Tuesday, December 08, 2009

കേടുവന്ന കുട

കല്യാണി ടീച്ചര്‍ക്കു വിഷമമായി
നേരം വെളുക്കേ തൊട്ടു ഗോവിന്ദന്‍ മേസ്തിരി മിണ്ടുന്നില്ല.
പിണക്കം സാധാരണയാണ്‌. ന്നാലും ഇത്രേം നേരം മിണ്ടാതിരുന്നിട്ടില്ലിന്നേ വരെ!.
ഇതിപ്പോ എന്തിനാണെന്നോ എപ്പോഴാണെന്നോ പിണക്കം തുടങ്ങിയതെന്നൊരു നിശ്ച്യൂല്യ.
ടീച്ചര്‍ക്കാണെങ്കില്‍ പെന്‍ഷനു ട്രഷറിയില്‍ പോകേണ്ട ദിവസമാണ്‌. കൂടെ പോരാന്‍ വിളിച്ചാല്‍ വരില്ല.
വലിയ അഭിമാനിയാണ്‌ . സര്‍ക്കാറുദ്യോഗത്തെക്കാള്‍ പണം കിട്ടുന്ന പണിയാണു മേസ്തിരിപ്പണീന്നു എപ്പഴും പറയും.
ന്നാലും പെന്‍ഷന്‍ വാങ്ങി വരുമ്പോള്‍ എങ്ങോട്ടും പോകാതെ ഉമ്മറത്തു തന്നെ കാത്തു നില്‍പ്പുണ്ടാവും.

അലക്കി കഞ്ഞിമുക്കി ഇസ്തിരിയിട്ടു വെച്ച സാരി ചുറ്റി, കുട പതുക്കെ കുടഞ്ഞു നിവര്‍ത്തി ടീച്ചര്‍ ഇപ്രാവശ്യവും തനിച്ചു തന്നെ ട്രഷറിയിലേക്കിറങ്ങി.
"വാഹനം നോക്കി സൂക്ഷിച്ചു റോഡു മുറിച്ചു കടക്കണേ!" എന്ന പതിവുപദേശത്തിനായി ഉമ്മറത്തേക്കു വീണ്ടുമൊന്നു കൂടി തിരിഞ്ഞു നോക്കി.

ഒച്ച കേക്കണില്ല.
ചുണ്ടു കൊണ്ടൊന്തൊക്കെയോ പുറുപുറുക്കുന്നുണ്ട്. പെണക്കം തന്ന്യാ!
സാരല്യാ..! തിരിച്ചു വന്നിട്ടു പതിവു കൊടുത്തു പിണക്കം തീര്‍ക്കാം.
ടീച്ചര്‍ മുന്നോട്ടുവെച്ചകാല്‍ പിറകോട്ടു വെച്ചില്ല.

നേരിയ മഴയുണ്ട്‌. വഴുക്കലുള്ള റോഡ്‌.

നരച്ചമുടി എണ്ണമയമുള്ള കൈകൊണ്ടു വീണ്ടും ഒന്നു തടവിയൊതുക്കി ടീച്ചര്‍ പതുക്കെ നടന്നു.
തിരക്കുള്ള റോഡിലൂടെ വളരെ ശ്രദ്ധിച്ചാണു മുറിച്ചു കടക്കാന്‍ തുടങ്ങിയത്‌.
മുന്നീന്നും പിന്നീന്നും വാഹനങ്ങള്‍!
പെട്ടെന്നാണു അതിലൊന്നു കയ്യിലെ കുടയെ തെറിപ്പിച്ചു പിന്നില്‍ ചവിട്ടി നിര്‍ത്തിയത്‌. കുട പെട്ടെന്നു കയ്യീന്നു പോയപ്പോള്‍ ഒന്നു പ്രാഞ്ചി. നിലത്തു കൈകുത്തിയതിനാല്‍ വീണില്ല.
"ഇവനെന്താ ഒന്നു ഹോണടിച്ചു കൂടെ?"
ടീച്ചര്‍ അമര്‍ഷം കൊണ്ടു.
മഴ കേറാതെ ചില്ലടച്ചു പൂട്ടിയ വാഹനത്തിനു പുറത്തു കേള്‍ക്കാത്തതു കൊണ്ടാവും ഡ്രൈവരുടെ ശകാരം ടീച്ചറുടെ കാതു തുളച്ചില്ല.
പുരുഷാരം ഓടിക്കൂടി കാഴ്ച്ച കണ്ടു നിന്നു.
വിമലാ ടെയിലറിംഗ്‌ നടത്തുന്ന മാലതിയാണു പിന്നെ നടു റോഡിലേക്കു കുതിച്ചു കയറി ടീച്ചറുടെ കൈ പിടിച്ചുയര്‍ത്തിയതും ബാക്കി റോഡു മുറിച്ചു കടത്തിയതും.

ടീച്ചര്‍ക്കു സന്തോഷം തോന്നി
ഒപ്പം വിഷമവും.
ടീച്ചര്‍ പുറുപുറുത്തു.
"എന്താ ഇക്കണ്ട ആള്‍ക്കാരില്‍ ആര്‍ക്കെങ്കിലും ആ ഡ്രൈവറെ നാലു ചീത്ത പറഞ്ഞാല്‍ ?"
"ഒരുപാടു കൊല്ലം ശരീരത്തിന്റെ ഭാഗമായിരുന്ന കുടയാണ്‌ നഷ്ടപ്പെട്ടത്‌. ഇവര്‍ക്കാര്‍ക്കാണതിന്റെ വിലയറിയുക"..
ടീച്ചര്‍ ഒരു ആശ്വാസ വാക്കു പ്രതീക്ഷിച്ചു മാലതിയുടെ മുഖത്തേക്കു നോക്കി.
അവള്‍ ചുണ്ടനക്കുന്നുണ്ട്‌. ആംഗ്യം കാണിക്കുന്നുണ്ട്‌.
മിണ്ടാന്‍ പറ്റിണില്യ!.
പാവം കുട്ടി !.
ആകെ പേടിച്ചിരിക്കുണൂ!

ടീച്ചര്‍ കേടു വന്ന കുടയെക്കുറിച്ചു മറന്നു.
ആ കുട്ടിയെ അങ്ങനെ അവിടെ വിട്ടു പോകാന്‍ മനസ്സു സമ്മതിച്ചില്ല.
മാലതിയുടെ കൈ പിടിച്ച പിടി വിടാതെ നടന്നു. ട്രഷറിയിലേക്കുള്ള വഴിയും കടന്നു, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ്‌ ഡോക്ടര്‍ ഇഖ്‌ബാലിന്റെ ക്ലീനിക്കിലേക്കു കയറി. ട്രഷറിയിലേക്കു നാളെ വീണ്ടും വരാം.

ക്ലീനിക്കിലെ കസേരയില്‍ ഊഴത്തിനായി കാത്തിരുന്നപ്പോള്‍ ചുമരില്‍ തൂക്കിയ തൊണ്ടയുടെ ക്രോസ്‌ സെക്ഷന്‍ ചിത്രത്തിലേക്കു തന്നെയായിരുന്നു ടീച്ചറിന്റെ നോട്ടം.

എന്നാല്‍ ചെവിയുടെ ചിത്രത്തിലേക്കു നോക്കി വായും പൊളിച്ചിരിക്കുന്ന മാലതിയെ വിളിക്കാതെ ആ നഴ്സ്‌ എന്തിനാണു പരിശോധനാ മുറിയിലേക്കു തന്നെ കൈപിടിച്ചു കൊണ്ടു പോകുന്നതെന്നറിയാതെ ടീച്ചര്‍ അന്തം വിട്ടു നടന്നു.


22259

9 comments:

സാബി said...

കല്യാണി ടീച്ചര്‍ക്കു SSHL എന്നാണു ഡോക്ടര്‍ പറഞ്ഞത്.

ramanika said...

kollam!

Sathees Makkoth | Asha Revamma said...

കൊള്ളാം.

താരകൻ said...

saabi,നല്ല കഥ sshl എന്താണെന്ന് കൂടി പറയൂ..അൾഷ്യമെഴ്സ് എങ്ങാനുമാണോ..?

സാബി said...

Blogger ramaniga
Blogger സതീശ് മാക്കോത്ത്|satheesh
Blogger താരകൻ
Thanks for response to my Post.

താരകൻ
ഞാനും അത്രക്കേ കരുതിയിരുന്നുള്ളൂ. പക്ഷെ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഇതാ..
SSHL (Sudden Sensorineural Hearing Loss).
a hearing loss that occurs within minutes or an hour or two and it is loss greater than 30 dB over three adjacent octaves (test frequencies) as shown on audiogram.

Shahida Abdul Jaleel said...

sabi paraja kad nnayirikkunu ..adodappam thanna purushanmaar nokininnitum kalliyani techera rshikkan oru streeyayya maladi thanna warendi wannu ...eppozhum edu polayulla manusharund annu churukkam alle

പട്ടേപ്പാടം റാംജി said...

"പാഞ്ചി" എന്താണെന്നു മനസ്സിലായില്ല. കഥ പറയുന്ന വ്യക്തി ഒരേ ഭാഷ ഉപയച്ചാല്‍ ഒന്നുകൂടി നന്നായാനെ...

സാബി said...

Blogger shaji,
Blogger pattepadamramji
നന്ദി.
പാഞ്ചി അക്ഷരത്തെറ്റായിരുന്നു. തിരുത്തി. പ്രാഞ്ചിയെന്നാക്കിയിട്ടുണ്ട്. നന്ദി. :)
(കുടിയേറ്റക്കാരിയായ ടിച്ചറുടെ മിശ്രിതമായ ഭാഷ ഞങ്ങള്‍ക്കും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്)
വീണ്ടും നന്ദി ആഴത്തിലെ വായനക്ക്!

Manoraj said...

kollam...