Tuesday, December 28, 2010

കുഞ്ഞുദോശയിലെ ഗൃഹഭരണം

“ദോശ ചുടുമ്പോള്‍ ബാക്കി വരുന്നതൊരു പൂര്‍ണ്ണമായതിനു തെകയില്ലെങ്കില്‍ ഉമ്മീ, എന്തു ചെയ്യും?“
മകളുടെ ചോദ്യമാണ്.
ക്രിസ്റ്റ്മസ് വെക്കേഷനവളെ ആദ്യമായി അടുക്കള കാണിച്ചതാണ്.
എല്ലാം ‘അ”യിലാണല്ലോ മലയാളി തുടങ്ങുന്നത്.
അതിനാല്‍ “അടുക്കള“ തന്നെയാവട്ടെ ഹരിശ്രീ എന്നു നിനച്ചു ഞാന്‍ ഒരു പണി കൊടുത്തതാണ്.
“നിന്റെ മനോധര്‍മ്മം അനുസരിച്ചു ചെയ്യൂ എന്നിട്ടു ഞാന്‍ വിശദീകരിച്ചു തരാം.“
ഞാന്‍ ഒരു പസില്‍ ഇട്ടു കൊടുത്തു.

അവള്‍ അവളുടെ യുക്തിക്കനുസരിച്ചു അവസാനം ഒരു ചെറിയ വട്ടത്തില്‍ ഒരു ദോശ ചുട്ടു.
ചാപ്റ്റര്‍ ക്ലോസു ചെയ്തു.
ആന്‍സര്‍ പെപ്പര്‍ വാല്യൂവേഷനു എന്റെ ടേബിളില്‍ കൊണ്ടു വന്നു.
ഞാന്‍ ഉത്തരങ്ങള്‍ ഒരോന്നായി പരിശോധിച്ചു മാര്‍ക്കിട്ടു.
ഫൈനല്‍ പ്രൊഡക്റ്റില്‍ എ പ്ലസ്, എ, ബി എന്നീ ഗ്രേഡുകള്‍ കിട്ടുന്ന പലതും ഉണ്ടായിരുന്നു.
“സി ഗ്രേഡിലുള്ളതൊന്നുമില്ലേ? “
എന്റെ ചോദ്യത്തിനുത്തരമായി അവൾ തെറ്റു സമ്മതിച്ചു.

അതു വയറ്റിലാക്കി തെളിവു നശിപ്പിച്ചുവെന്ന ഉത്തരം കിട്ടി.
മാപ്പു സാക്ഷിയായാല്‍ ശിക്ഷയില്‍ നിന്നു മുക്തിയും പ്രശംസയും കിട്ടുന്നതാണല്ലോ കീഴ്വഴക്കമെന്നതവള്‍ക്കും അറിയാം.

കുഞ്ഞു ദോശയിലെ ഗൃഹഭരണം ഞാന്‍ വിശദമാക്കി.
അതു പ്രത്യേകം ഒരു കുഞ്ഞു ദോശയായി ചുടുന്നതാണു ചെറിയ കുട്ടിയുള്ള വീട്ടില്‍ നല്ലത്. വലിയ അപ്പങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞു ദോശ കാണുമ്പോള്‍ അവര്‍ക്കു ഭക്ഷണം കഴിക്കുന്നതില്‍ ഒരു പുതുമ ഉണ്ടാവും.
മാത്രമല്ല ആവശ്യത്തിലധികം മാവു ചേര്‍ക്കുമ്പോള്‍ ദോശയുടെ സൈസും പാചക സമയവും വ്യത്യാസപ്പെടുന്നതിനാൽ രുചിയും വ്യത്യാസപ്പെടും.

അതിനാല്‍ നിന്നെ ഈ വെക്കേഷനിലെ പാചകറാണിയായി തെരെഞ്ഞെടുത്തിരിക്കുന്നു.

മകളുടെ മറുപടി.
“ഞാന്‍ വേറെ ഒരുത്തരമായിരുന്നു പ്രതീക്ഷിച്ചിരുന്നത് ഉമ്മീ!“
“വേറെ ഒരു കൊച്ചു ദോശ ഉണ്ടാക്കുമ്പൊഴുള്ള ഇന്ധന നഷ്ടം കമ്പാരറ്റീവ് അനാലിസിസ് നടത്തിയാല്‍ കൂടുതലാണെന്നു കാണാം. അതിനാല്‍ ഇന്ധനം ലാഭിക്കാന്‍ അവസാനം വരുന്ന മാവൊക്കെ ഒന്നില്‍ കലക്കിയൊഴിക്കുന്നതാണു ഏറ്റവും ബുദ്ധിപരമായ തീരുമാനം.
അതിനാല്‍ നിന്നെ ഇനിമുതല്‍ പാചക ജോലിയില്‍ തുടരാന്‍ അനുവദിക്കില്ല.“
എന്നതായിരുന്നു.
അവൾ എന്റെ കൌശലം ഒരു മുഴം മുന്നേ മനസ്സിലാക്കിയിരുന്നു.

ഞാന്‍ ഇരുന്നു.
അല്ല. എന്നെ ഇരുത്തി.
(പണ്ടൊക്കെ ഇങ്ങനെത്തെ ഒരു പ്രശംസയിൽ എന്തോരം ഉയരത്തിൽ പൊങ്ങിയിരുന്നതാ നമ്മളൊക്കെ!)


32087

1 comment:

moideentkm said...

ആശംസകള്‍,.......