പുറത്ത് ചിന്നം പിന്നം പെയ്യുന്ന മഴ.
ഇറയില്‍ നിന്നിറ്റുന്ന തുള്ളികള്‍ ചീഞ്ഞയിലകളില്‍ ഒരൊച്ചപോലുമുണ്ടാക്കാതെ മരിച്ചു വീഴുന്നു.
ചന്ദ്രികയില്‍ നിന്നു പ്രണയവും ഇതുപോലെ മരിച്ചു ലയിച്ചു പോവുകയാണെന്നവള്‍ പതിയെ അറിഞ്ഞു തുടങ്ങി.
വിശപ്പ് കൂടെ തണുപ്പും.
ഒരാഴ്ച്ചയായി ഈ മരക്കുടിലിലെ ഒളിപ്പാര്‍പ്പ്.
പുറത്തിറങ്ങാന്‍ വയ്യ, അട്ടകളുടെ ഒട്ടിപ്പിടിക്കല്‍ ഓര്‍ക്കാനേ വയ്യ!
ബാഗിലൊളിപ്പിച്ചു കൊണ്ടുവന്ന ഫാസ്റ്റ് ഫുഡൊക്കെ തീര്‍ന്നിരിക്കുന്നു.
അടുപ്പൊന്നു കത്തിക്കാന്‍ കഴിഞ്ഞാല്‍
കൂജയിലെ വെള്ളമെടുത്തു ഒരു ചായയുണ്ടാക്കാമായിരുന്നു. ചക്കരയും ചായപ്പൊടിയും വെച്ച സ്ഥലം ഓര്‍മ്മയുണ്ട്.
ഒരു തീപ്പെട്ടിയും അതില്‍ നാലഞ്ചു കൊള്ളികളും മാത്രം നനയാത്തതായി ഈ വീട്ടില്‍ ബാക്കിയുണ്ട്.
രമണനെ കാണുന്നില്ല.
പുലരും മുന്‍പേ ആടുകളേയും തെളിച്ചു മല കയറിക്കാണുമോ?
അതിനു വഴിയില്ല. അവന്റെ പുല്ലങ്കുഴല്‍ കിടക്കപ്പായയില്‍ തന്നെയുണ്ട്.
വറൈറ്റി മ്യൂസിക്കിനെക്കുറിച്ചു റിസര്‍ച്ചിനിറങ്ങിയ തന്നെ ഫാസിനേഷനിലാക്കിയ ആ മാന്ത്രിക ദണ്ഡ്.
അവള്‍ക്കതിനോടു വെറുപ്പായി..!
വയറു വിശക്കുന്നു. തലേന്നു കഴിച്ച വളിച്ചു തുടങ്ങിയ ബര്‍ഗര്‍ നാലഞ്ചു തവണയായി ഛര്‍ദ്ദിച്ചു കളഞ്ഞതിന്റെ ക്ഷീണം കൂടിയുണ്ട്.
ഒന്നു വിളിച്ചു ഭക്ഷണത്തിനുള്ളതെന്തെങ്കിലും ഏര്‍പ്പാടാക്കിയിട്ടു പോയാല്‍ മതിയായിരുന്നില്ലേ ആ ഇഡിയറ്റിന്ന്!.
ഒരു ചുടു കോഫി കിട്ടിയിരുന്നെങ്കില്‍!
മൈക്രോ വേവില്‍ വേവിച്ചെടുത്ത ചീസ് ബ്രഡും ആങ്കര്‍ മില്‍ക്കു കലക്കിയ കോഫിയുടെ ഓര്‍മ്മയും അവളുടെ പാശ്ചാത്താപത്തിനു വീണ്ടും വിറയേകി.
അടുപ്പു കത്തിക്കാന്‍ തീരെ ശീലിച്ചിട്ടില്ല.
ഞെളുങ്ങിയ അലൂമിനിയ പാത്രത്തിന്റെ അകത്തേക്കു മാത്രം നോക്കി ഒരു ഗ്ലാസ്സിനുള്ള വെള്ളം നിറച്ചു.
അടുപ്പില്‍ തീ കൂട്ടാന്‍ വിളക്കില്‍ നിന്നു ഒടുക്കത്തെ തുള്ളി എണ്ണയും ഊറ്റി. അവസാനത്തെ കമ്പെത്തുന്നതു വരെ വിറച്ചു വിറച്ചു തീപ്പെട്ടിയുരച്ചു. കത്തിയ കമ്പില്‍ നിന്നു തീ പകര്‍ന്നു വെള്ളം തിളപ്പിക്കാന്‍ വിറകായി അവന്റെ പുല്ലാങ്കുഴലല്ലാതെ മറ്റൊന്നുമവള്‍ക്കു കിട്ടിയുമില്ല.
ആങ്കര്‍ മില്‍ക്കു ചേര്‍ക്കാത്തതെങ്കിലും ചുടുള്ള ചായ ഊതിയൂതി കുടിച്ചപ്പോള്‍ അവള്‍ക്കു കുറച്ചൊക്കെ ഉഷാറു വീണ്ടുകിട്ടി. അവള്‍ കൊണ്ടു വന്നതില്‍ശേഷിച്ചവ ആ ബാഗിലേക്കു കുത്തി നിറച്ചു, തോളില്‍ തൂക്കി തെക്കു ലക്ഷ്യമാക്കി നടന്നു.
അപ്പോള്‍ മാനത്തിന്റെ കരച്ചില്‍ പതിയെ കുറഞ്ഞു വരുന്നതായി അവള്‍ക്കു തോന്നി.
25260
6 comments:
ഒളിച്ചോടി തിരിച്ചെത്തുന്നവര്‍ക്കായി..!
കല്യാൺ ജ്വല്ലറിയുടെ പരസ്യമാണോ ഇൻസ്പി? :)
):
കല്യാൺ ജ്വല്ലറിയുടെ പരസ്യമല്ല പക്ഷെ കല്യാണം തന്നെ!
താലികെട്ടിന്നു തലേന്നിറങ്ങി പോസ്റ്റ്മോര്‍ട്ടത്തിനു പിറ്റേന്നു തിരിച്ചു വന്നു കയറിയ ഒരു ഫാസിനേഷന്‍! തൊട്ടു നാലു സ്റ്റോപ്പിനപ്പുറത്തുണ്ട്. (അതാണു ഇന്‍സ്പി)
ഒന്നു കണ്ടു ഓടി പുറപ്പെടുന്നു ....പിന്നെ ജീവിതത്തില്‍ ഒന്നല്ല ഒത്തിരി കാര്യങ്ങള്‍ ഉണ്ടെന്നറിയുമ്പോള്‍..പകക്കുന്നു .... നല്ല കഥ ജീവനുള്ളത് തന്നെ
nalla katha ennu parayam...
enneyum nokkumallo?
Post a Comment