Saturday, February 03, 2007

സ്വര്‍ണ്ണനാണയവും ചോക്കലേറ്റും

തുഷാരയിലേക്കൂം,തറവാട്ടില്‍ മുത്തുമ്മാക്കും കടയില്‍ നിന്നു പലചര്‍ക്കു സാധനം കൊണ്ടു വന്നു തരുന്നത്‌ ശാബു വാണ്‌.
അതിനവനു പ്രതിഫലം ഒരു ചോക്കളേറ്റാണ്‌.
അതിനാലവന്‍ ഒരു ദിവസം രണ്ടുമൂന്നു പ്രാവശ്യം എന്നോടും മുത്തുമ്മാനോടും "പീടികയില്‍ പോവണ്ടേ?" എന്നു ചോദിക്കും.

പലപ്പോഴായി പലരും ഗിഫ്റ്റ്‌ കൊടുത്ത വകയില്‍ അവന്റെ കയ്യില്‍ ഇത്തിരി പൈസ അധികം വന്നപ്പോള്‍ അവന്‍ അവന്റെ ഡ്യൂട്ടിയില്‍ മടി കാട്ടിത്തുടങ്ങി.
പൈസ അനാവശ്യത്തിനു ചെലവാക്കാനും തുടങ്ങി.
അവന്റെ പപ്പ അടുത്തില്ലാത്ത വിഷമം ഞാന്‍ വല്ലാതെ അനുഭവിച്ചു.

ഉപ്പുപ്പാനോട്‌ പറഞ്ഞാല്‍ കടുത്ത ശിക്ഷയാവും.
ഞാന്‍ വല്ലാത്ത വിഷമവൃത്തത്തിലായി.
അവസാനം മുത്തുമ്മാനോട്‌ സങ്കടം പറഞ്ഞു.

മുത്തുമ്മ അവനെ വിളിച്ചു കിടക്കയിലിരുത്തി
സ്വാധീനമുള്ള കയ്യുകൊണ്ടു ചേര്‍ത്തു പിടിച്ചു ഒരു കഥ പറഞ്ഞു.
ഞങ്ങള്‍ എല്ലാരും അപ്പോള്‍ ആ കഥ കേട്ടു.

അതിപ്രകാരമാണ്‌.

പണ്ടു പണ്ടു കൃഷിക്കാരന്‍ ഉണ്ടായിരുന്നു.
അയാള്‍ക്ക്‌ ഒറ്റ മകന്‍ മത്രമേയുണ്ടായിരുന്നു.
കൃഷിക്കാരന്‍ രാവും പകലും അദ്ധ്വാനിച്ച്‌ ഒരുപാടു സമ്പാദിച്ചു.
എന്നാല്‍ മകന്‍ മടിയനും ധാരാളിയും ആയിരുന്നു. അവന്‍ അച്ഛന്‍ പറയുന്നതൊന്നും അനുസരിച്ചില്ലന്നു മാത്രമല്ല അയാള്‍ കഷ്ടപ്പെട്ടു സമ്പാദിച്ചതൊക്കെ കൂട്ടുകാരുമൊത്ത്‌ ധൂര്‍ത്തടിച്ചു നടന്നു.
കൃഷിക്കാരനു വല്ലത്ത വിഷമം തോന്നി. അയാള്‍ മനസ്സു നൊന്തു ഉപദേശിച്ചു. എന്നാല്‍ മകന്‍ ഇതോന്നും ചെവി കൊണ്ടില്ല. അവന്‍ കൂട്ടുകാരോപ്പം പിന്നെയും പണം ധൂര്‍ത്തടിച്ചു നടന്നു.

കൃഷിക്കാരന്റെ ആരോഗ്യം ക്ഷയിച്ചു. അയാള്‍ മരണക്കിടക്കയിലായി.
മകന്‍ എന്നിട്ടും നേര്‍വഴിക്കായില്ല.
അയാള്‍ തന്റെ മരണമടുത്തുവെന്നു മനസ്സിലാക്കി മകനെ അടുത്തു വിളിച്ചു പറഞ്ഞു.
"മോനെ ഞാന്‍ ഉടനെ മരണപ്പെടും. നീ ഈ വസ്തു വകകള്‍ താമസിയാതെ വിറ്റു തീര്‍ക്കും എന്നെനിക്കറിയാം. ഇതു വരെ ഞാന്‍ പറഞ്ഞ ഒരു കാര്യവും നീ അനുസരിച്ചിട്ടില്ല. അവസാനമായി ഒരേ ഒരു കാര്യം നീ എന്നെ അനുസരിക്കണം. എല്ലാം വിറ്റു നീ പാപ്പരാവുന്ന ദിവസം കൂട്ടുകാരും നാട്ടുകാരും നിന്നെ സഹായിക്കാനില്ലാത്ത ദിവസം വരുമ്പോള്‍, ആത്മഹത്യമാത്രമാണൊരു വഴിയെന്നു ചിന്തിക്കുന്ന നേരം, നമ്മുടെ മേല്‍ക്കൂരയില്‍ ഒരു മുളയുണ്ട്‌ അതില്‍ കെട്ടിതൂങ്ങിയേ നീ ചാകാവൂ".

ഇതു കേട്ടപ്പോള്‍ മകനു കോപം വന്നു.
"ചാകാന്‍ നേരത്തു പൊലും തന്തയുടെ ഉപദേശം".
അവന്‍ ആഞ്ഞു തുപ്പി അവിടന്നു പോയി.
പാവം കര്‍ഷകന്‍ മനം നൊന്തു മരിച്ചു.

സംഗതികള്‍ അയാള്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു.
പണം തീരുന്നതു വരെ ഏല്ലാ കൂട്ടുകാരും ഉണ്ടായിരുന്നു.
അവന്‍ സാധനങ്ങള്‍ ഒന്നോന്നായി വിറ്റു തീര്‍ന്നു. പണം തീര്‍ന്നുവെന്നു മനസ്സിലായപ്പോള്‍ അവര്‍ ഒന്നും തിരിഞ്ഞു നോക്കിയില്ല.
വില്‍ക്കാന്‍ എളുപ്പം പറ്റുന്ന ഒന്നുമില്ല.
അവനു വിശപ്പു സഹിക്കാന്‍ കഴിഞ്ഞില്ല.
അന്നേരം അച്ഛന്റെ ഉപദേശങ്ങളുടെ അര്‍ത്ഥം അവനു മനസ്സിലായി. പക്ഷെ സമയം കഴിഞ്ഞു പോയെന്നവനു തോന്നി.
അവന്‍ അവസാനം മരിക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.
അവസാനമായി അച്ഛന്റെ ഒരു ഉപദേശമെങ്കിലും അനുസരിക്കണമെന്നവന്‍ കരുതി. മേല്‍ക്കൂരയിലെ ഉയരത്തില്‍ കെട്ടിയ മുളയില്‍ കയറിട്ടു തൂങ്ങി മരിക്കാന്‍ തീരുമാനിച്ചു.
അവന്‍ മുളയില്‍ കയറുകെട്ടി കഴുത്തില്‍ കുരുക്കിട്ടു ഉയരത്തില്‍ നിന്നു ചാടി.

പക്ഷെ മുള രണ്ടായി മുറിഞ്ഞു താഴോട്ടു വീണു. ഒപ്പം കുഴലുപോലുള്ള പൊള്ളയായ മുളക്കകത്തു നിന്നും കിലുകിലാരവത്തോടെ ധാരാളം സ്വര്‍ണ്ണനാണയങ്ങളും.
മകന്റെ കണ്ണു അത്ഭുതം കൊണ്ടു വിടര്‍ന്നു.
അച്ഛന്‍ തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നവന്‍ മനസ്സിലാക്കി.

ആ സ്വര്‍ണ്ണനാണയങ്ങള്‍ ശേഖരിച്ച്‌ അവന്‍ പിന്നീടുള്ള കാലം നല്ല അദ്ധ്വാനിയും സല്‍സ്വഭാവിയുമായി ജീവിച്ചു.

കഥ കേട്ടു ഞങ്ങളെല്ലാം ശാബു വിന്റെ മുഖത്തേക്കു നോക്കി.
അവന്‍ നിഷ്കളങ്കമായി ചോദിച്ചു

"മുത്തുമ്മാ അപ്പോ സ്വര്‍ണ്ണനാണയങ്ങള്‍ കൊടുത്താല്‍ ഒരു പാടു ചോക്കളേറ്റു കിട്ടുമോ?"

ഞങ്ങള്‍ക്കാര്‍ക്കും അപ്പോള്‍ ഒരു മറുപടിയും ഉണ്ടായിരുന്നില്ല.

9 comments:

സജിത്ത്|Sajith VK said...

അവസാനത്തെ ചോദ്യം കിടിലമായി.....

asdfasdf asfdasdf said...

നല്ല മിനിക്കഥ.അതെ.,അവസാനത്തെ ചോദ്യം നന്നായി.

Areekkodan | അരീക്കോടന്‍ said...

കഥയും കഥയിലെ കഥയും നന്നായി... അഭിനന്ദനങ്ങള്‍.

sandoz said...

മാഷേ,
കഥ ഇഷ്ടപ്പെട്ടു.

[എന്നെ നന്നാക്കാന്‍ വല്ല ഇല്ലിയെ മുളയോ വീട്ടുകാരു ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്ന് നോക്കട്ടെ..കിട്ടിയാല്‍ ഇപ്പൊ തന്നെ ....
ഇത്താ കണ്ണുരുട്ടി കാണിക്കണ്ടാ.....നന്നാവൂല്ലാ]

ശാലിനി said...

അവസാനമെങ്കിലും അച്ഛന്റെ വാക്കനുസരിക്കാന്‍ തോന്നിയത് ഭാഗ്യം, ഇല്ലായിരുന്നെങ്കില്‍ ....

സാബി സമയകുറവുകോണ്ടാണോ പോസ്റ്റ് വല്ലപ്പോഴും ആക്കുന്നത്?

സു | Su said...

നന്നായിട്ടുണ്ട് സാബീ ഗുണപാഠകഥ.

സഞ്ചാരി said...

കഥയിലെ നല്ല ഗുണപാഠം വളരെയധികം ഇഷ്ടപ്പെട്ടു.

Anonymous said...

കഥയിലെ സന്ദേശം നന്നായി...കഥ പറഞ്ഞ ശൈലിയും ഇഷ്ടമായി..

Anonymous said...

അതെ, കഥയിലെ ഗുണപാഠം തന്നെയാണ്‌ താരം.

നന്നായിരിക്കുന്നു, ഭാവുകങ്ങള്‍.

Nousher