നാലാം വര്‍ഷത്തിലേക്കു കടക്കുന്നതിനും
റംസാന്‍ പരിശുദ്ധി വിടാതെ കാക്കുന്നതിനും
ആശംസകള്‍.
പ്രോല്‍സാഹനങ്ങള്‍.