ക്ഷമിക്കുക നീ യുവകവി....!
നീയനുഭവിച്ചിരിക്കാനിടയുള്ള ദു:ഖം.
എനിക്കൂഹിക്കാനാവുന്നതിപ്പോള്‍ മാത്രം.
അല്ലെങ്കിലും സ്വന്തം ഉള്ളങ്കാലുകള്‍
ഉമിത്തീയില്‍ ചവിട്ടുമ്പോഴാണല്ലോ നാം
ചൂടറിയുന്നത്.
അതറിയിക്കുക എന്നതാണല്ലോ
ദൈവത്തിന്റെ നിയോഗം.
നിന്റെ കവിത വായിച്ചഭിപ്രായം പറയാന്‍ തന്ന,
കത്താത്ത അടുപ്പിലേക്കു ഞാന്‍ തീ പകരാനെടുത്ത,
നിന്റെ ചിന്തകള്‍ ചുംബിച്ച ആ കടലാസിനു മാപ്പ്.
പഴയ പത്രമാസികള്‍ വാങ്ങാന്‍ വന്ന
പയ്യനില്‍ നിന്നും പഴയ മാസികകള്‍, വാരികകള്‍
മൊത്തത്തില്‍ തൂക്കി വാങ്ങിയതും
എന്റെ പിശുയ്ക്കല്ലതു ദൈവ നിശ്ചയമായിരിക്കണം.
എച്ച്.എം. എന്നു സീലടിച്ച പഴയൊരു മാസികക്കുള്ളില്‍,
എന്റ്റെ കയ്യക്ഷരം പതിഞ്ഞ, പശ തേച്ചൊട്ടിച്ചൊരു കവര്‍,
കവറില്‍ കരസ്പര്ശംമേല്ക്കാതെ, ആരാലും വായിക്കപ്പെടാതെ,
വെളിച്ചം കാണാതെ പോയ ഞാനെഴുതിയ ആദ്യ കവിത.
വരണ്ടു കിടന്ന കവിത കാണവേ എനിക്കു പൊള്ളി.
കരളില്‍ ഒരു കീറല്‍, നെഞ്ചിലൊരു തേങ്ങല്‍,
കവറുപോലും തുറക്കാത്ത ടീച്ചറേ നിങ്ങള്‍ക്കു സ്തുതി .
ക്ഷമിക്കുക യുവകവീ, ഞാന്‍ തകര്‍ത്ത നിന്റെ വിശ്വാസം.
സപ്ലിമെന്റിലിടാന് കൂട്ടുകാരി നിര്‍ബന്ധിച്ചു
ആഴ്ച്ചകളെടുത്താലോചിച്ചെഴുതിയതായിരുന്നൊരെണ്ണം.
സൃഷ്ടി ഏൽപ്പിക്കവേ ടീച്ചറു പറഞ്ഞു “ഞാന്‍ പുതിയ എച്ച്.എം.”
പഴയ ക്ലാസ്സ് ടീച്ചറില്‍ നിന്നെന്നപോലെ കൊതിയില്‍ വായിച്ചു
പിറകെ വരുന്നൊരഭിനന്ദനമേറെ നിനച്ചു ഞാനന്നേരം വെറുതെ!.
സപ്ലിമെന്റ്റിറങ്ങിയപ്പോള് കണ്ണുകള്‍
പരതിയതാ കവിത മാത്രമായിരുന്നു, ഞാനെന്ന സ്വാര്‍ത്ഥ.
നിരാശതോന്നിയതതിനെക്കാള് ചവറുകള്‍ നീളേ..
കറുപ്പും വെളുപ്പുമായി നിരന്നതു കാണവേയാണ്.
ക്ഷമിക്കുക നീ യുവകവി
നീയനുഭവിച്ചിരിക്കാനിടയുള്ള ദു:ഖം
എനിക്കൂഹിക്കാനാവുന്നതിപ്പോള്‍ മാത്രം.
അല്ലെങ്കിലും സ്വന്തം ഉള്ളങ്കാലുകള്‍
ഉമിത്തീയില്‍ ചവിട്ടുമ്പോഴാണല്ലോ നാം
ചൂടറിയുന്നത്, നമുക്കു പൊള്ളലേല്‍ക്കുന്നത്.
2 comments:
കവിത നന്നായിട്ടുണ്ട്, ആശംസകള്‍...
കവിത കൊള്ളാം.
Post a Comment