Monday, April 07, 2008

പനിച്ചോത്തിമുള്ളുകള്‍


"മ്മീ ഇന്നാണു ഈ വര്‍ഷത്തെ സ്കൂള്‍ ഡേ, ഇന്നു ഞങ്ങളെ കൊണ്ടുവരാന്‍ ഉമ്മി വരണം".

മോളു സ്കൂള്‍ബസ്സില്‍ കയറുമ്പോള്‍ വിളിച്ചു പറഞ്ഞതു മറന്നിട്ടില്ലായിരുന്നു. എന്നിട്ടും സ്കൂളിലെത്താന്‍ വൈകിയത്‌ അവര്‍ കൂട്ടുകാരുമൊത്തു കുറച്ചധികം സമയം ചെലഴിക്കട്ടെ എന്നു കരുതീട്ടു തന്നെയായിരുന്നു.
ഇനി രണ്ടുമാസം കഴിഞ്ഞു പുതിയ ക്ലാസ്സില്‍ വെച്ചു കാണാമെന്നു ചൊല്ലിപ്പിരിയുമ്പോള്‍ മക്കളുടെ മുഖത്തു വെക്കേഷന്റെ സന്തോഷവും വേര്‍പിരിയലിന്റെ ദു:ഖവും ഒന്നിച്ചു കണ്ടു.
വീട്ടിലേക്കുള്ള വഴി കാറു ബൈപ്പാസിലൂടെ കുറുക്കുവഴിക്കെടുക്കുമ്പോള്‍ കാറിനു മുന്നിലേക്കു കുറുകെ ചാടിയതു മോളുടേ അതേ സ്കൂള്‍ യൂണിഫോമിട്ട ഇത്തിരി മുതിര്‍ന്ന ഒരു പെണ്‍കുട്ടി.

"മൈ ഗോഡ്‌ "
അറിയാതെ വിളിച്ചു ബ്രൈക്കിട്ടു നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടു.
ആള്‍ സഞ്ചാരം കുറഞ്ഞ ആ ഭാഗത്ത്‌ അവളുടെ പിറകെ ബൈക്കുമായി ഒരു പോക്കിരിപ്പയ്യന്‍,
അവള്‍ ഓട്ടത്തിന്റെയും നടത്തത്തിന്റെ ഇടക്കുള്ള കിതപ്പു കൊണ്ടു സംസാരിക്കാനാവാതെ വിരല്‍ പിന്നിലേക്കു ചൂണ്ടി.
അക്ഷരങ്ങള്‍ പുറത്തു വന്നില്ലങ്കിലും കണ്ണുകള്‍ ദയനീയമായി യാചിച്ചു
"രക്ഷിക്കണം"

"ഉമ്മീ!, കേറിക്കോട്ടെ!, അതെന്റെ സ്കൂളിലെ കുട്ടിയാ..! നമ്മളു പോണവഴിക്കാ അവളുടെ വീട്‌ നമുക്കവളെ ഡ്രോപ്പു ചെയ്യാം".

മോളു തുറന്നു കൊടുത്ത ഡോറിലൂടെ അവള്‍ അടുത്തു ചേര്‍ന്നിരുന്നപ്പോള്‍. രംഗം പന്തിയല്ലന്നു മനസ്സിലാക്കി ചെക്കന്‍ എങ്ങോട്ടോ ഓടിച്ചുപോയി

പെണ്‍കുട്ടിയുടെ പേടിച്ചുള്ള നെഞ്ചിടിപ്പിന്റെ ഒച്ച അപ്പോഴും നിന്നിട്ടില്ല.
"എന്താ മോളേ പ്രശ്നം?"
ഞാന്‍ സൗമ്യമായി ചോദിച്ചു.
"ആന്റീ, ആ ചെക്കന്‍ കുറച്ചു കാലമായി വല്ലാതെ ശല്യപ്പെടുത്തുന്നു. ഞാന്‍ സ്കൂള്‍ വിട്ടു വരുന്നതും കാത്ത്‌ ആ വഴിയില്‍ ബൈക്കുമായി എന്നും കാത്തു നില്‍പ്പാണ്‌. പറയ്‌ണ വൃത്തികേടു കേട്ടു എനിക്കു സഹിക്കാന്‍ പറ്റിണില്യാ".

"തെളിവടി കൊണ്ടു നല്ല ചാര്‍ത്തങ്ങട്ടു കൊടുക്കണം എന്നാലേ ഈ അസുഖം മാറൂ"
"മോളു വീട്ടിലാരോടും പറഞ്ഞില്ലെ?"
"ഇല്ല ആന്റീ, മമ്മക്കു വലിയ ടെന്‍ഷനാവും പപ്പക്കു വിഷമവും. അതോണ്ടാ പറയാതിരുന്നേ"

"അതു ശരിയല്ല. പറയാതിരുന്നാല്‍ പിന്നീടു മമ്മക്കും പപ്പക്കും ഇതിനെക്കാള്‍ വിഷമിക്കേണ്ടി വരും".
"സാരമില്ല, ഞങ്ങള്‍ വരാം മോളുടേ വീട്ടിലേക്ക്‌",
"ആന്റി പറഞ്ഞോളാം കാര്യങ്ങള്‍".
അവള്‍ വീട്ടിലേക്കു തിരിയുന്ന വഴി കാണിച്ചു തന്നു. ഒരു വാഹനത്തിനു കഷ്ടി കടന്നു പോകാന്‍ മാത്രം വീതിയുള്ള വഴി.
അങ്ങേത്തലക്കല്‍ നിന്നാരും പുറപ്പെട്ടിട്ടുണ്ടാവരുതേ എന്നു പ്രാര്‍ത്ഥിച്ചു വണ്ടിയെടുത്തു.
ഇടുങ്ങിയ വഴികള്‍ കാണുന്നതു തന്നെ എന്നും പേടിയാണ്‌.
ഇതുപോലൊരു ഇടുങ്ങിയ ഇടവഴിയിലൂടെ ഓട്ടത്തിന്റെയും നടത്തത്തിന്റെയും ഇടക്കുള്ള ധൃതിയില്‍ കോളേജിലേക്കു പാഞ്ഞിരുന്ന ഒരു പേടിപ്പിക്കുന്ന കൗമാരമാണു പെട്ടെന്നു ഓര്‍മ്മ വന്നതു, കൂടെ വെട്ടുകൊണ്ട പെരുവിരലുള്ള ഒരു വികൃതമായ കൈയും.

കൂമന്‍ കുന്നിറങ്ങി വളഞ്ഞു ചുറ്റി വരുന്ന "തിരുമണിക്കരയുടെ" ഹോണ്‍ ദൂരെ നിന്നേ കേള്‍ക്കുമ്പോള്‍, പാടം കടന്നു, കഷ്ടിച്ചു ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള ആള്‍സഞ്ചാരം നന്നേ കുറഞ്ഞ ആ ഇടവഴിയിലൂടെ ബസ്സിന്റെ സമയം കണക്കാക്കി തെരക്കിട്ടോടുമ്പോഴായിരിക്കും അങ്ങേത്തലക്കല്‍ കുഞ്ഞാത്തന്റെ, കന്നിനെയും തെളിച്ചുള്ള പാടത്തേക്കുള്ള ഇറക്കം .


കരിയും നുഖവും കോണാക്കി രണ്ടു തോളിലും വെച്ചു, കാഞ്ഞിര വള്ളികൊണ്ടു മൊടഞ്ഞെടുത്ത തെളിവടി ആഞ്ഞു വീശി, ഇടവഴിയുടെ ഉള്ള വീതിയെ പരമാവധി ഉപയോഗപ്പെടുത്തി കുഞ്ഞാത്തനും അവന്റെ പോത്തുകളും നിറഞ്ഞു തുളുമ്പി, കണ്ടതൊക്കെ കടിച്ചു പതിയെ ഇറങ്ങി വരുന്നതു കാണുമ്പോള്‍ തന്നെ കണ്ണീരു വരും.
ഇന്നും ബസ്സിനു സമയത്തിനെത്തില്ല!.

പോത്തുകള്‍ പൊടുന്നനെ വീശുന്ന വാലില്‍ നിന്നുള്ള ചാണകാഭിഷേകം ഒഴിവാക്കാന്‍ വേലിയില്‍ പടര്‍ന്നു കേറിയ പനിച്ചോത്തിമുള്ളിന്റെ മൂര്‍ച്ചയില്‍ അമര്‍ന്നു കണ്ണുചിമ്മി വേദന കടിച്ചിറക്കി കാത്തു നില്‍ക്കുമ്പോഴും, പോത്തുകള്‍ കടന്നു പോയെന്നു കരുതി, കണ്ണുതുറന്നു പെട്ടന്നു നോക്കുമ്പോഴും തൊട്ടു മുന്നില്‍ വിനീതനായി കുഞ്ഞാത്തനെ തന്നെ വീണ്ടും കാണുമ്പോള്‍ ദേഷ്യം ഒരിക്കലും മുഖത്തൊളിച്ചു വെക്കാനായിരുന്നില്ലങ്കിലും.
"മാളുകുട്ട്യേ! ഞാങ്കൊറച്ചു നേരത്തെറങ്ങ്യോ?"
എന്ന കുശലാന്വേഷണത്തിനു
"ഇല്ല, മാളുകുട്ടിക്കു കോളേജീപോകാന്‍ ഇന്നിത്തിരി വൈകി"
എന്നേ പറയാന്‍ തോന്നൂ.
എന്നെങ്കിലും ദേഷ്യപ്പെട്ടെന്തെങ്കിലും പറയണമെന്നു വിചാരിക്കുമ്പോഴോക്കെ ദേഷ്യം എന്റെ നാവിനു വഴങ്ങില്ലന്നു മനസ്സിലാവും.
കൂടുതലൊന്നും ചിന്തിക്കാന്‍ സമയമുണ്ടാവാറില്ല.
ഇടവഴി കയറിചെല്ലുന്നിടത്തു "തിരുമണിക്കര" ഹോണ്‍ അടിച്ചു കാത്തു നില്‍ക്കുന്നുണ്ടാവും.
വാതില്‍ തുറന്നു ഒരു കാല്‍ നിലത്തുവെച്ചു കിളിയും.
അവന്റെ കൂട്ടിപ്പിടുത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറണമെങ്കില്‍ ചാടിക്കേറണം. മുകളിലെ കമ്പിയില്‍ പിടുത്തം കിട്ടാതെ പ്രാഞ്ചി,പ്രാഞ്ചി ഗിയറിന്മേലേക്കു വിഴുമ്പോഴായിരിക്കും,
മരിച്ചു പോയ ഉപ്പാന്റെ ചങ്ങാതി ഡ്രൈവര്‍ ബാപ്പുക്ക, ഇനിയും മരിക്കാത്ത ചങ്ങായിത്തത്തിന്റെ അധികാരത്തോടെ പതിവു പോലെ ചോദിക്കും

"മാളോ!, നെനക്ക്‌ ഇത്തിരി നേരത്തെ ഇറങ്ങ്യാലെന്താ?"
"ഈ ബസ്സു നിര്‍ത്താഞ്ഞാല്‍ നിനക്കു കോളേജില്‍ ഒരു ക്ലാസ്സു കിട്ടൂലാന്നു നിരീച്ചിട്ടും നിന്റെ ബാപ്പാനെ ഓര്‍ത്തുമാ ഞാന്‍ ഈ കാത്തു നില്‍ക്‌ക്‍ണത്‌. ജ്ജ്‌ ന്റെ പണി കള്യേരുത്‌".
"പറഞ്ഞതന്നെ ഇഞ്ഞീം ഇഞ്ഞീം ന്നെക്കൊണ്ട്‌ പറ്യേപ്പിക്കരുത്‌".
ബാപ്പുക്കാന്റെ നാവില്‍ നിന്നതു നിത്യവും കേള്‍ക്കുന്നതായതിനാല്‍ യാതൊരു ജാള്യവും തോന്നാറില്ല.
വെയ്റ്റിംഗ്ഷെഡില്‍ വായും നോക്കിയിരിക്കുന്നവര്‍ക്കു വായിത്തോന്നിയതു പറയാന്‍ സമയം കൊടുക്കേണ്ടാന്നു നിരീച്ചാണു മനപ്പൂര്‍വ്വം സമയം കണക്കാക്കി എറങ്ങുന്നതെന്നു ബാപ്പുക്കാനോടു പറയാന്‍ പറ്റിയിട്ടില്ല ഒരിക്കലും.
പക്ഷെ സോപ്പുപെട്ടിപോലെ നടുക്കുമാത്രം ഉയരം കൂടുതലുള്ള "തിരുമണിക്കര"യുടെ ഒത്ത നടുക്കു തന്നെ തന്നെ കൂട്ടം കൂടി നില്‍ക്കുന്ന ചില വയസ്സന്മാരുടെ കമന്റുകളാണ്‌ തീരെ സഹിക്കാന്‍ പറ്റാതിരുന്നത്‌.
"കെട്ടിക്കാന്‍ പ്രായമായാലും പൊസ്തകമെടുത്ത്‌ ഇറങ്ങും ഒരുമ്പെട്ടോളുമാര്‌!".
"ന്നട്ട്‌ ഓലെ കാത്ത്‌ നിക്കാനും കൊഞ്ചിക്കുഴയാനും ഒരോ കോന്തന്‍ ഡ്രൈവര്‍മാരും!"
"ആരാന്റെ അടുക്കളേക്ക്‌ കേറേണ്ടവരാണ്‌ ന്നുള്ള ഒരോര്‍മ്മീല്ല്യ, അതിനുള്ളത്‌ നോക്കാന്നല്ലാതെ!"
"മാപ്ലപെണ്ണൂങ്ങളു പഠിച്ചിട്ടിപ്പോ തുക്‍ടി സായിപ്പാവാന്‍ പോവാ..!"
"അല്ല പിന്നെ!"
വീതി കുറഞ്ഞ പുസ്തകക്കെട്ടു മാറിലേക്കു കൂടുതല്‍ ചേര്‍ത്തു പിടിച്ചും,
വിടര്‍ന്നു നിക്കുന്ന കഞ്ഞിപ്പശ മുക്കിയ പാവാട കാലിനിടയില്‍ കൂടുതല്‍ ഒതുക്കിയും,
കുറച്ചു കൂടി ചെറിയ ഒരു പെണ്‍കുട്ടിയാവാന്‍ വിഫലശ്രമം നടത്തും.
ചുരിദാറായിരുന്നങ്കില്‍ കുറച്ചു കൂടി ഒതുക്കം കിട്ടിയേനെ!
അതൊന്നു വാങ്ങാന്‍ ഏറെ കൊതിച്ചിട്ടുണ്ട്‌. വാങ്ങുമ്പോള്‍ ഇളം റോസുനിറത്തില്‍ എമ്പ്രോയിഡറിയുള്ള അതു തന്നെ വാങ്ങണം.
കുന്നുമ്മലെ സ്റ്റാന്‍ഡിനു മുന്നിലുള്ള മംഗല്യടെക്സ്റ്റില്‍ അതു തൂങ്ങിക്കിടക്കുന്നതു കണ്ടതു തൊട്ടുള്ള കൊതിയാണ്‌.
പക്ഷെ അതിട്ടാല്‍ പിന്നീം മൊഞ്ചു കൂടുമോന്നു അന്നു തന്നെ ശങ്കിച്ചതാണ്‌.
ചന്തം കൂടുന്തോറും സ്വൈര്യക്കേടുകളും കൂടുമെന്നാണു അനുഭവം.
ബസ്‌സ്റ്റാന്‍ഡില്‍ വായും നോക്കിയിരിക്കുന്ന ആ പണിയില്ലാപടയുടെ കമണ്ടുകളാണ്‌ തീരെ സഹിക്കാന്‍ വയ്യാതിരുന്നത്‌.
ആങ്ങളമാരും ബാപ്പയുമില്ലാത്ത ഒരു പെണ്‍കുട്ടിക്കാരുമില്ലായിരുന്നു.
അതവര്‍ക്കെല്ലാം അറിയാമായിരുന്നു.

തുറിച്ചു നോക്കുന്ന കണ്ണുകളിലും കുത്തിത്തുളച്ചു കയറുന്ന മുള്ളുകളിലും കുടുങ്ങാതെ വിദ്യ അഭ്യസിക്കാന്‍ വല്ല മാര്‍ഗ്ഗമുണ്ടോ?

തപാലു വഴി പഠിച്ചാ വീട്ടു ജോലിം പഠിത്തവും ഒരുമിച്ചു കൊണ്ടോകാര്‍ന്നു. അതിനു ചെലവു കൂടുതലാന്നാ ക്ലാസ്സില്‍ ഒപ്പം പഠിക്ക്‌ണോരെല്ലാം പറയ്‌ണത്‌. എന്നാലും വേണ്ടില്ല്യാ ഇട്ടുടുത്ത ഉടുപ്പില്‍ കാര്യം നേടാലോ!
ഈ പ്രീഡിഗ്രിയെങ്കിലും എങ്ങനെയങ്ങിലും മുഴുവനായാ മത്യാര്‍ന്നു.
എല്ലാം സഹിച്ചും കോളേജു പഠനം തുടര്‍ന്നു.
ഒരുപാടു മോഹിച്ചിട്ടവസാനം ആ ചുരിദാറു തന്നെ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും സന്തോഷിച്ച ദിനമായിരുന്നു.
ഇളം റോസില്‍ നീയൊരു ഹൂറിയായെന്നു ആദ്യമായി ആശംസിച്ചതു ഉമ്മയായിരുന്നു. അതു കേട്ടപ്പോള്‍ എന്റെ കവിളും അതിനു മാച്ചാവുന്നവിധം റോസു നിറത്തില്‍ തുടുത്തെങ്കിലും ഉള്ളം അറിയാതെ വിറച്ചു.
"പടച്ചോനെ! കാക്കണേ!"
അന്നു ആദ്യമായി തിരുമണിക്കരയുടെ ഹോണ്‍ കേള്‍ക്കാന്‍ നില്‍ക്കാതെ നേരത്തെ വീട്ടില്‍ നിന്നിറങ്ങി.
കുറേ കാലത്തിനു ശേഷമാണു പതുക്കെ നടക്കുന്നത്‌.
ആദ്യമായി പനിച്ചോത്തിയുടെ മഞ്ഞപ്പൂക്കളെ ഇഷ്ടത്തോടെ നോക്കി.അവക്കു മുള്ളിനു പുറമെ ഭംഗിയുള്ള പൂവുകളുണ്ടെന്നതു തിരിച്ചറിഞ്ഞു. അതിന്റെ തവിട്ടു നിറമുള്ള അകത്തെ ദളത്തില്‍ പേനയുടെ അടപ്പുകൊണ്ടു വട്ടത്തില്‍ മുറിച്ചെടുത്ത പൊട്ടു കൊണ്ടു നെറ്റിയില്‍ കുറി തൊടാമെന്നു ക്ലാസ്സില്‍ തൊട്ടടുത്തിരിക്കുന്ന ബിന്ദു പറഞ്ഞു തന്നതു അപ്പോള്‍ ഞാന്‍ ഓര്‍ത്തു.ഒരിതളടര്‍ത്തി അതൊന്നു പരീക്ഷിക്കാമെന്നു കരുതിയതായിരുന്നു.

പക്ഷെ പിറകിലൊരു കാലൊച്ച കേട്ടു ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു.വെയ്റ്റിംഗ്‌ ഷെഡില്‍ വായ്‌ നോക്കിയിരിക്കുന്നതില്‍ ഒരെണ്ണം.
മുമ്പെ കടന്നു പോകട്ടെ എന്നു കരുതി ഒതുങ്ങി മുഖം തിരിച്ചു വേലിയോടു കൂടുതല്‍ ചേര്‍ന്നു നിന്നു.
കുഞ്ഞാത്തന്റെ പോത്തിനു കടന്നു പോകാന്‍ പനിച്ചോത്തിമുള്ളു സഹിച്ചു നിക്ക്‌ണ പോലെ!

പെട്ടെന്നാണു‍ മുന്നില്‍ നിന്നു നഖങ്ങളുള്ള അനവധി മുള്ളുകള്‍ മേനിയില്‍ തറച്ചു കയറിയത്‌.
കുതറിപ്പിടയാന്‍ ശ്രമിക്കുന്നതിനിടെ അലറിക്കരയാന്‍ പോലും അനുവദിക്കാതെ പിന്നെ ചില വെളുത്ത മുള്ളുകള്‍ ചുണ്ടുകളെ കീറി മുറിച്ചു.

കുഞ്ഞാത്തനും പോത്തുകളും ദൈവദൂതരായതന്നേരമായിരുന്നു.


ഉമിനീരും വാക്കുകളും ഉണങ്ങിയ വരണ്ട വായില്‍ നിന്നു
"കുഞ്ഞാത്താ! എന്നതിനോടു ചേര്‍ന്ന ഒരു ശബ്ദം മാത്രം പുറത്തു വന്നു.

ഒച്ചകേട്ടു പിടുത്തം വിട്ട ചെക്കന്‍ കുഞ്ഞാത്തനെ കണ്ടു ഞെട്ടി, പോത്തുകള്‍ക്കും കുഞ്ഞാത്തനുമിടയില്‍ ഓടാന്‍ അധികം ഇടമില്ല.


പിന്നെ കേട്ടതു തെളിവടിയുടെ സീല്‍ക്കാരങ്ങളായിരുന്നു.
കുഞ്ഞാത്തന്റെ മരമടിയുടെ സര്‍വ്വ കരുത്തും പുറത്തെടുത്ത ഒരു അടിപ്പയറ്റ്‌.

അടി തടുക്കുന്ന ആ ചെക്കന്റെ കൈകളിലൊന്നിലെ പെരുവിരലിനു പ്രകടമായ ഒരു വലിപ്പവ്യത്യാസം. വെട്ടു കൊണ്ടെന്നപോലെ അതു പകുതി മുറിഞ്ഞു പോയിരിക്കുന്നു.
അതു പിന്നെ ഒരിക്കലും വിട്ടുപോകാത്ത ഒരു പേടിയായി മനസ്സില്‍ ബാക്കിയായി.
നിലത്തു വീണ ചെക്കന്റെ മുഖത്തേക്കു കുഞ്ഞാത്തന്‍ കാര്‍ക്കിച്ചു തുപ്പി,
ഒടിഞ്ഞ വടി ദൂരേക്കു വലിച്ചെറിഞ്ഞു.
കുഞ്ഞാത്തന്‍ അലറി
"ഓടടാ!"
ചെക്കന്‍ മുടന്തിക്കൊണ്ടു പാഞ്ഞു പോയി.
"മാളു കുട്ട്യേ ഇതു ഞാനും നീയും അറിഞ്ഞാ മതി. ഇല്ലങ്കില്‍ ന്റെ കുട്ടിക്കിനീം എടങ്ങേറു കൂടും".
ആരോടും പറഞ്ഞില്ല, അതു തന്നെയായിരുന്നു വലിയ തെറ്റ്‌. അല്ലങ്കില്‍ എല്ലാം മറക്കാന്‍ ശ്രമിച്ചത്‌.
ഞാനും കുഞ്ഞാത്തനുമേ പൊറുത്തുള്ളൂ,
അഭിനവഎകലവ്യന്‍ അതു മനസ്സില്‍ കൊണ്ടു നടന്നു.
പിന്നീടൊരു ദിവസം തിരുമണിക്കരയുടെ കമ്പിയില്‍ തൂങ്ങി ആടിയാടി പോകവേ, പിറകിലിരുന്ന ചേച്ചി സീറ്റില്‍ നിന്നു പെട്ടെന്നെണീറ്റു കാതില്‍ ചോദിച്ചു
"കുട്ട്യേ മുന്‍കരുതലൊന്നുമില്ലേ!"
മനസ്സിലാവാതെ പിന്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു.
ഇളം റോസു ചുരിദാറിന്നു പിറകില്‍ പടര്‍ന്നിറങ്ങുന്ന മഷി.
ഞെട്ടിത്തിരിഞ്ഞു ചുറ്റും നോക്കിയപ്പോള്‍ കണ്ടു പിറകിലേക്കു വലിയുന്ന ഏകലവ്യന്‍. അവന്റെ കയ്യില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ചുവന്ന സ്കെച്ച്‌പെന്‍ ഇന്‍കിന്റെ ഡ്രോപ്പര്‍.

വായ വറ്റി വരണ്ടു.തളര്‍ന്നു വീഴും മുന്നെ ആ ചേച്ചി താങ്ങി.
പിന്തിരിഞ്ഞു നോക്കിയ ഡ്രൈവര്‍ ബാപ്പുക്കാനെ നോക്കി അവര്‍ അടക്കം പറഞ്ഞു
" ഈ കുട്ടിക്കു ഇവിടെ ഇറങ്ങണം."
കാര്യം മനസ്സിലായില്ലങ്കിലും ബാപ്പുക്ക വണ്ടി നിര്‍ത്തി
അന്നു നിര്‍ത്തിയതാണു കോളേജില്‍ പോക്കും.

"ആന്റീ, ഇവിടെ നിര്‍ത്ത്യാ മതി,
ഇതാണു വീട്‌"
പെണ്‍കുട്ടി കാണിച്ചു തന്നയിടത്തേക്കു നോക്കി അവിടെ കാറിന്റെ ഒച്ചകേട്ടു വാതില്‍ തുറന്നു വന്ന കുട്ടിയുടെ പപ്പയും പിറകെ മമ്മയും.
അവള്‍ കാറില്‍ നിന്നിറങ്ങി വീട്ടിലേക്കു ക്ഷണിച്ചു.
മമ്മക്കും പപ്പക്കും ആകാംക്ഷയുണ്ടാക്കും വിധം ഞാനും മക്കളും അകത്തേക്കു കയറി.
സ്വയം പരിചയപ്പെടുത്തി.
നടന്ന സംഭവങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
അവളുടെ മമ്മക്കും പപ്പക്കും അതൊരു ഷോക്കായിരുന്നു.
മകളെ ശ്രദ്ധിക്കാന്‍ കഴിയാത്തതില്‍ അവര്‍ പരസ്പരം കുറ്റപ്പെടുത്തി.
തക്ക സമയത്തുള്ള സഹായത്തിനു അവര്‍ ഒരു പാടു നന്ദി പറഞ്ഞു.
ഒന്നുകില്‍ അവളെ സ്കൂള്‍-ബസ്സില്‍ വിടണമെന്നും അല്ലങ്കില്‍ ആരെങ്കിലും കൂടെയുണ്ടാവണമെന്നും ഞാന്‍ ഉപദേശിച്ചു.
പെണ്‍കുട്ടിയുടെ പപ്പയെ ഞാന്‍ എവിടെയോ കണ്ട ഒരോര്‍മ്മപോലെ തോന്നി.
ശ്ശേ! വെറുതെ തോന്നിയതാവും.
യാത്രപറഞ്ഞു ഇറങ്ങിയതായിരുന്നു.
കാറിന്റെ "കീ" ടീപോയില്‍ വെച്ചു മറന്നല്ലോ എന്നു മനസ്സിലാക്കി അതെടുക്കാന്‍ തിരിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ ആ കീയുമായി കുട്ടിയുടെ പപ്പ പുറത്തു വന്നു.
നന്ദി പറഞ്ഞു താക്കോല്‍ വാങ്ങിക്കുമ്പോള്‍ ഒരു പഴയ പനിച്ചോത്തിമുള്ളു കൊണ്ടെന്റെ ഉള്ളംകൈ വീണ്ടുമൊന്നു പോറിയോ എന്നൊരു സംശയം!.
സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞെട്ടലോടെ കണ്ടു.
പകുതി മുറിഞ്ഞ ആ പെരുവിരല്‍ .
9440

10 comments:

സാബി said...

തീമിലെ സത്യവും കഥാശേഷത്തിലെ ഭാവനയും തുറന്നു പറയുമ്പോഴും എനിക്കിതൊരു കഥയാണ്‌,
എന്നാല്‍ പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തിപ്പോയ എന്റെ കൂട്ടുകാരിക്കിതൊരു കദനവും.

കുട്ടികളുടെ പരീക്ഷക്കാലത്തു നെറ്റു തുറക്കാതിരുന്നതിനാല്‍ ഇതു തേച്ചു മിനുക്കാന്‍ ഒരുപാടു സമയം കിട്ടി.
മക്കള്‍സിന്റെ പരീക്ഷ കഴിഞ്ഞു.
ഇനി എന്റെ പരീക്ഷക്കാലം!.
ഇപ്രാവശ്യം ഞാനൊറ്റക്കു സഹിക്കണ്ടാന്നാ തീരുമാനം.
എല്ലാര്‍ക്കും അവധിക്കാലാശംസകള്‍!!.

നിലാവര്‍ നിസ said...

ശരിയാണ്.. കഥയുടെയും അനുഭവത്തിന്റെയും അതിരുകളെ ഒരുപാട് കവച്ചു വയ്ക്കുന്നുണ്ട് കയ്യടക്കമുള്ള എഴുത്തും എഴുത്തിലെ ആത്മാര്‍ഥതയും..

kichu / കിച്ചു said...

സാബീ...

കൊള്ളാംട്ടോ... നല്ല ഒതുക്കമുണ്ട് എഴുത്തിന്...

അനുഭവത്തിന് ആഴവും.. തനിക്കായാലും കൂട്ടുകാരിക്ക്കായാലും ഒന്നുതന്നെ.

അഭിനന്ദന്ങള്‍...

പ്രിയ said...

പറയേണ്ടത് തീര്ത്തും തെളിച്ചത്തോടെ പറഞ്ഞിരിക്കുന്നു സാബി. ഒരു കഥക്കപ്പുറത്തുള്ള ഒരു വലിയ യാഥാര്ത്ഥ്യം.

ഒരു ചീത്ത അനുഭവം പോലും ജീവിതത്തില് നേരിട്ടില്ലെന്കിലും ലോകത്തിന്റെ പാച്ചിലില് അറിയാതെ മനസില് കുടിയേറിയ ഒരു പേടിയാണിത്. കുഞ്ഞനിയത്തി അല്ലെങ്കില് അവളുടെ പ്രായമുള്ളവള് തനിച്ചുള്ള വീട്ടിലേക്ക് പുറമേനിന്നോരാള് ആരെങ്കിലും വന്നിരിക്കുന്നു എന്ന് പറഞ്ഞു അവള് വിളിച്ചാല് പിന്നെ അറിയാതെ ആശങ്കപെടുന്ന, ഓരോ 10 മിനുടിലും ഫോണ് വിളിച്ചു അവളെ അന്യോഷിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുന്നു.

പാമരന്‍ said...

നന്നായിരിക്കുന്നു..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

തുറന്ന ശൈലി. സത്യസന്ധമായ ചിന്തകള്‍. മൂര്‍ച്ഛയുള്ള ചില പ്രയോഗങ്ങള്‍. കൊള്ളാം. ആഖ്യാനത്തിലും പ്രമേയത്തിലും കൂടുതല്‍ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാകുമായിരുന്നു.

Kaithamullu said...

പനിച്ചോത്തിമുള്ളുകള്‍ ...അതിന് വേറെ എന്തെങ്കിലും പേരുണ്ടോ?

-നന്നായി പറഞ്ഞിരിക്കുന്നൂ, സാബീ!

Riaz Hassan said...

nice one..sabi thatha..

Anonymous said...

ബിംബകല്‍പ്പന വളരെ നന്നായിരിക്കുന്നു.
മുള്ളുകളും,പൂവും,പൊട്ടും...
ഛേദിക്കപ്പെട്ട വിരലും.
അഷ്‌റഫ്.

Rasheed Chalil said...

:)