Sunday, September 20, 2009

പുരുഷനാരു മ(തു)ണി കെട്ടും

"നാത്തൂനേ, ആരാ മുത്തുമ്മാന്റെ അടുത്ത്‌?"
കുറേ നേരായല്ലോ തൗതാരവും തേങ്ങലും!.

അതൊരു വി.വി.ഐ.പി യാ..! ഇത്താ..”

“മുത്തുമ്മന്റെ മുന്നിൽ ആരെങ്കിലും ഇത്തോതില്‍ ഇമ്മോഷണലായാൽ ഇന്നു മുഴുവൻ നമുക്കു പണിയാവും.
ആരായാലും പെട്ടെന്നു പറഞ്ഞു വിടാൻ നോക്ക്‌!“
ഞാൻ നാത്തൂനെ ഓർമ്മിപ്പിച്ചു.

"ഇത്താക്കറിയ്യ്യോ.... അതു ദുബൈ ഹൈദ്രൂന്റെ കെട്ട്യോളാ.."
“മുത്തുമ്മാന്റെ ദീനം കാണാൻ വന്നതാ!“

"ആ കോടീശ്വരൻ ദുബൈ ഹൈദ്രൂന്റെ ഭാര്യയോ?" നമ്മുടെ വീട്ടിലോ?“.
“ പടച്ചോനെ ആ കുബേരപത്നിയെ ഒന്നു കാണണമല്ലോ?"

ഞാൻ വിറകു നുള്ളിപ്പെറുക്കുന്നതവിടെയിട്ടു അകത്തേക്കു ഓടാൻ തുടങ്ങുന്നതിനെടെ നാത്തൂൻ എന്റെ കയ്യിനു പിടിച്ചു വലിച്ചവിടെ നിർത്തി.

“അത്രക്ക്‌ ആക്രാന്തം കാട്ടേണ്ട!“.
“ആ പഴയ പ്രതാപം ഒന്നും ഇപ്പഴില്ല“.
“ഇത്ത ദുബൈയിലേക്കു പോയകാലത്തെ സ്ഥിതിയല്ല ഇപ്പോഴവർക്ക്‌.“
“കെട്ട്യോൻ എല്ലാം തൊലഞ്ഞു വീണ്ടും വല്യ മോല്യാരായിരിക്ക്യാ.
ഇപ്പോള്‍ അയാള്‍ക്കു മുഴുവന്‍ സമയ ആത്മീയത, ഭക്തി, ഉപദേശി, പള്ളീയിലെ അന്തേവാസി“.
(മുൻപും അയാളു മോല്യാരായിരുന്നത്രേ. ദുബൈയിലേക്കു കള്ളലോഞ്ചിനു പോയി കോടീശ്വരനാവുന്നതിന്നു മുൻപ്‌!)

ഇപ്പോൾ അതാണു ട്രെൻഡ്‌.
കേസിൽ കുടുങ്ങിയാലും പാപ്പറായാലും ഒരു ഗതിയുമില്ലാതാവുമ്പോൾ നേരെ ആത്മീയവഴിയിലേക്കങ്ങു തിരിഞ്ഞാൽ മതി. വിശ്വാസികൾ എല്ലാം മറക്കും,പൊറുക്കും.
ഭൂതകാലം ചികഞ്ഞിട്ടു കുത്തിനോവിക്കാൻ ആരും വരാതെ അവരു കാത്തോളൂം.
പല ചട്ടമ്പികളും തോന്ന്യാസികളും കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നു പെട്ടെന്നൊരു ദിനം മനം മാറി സ്വാമിമാരും മോല്യാന്മാരും എല്ലാത്തിനുമുപരി ഉപദേശികള്‍ കൂടിയായി മാറുന്നതു കാണുമ്പോൾ "ഓർമ്മകൾ" ഉള്ളവർക്കു ഉള്ളിൽ ചിരി വരും.
(ഒന്നു ചുഴിഞ്ഞന്വേഷിച്ചാലറിയാം അതിനു ഹേതുവായ ഗുരുതരമായ സാമ്പത്തിക വീഴ്ച. ഇനി ഒരു രക്ഷയുമില്ലെന്നു അത്യവസാനമായി തിരിച്ചറിയുന്നിടത്തു വെച്ചു ഒറ്റ വഴിമാറലാണ്).

ദുബൈ ഹൈദ്രുവിന്നു നാട്ടിൽ നാലഞ്ചു മെർസ്സിഡിസും വീടു നിറച്ചും പണിക്കാരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഈ അടുത്ത കാലം വരെ!
ലക്ഷങ്ങൾ വെച്ചുള്ള ശീട്ടുകളി.കള്ളുകുടി,പെണ്ണുപിടി എല്ലാം ഒന്നിനോടൊന്നു മത്സരിക്കുന്നവ.

ദുബൈയിൽ നിന്നു തിരിക്കുമ്പോൾ കണക്കില്ലാത്ത സ്വത്തുണ്ടായിരുന്നു.
എല്ലാം തീർത്തതാ. പക്ഷെ ഒറ്റക്കല്ലായിരുന്നുട്ടോ. കൂട്ടിനൊരുപാടാളുണ്ടായിരുന്നു. പക്ഷെ ദൈവം സഹായിച്ചു ഇന്നൊറ്റൊന്നില്ല.
മലയാളസിനിമയിൽ കള്ളുകുടിശീലമുണ്ടായിരുന്ന എല്ലാ നടന്മാരും മലബാറിൽ സുഖവാസത്തിനെത്തിയിരുന്ന വീടായിരുന്നു അത്‌.
ഇന്നു നടന്മാരു പോയിട്ടു നായ്ക്കൾ വരെ ആ വഴിക്കു തിരിഞ്ഞു നോക്കാനില്ല.

മലപ്പുറത്തെ ജനങ്ങൾ മിനറൽ വാട്ടറിനെകുറിച്ചു കേൾക്കുന്നതിന്നു മുന്നേ ആ വീട്ടിലേക്കു കോഴിക്കോട്ടു നിന്നും ആഴ്ച്ചക്കാഴ്ച്ചക്കു ഒരു വണ്ടി നിറച്ചു അതെത്തിയിരുന്നു.
കറന്റ് എന്താണെന്നു കാണാത്ത നാട്ടുകാർ ആദ്യമായി വീടിനുള്ളു തണുപ്പിക്കുന്ന എയർ കണ്ടീഷണർ കണ്ടത്‌ ആ വീട്ടിലായിരുന്നു. അതും ജനറേറ്ററിനു പ്രവർത്തിപ്പിച്ച്‌, ഒന്നും രണ്ടുമല്ല.എല്ലാ മുറിയിലും ഓരോന്ന് എന്ന തോതിൽ.

ഒരു കിലോമീറ്റർ ഫുള്ളി ഫിനിഷ്ഡ്‌ അസ്‌ഫാൾട്ട്‌ റോഡു വേണോ? അതോ റോഡിന്റെ അങ്ങേത്തലവരെ പ്രഥമഘട്ടപണിയായ വലിയ മെറ്റലിട്ടാൽ മതിയോ? എന്ന പഞ്ചായത്തിന്റെ ചോദ്യത്തിനു ഒരു കിലോമീറ്ററിനുള്ളിലുള്ളവരുമാത്രമായിട്ടങ്ങു സുഖിക്കേണ്ട, എല്ലാർക്കും ബോൾഡറു മാത്രമിട്ടാൽ മതിയെന്ന "ഐക്യം" കാണിച്ച നാട്ടിൽ,
ഓറ്റോറിക്ഷക്കും കാറിനും മാത്രം പോയിരുന്ന ഷൂവിട്ട എക്സിക്യൂട്ടിവുകൾ നടന്നുപോലും പോകാനാവാതെ, പുലർച്ച മുതൽ തവളകളെപ്പോലെ ഒരു കല്ലിൽ നിന്നു മറ്റൊരു കല്ലിലേക്കു ചാടി ചാടി നടന്ന കാഴ്ച്ച ഒരുപാടു കാലം കണ്ടവരാണു ഞങ്ങളുടെ നാട്ടുകാർ. അന്നും ആ റോഡിൽ നിന്നു സ്വന്തം ചെലവിൽ വീട്ടിന്റെ മുറ്റത്തേക്കു വരെ ടാറിട്ട റോഡ്‌ ഉണ്ടാക്കിയ അല്‍പ്പനായ ഒരു ധനാഢ്യനായിരുന്നു ദുബൈക്കാരൻ ഹൈദ്രു.

നാത്തൂന്‍ അയാളുടെ ബയോഡാറ്റ പൂര്‍ണ്ണമായി വിളമ്പി.
പിന്നെ,
മുത്തുമ്മാന്റെ മുന്നിലിരുന്നു സെന്റിമെന്റലാവുന്ന ഈ കുചേലപത്നിയെ എന്തെങ്കിലും ഉപായം പറഞ്ഞു മടക്കിയയച്ചില്ലങ്കിൽ ഇന്നു മുഴുവൻ അതു ചിന്തിച്ചുറക്കം നഷ്ടപ്പെടുത്തുന്ന മുത്തുമ്മന്റെ അവസ്ഥയാലോചിച്ചപ്പോൾ അതൊഴിവാക്കാൻ ഒരു ചരടും നടുക്കൊരു മണിയും തന്നു ആ പൂച്ചക്കു കെട്ടാൻ എന്നെത്തന്നെ ഏൽപ്പിച്ചു നാത്തൂൻ.
ഞാൻ ഒച്ചയുണ്ടാക്കാതെ മുത്തുമ്മാന്റെ കിടപ്പുമുറിയിൽ കടന്നു.
അപ്പോൾ കേട്ടത്‌
"എന്റെ ഇമ്മുട്ട്യേ..ഞാൻ എന്താ അന്നോടു പറയ്യ്യാ..!"
“മുൻപൊക്കെ ഔട്ടിംഗിനും,ഷോപ്പിംഗിനും വരുന്നില്ലാന്നും, വന്നാൽ തന്നെ ജീന്‍സും ഹാഫ്‌ പാന്റും ധരിക്കുന്നില്ല എന്നു പറഞ്ഞായിരുന്നു നിത്യവും ചവിട്ടും കുത്തും. മദ്രാസിൽ താമസിക്കുന്ന അന്നു ഹോട്ടലിലെ സിമ്മിംഗ്‌ പൂളിൽ കൂടെ കുളിക്കാനും ബീച്ചില്‍ ബികിനിയിട്ടു കൂടെ നടക്കാനും ചെന്നില്ലന്നു പറഞ്ഞു എന്നെ എത്ര ദിവസം പട്ടിണിക്കിട്ടതാ.
ഇപ്പോളും അതിനൊരു കുറവുമില്ല. ബുർക്ക ധരിക്കുന്നില്ലന്നു പറഞ്ഞാണു ഇപ്പോൾ എന്നും ചവിട്ടും കുത്തും. ജനലിലൂടെയൊന്നബദ്ധത്തിലെങ്ങാനും പുറത്തേക്കു നോക്കിയാൽ ഇന്നു കേൾക്കുന്ന വഴക്കിനൊരു കണക്കുമില്ല.
പെണ്ണിനു വിധിച്ചതെന്നും ഇതു തന്നെ! പക്ഷെ പണ്ടത്തെപ്പോലല്ല ഇപ്പോള്‍ ഞാനും ചിലപ്പോള്‍ മടാള്‍ എടുക്കും ! "

ഞാൻ അകത്തേക്കു വെച്ച കാൽ പിറകോട്ടു തന്നെ വലിച്ചു.
തിരിഞ്ഞു നടന്നു.
കെട്ടാനേൽപ്പിച്ച മണിയും ചരടും നാത്തൂനെ തന്നെ തിരിച്ചേൽപ്പിച്ചു പറഞ്ഞു.

"നാത്തൂനെ..!, ആ പെമ്പെറന്നോളു മുത്തുമ്മാന്റെ മാത്രമല്ല എന്റെയും ഉറക്കം കെടുത്തുമല്ലോ!".

റെഡിമെയ്ഡ്‌ വസ്ത്രശാലക്കു മുന്നിൽ വെച്ച ഡമ്മികളില്‍ ചിലർ ബിക്കിനിയും ബ്രായും മാത്രം ഇടീപ്പിച്ചു ആളുകളെ ആകർഷിച്ചു കടയിലേക്കു കയറ്റുന്നു. മറ്റു ചിലർ മഞ്ഞപ്പിത്തം ബാധിച്ച കണ്ണിലൂടെ മാത്രം നോക്കി എല്ലാം കാമക്കണ്ണാണെന്നു ധരിച്ചു ഡമ്മിയെ ബുർക്കയണിയിച്ചു കെട്ടിപ്പൊതിഞ്ഞു വെക്കുന്നു.
ഇതിനിടയിൽ പെണ്ണിനു താനൊരു ഡമ്മിയല്ലന്നു പറയാനെന്നാണാവുക?.
അവളുടെ വസ്ത്രമേതാണെന്നു തീരുമാനിക്കാനുള്ള അവകാശം എന്നാണു അവൾക്കു സ്വന്തമായി കിട്ടുക!.

2 comments:

മീര അനിരുദ്ധൻ said...

ഇതിനിടയിൽ പെണ്ണിനു താനൊരു ഡമ്മിയല്ലന്നു പറയാനെന്നാണാവുക?.
അവളുടെ വസ്ത്രമേതാണെന്നു തീരുമാനിക്കാനുള്ള അവകാശം എന്നാണു അവൾക്കു സ്വന്തമായി കിട്ടുക!

സ്ത്രീകൾ അല്പം കൂടി ധൈര്യവതികളാകണം.എന്നാലേ സ്വതന്ത്രയാവൂ.സ്വന്തമായി വരുമാനം ഉണ്ടായാൽ ആണുങ്ങളുടെ അടിമയാവാതെ ഇരിക്കാം.നമ്മുടെ സ്ത്രീകൾ അതിനാണു ശ്രമിക്കേണ്ടത്.സ്വന്തമായി വരുമാനമുണ്ടാക്കാൻ .

സാബി said...

അവസാനത്തെ നോമ്പു പരദൂഷണം കൊണ്ടു തുറക്കണമെന്നായിരിക്കും വിധി.
പക്ഷെ പറയാതെ പോയാൽ പടച്ചവനെ പേടിക്കേണ്ടി വരുമെന്നതില്‍ ഇതിവിടെ പകർത്തുന്നു.
എല്ലാവർക്കും ഈദാശംസകൾ നേരുന്നു.